Image

ചെറിയാന്‍ വേങ്കടത്തിന്‌ ഷെവലിയാര്‍ സ്ഥാനം നല്‍കി

ജോയിച്ചന്‍ പുതുക്കുളം Published on 22 January, 2012
ചെറിയാന്‍ വേങ്കടത്തിന്‌ ഷെവലിയാര്‍ സ്ഥാനം നല്‍കി
ഷിക്കാഗോ: ഷിക്കാഗോ സെന്റ്‌ ജോര്‍ജ്‌ സുറിയാനി പള്ളിയിലെ സ്ഥാപകാംഗങ്ങളില്‍ ഒരാളും, അമേരിക്കന്‍ ഭദ്രാസന മുന്‍ ട്രഷറര്‍, കൗണ്‍സില്‍ മെമ്പര്‍, വിശ്വാസ സംരക്ഷണസമിതിയംഗം, മലങ്കര ദീപം എഡിറ്റോറിയല്‍ ബോര്‍ഡ്‌ അംഗം, സെന്റ്‌ പോള്‍സ്‌ മെന്‍സ്‌ ഫെല്ലോഷിപ്പ്‌ ഏരിയ കോര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ചെറിയാന്‍ വേങ്കടത്തിന്‌ ഷെവലിയാര്‍ സ്ഥാനം നല്‍കി. സെന്റ്‌ ജോര്‍ജ്‌ ഇടവകാംഗങ്ങളുടേയും, സുറിയാനി സഭയിലേയും മറ്റ്‌ സഭകളിലെ വൈദീക ശ്രേഷ്‌ഠരുടേയും, ബന്ധുമിത്രാദികളുടേയും ആത്മായ പ്രതിനിധികളുടേയും സാന്നിധ്യത്തില്‍ ജനുവരി 14-ന്‌ ശനിയാഴ്‌ച അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ്‌ തിരുമേനി, വിശുദ്ധ കുര്‍ബാനയുടെ അവസാന ഭാഗത്ത്‌ ഷെവലിയാര്‍ ചെറിയാന്‍ സെന്റ്‌ ജോര്‍ജ്‌ ഇടവകയ്‌ക്കും അമേരിക്കന്‍ ഭദ്രാസനത്തിനും, പരിശുദ്ധ സഭയ്‌ക്കും നല്‍കിയിട്ടുള്ള സേവനങ്ങളെ പ്രകീര്‍ത്തിച്ച്‌ പ്രസംഗിച്ച ശേഷം, ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ മോറാന്‍മോര്‍ ഇഗ്‌നാത്തിയോസ്‌ സഖ പ്രഥമന്‍ പാത്രിയര്‍ക്കീസ്‌ ബാവ തിരുമനസ്സുകൊണ്ട്‌ കല്‍പ്പിച്ച്‌ നല്‍കിയ ഷെവലിയാര്‍ ബഹുമതി, സ്ഥാന ചിഹ്നവും സ്ഥനപത്രവും നല്‍കി പൂര്‍ത്തീകരിച്ചു.

വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷമുണ്ടായിരുന്ന പൊതുസമ്മേളനത്തില്‍ അഭിവന്ദ്യ മോര്‍ തീത്തോസ്‌ മെത്രാപ്പോലീത്ത അധ്യക്ഷതവഹിച്ചു. മാമ്മന്‍ കുരുവിള, ഷെവലിയാര്‍ ജെയ്‌മോന്‍ സ്‌കറിയ എന്നിവര്‍ മാസ്റ്റര്‍ ഓഫ്‌ സെറിമണീസ്‌ ആയി പ്രവര്‍ത്തിച്ചു. സെന്റ്‌ ജോര്‍ജ്‌ ഇടവക വികാരി റവ.ഫാ. ഡിലീഷ്‌ ഏലിയാസ്‌ സദസിനെ സ്വാഗതം ചെയ്‌തു. സുറിയാനി സഭയും, ക്‌നാനായ യാക്കോബായും കൂടാതെ ഓര്‍ത്തഡോക്‌സ്‌, മാര്‍ത്തോമാ, സി.എസ്‌.ഐ, കത്തോലിക്കാ സഭകളില്‍ നിന്നും ബഹുമാനപ്പെട്ട വൈദീകര്‍ ഷെവലിയാര്‍ ചെറിയാന്‍ വേങ്കടത്തിന്‌ ആശംസകള്‍ അര്‍പ്പിച്ചു. കൂടാതെ സംഘടനാ പ്രതിനിധികള്‍, സുഹൃത്തുക്കള്‍, ബന്ധുക്കള്‍, അത്മായ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഭദ്രാസന മുന്‍ ട്രഷറര്‍ ഷെവലിയാര്‍ ഏബ്രഹാം മാത്യു ആശംസകള്‍ അര്‍പ്പിച്ച്‌ പൊന്നാട അണിയിച്ചു. സിറിയക്കാരായ സുറിയാനിക്കാരുടെ സാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.

കമാണ്ടര്‍ ഡോ. റോയി പി. തോമസ്‌, ഷെവലിയാര്‍മാരായ ചെറിയാന്‍ ആന്‍ഡ്രൂസ്‌, ഏബ്രഹാം മാത്യു, ജെയ്‌മോന്‍ സ്‌കറിയ, ജോര്‍ജ്‌ വര്‍ഗീസ്‌, സെന്റ്‌ ജോര്‍ജ്‌ ഇടവക സെക്രട്ടറി റെജിമോന്‍ ജേക്കബ്‌ എന്നിവരുടെ സാന്നിധ്യത്തില്‍ ഇടവക വികാരി ബഹു. ഡിലീഷ്‌ ഏലിയാസ്‌ അച്ചന്‍ പള്ളിയുടെ നാമത്തില്‍ ഷെവലിയാര്‍ ചെറിയാന്‍ വേങ്കടത്തിന്‌ പ്രശംസാ ഫലകം നല്‍കി.

പരിശുദ്ധ സഭയോടും, പരിശുദ്ധ സിംഹാസനത്തോടും, സഭാ പിതാക്കന്മാരോടും, ഇടവക മെത്രാപ്പോലീത്തയോടും, സഭയിലെ എല്ലാ മെത്രാപ്പോലീത്തമാരോടുമുള്ള വിശ്വാസം പ്രഖ്യാപിച്ചുകൊണ്ട്‌ ഷെവലിയാര്‍ ചെറിയാന്‍ വേങ്കടത്ത്‌ മറുപടി പ്രസംഗം നടത്തി. എല്ലാവരോടുമുള്ള സ്‌നേഹവും കടപ്പാടും അറിയിച്ചുകൊണ്ടും തന്നെ സഹോദരതുല്യം സ്‌നേഹിക്കുന്ന സെന്റ്‌ ജോര്‍ജ്‌ ഇടവകാംഗങ്ങളോടുമുള്ള കടപ്പാട്‌ അറിയിച്ചുകൊണ്ടും പരിശുദ്ധ സഭയില്‍ പൂര്‍വ്വാധികം ശക്തിയോടെ പ്രവര്‍ത്തിക്കുന്നതിനുള്ള മനസ്സും, ധൈര്യവും, ശക്തിയും ലഭിക്കുന്നതിനുവേണ്ടി എല്ലാവരുടേയും പ്രാര്‍ത്ഥന ആവശ്യപ്പെട്ടുകൊണ്ടും അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചു.

സെന്റ്‌ ജോര്‍ജ്‌ ഇടവക സെക്രട്ടറി റെജിമോന്‍ ജേക്കബ്‌ എല്ലാവര്‍ക്കും നന്ദി പറഞ്ഞു. റെജിമോന്‍ ജേക്കബ്‌ അറിയിച്ചതാണിത്‌.
ചെറിയാന്‍ വേങ്കടത്തിന്‌ ഷെവലിയാര്‍ സ്ഥാനം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക