Image

വ്യക്തിബന്ധങ്ങളെ പരിരക്ഷിക്കുന്ന ശ്രേഷ്ട ഇടയനെ നഷ്ടപ്പെട്ടു: മാര്‍ തിയഡോഷ്യസ്

ഷാജി രാമപുരം Published on 12 January, 2016
വ്യക്തിബന്ധങ്ങളെ പരിരക്ഷിക്കുന്ന ശ്രേഷ്ട ഇടയനെ നഷ്ടപ്പെട്ടു: മാര്‍ തിയഡോഷ്യസ്
ഡാലസ്: മാര്‍ത്തോമ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമ ദേവാലയത്തില്‍ വെച്ച് നടത്തപ്പെട്ട അനുശോചന സമ്മേളനത്തില്‍ കാലം ചെയ്ത മാര്‍ത്തോമ്മ സഭയുടെ സീനിയര്‍ സഫ്രഗന്‍ മെത്രാപ്പോലീത്തയായിരുന്ന ഡോ.സഖറിയാസ് മാര്‍ തെയോഫിലോസിന്റെ വേര്‍പാട് മാര്‍ത്തോമ സഭയ്ക്ക് മാത്രമല്ലാ ആകമാന ക്രിസ്തീയ സഭയ്ക്കുതന്നെ വ്യക്തിബന്ധങ്ങളെ പരിരക്ഷിക്കുന്ന ശ്രേഷ്ട ഇടയനെയാണ് നഷ്ടപ്പെട്ടത് എന്ന് ഭദ്രാസന അധിപന്‍ ബിഷപ്പ് ഡോ.ഗീവര്‍ഗ്ഗീസ് മാര്‍ തിയഡോഷ്യസ് അഭിപ്രായപ്പെട്ടു.

ഭദ്രാസനത്തിന്റെ പ്രഥമ റസിഡന്റ് ബിഷപ്പായിരുന്ന അഭി.സഖറിയാസ് തിരുമേനിയുടെ കര്‍മ്മശേഷിയുടെയും ദീര്‍ഘവീക്ഷണത്തിന്റെയും ഫലമാണ് നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ രൂപീകരണത്തിനും ഏകീകരണത്തിനും നിതാനമായത്. തിരുമേനിയുടെ എക്യൂമെനിക്കല്‍ ദര്‍ശനങ്ങളും ചിന്തകളും സഭകള്‍ക്ക് എന്നും മുതല്‍കൂട്ടായിരുന്നു. സ്‌നേഹനിധിയായ ഒരു അജപാലകനെയാണ് ദേഹവിയോഗത്തിലൂടെ നഷ്ടപ്പെട്ടത് എന്നും മാര്‍ തിയഡോഷ്യസ് കൂട്ടിച്ചേര്‍ത്തു.

ദൈവത്തിന്റെ കൂട്ടവകാശികള്‍ എന്ന നിലയില്‍ അപരനെ കൂടെ തന്റെ അടുത്തേയ്ക്ക് സ്വാഗതം ചെയ്യുന്നതാണ് തിരുമേനിയുടെ സുന്ദരമായ പുഞ്ചിരി എന്നും, തിരുമേനിയുടെ ദര്‍ശനങ്ങള്‍ സാധാരണക്കാരന്റെ ജീവിതവുമായി ഏറെ ബന്ധപ്പെട്ടവയാണെന്നും, യേശൂവിന്റെ സ്‌നേഹത്തെ പ്രവര്‍ത്തനത്തിലൂടെ പ്രദര്‍ശിപ്പിക്കുവാന്‍ ശ്രമിച്ച ഒരു നല്ല ഇടയനെയാണ് തിരുമേനിയുടെ വേര്‍പാടിലൂടെ നഷ്ടപ്പെട്ടത് എന്ന് പട്ടത്വസമൂഹത്തെ പ്രതിനിധീകരിച്ച് നരസാപുരം മിഷന്റെ മുന്‍ മിഷനറി കൂടിയായ റവ.അലക്‌സ് കെ.ചാക്കോ അഭിപ്രായപ്പെട്ടു.

വൈരുദ്ധ്യങ്ങളുടെയും ബഹുലതകളുടെയും മദ്ധ്യത്തില്‍ അറിവിന്റെയും, അനുഭവത്തിന്റെയും സമന്യയത്തിലൂടെ പ്രേക്ഷിത പ്രവര്‍ത്തനത്തിന് നൂതന പന്ഥാവുകള്‍ തേടി പ്രവര്‍ത്തിപദത്തില്‍ എത്തിച്ചിട്ടുള്ള തിരുമേനി ഒരു വെള്ളി നക്ഷത്രം പോലെ സഭയിലും, സമൂഹത്തിലും ജ്വലിച്ച് ശോഭിച്ച് എരിഞ്ഞടങ്ങി ഇന്നും സ്വതസിദ്ധമായ പുഞ്ചിരിയോടുകൂടി മനുഷ്യമനസുകളില്‍ നിറഞ്ഞു നില്‍ക്കുന്നു എന്ന് മുന്‍ ഭദ്രാസന കൗണ്‍സില്‍ മെംബര്‍ പി.റ്റി. മാത്യു ആത്മായപ്രതിനിധികളെ പ്രതിനിധാനം ചെയ്ത് സംസാരിച്ചു.

അനുശോചന സമ്മേളനത്തില്‍ റവ.പി.സി.സജി, റവ.മാത്യു ജോസഫ്, റവ.സാം മാത്യു, റവ.ഷൈജു പി.ജോണ്‍, റവ.ജോര്‍ജ് ചെറിയാന്‍, റവ.മാത്യു സാമുവേല്‍, റവ.ഡെന്നീസ് എബ്രഹാം എന്നീ വൈദീകരുടെ സാന്നിധ്യവും, തിരുമേനിയുടെ ഓര്‍മ്മകളെ ഉണര്‍ത്തുന്ന വീഡിയോ പ്രദര്‍ശനവും സഖറിയാസ് തിരുമേനിയോടുള്ള സ്‌നേഹാദരവുകള്‍ വെളിപ്പെടുത്തുന്നവയായിരുന്നു.
ബിഷപ്പ് മാര്‍ തിയഡോഷ്യസിന്റെ നേതൃത്വത്തില്‍ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ പ്രത്യേക ആരാധനയില്‍ വൈദീകരെ കൂടാതെ എബ്രഹാം തോമസ്, രാജേഷ് ജെയിക്കബ്, ജസ്പിന്‍ ജോണ്‍, ജോളി ബാബു എന്നിവര്‍ വിവിധ തരത്തില്‍ നേതൃത്വം നല്‍കി.

ജോണ്‍ തോമസിന്റെ നേതൃത്വത്തില്‍ സെന്റ് പോള്‍സ് ഇടവക ഗായകസംഘം സഖറിയാസ് തിരുമേനി രചിച്ച ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തപ്പോള്‍ സമ്മേളനത്തില്‍ പങ്കെടുത്ത വിശ്വാസ സമൂഹം കണ്ണീരോടെ ശ്രേഷ്ട ഇടയന് യാത്രാമൊഴി നല്‍കി.

വ്യക്തിബന്ധങ്ങളെ പരിരക്ഷിക്കുന്ന ശ്രേഷ്ട ഇടയനെ നഷ്ടപ്പെട്ടു: മാര്‍ തിയഡോഷ്യസ്വ്യക്തിബന്ധങ്ങളെ പരിരക്ഷിക്കുന്ന ശ്രേഷ്ട ഇടയനെ നഷ്ടപ്പെട്ടു: മാര്‍ തിയഡോഷ്യസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക