Image

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജനന പ്രശ്‌നം വീണ്ടും: ഏബ്രഹാം തോമസ്

ഏബ്രഹാം തോമസ് Published on 12 January, 2016
പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജനന പ്രശ്‌നം വീണ്ടും: ഏബ്രഹാം തോമസ്
മേസണ്‍ സിറ്റി: പ്രസിഡന്റ് തിരഞ്ഞെടുപ്പുകളില്‍ വിവാദമാകുന്ന ഒരു വിഷയം സ്ഥാനാര്‍ത്ഥി ജന്മനാ അമേരിക്കക്കാരനാണോ എന്നതാണ്. തിരഞ്ഞെടുപ്പിലേയ്ക്ക് നയിക്കുന്ന പ്രൈമറികള്‍ നടക്കുമ്പോള്‍ ഈ ചോദ്യം മുറ തെറ്റാതെ ഉന്നയിക്കപ്പെടാറുണ്ട്. സ്ഥാനാര്‍ത്ഥികളുടെ എതിരാളികള്‍ പ്രശ്‌നത്തിന് വലിയ പ്രാധാന്യം കൊടുക്കാറുണ്ട്. 2008-ല്‍ റിപ്പബ്ലിക്കന്‍ സ്ഥാനര്‍ത്ഥി ജോണ്‍ മക്കെയിനെയും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ബരാക്ക് ഒബാമയെയും ലക്ഷ്യമിട്ട് ഈ ചോദ്യം ഉയര്‍ന്നു. ജോണ്‍ ജനിച്ചത് പനാമ കനാല്‍ മേഖലയില്‍ ആയിരുന്നു. സെനറ്റ് ഏകകണ്ഠമായി ജോണ്‍ നാച്വറനല്‍ ബോണ്‍ സിറ്റിസണ്‍ ആണെന്ന് പ്രമേയം പാസാക്കിയതോടെ പ്രശ്‌നം തീര്‍ന്നു.

ബരാക്കിന്റെ പിതാവ് കെനിയനും മാതാവ് അമേരിക്കക്കാരിയുമാണ്. ബരാക്ക് ജനിച്ചത് അമേരിക്കയ്ക്ക് പുറത്താണ് എന്നൊരു വിവാദമുണ്ടായി. ഹവായിയില്‍ നിന്നുള്ള ഒരു ജനത സര്‍ട്ടിഫിക്കേറ്റ് രംഗത്തെത്തിയതോടെ വിവാദം തീര്‍ന്നു. 1964-ല്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ബാരിഗോള്‍ഡ് വാട്ടര്‍ ജനിച്ചത് ആരിസോണയിലാണ്. ആരിസോണ പിന്നീടാണ് അമേരിക്കന്‍ സംസ്ഥാനമായത് എന്ന് വാദം ഉയര്‍ന്നിരുന്നു. 1968-ല്‍ പ്രസിഡന്റ് റോംനി (മിറ്റ് റോംനിയുടെ പിതാവ്) മറ്റൊരു രാജ്യത്താണ് ജനിച്ചത്. അതിനാല്‍ മത്സരിക്കാനാവില്ല എന്ന് വാദമുണ്ടായി. ജോര്‍ജ് സ്വയം പിന്‍വാങ്ങിയതിനാല്‍ പ്രശ്‌നം അവശേഷിച്ചു. മറ്റൊരു രാജ്യത്ത് ജനിച്ച വ്യക്തിക്ക് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുവാനോ പ്രസിഡന്റാകുവാനോ കഴിയുമോ? 

ഭരണഘടന അനുശാസിക്കുന്ന യോഗ്യതകള്‍ ഇവയാണ്്. 35 വയസ്സെങ്കിലും പ്രായം ഉണ്ടായിരിക്കണം, 14 വര്‍ഷം അമേരിക്കയില്‍ താമസിച്ചിട്ടുണ്ടാവണം, നാച്വറല്‍ ബോണ്‍ സിറ്റിസണ്‍ ആയിരിക്കണം. അവസാനത്തെ നിബന്ധനയായ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ പ്രശ്‌നമാവുന്നത്, നാച്വറല്‍ ബോണ്‍ സിറ്റിസണ്‍ എന്ന വിശേഷണത്തിന് മറ്റെങ്ങും വിശദീകരണം ലഭ്യമല്ല. ചിലര്‍ വ്യാഖ്യാനിക്കുന്നത് അമേരിക്കയുടെ മണ്ണില്‍ ജനിച്ചവര്‍ മാത്രമേ നാച്വറല്‍ ബോണ്‍ സിറ്റിസണ്‍സ് ആവുകയുള്ളൂ. മറ്റു ചിലര്‍ക്ക് മാതാവോ പിതാവോ അമേരിക്കക്കാരിയോ അമേരിക്കക്കാരനോ ആയാല്‍ മതി. ജന്മനാ പൗരത്വം ലഭിക്കുന്ന ഒരാള്‍ക്ക് കുടിയേറ്റക്കാര്‍ക്ക് ആവശ്യമായതുപോലെ നാച്വറലൈസേഷനിലൂടെ പൗരത്വം നേടേണ്ടതില്ല.

ഈ വാദം അംഗീകരിച്ചാല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുവാന്‍ ആഗ്രഹിക്കുന്ന ടെഡ്ക്രൂസിന് അയോഗ്യത കല്പിക്കുവാനാവില്ല. ടെഡ് ജനിച്ചത് കാനഡയിലെ ആല്‍ബര്‍ട്ടയിലെ കാല്‍ഗരിയിലാണ്. മാതാവ് എലിനോര്‍ അമേരിക്കയിലെ ഡെലവര്‍ സ്വദേശിയും പിതാവ് ക്യൂബന്‍ വംശജനായ റാഫേലും, റാഫേല്‍ 2005-ല്‍ അമേരിക്കന്‍ പൗരനായി. കനേഡിയന്‍, അമേരിക്കന്‍ പൗരത്വം ഉണ്ടായിരുന്ന ടെഡ് 2014 കനേഡിയന്‍ പൗരത്വം ഉപേക്ഷിച്ചു.

2008-ലാണ് ബെര്‍തര്‍ ഇഷ്യൂ എന്ന പേരില്‍ അറിയപ്പെടുന്ന ജനന പ്രശ്‌നവിവാദം രൂക്ഷമായത്. ഇപ്പോള്‍ ടെഡിന് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുവാന്‍ യോഗ്യതയില്ല എന്ന വാദവുമായി എതിര്‍സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രമ്പ് എത്തിയിരിക്കുകയാണ്. അയോവയിലെ മേസണ്‍ സിറ്റിയില്‍ തനിക്ക് ഒരിക്കലും നാച്വറലൈസ് ചെയ്ത് സിറ്റിസണ്‍ ആകേണ്ടി വന്നില്ല. കാരണം ജനനം കൊണ്ടു തന്നെ താന്‍ അമേരിക്കന്‍ സിറ്റിസണായി എന്ന മറുപടിയാണ് ടെഡ് നല്‍കിയത്. അമേരിക്കക്കാരിയായ അമ്മയ്ക്ക് ജനിച്ചതിനാല്‍ ജനിച്ച അന്നുമുതല്‍ ഞാന്‍ അമേരിക്കന്‍ പൗരനാണ്, ടെഡ് കൂട്ടിച്ചേര്‍ത്തു.

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജനന പ്രശ്‌നം വീണ്ടും: ഏബ്രഹാം തോമസ്
Join WhatsApp News
Abraham, Thomas 2016-01-12 09:45:49

Yes, his candidacy is questionable, Abraham Thomas. Trump is smart in bringing that up. 


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക