Image

മണ്ണിലും വിണ്ണിലും മകരവിളക്ക് (വി.എസ്.ശിവകുമാര്‍-ദേവസ്വം വകുപ്പ് മന്ത്രി)

Published on 14 January, 2016
മണ്ണിലും വിണ്ണിലും മകരവിളക്ക് (വി.എസ്.ശിവകുമാര്‍-ദേവസ്വം വകുപ്പ് മന്ത്രി)
aI-c-hn-f¡v (P\p-hcn 15)

ശബരിമല, മകരവിളക്കിനായി അണിഞ്ഞൊരുങ്ങി. അയ്യപ്പ പൂങ്കാവനം ഭക്തിനിര്‍ഭരതയുടെ പാരമ്യതയിലാണ്. സന്നിധാനം ജനസാഗരമായി മാറിക്കഴിഞ്ഞു. ഓരോ ഭക്തമനസ്സും മകരസംക്രമസന്ധ്യയെ വരവേല്‍ക്കാന്‍ വെമ്പുകയാണ്. ദീപാരാധനവേളയില്‍, പൊന്നമ്പലമേട്ടില്‍ പ്രത്യക്ഷമാകുന്ന ജ്യോതിസ്വരൂപമാണ് മനസ്സുകള്‍ നിറയെ. മകരവിളക്ക് കണ്ട്, തിരുവാഭരണവിഭൂഷിതനായ ശ്രീധര്‍മ്മശാസ്താവിനെ തൊഴുത് സായൂജ്യമടയാന്‍, നാനാദേശങ്ങളില്‍നിന്നും മഹാപ്രവാഹമായി ഭക്തജനങ്ങള്‍ എത്തിക്കൊണ്ടേയിരിക്കുന്നു.
ശബരിമലയിലും അനുബന്ധപ്രദേശങ്ങളിലും മകരവിളക്കിനുള്ള ക്രമീകരണങ്ങളെല്ലാം നേരത്തെതന്നെ പൂര്‍ത്തിയാക്കി. ഭക്തജനത്തിരക്ക് വര്‍ധിക്കുന്നതനുസരിച്ച്, അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിലും ദര്‍ശനസൗകര്യം വിപുലമാക്കുന്നതിലും സംസ്ഥാനസര്‍ക്കാരും ദേവസ്വംബോര്‍ഡും പരമാവധി ജാഗ്രത പുലര്‍ത്തിയിട്ടുണ്ട്. പോലീസ്, ആര്‍.എ.എഫ്, എന്‍.ഡി.ആര്‍.എഫ്. സേനകള്‍, തിരക്ക് നിയന്ത്രിക്കുന്നതിലും സുരക്ഷയൊരുക്കുന്നതിലും ശക്തമായ സാന്നിധ്യമാണ്. നാലായിരത്തോളം പോലീസ് സേനാംഗങ്ങളെ സന്നിധാനത്തും പരിസരങ്ങളിലുമായി വിന്യസിപ്പിച്ചിട്ടുണ്ട്. പമ്പ-നിലയ്ക്കല്‍ ഭാഗങ്ങളില്‍ 2000, പുല്ലുമേട്ടില്‍ 1500, പാഞ്ചാലിമേട്ടില്‍ 300, പരുന്തുംപാറയില്‍ 200 എന്നിങ്ങനെയും പോലീസ് സേനാംഗങ്ങളുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. പുല്ലുമേട്ടില്‍ 150 അസ്‌കാ ലൈറ്റുകളും, ബിഎസ്എന്‍എല്‍ താല്ക്കാലിക ടവറും സജ്ജമാണ്. 24 മണിക്കൂര്‍ എലിഫന്റ് സ്‌ക്വാഡിനെയും വിന്യസിച്ചിട്ടുണ്ട്. സന്നിധാനത്ത് ഭക്തജനത്തിരക്ക് നിയന്ത്രിക്കുന്നതിനായി പോലീസ് വകുപ്പ് ഏര്‍പ്പെടുത്തിയ വെര്‍ച്വല്‍ ക്യൂ സംവിധാനം ഈ സീസണില്‍ 16 ലക്ഷത്തിലധികം പേര്‍ പ്രയോജനപ്പെടുത്തി. സന്നിധാനം മാലിന്യമുക്തമാക്കുന്നതിനായി നടപ്പിലാക്കിവരുന്ന പുണ്യം പൂങ്കാവനം പദ്ധതി വന്‍വിജയമായി.
ശബരിമലയുടെ സമഗ്രമായ അടിസ്ഥാന സൗകര്യവികസനത്തിന്, ആദ്യമായി പണം മുടക്കിയ സര്‍ക്കാരാണിത്. ദേവസ്വം വകുപ്പിന്റെ ആഭിമുഖ്യത്തില്‍, 625 കോടി രൂപയുടെ മാസ്റ്റര്‍പ്ലാന്‍ പദ്ധതി തയ്യാറാക്കി. ഇതിനകം 65 കോടി രൂപ പദ്ധതിക്കായി മാത്രം വിനിയോഗിച്ചു. ശബരിമലയെ മാലിന്യവിമുക്തമാക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള, സീറോവേസ്റ്റ് ശബരിമല പദ്ധതിക്കായി 10 കോടി രൂപയും നല്‍കി. വിവിധ സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും ശബരിമലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കുവേണ്ടി വിനിയോഗിക്കുന്ന കോടിക്കണക്കിനുരൂപയ്ക്കു പുറമെയാണിത്.
ശബരിമലയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വന്‍കിട പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കിയ വര്‍ഷമാണിത്. പവിത്രമായ സന്നിധാനത്തെയും പുണ്യനദിയായ പമ്പയെയും മലിനീകരണ വിപത്തില്‍ നിന്നും മോചിപ്പിക്കുന്ന, 22.87 കോടി രൂപയുടെ മാലിന്യസംസ്‌കരണപ്ലാന്റ് സന്നിധാനത്ത് തുടങ്ങി. തീര്‍ത്ഥാടകരുടെയും പമ്പാതീര നിവാസികളുടെയും ചിരകാലാവശ്യമാണ് ഇതിലൂടെ നിറവേറ്റപ്പെട്ടത്. അഞ്ച് എംഎല്‍ഡി ശേഷിയുള്ള കൂറ്റന്‍ പ്ലാന്റാണിത്. ഖരമാലിന്യസംസ്‌കരണത്തിനായി ശബരിമലയില്‍ മൂന്ന് ഇന്‍സിനറേറ്ററുകള്‍ പ്രവര്‍ത്തന നിരതമാണ്. മണിക്കൂറില്‍ 700 കിലോഗ്രാം മാലിന്യങ്ങള്‍ കത്തിക്കാനുള്ള ശേഷി ഇവയ്ക്കുണ്ട്. പമ്പയിലെ ചെറിയാനവട്ടത്ത് ഇത്രതന്നെ ശേഷിയുള്ള രണ്ട് ഇന്‍സിനറേറ്ററുകളും നിലയ്ക്കലില്‍ 400 കിലോഗ്രാം ശേഷിയുള്ള മറ്റൊരെണ്ണവും പ്രവര്‍ത്തിക്കുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പമ്പയില്‍ ശേഖരിച്ച്, റീ സൈക്ലിംഗ് പ്ലാന്റിലെത്തിക്കുകയാണ് ചെയ്യുന്നത്. ശബരിമലയിലെ എക്കാലത്തെയും പരിഹരിക്കപ്പെടാത്ത പ്രശ്‌നമായിരുന്നു ജൈവമാലിന്യസംസ്‌കരണവും ഖരമാലിന്യ നിര്‍മ്മാര്‍ജ്ജനവും. മേല്‍പ്പറഞ്ഞ പ്രവര്‍ത്തനങ്ങളിലൂടെ ഇവ, വലിയൊരളവുവരെ, യാഥാര്‍ത്ഥ്യമാക്കുവാന്‍ ഈ സര്‍ക്കാരിന് സാധിച്ചു.
ദര്‍ശനത്തിനായി ക്യൂ നില്‍ക്കുന്ന ഭക്തജനങ്ങള്‍ക്കുവേണ്ടി മരക്കൂട്ടം മുതല്‍ ശരംകുത്തി വരെയുള്ള ഭാഗത്ത് ഈ വര്‍ഷം ആറ് ക്യൂ കോംപ്ലക്‌സുകള്‍കൂടി സ്ഥാപിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇവിടെ സ്ഥാപിച്ച രണ്ട് ക്യൂ കോപ്ലക്‌സുകള്‍ക്ക് പുറമേയാണിത്. ഭക്തജനങ്ങള്‍ക്ക് പ്രാഥമികകൃത്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനും ലഘുഭക്ഷണത്തിനുമുള്ള സൗകര്യം ഇവയില്‍ ലഭ്യമാണ്. ശബരിമലയിലെ കുടിവെള്ളക്ഷാമം പരിഹരിച്ചു. 20 ലക്ഷം ലിറ്ററിന്റെ രണ്ട് ജലസംഭരണികള്‍ കൂടി സ്ഥാപിച്ചു. ഇതോടെ സന്നിധാനത്ത് 1,76,00,000 ലിറ്റര്‍ ജലം സംഭരിക്കുന്നതിനുള്ള സംവിധാനമായി. കഴിഞ്ഞ സീസണുമുമ്പായാണ്, ആറുകോടി രൂപ ചെലവില്‍ പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് സമാന്തര പൈപ്പ്‌ലൈന്‍ സ്ഥാപിച്ചത്. ഈ വര്‍ഷം മാളികപ്പുറത്തിനുസമീപം 2.05 കോടി രൂപ ചെലവിലും പമ്പയില്‍ 1.87 കോടി രൂപ ചെലവിലും പുതിയ ടോയ്‌ലെറ്റ് ബ്ലോക്കുകള്‍ നിര്‍മ്മിച്ചു. സന്നിധാനത്ത് 4.35 കോടി രൂപ ചെലവില്‍, ഏരിയല്‍ ബഞ്ച്ഡ് കേബിളുകള്‍ ഉപയോഗിച്ചുള്ള വൈദ്യുതീകരണവും അനുബന്ധ ജോലികളും പൂര്‍ത്തിയാക്കി. പമ്പയില്‍ 1.45 കോടി രൂപ വിനിയോഗിച്ച്, ശര്‍ക്കരയുള്‍പ്പെടെയുള്ള നിവേദ്യനിര്‍മ്മാണസാമഗ്രികള്‍ സൂക്ഷിക്കുന്നതിനുള്ള സംഭരണശാല സ്ഥാപിച്ചു. 3.78 കോടി രൂപവീതം വിനിയോഗിച്ച് റസ്റ്റോറന്റ് ബ്ലോക്കും അന്നദാന ബ്ലോക്കും നിര്‍മ്മിച്ചു. നിലയ്ക്കലില്‍ 8.14 കോടി രൂപ ഉപയോഗിച്ച് നടപ്പാതകളോടുകൂടി 14 മീറ്റര്‍ വീതിയുള്ള വലിയ റോഡുകള്‍, ഇന്റര്‍ലോക്ക് ടൈല്‍സ് വിരിച്ച് നവീകരിച്ച പാര്‍ക്കിംഗ് യാര്‍ഡുകള്‍, ഇവയെ പരസ്പരം ബന്ധിപ്പിക്കുന്ന 8 മീറ്റര്‍ വീതിയുള്ള റോഡുകള്‍, 10 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ജലസംഭരണി, രണ്ട് കുഴല്‍ക്കിണറുകള്‍ എന്നിവയെല്ലാം നിര്‍മ്മിച്ചു. പതിനായിരം വാഹനങ്ങള്‍ ഒരേസമയം പാര്‍ക്കു ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കി.
അടുത്ത വര്‍ഷത്തേക്ക് 40 കോടി രൂപയുടെ പുതിയ പദ്ധതികളാണ് നടപ്പിലാക്കുന്നത്. മാളികപ്പുറത്ത് 8 കോടി രൂപ ചെലവില്‍ പുതിയ തീര്‍ത്ഥാടന മണ്ഡപം, പമ്പയില്‍ 50 മുറികളുള്ള ഗസ്റ്റ് ഹൗസ്, മാലിന്യസംസ്‌കരണപ്ലാന്റ് മുതലായവ ഇക്കൂട്ടത്തില്‍പ്പെടുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എല്ലാ ബജറ്റിലും ശബരിമല വികസനത്തിന് ഫണ്ട് നീക്കിവയ്ക്കുന്നുണ്ട്. മാസ്റ്റര്‍പ്ലാന്‍ പദ്ധതികള്‍ നടപ്പിലാക്കി വരുന്നത് സര്‍ക്കാര്‍ ചെലവിലാണ്. ശബരിമല ഉള്‍പ്പെടെയുള്ള കേരളത്തിലെ ക്ഷേത്രങ്ങളില്‍നിന്നും ദേവസ്വം ബോര്‍ഡുകള്‍ക്ക് ലഭിക്കുന്ന വരുമാനം സര്‍ക്കാര്‍ വകമാറ്റി ഉപയോഗിക്കുന്നു എന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. ക്ഷേത്രങ്ങളുടെയും ഭക്തജനങ്ങളുടെയും ക്ഷേമത്തിനുവേണ്ടി കോടിക്കണക്കിനുരൂപ, സര്‍ക്കാര്‍ ഖജനാവില്‍നിന്നും മുടക്കുകയാണ് ചെയ്യുന്നത്.
തീര്‍ത്ഥാടകരുടെ ചിരകാലാവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കി. കാനനപാതയിലൂടെ വെയിലും മഴയും കൊള്ളാതെ യാത്ര ചെയ്യാന്‍ പമ്പ മുതല്‍ മരക്കൂട്ടം വരെ നടപ്പന്തലുകള്‍ സ്ഥാപിച്ചു. പമ്പ-സന്നിധാനം പാതയില്‍, മരക്കൂട്ടം ഭാഗത്ത്, സ്വാമി അയ്യപ്പന്‍ റോഡിനെയും ചന്ദ്രാനന്ദന്‍ റോഡിനെയും പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് അണ്ടര്‍പാസ് യാഥാര്‍ഥ്യമാക്കി. സ്വാമി അയ്യപ്പന്‍ റോഡ് ട്രാക്ടര്‍ ഗതാഗത യോഗ്യമാക്കി. അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി, ഇവിടെ എ.ബി.സി കേബിളുകള്‍ സ്ഥാപിച്ച് വൈദ്യുതി വിതരണം സുഗമമാക്കി. കുടിവെള്ള വിതരണം വിപുലീകരിച്ചു. അതതിടങ്ങളില്‍ ടോയ്‌ലറ്റ് സംവിധാനം ഒരുക്കി. വിശ്രമത്തിണ്ണകള്‍ സ്ഥാപിച്ചു. സന്നിധാനത്തേക്കും തിരികെ പമ്പയിലേക്കും ചരക്ക് ഗതാഗതത്തിന് കഴുതകളെ ഉപയോഗിക്കുന്നത് ഒഴിവാക്കി. ഇതുവഴി, മൃഗപീഠനം ഒഴിവാക്കാനായെന്നുമാത്രമല്ല; ശര്‍ക്കര ഉള്‍പ്പെടെ പ്രസാദ നിര്‍മ്മാണത്തിനുള്ള വസ്തുക്കള്‍ വൃത്തിയായി സന്നിധാനത്ത് എത്തിക്കുവാനും സാധിക്കുന്നു. പമ്പാ മണപ്പുറം, ടൈല്‍സ് വിരിച്ച് വൃത്തിയാക്കി. അയ്യപ്പസേവാ സംഘത്തിന്റെ സഹകരണത്തോടെ പമ്പാ ത്രിവേണി മുതല്‍ ഗണപതി കോവില്‍ വരെ സര്‍വ്വീസ് റോഡ് നിര്‍മ്മിച്ചു. പമ്പയിലെ തിരക്ക് നിയന്ത്രിക്കുന്നതിന് ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങളുടെ ഭാഗമായി പമ്പ ക്ഷേത്രത്തിനു സമീപമുള്ള പാതകളുടെ വീതി കൂട്ടി.
ശബരിമലയുടെ വികസനചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലാണ് പമ്പയിലെ ആരോഗ്യഭവന്‍. മോഡേണ്‍ മെഡിസിന്‍, ആയുര്‍വേദം, ഹോമിയോപ്പതി ചികിത്സാ സംവിധാനങ്ങള്‍ ഒരു കെട്ടിട സമുച്ചയത്തില്‍ ക്രമീകരിച്ച സംസ്ഥാനത്തെ ആദ്യത്തെ ചികിത്സാകേന്ദ്രമാണിത്. അത്യാഹിത വിഭാഗം, കാര്‍ഡിയോളജി ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ്, ഓപ്പറേഷന്‍ തീയറ്റര്‍, ലബോറട്ടറി, ഫാര്‍മസി മുതലായ ആധുനിക സജ്ജീകരണങ്ങളെല്ലാം ഇവിടെയുണ്ട്. ഒരേസമയം 30 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം, ഡോക്ടര്‍മാര്‍ക്കും പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കും താമസിക്കാനുള്ള സൗകര്യം എന്നിവയെല്ലാം ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സന്നിധാനത്ത് ആരോഗ്യവകുപ്പിന്റെ ആശുപത്രി സമുച്ചയത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 5.5 കോടി രൂപ ചെലവില്‍ 10,210 ചതുരശ്രഅടി വിസ്തൃതിയില്‍ രണ്ട് നിലകളിലായാണ് നിര്‍മ്മാണം. അത്യാഹിതവിഭാഗം, ഹൃദ്രോഗചികിത്സാ വിഭാഗം, ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ്, ഓപ്പറേഷന്‍ തീയറ്റര്‍, ലബോറട്ടറി, ഫാര്‍മസി, ഒരേസമയം 20 പേരെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യം എന്നിവയെല്ലാം ഈ കെട്ടിട സമുച്ചയത്തില്‍ ഏര്‍പ്പെടുത്തും.
തീര്‍ത്ഥാടകര്‍ക്ക് യാത്രാസൗകര്യം ഏര്‍പ്പെടുത്തുന്നതിന് മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ശബരിമല റോഡുകളുടെ പുനരുദ്ധാരണത്തിനും അറ്റകുറ്റപ്പണികള്‍ക്കുമായി കഴിഞ്ഞ നാലര വര്‍ഷത്തിനിടെ 523 കോടി രൂപ വിനിയോഗിച്ചു. ഈ സീസണിലെ പ്രവര്‍ത്തനങ്ങള്‍ക്കായി 95.5 കോടി രൂപ 6 ജില്ലകള്‍ക്കായി അനുവദിച്ചു. ഇതിനുപുറമേ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ, ശബരിമലയുമായി ബന്ധപ്പെട്ട 11 റോഡുകള്‍, 3 വര്‍ഷത്തെ ഗ്യാരന്റിയോടെ 76.55 കോടി രൂപ ചെലവില്‍ നവീകരിക്കുന്ന പദ്ധതിക്കും അനുമതി നല്‍കി. പമ്പ -ചാലക്കയം റോഡ് ബിഎംഎസി സാങ്കേതികവിദ്യ ഉപയോഗിച്ച് നവീകരിച്ചു. കണമലയില്‍ 7 കോടി രൂപ ചെലവില്‍ പുതിയ പാലം നിര്‍മ്മിച്ച്, എരുമേലിയില്‍ നിന്നും പമ്പയിലേക്കുള്ള യാത്ര സുഗമമാക്കി. ശബരിമലയിലേക്കുള്ള ഗതാഗതം മെച്ചപ്പെടുത്തുന്നതിന് രണ്ട് റോഡ് പദ്ധതികള്‍കൂടി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. എം.സി റോഡില്‍, ഏനാത്ത് നിന്ന് ശബരിമലയിലേക്ക് ഉന്നതനിലവാരത്തിലേക്കുള്ള റോഡ് നിര്‍മ്മിക്കാന്‍ 100 കോടി രൂപ അനുവദിക്കും. നിലയ്ക്കല്‍-പമ്പ പാത നാലുവരിപ്പാതയാക്കുന്നതാണ് മറ്റൊരു പദ്ധതി. പേരുച്ചാല്‍ പാലം അടുത്ത സീസണില്‍ തുറക്കും. തിരുവാഭരണപാതയിലെ, പേങ്ങോട്ടുകടവ് പാലം പണി പൂര്‍ത്തിയാക്കി കമ്മീഷന്‍ ചെയ്യാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
ഭക്തജനത്തിരക്കിന്റെ കാഠിന്യം ഏറെ രൂക്ഷമാകുന്ന മാളികപ്പുറത്തും ശാസ്ത്രീയമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. മാളികപ്പുറത്തെ തിരുമുറ്റത്തുനിന്നും അന്നദാനമണ്ഡപത്തിലേക്ക് ഫ്‌ളൈഓവര്‍ നിര്‍മ്മിച്ചു. സന്നിധാനത്ത് അനധികൃതമായി സ്ഥാപിച്ചിരുന്ന അനേകം കെട്ടിടങ്ങള്‍ നീക്കം ചെയ്തു. അവയുടെ സ്ഥാനത്ത്, ഇന്റര്‍ലോക്ക് ടൈല്‍സ് വിരിച്ച്, ഭക്തജനങ്ങള്‍ക്ക് വിരിവയ്ക്കാനുള്ള സൗകര്യം വര്‍ധിപ്പിച്ചു. മാസ്റ്റര്‍പ്ലാനില്‍ പന്തളത്തെയും എരുമേലിയെയും ചെങ്ങന്നൂരിനെയും ഉള്‍പ്പെടുത്തുവാന്‍ തീരുമാനിച്ചിട്ടുണ്ട്. ശബരിമലയില്‍, ജസ്റ്റിസ് ഹരിഹരന്‍ നായര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ സുരക്ഷ സംബന്ധിച്ച നിര്‍ദ്ദേശങ്ങളെല്ലാം നടപ്പിലാക്കി. സന്നിധാനത്തുനിന്നും ചന്ദ്രാനന്ദന്‍ റോഡിലേക്ക് നിര്‍മ്മിച്ച ശരണസേതു എന്ന പാലം ശബരിമലസുരക്ഷയ്ക്ക് ശക്തിപകരുന്നു.
എരുമേലിയിലും വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. രണ്ടുകിലോമീറ്റര്‍ അകലെയുള്ള മണിമലയാറില്‍നിന്നും 50 എച്ച്പി പമ്പുപയോഗിച്ച്, ശുദ്ധജലമെത്തിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തി, എരുമേലിത്തോടിന്റെ ഇരു കരകളിലും ഒരേസമയം നാനൂറ് അയ്യപ്പന്മാര്‍ക്ക് കുളിക്കാനുതകുന്ന ഷവര്‍ സംവിധാനം സജ്ജമാക്കി. 156 ടോയ്‌ലറ്റുകളും 100 കുളിമുറികളും ഒരുക്കി. എരുമേലി തോട്ടിലും മണിമലയാറ്റിലും മലിനജലം കലരാതിരിക്കാന്‍, എരുമേലി ഹൈസ്‌കൂള്‍ വളപ്പില്‍ രണ്ട് സിവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍ സ്ഥാപിച്ചു. നാലു പില്‍ഗ്രിം സെന്ററുകളിലും വലിയ നടപ്പന്തലിലുമായി അയ്യപ്പന്മാര്‍ക്ക് വിരിവയ്ക്കാന്‍ സൗകര്യമൊരുക്കി. വൈദ്യുതി വിതരണ തടസ്സം നേരിട്ടാലുള്ള, മുന്‍കരുതലിനായി ജനറേറ്റര്‍ സ്ഥാപിച്ചു. ദേവസ്വം സ്‌കൂളിന്റെ പ്രധാന മൈതാനത്തും വലിയ നടപ്പന്തലിന്റെ ഇരു വശങ്ങളിലുമായി വാഹന പാര്‍ക്കിംഗ് സൗകര്യമൊരുക്കി. വണ്ടിപ്പെരിയാറിലും സത്രം വളപ്പിലും വിരിഷെഡ്ഡുകള്‍ സജ്ജമാക്കി. സത്രം വളപ്പില്‍നിന്നും പുല്ലുമേട്ടിലേക്കുള്ള ചെങ്കുത്തായ ഭാഗത്ത്, അയ്യപ്പന്മാര്‍ക്ക് പിടിച്ചുകയറാന്‍ പ്രത്യേക സംവിധാനമൊരുക്കി.
ആരോഗ്യവകുപ്പും ആയുഷ് വകുപ്പും വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സന്നിധാനം, നീലിമല, അപ്പാച്ചിമേട്, പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ചികിത്സാ കേന്ദ്രങ്ങള്‍ തുറന്നു. ഇവയില്‍ ഹൃദ്രോഗ ചികിത്സാ വിദഗ്ധരുടെ സേവനത്തോടെയുള്ള കാര്‍ഡിയാക് കെയര്‍ യൂണിറ്റുകള്‍ ആരംഭിച്ചു. പമ്പ-സന്നിധാനം കാനന പാതകളില്‍, ദേവസ്വംബോര്‍ഡിന്റെയും അയ്യപ്പസേവാസംഘത്തിന്റെയും സഹകരണത്തോടെ 24 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ പ്രവര്‍ത്തനനിരതമാണ്. പമ്പയിലും നിലയ്ക്കലിലും മൊബൈല്‍ ഡിസ്‌പെന്‍സറികളും 108 ആംബുലന്‍സുകളും സജ്ജമാക്കിയിട്ടുണ്ട്. സന്നിധാനത്ത് എമര്‍ജന്‍സി ഓപ്പറേഷന്‍ തീയറ്റര്‍ സജ്ജമാക്കി. പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ പ്രധാന ആശുപത്രികളില്‍ തീര്‍ത്ഥാടകര്‍ക്കുവേണ്ടി പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. പത്തനംതിട്ട, അടൂര്‍ ജനറല്‍ ആശുപത്രികളിലും കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും തിരുവല്ല താലൂക്ക് ആശുപത്രിയിലും ട്രോമാ കെയര്‍ സൗകര്യങ്ങള്‍ ഒരുക്കി. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍, തീര്‍ത്ഥാടകര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനായി ടെലിമെഡിസിന്‍ സൗകര്യവും ഏര്‍പ്പെടുത്തി. പമ്പയിലും സന്നിധാനത്തും കാരുണ്യ ഫാര്‍മസികള്‍ തുറന്നു. ആന്റി-സ്‌നേക് വെനം, ആന്റി റാബീസ് വാക്‌സിന്‍ എന്നിവയുള്‍പ്പെടെ ആവശ്യമായ മരുന്നുകളെല്ലാം ബന്ധപ്പെട്ട ആശുപത്രികളില്‍ ലഭ്യമാക്കിയിട്ടുണ്ട്. വിദഗ്ധ ചികിത്സ ആവശ്യമുള്ളവര്‍ക്കുവേണ്ടി, പത്തനംതിട്ട ജനറലാശുപത്രിയിലേക്കും കോട്ടയം മെഡിക്കല്‍ കോളേജിലേക്കും, സൗജന്യ റഫറല്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മോട്ടോര്‍ വാഹന വകുപ്പിന്റെ സേഫ്‌സോണ്‍ പദ്ധതി, അപകടങ്ങള്‍ കുറയ്ക്കുന്നതിന് വളരെയേറെ സഹായകമായിട്ടുണ്ട്. ഈ സീസണില്‍ ഇതിനകം ബ്രേക്ക്ഡൗണായ അയ്യായിരത്തിലധികം വാഹനങ്ങള്‍ നന്നാക്കി ഗതാഗത തടസ്സം ഒഴിവാക്കി. മകരവിളക്കിനോടനുബന്ധിച്ച് 350 കിലോമീറ്റര്‍ പദ്ധതിപ്രദേശത്ത് 60 വാഹനങ്ങളിലായാണ് രാപ്പകല്‍ പട്രോളിംഗ്. കെ.എസ്.ആര്‍.ടി.സി 650 സ്‌പെഷല്‍ ബസുകള്‍ ദീര്‍ഘദൂര സംര്‍വ്വീസുകള്‍ക്കായി ലഭ്യമാക്കിയിട്ടുണ്ട്്. പമ്പ-നിലയ്ക്കല്‍ ചെയിന്‍ സര്‍വ്വീസില്‍മാത്രം 350 ബസ്സുകളാണുള്ളത്. ഇവയ്ക്കുപുറമേ, പുതുതായി ഏര്‍പ്പെടുത്തിയ അന്തര്‍സംസ്ഥാന സര്‍വ്വീസുകള്‍ വന്‍ജനശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി. മകരജ്യോതി ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നവര്‍ക്കായി കോഴിക്കാനം-ഇടുക്കി റൂട്ടില്‍ 50 സര്‍ക്കുലര്‍ ബസ് സര്‍വീസുകള്‍ നടത്തുമെന്നും കെ.എസ്.ആര്‍.ടി.സി അറിയിച്ചിട്ടുണ്ട്.
തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങള്‍ക്ക്, അവിടങ്ങളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകര്‍ക്ക്, പ്രത്യേക സൗകര്യങ്ങളൊരുക്കുന്നതിന് വിനിയോഗിക്കാന്‍, 5 ഏക്കര്‍ സ്ഥലംവീതം ലഭ്യമാക്കാന്‍ സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും നേരത്തേ തീരുമാനിച്ചിരുന്നു. ഇതു സംബന്ധിച്ച് ഹൈക്കോടതിയില്‍ നിലനിന്ന കേസ്, തീര്‍പ്പായ സാഹചര്യത്തില്‍, നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. തെലുങ്കാനക്ക് 5 ഏക്കര്‍ സ്ഥലം കൈമാറുന്നതിന് ധാരണയായിട്ടുണ്ട്. ഈ സ്ഥലങ്ങളുടെയെല്ലാം ഉടമസ്ഥാവകാശം ദേവസ്വം ബോര്‍ഡില്‍ത്തന്നെ നിക്ഷിപ്തമായിരിക്കും. മാസ്റ്റര്‍പ്ലാന്‍ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാനും ദുരന്തനിവാരണ വിഭാഗം കാര്യക്ഷമമാക്കാനും സഹകരിക്കാമെന്ന്, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍, തിരുവനന്തപുരത്തുചേര്‍ന്ന യോഗത്തില്‍ സമ്മതിച്ചിട്ടുണ്ട്. ശബരിമലയെ ദേശീയ തീര്‍ത്ഥാടനകേന്ദ്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തിനായി, കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്. കേരളം ഇതു സംബന്ധിച്ച നിവേദനം നേരത്തേതന്നെ പ്രധാനമന്ത്രിക്ക് നല്‍കിയിരുന്നു.
ശബരിമല മാലിന്യമുക്തമാക്കാന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രചാരണം ഊര്‍ജ്ജിതമാണ്. അവിടങ്ങളിലും കോട്ടയം, ചെങ്ങന്നൂര്‍, എറണാകുളം എന്നിവിടങ്ങളിലും ശബരിമല കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. ശബരിമല സന്നിധാനത്തും പ്രധാന റെയില്‍വേസ്റ്റേഷനുകള്‍, ബസ് സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലും ദക്ഷിണേന്ത്യന്‍ ഭാഷ അറിയാവുന്നവരെ ഉള്‍ക്കൊള്ളിച്ച് ഫെസിലിറ്റേഷന്‍ സെന്ററുകളും പ്രവര്‍ത്തനനിരതമാണ്. ശബരിമല പ്ലാസ്റ്റിക് വിമുക്തമാക്കാനും മാലിന്യസംസ്‌കരണം ഊര്‍ജ്ജിതപ്പെടുത്താനും ശക്തമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കായി 800 വിശുദ്ധി സേനാംഗങ്ങളെ നിയമിച്ചു. അമൃതാനന്ദമയീമഠം, അയ്യപ്പസേവാസംഘം മുതലായ സന്നദ്ധസംഘടനകളുടെ സഹകരണത്തോടെ ശുചീകരണം ഊര്‍ജ്ജിതമാണ്. വിലനിയന്ത്രണം കര്‍ശനമാക്കിയിട്ടുണ്ട്. ഭക്ഷണസുരക്ഷിതത്വം ഉറപ്പുവരുത്തു
ന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും ദേവസ്വം ബോര്‍ഡിന്റെയും മകരവിളക്കിനോടനുബന്ധിച്ചുള്ള ഒരുക്കങ്ങളെല്ലാം തൃപ്തികരമാണ്. അപ്പം, അരവണ നിവേദ്യങ്ങള്‍ യഥേഷ്ടമുണ്ട്.
