Image

കെയര്‍ എ ഡേ: പുതിയ ക്ഷേമ പദ്ധതിയില്‍

ബിജു ചെറിയാന്‍ Published on 23 January, 2012
കെയര്‍ എ ഡേ: പുതിയ ക്ഷേമ പദ്ധതിയില്‍
ന്യൂയോര്‍ക്ക്‌: സാധുജന ക്ഷേമരംഗത്ത്‌ പതിറ്റാണ്ടിന്റെ തിളക്കവുമായി അമേരിക്കയിലെ ന്യൂയോര്‍ക്ക്‌ കേന്ദ്രമായുള്ള കെയര്‍ എ ഡേ ചാരിറ്റി സംഘടന ( Care A day Charity Inc) നവവത്സരത്തില്‍ പുതിയ കര്‍മ്മ പദ്ധതിക്ക്‌ തുടക്കമിട്ടു. തയ്യല്‍ ജോലികൊണ്ട്‌ ഉപജീവനം നടത്തുന്ന തികച്ചും നിര്‍ധനരായ നൂറുപേര്‍ക്ക്‌ സൗജന്യമായി തയ്യല്‍ മെഷീന്‍ വിതരണം ചെയ്യുന്ന `ഫ്രീ സ്റ്റിംഗ്‌ മെഷീന്‍ പ്രൊജക്‌ടിന്റെ' പ്രാരംഭ ജോലികള്‍ പൂര്‍ത്തീകരിച്ച്‌ കഴിഞ്ഞതായി കെയര്‍ എ ഡേ പ്രസിഡന്റും പ്രമുഖ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനുമായ ക്യാപ്‌റ്റന്‍ രാജു ന്യൂയോര്‍ക്കില്‍ അറിയിച്ചു. ഈ ബഹൃത്തായ പ്രൊജക്‌ടിന്റെ പ്രാരംഭ ഘട്ടമായി കേരളത്തിലെ കോട്ടയം ജില്ലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന അര്‍ഹരായ നൂറുപേര്‍ക്ക്‌ ഏറ്റവും ഗുണമേന്മയുള്ള തയ്യല്‍ മെഷീന്‍ വിതരണം ചെയ്യുന്നതാണ്‌. സാമ്പത്തിക ബുദ്ധിമുട്ട്‌ അനുഭവിക്കുന്ന അര്‍ഹരായ വ്യക്തികളെ കണ്ടെത്തുന്നതിനായി അപേക്ഷകള്‍ ക്ഷണിച്ചുകൊണ്ട്‌ കോട്ടയം ജില്ലയില്‍ പത്രപ്പരസ്യം ചെയ്‌തുകഴിഞ്ഞു.

പുതിയ കര്‍മ്മപദ്ധതിയുടെ സുതാര്യവും കാര്യക്ഷമവുമായ നടത്തിപ്പിന്‌ സാമൂഹ്യ പ്രവര്‍ത്തകരും മാതൃകാ ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട വര്‍ക്കിംഗ്‌ കമ്മിറ്റി കോട്ടയത്ത്‌ രൂപീകരിച്ചു. തപാലില്‍ ലഭിക്കുന്ന അപേക്ഷകരില്‍ നിന്നും ഏറ്റവും അര്‍ഹരായ നൂറുപേരെ തെരഞ്ഞെടുക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വം വര്‍ക്കിംഗ്‌ കമ്മിറ്റി നിര്‍വഹിക്കും. പ്രത്യേക രാഷ്‌ട്രീയ-സാമുദായിക പരിഗണനകളോ, ശിപാര്‍ശകളോ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരിക്കുന്നതല്ല. ഓരോ അപേക്ഷകളും പ്രത്യേകമായി പരിഗണിച്ച്‌ പശ്ചാത്തല അന്വേഷണം നടത്തിയാകും അര്‍ഹരായവരെ കണ്ടെത്തുക. ഈ ജോലി പൂര്‍ത്തിയായാലുടന്‍ കോട്ടയത്ത്‌ നടക്കുന്ന പൊതു ചടങ്ങില്‍ വെച്ച്‌ തയ്യല്‍ മെഷീന്‍ വിതരണം ചെയ്യുന്നതാണ്‌. നമ്മുടെ സ്വന്തം സമൂഹത്തില്‍ നിത്യവൃത്തിക്കായി കഷ്‌ടപ്പെടുന്ന ഏറ്റവും അവശതയനുഭവിക്കുന്നവരെ ഒരു കൈ സഹായിക്കുക എന്ന ലളിതമായ ആശയമാണ്‌ `ഫ്രീ സ്റ്റിംഗ്‌ മെഷീന്‍ പ്രൊജക്‌ട്‌' ലക്ഷ്യമിടുന്നതെന്ന്‌ ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌ അഭിപ്രായപ്പെട്ടു.

അമേരിക്കയിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുമായി സാധുജന സംരക്ഷണ പരിപാടികള്‍ നടത്തിവരുന്ന കെയര്‍ എ ഡേയുടെ ആഭിമുഖ്യത്തില്‍ ബഹുമുഖ പദ്ധതികള്‍ ഇതിനോടകം പൂര്‍ത്തീകരിച്ചുകഴിഞ്ഞു. ന്യൂയോര്‍ക്കിലെ ഭവന രഹിതര്‍ക്കായുള്ള ഷെല്‍റ്ററുകളില്‍ (homeless Shelter) സൗജന്യ ഭക്ഷണ വിതരണം, ബാംഗ്ലൂര്‍ കേന്ദ്രമായി നിര്‍ധനര്‍ക്കായി എല്ലാ ദിവസവും ഒരുനേരം ഭക്ഷണം, ചികിത്സാസഹായം, സൗജന്യ പാര്‍പ്പിട പദ്ധതി, ഉന്നത വിദ്യാഭ്യാസ സഹായ നിധി, വിവാഹ സഹായ പ്രൊജക്‌ട്‌ എന്നിവയ്‌ക്ക്‌ വലിയ പിന്തുണയും പ്രോത്സാഹനവുമാണ്‌ ലഭിച്ചുവരുന്നത്‌. സേവന രംഗത്ത്‌ തനതായ പാത വെട്ടിത്തുറന്ന കെയര്‍ എ ഡേ ചാരിറ്റി സംഘടനയുടെ പതിനൊന്നാമത്‌ പ്രവര്‍ത്തന വര്‍ഷത്തെ നൂതന കര്‍മ്മ പദ്ധതികളുടെ വിജയത്തിനായി സാമൂഹ്യ പ്രവര്‍ത്തിയില്‍ തത്‌പരരായ ഏവരുടേയും സഹകരണവും സഹായവും അഭ്യര്‍ത്ഥിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

പ്രൊജക്‌ട്‌ കോര്‍ഡിനേഷന്‍ കമ്മിറ്റിക്കുവേണ്ടി ബിജു ചെറിയാന്‍ (പി.ആര്‍.ഒ) അറിയിച്ചതാണിത്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌ (പ്രസിഡന്റ്‌) 917 854 3818, ബിജു ചെറിയാന്‍ (പി.ആര്‍.ഒ, ഫ്രീ തയ്യല്‍ മെഷീന്‍ പ്രൊജക്‌ട്‌) 347 613 5758.
കെയര്‍ എ ഡേ: പുതിയ ക്ഷേമ പദ്ധതിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക