തൃശ്ശൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കോഴിക്കോടിന് പന്ത്രണ്ടാം തവണയും കിരീടം. കലോത്സവത്തിന്റെ അവസാനദിവസമായ ഇന്ന് 810 പോയിന്റ് നേടി കോഴിക്കോട് ഒന്നാമതെത്തിയപ്പോള്‍ 779 പോയിന്റോടെ ആതിഥേയരായ തൃശൂര്‍ രണ്ടാംസ്ഥാനത്തും 776 പോയിന്റ് നേടിയ മലപ്പുറം ജില്ല മൂന്നാംസ്ഥാനത്തുമെത്തി. കണ്ണൂര്‍ ജില്ലയാണ് നാലാംസ്ഥാനത്ത്.
അപ്പീലുകളുടെ പ്രളയമുണ്ടായെങ്കിലും എല്ലാ വേദികളിലും മികവുറ്റ പോരാട്ടം കാഴ്ചവെക്കാന്‍ മല്‍സരാര്‍ത്ഥികള്‍ക്ക് കഴിഞ്ഞുവെന്ന അഭിമാനത്തോടെയാണ് കലാകേരളത്തിന്റെ ഉത്സവകാഴ്ച്ചകള്ക്ക് സാംസ്കാരിക തലസ്ഥാനത്ത് തിരശ്ശീല വീഴുന്നത്. വൈകീട്ട് അഞ്ച് മണിയ്ക്ക് സമാപനചടങ്ങുകള്‍ നടക്കും.
2007 മുതല്‍ കലാകിരീടം കോഴിക്കോട് മറ്റാര്‍ക്കും വിട്ടുകൊടുത്തിട്ടില്ല. തുടര്‍ച്ചയായ അഞ്ചാം കിരീടനേട്ടമാണ് അവര്‍ അണിയാന്‍ പോകുന്നത്. 1959, 91, 92, 93, 2001, 02, 04, 07, 08, 09, 10 വര്‍ഷങ്ങളിലാണ് ഇതിനു മുമ്പ് കോഴിക്കോട് കിരീടം നേടിയത്. അടുത്ത വര്‍ഷത്തെ കലോത്സവത്തിന് മലപ്പുറം ജില്ലയാണ് ആതിഥേയത്വം വഹിക്കുന്നത്.