ശബരിമലയെ ദേശീയ തീര്‍ത്ഥാടനകേന്ദ്രമായി പ്രഖ്യാപിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും ദേവസ്വംബോര്‍ഡിന്റെയും ഭക്തജനങ്ങളുടെയും ചിരകാല ആവശ്യത്തെ മുന്‍നിര്‍ത്തി ജനുവരി ആറിന് ദക്ഷിണേന്ത്യന്‍ സംസ്ഥാന മന്ത്രിമാരുടെ സാന്നിധ്യത്തില്‍ സംഘടിപ്പിച്ച പമ്പാ സംഗമം വമ്പിച്ച വിജയമായി. കേന്ദ്രസര്‍ക്കാരില്‍നിന്നും ആ പ്രഖ്യാപനം ഉടനെയുണ്ടാകും എന്നുതന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്.
ശബരിമല ഉദ്‌ഘോഷിക്കുന്ന സാഹോദര്യത്തിന്റെയും സമഭാവനയുടെയും മതനിരപേക്ഷതയുടെയും മഹത്തായ മൂല്യങ്ങള്‍ക്ക് പ്രചാരം നല്‍കുന്നവര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ 2012 മുതല്‍ ഹരിവരാസനം അവാര്‍ഡ് നല്‍കിവരികയാണ്. കെ.ജെ. യേശുദാസ്, കെ.ജി. ജയന്‍, പി. ജയചന്ദ്രന്‍, എസ്.പി. ബാലസുബ്രഹ്മണ്യം എന്നിവരാണ് മുന്‍വര്‍ഷങ്ങളിലെ അവാര്‍ഡ് ജേതാക്കള്‍. പ്രശസ്ത ഗായകനും സംഗീതജ്ഞനുമായ എം.ജി. ശ്രീകുമാറിനെയാണ് ഈ വര്‍ഷത്തെ അവാര്‍ഡിനായി തെരഞ്ഞെടുത്തിട്ടുള്ളത്. ഇന്ന് (ജനുവരി 15) രാവിലെ 9 ന് സന്നിധാനത്ത് ചേരുന്ന ചടങ്ങില്‍ അദ്ദേഹത്തിന് അവാര്‍ഡ് സമ്മാനിക്കും.
പൊതുവെ, പരാതികളില്ലാത്ത ഒരു തീര്‍ത്ഥാടന കാലത്തിന്റെ അവസാന ഘട്ടത്തിലാണ് നാമെത്തിനില്‍ക്കുന്നത്. ആണ്ടുതോറും ശബരീശദര്‍ശനം നേടി മടങ്ങുന്ന എല്ലാവര്‍ക്കുമറിയാം, കഴിഞ്ഞ നാലര വര്‍ഷങ്ങളില്‍ ശബരിമലയിലുണ്ടായ വിപുലമായ മാറ്റങ്ങള്‍. ഭക്തജനക്ഷേമവും വിശ്വാസവും ഇച്ഛാശക്തിയും കരുത്തുപകര്‍ന്ന തീരുമാനങ്ങളാണ് ഇവയ്ക്ക് നിദാനം. ശബരിമല തീര്‍ത്ഥാടനം അപകടരഹിതവും മാലിന്യരഹിതവും ചൂഷണ രഹിതവുമായിരിക്കണം എന്ന ദൃഢനിശ്ചയത്തിന്റെ പശ്ചാത്തലത്തില്‍ കൈയും മെയ്യും മറന്ന് പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും കൃതജ്ഞത രേഖപ്പെടുത്തുന്നു. എല്ലാ ഭക്തജനങ്ങള്‍ക്കും മകരവിളക്ക് ആശംസകള്‍!
മണ്ണിലും വിണ്ണിലും മകരവിളക്ക് (വി.എസ്.ശിവകുമാര്‍-ദേവസ്വം വകുപ്പ് മന്ത്രി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക