Image

എന്തുകൊണ്ട് നമ്മള്‍ രോഹിത് വെമുലയെ കൊലയ്ക്ക് കൊടുത്തു? (ദല്‍ഹി കത്ത്- പി.വി.തോമസ്)

പി.വി.തോമസ് Published on 25 January, 2016
എന്തുകൊണ്ട് നമ്മള്‍ രോഹിത് വെമുലയെ കൊലയ്ക്ക് കൊടുത്തു? (ദല്‍ഹി കത്ത്- പി.വി.തോമസ്)
രോഹിത് വെമുല വെറും ഒരു വ്യക്തിയല്ല. ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ആ ദളിത് ഗവേഷണ വിദ്യാര്‍ത്ഥി നൂറ്റാണ്ടുകളായി നമ്മുടെ ആര്‍ഷഭാരത സംസ്‌കാരവും ഭരണാധികാരികളും മത മേധാവികളും മനുവാദികളും  തീവ്ര ഹിന്ദുത്വ പക്ഷക്കാരും അവരുടെ ചാതുര്‍വര്‍ണ്ണ്യവും തൊട്ടുകൂട്ടായ്മയും തീണ്ടിക്കൂടായ്മയും സൃഷ്ടിച്ച സാമൂഹ്യവിലക്കിന്റെയും അവഗണനയുടെയും സാമ്പത്തിക ചൂഷണത്തിന്റെയും ശാരീരികസാമ്പത്തിക അടിച്ചമര്‍ത്തലിന്റെയും ഇരകളായ മനുഷ്യലക്ഷങ്ങളുടെ ഒടുവിലത്തെ ഇരകളില്‍ ഒന്നാണ് - പ്രതീകം ആണ്. 

രോഹിതിന്റെ ആത്മഹത്യക്കുറിപ്പ് വായിച്ചപ്പോള്‍ എനിക്ക് പഴയ നിയമത്തിലെ ജോബിനെയാണ് ഓര്‍മ്മ വന്നത്. എല്ലാം നഷ്ടപ്പെട്ട നല്ലവനായ ജോബ്. ദളിതായ രോഹിത് എഴുതി അദ്ദേഹത്തിന്റെ ആത്മഹത്യക്കുറിപ്പില്‍ എന്റെ ജന്മം ആയിരുന്നു എന്റെ വിനാശം. ഹൃദയസ്പര്‍ശിയായ അദ്ദേഹത്തിന്റെ ആ ആത്മഹത്യ കുറിപ്പിലേയ്ക്ക്. ഞാന്‍ അധികമായി പോകുന്നില്ല. ഇതുപോലെ ജീവിതത്തിനും മരണത്തിനും ഇടയില്‍ എല്ലാം നഷ്ടപ്പെട്ട് നിന്നപ്പോള്‍ ജോബ് വിലപിച്ചു. ഞാന്‍ ജനിച്ച ദിവസം ശപിക്കപ്പെടട്ടെ. അമ്മയുടെ ഉദരം അടച്ച് അത് എന്റെ ജനനം തടഞ്ഞില്ല? …ഞാന്‍ അസ്വസ്ഥനും ആശ്വാസരഹിതനും ആണ്. എനിക്ക്, വിശ്രമം ഇല്ല. ദുരിതങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. പക്ഷേ, ജോബ് ആത്മഹത്യ ചെയ്തില്ല. അദ്ദേഹത്തിന്റേത് മറ്റൊരു പശ്ചാത്തലം ആയിരുന്നു. 

പക്ഷേ, രോഹിത് ആത്മഹത്യ ചെയ്തു. തന്റെ സംഘടനയുടെ അംബേദ്കര്‍ വിദ്യാര്‍ത്ഥി അസോസിയേഷന്റെ കൊടി കഴുത്തില്‍ ചുറ്റി അദ്ദേഹം തൂങ്ങി മരിച്ചു. ആ കൊടിയില്‍ അംബേദ്കറുടെ ചിത്രവും ഉണ്ടായിരുന്നു. പ്രതീകാത്മകമായിട്ടായിരിക്കാം രോഹിത് ആ സാദര്‍ മരണത്തിനായി തെരഞ്ഞെടുത്തത്.

പ്രതിഭാധനനായ ഈ ദളിത് വിദ്യാര്‍ത്ഥിയുടെ കൊലപാതകത്തിനു പിന്നില്‍- കാരണം ഞാന്‍ വിശ്വസിക്കുന്നു ഓരോ ആത്മഹത്യയും ഓരോ കൊലപാതകം ആണെന്ന്-കേന്ദ്രഉപമന്ത്രി ബന്ധാരു ദത്രാത്രെയും ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ വൈസ് ചാന്‍സലര്‍ അപ്പാറാവുവും കേന്ദ്രമാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനിയും രാഷ്ട്രീയസ്വയം സേവക് സംഘ്-അഖില്‍ ഭാരതീയ വിദ്യാര്‍ത്ഥി പരിക്ഷത്ത് നേതാവ് സൂശീല്‍ കുമാറും ഉണ്ട്. വേറെ മറ്റു പലരും. നമ്മള്‍ ഉള്‍പ്പെടെ.

ഈ കേസിന്റെ പ്രധാന വശങ്ങളിലേയ്ക്ക് വരാതെ പ്രധാനമന്ത്രി നരേന്ദ്രമോഡി ചില മുഖം മിനുക്കല്‍ പ്രക്രിയയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ഇപ്പോള്‍ പ്രതിഷേധം സഹിക്കാനാകാതെയായപ്പോള്‍ അല്ലെങ്കില്‍ ദളിത് കൊടുങ്കാറ്റ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി ഇരുളടഞ്ഞത് ആകുമെന്നറിഞ്ഞപ്പോള്‍. നാല് ദളിത് ഗവേഷക വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്തു. പക്ഷേ, നിബന്ധനകളോടെ ദളിത് വിദ്യാര്‍ത്ഥികള്‍ ഈ നടപടിയെ നിരാകരിച്ചു. അവര്‍ നിരാഹാര സമരം തുടരുകയാണ്. കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയം ഹൈദരാബാദ് സര്‍വ്വകലാശാലയിലെ സംഭവത്തെക്കുറിച്ചും രോഹിതിന്റെ ആത്മഹത്യയെക്കുറിച്ചും അന്വേഷിക്കുവാന്‍ ഒരു ജൂഡീഷ്യല്‍ കമ്മീഷനെയും നിയമിച്ചു. ഇതും വിദ്യാര്‍ത്ഥികള്‍ തള്ളിക്കളഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോഡി ലക്‌നൗവില്‍ (ഉത്തര്‍പ്രദേശ്) അംബേദ്കര്‍ യൂണിവേഴ്‌സിറ്റിയിലെ ബിരുദദാനചടങ്ങില്‍ സംബന്ധിക്കവെ, അഞ്ച് ദിവസങ്ങള്‍ക്കുശേഷം, വായ് തുറന്നു. ഒരു ചെറിയ അഭ്യാസം. അതുവരെ രോഹിതിന്റെ ആത്മഹത്യയെക്കുറിച്ച് ഒരക്ഷരം ഉരിയാടാതിരുന്ന മോഡി പറഞ്ഞു. 

ഭാരത മാതാവിന് ഒരു മകന്‍ നഷ്ടപ്പെട്ടു. ഒരു മാതാവിന് ഒരു മകനും. ഞാന്‍ ഇതില്‍ സങ്കടപ്പെടുന്നു. ഇതും വിദ്യാര്‍ത്ഥികള്‍ നിരാകരിച്ചു. അവരുടെ വാദം ഈ പ്രസ്താവന മനുവാദി ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നാണ്. രോഹിത് ഈ ചിന്താസരണിക്ക് തികച്ചും എതിരായിരുന്നു. അവര്‍ വാദിച്ചു. സര്‍വ്വകലാശാല രോഹിതിന്റെ കുടുംബത്തിന് എട്ട് ലക്ഷം രൂപയുടെ ദുരിതാശ്വാസവും പ്രഖ്യാപിച്ചു. അതും വിദ്യാര്‍ത്ഥികള്‍ നിരാകരിച്ചു. അവര്‍ക്ക് വേണ്ടത് രോഹിത് എന്ന ദളിത് ഗവേഷക വിദ്യാര്‍ത്ഥിക്ക് നീതിയാണ്. രോഹിതിന്റെ കൊലപാതകികളെ ശിക്ഷിക്കണം. അതില്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലറും കേന്ദ്രമന്ത്രി ദത്രാത്തെയും സ്മൃതി ഇറാനിയും ഉള്‍പ്പെടുന്നു. വൈസ് ചാന്‍സലര്‍ക്കും ദത്രാത്തെയും എതിരെ എഫ്.ഐ.ആര്‍.രേഖപ്പെടുത്തിയിട്ടുണ്ട്. എന്നിട്ട് എന്തുകൊണ്ട് നടപടിയില്ല? അതുകൊണ്ട് മോഡിയുടെയും ഇറാനിയുടെയും മുഖം മിനുക്കല്‍ നടപടികള്‍ വിലപ്പോകുവാന്‍ പോകുന്നില്ല. അഥവാ ഈ പ്രക്ഷോഭണം തല്‍ക്കാലം കെട്ടടങ്ങിയാലും ഇതിന്റെ മൂലാധാരമായ ദളിത്-ദളിതേതരസംഘര്‍ഷം അത്ര പെട്ടെന്നൊന്നും ഇല്ലാതാകുവാന്‍ പോകുന്നില്ല. അത് പുകഞ്ഞു കൊണ്ടേയിരിക്കും. അതാണ് ഇന്ത്യയിലെ സങ്കീര്‍ണ്ണവും സ്‌ഫോടനാത്മകവുമായ ജാതിവ്യവസ്ഥ.

രോഹിതും രോഹിതിന്റെ അംബേദ്കര്‍ വിദ്യാര്‍ത്ഥി സംഘടനയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ദളിത് വിഭാഗത്തെ എതിരാളി സംഘപരിവാറും അതിന്റെ അഖില്‍ ഭാരതീയ വിദ്യാര്‍ത്ഥി പരിക്ഷത്തും ആണ്. അങ്ങനെ ഇരിക്കവെയാണ് അംബേദ്കര്‍ വിദ്യാര്‍ത്ഥിസംഘടന മുസഫര്‍ കലാപത്തെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററി കാമ്പസില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇത് സ്വാഭാവികമായും സംഘപരിവാറിനെ തുറന്ന് കാണിക്കുന്നതായിരുന്നു. വിദ്യാര്‍ത്ഥപരിഷത്ത് പ്രതിഷേധിച്ചു. ഇതിന് വിലക്ക് കല്പിച്ചു. അപ്പോഴാണ് ബോംബെ സ്‌ഫോടനകേസിലെ പ്രതിയായ ഭീകരവാദി യാക്കൂബ്‌മേമനെ തൂക്കിലേറ്റിയത്. ഇതനെ അംബേദ്കര്‍ സംഘടനയും രോഹിതും എതിര്‍ത്തു. അവരുടെ വാദപ്രകാരം അവര്‍ എതിര്‍ത്തത് വധശിക്ഷയെന്ന പ്രാകൃതനിയമത്തെയാണ്. അത് മേമനോ ഭീകരവാദത്തിനോ ബോംബെ സ്‌ഫോടനത്തിനോ ഉള്ള അനുഭാവം ആയിരുന്നില്ല. ആണെങ്കില്‍ തന്നെയും അതിനും രണ്ട് അഭിപ്രായം ഉണ്ട്. പാര്‍ലമെന്റ് ആക്രമണകേസിലെ പ്രതിയായ മുഹമ്മദ് അഫ്‌സലിനെ തൂക്കിലേറ്റിയപ്പോഴും വിമര്‍ശനം ഉണ്ടായിരുന്നു. അഫ്‌സലിന്റെ ബന്ധുക്കളെപ്പോലും അദ്ദേഹത്തിന്റെ നിരപരാധിത്വവും ഒക്കെ ഇതില്‍ വിഷയം ആയിരുന്നു.

ഏതായാലും മേമന്‍ തൂക്ക് കേസില്‍ വിദ്യാര്‍ത്ഥിപരിക്ഷത്തും അംബേദ്കര്‍ സംഘടനയും തമ്മില്‍ ഏറ്റുമുട്ടി. ഇതില്‍ പരിഷത്തിലെ സുശീല്‍കുമാറും അംബേദ്കര്‍സംഘടനയലെ രോഹിതും കേന്ദ്രബിന്ദുക്കള്‍ ആയിരുന്നു. ഇവിടെയാണ് വൈസ്ചാന്‍സലറും കേന്ദ്രമന്ത്രി ദത്രാത്തെയും കേന്ദ്രമനുഷ്യവിഭവശേഷി മന്ത്രാലയവും സ്മൃതി ഇറാനിയും ഭാഗവാക്കുകള്‍ ആകുന്നത്. ഇവരുടെ ശ്രമഫലമായാണ് രോഹിതിനെയും മറ്റ് നാല് അംബേദ്കര്‍ സംഘടനക്കാരെയും സര്‍വ്വകലാശാലയില്‍ നിന്നും ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയതും അവരുടെ അവര്‍ക്ക് വിലക്ക് കല്പിച്ചതും. വൈസ്ചാന്‍സലര്‍ അപ്പാറാവു ഒരു സംഘപരിവാറിയാണ്. അങ്ങനെയാണ് 35 പ്രത്യാശികളെ മറികടന്ന് വൈസ്ചാന്‍സലര്‍ ആയത്. അദ്ദേഹത്തിന്റെ ദളിത് വിരുദ്ധ മനോഭാവത്തിനും പ്രവര്‍ത്തികള്‍ക്കും എതിരെ ഒട്ടേറെ ഉദാഹരണങ്ങളും ചൂണ്ടികാണിക്കപ്പെടുന്നുണ്ട്. ദത്രാത്തെയ ആര്‍.എസ്സ്.എസ്സ്. മനോഭാവം ഉള്ള ഒരു സംഘപരിവാറിയാണ്. അതുകൊണ്ടാണ് അദ്ദേഹം അഞ്ച് കത്തുകള്‍ വിദ്യാര്‍ത്ഥി പരിഷത്തിനുവേണ്ടി കേന്ദ്രമാനവവിഭവശേഷി മന്ത്രാലയത്തിന് എഴുതിയത്. രോഹിതിനെയും കൂട്ടുകാരെയും ദേശദ്രോഹികളായി മുദ്രകുത്തിയതും. അദ്ദേഹത്തിന്റെ കത്തുപ്രകാരം ഹൈദരാബാദ് സര്‍വ്വകലാശാല ദേശവിരുദ്ധപ്രവര്‍ത്തനങ്ങളുടെ കേന്ദ്രസ്ഥാനം ആണത്രെ. സ്മൃതി ഇറാനി മോഡിയുടെയും സംഘപരിവാറിന്റെയും ആജ്ഞാനുവര്‍ത്തിയാണ്. അതുകൊണ്ടാണ് നാല് കത്തുകള്‍ സര്‍വ്വകലാശാലയ്ക്ക് രോഹിതിനും കൂട്ടുകാര്‍ക്കും എതിരായി എഴുതിയത്. ഏതായാലും ഇവരുടെ കൂട്ടായ ശ്രമം ഫലിച്ചു. അംബേദ്കര്‍ വിദ്യാര്‍ത്ഥികളെ പുറത്താക്കി. രോഹിത് മറ്റ് നിവര്‍ത്തി ഒന്നും ഇല്ലാതെ ജീവിതത്തോട് യാത്രയും പറഞ്ഞു. 

പക്ഷേ, ആ ആത്മഹത്യ സംഭവിക്കുന്നതായിരുന്നു. അതിനുത്തരവാദികള്‍ വൈസ് ചാന്‍സലര്‍ അപ്പറാവുവും കേന്ദ്രമന്ത്രി ദത്താത്രേയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും പിന്നെ നമ്മളും ആണ്. ആകെ മൊത്തത്തില്‍ സംഘപരിവാറിന്റെ ദളിത് വിരുദ്ധമനുവാദി ചിന്താഗതിയാണ് ഇതിന് കാരണം. ഇനി രോഹിതിന്റെ മരണത്തെക്കുറിച്ച് വിലപിച്ചിട്ട് കാര്യം ഇല്ല. വലതുപക്ഷ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ദളിത് വിരുദ്ധ മനുവാദ ആശയഗതിയെ പഴിച്ചിട്ടും കാര്യമില്ല. ഇനിയും ഇവിടെ രോഹതുമാര്‍ ആവര്‍ത്തിക്കപ്പെടുന്നത്. ദളിത് വിരുദ്ധരാഷ്ട്രീയ ചിന്താഗതിക്ക് തടയിടണം. അതിന് ആര് ഉണ്ട് ഇവിടെ? വോട്ട് ബാങ്ക് രാഷ്ട്രീയത്തിനതീതമായ ഒരു മാനവവീക്ഷണവീഥിക്ക് ഇവിടെ ഇടം ഉണ്ടോ? ബുദ്ധിമുട്ടാണ്. കാരണം ജനുവരി 23 -ലെ ഒരു ദേശീയ ഇംഗ്ലീഷ് ദിനപ്പത്രത്തിലാണ് സമാനമായ ഒരു വാര്‍ത്ത വായിച്ചത്.- വിവേചനത്തിന്റെ കടക്കെണിയില്‍പ്പെട്ട പരിപൂര്‍ണ്ണമായും ദരിദ്രനായ ഒരു വിദ്യാര്‍ത്ഥി -മഹേഷ് വാല്‍മീകി- അദ്ദേഹത്തിന്റെ ഒരു കിഡ്‌നി വിറ്റ് കടം വീട്ടുവാന്‍ ശ്രമിച്ചപ്പോള്‍ ആ കിഡ്‌നി വാങ്ങുവാന്‍ ആരും തയ്യാറല്ല. കാരണം മഹേഷ് ഒരു ദളിതനാണ്. പക്ഷേ,  ഈ ദളിതന്‍ എല്ലാ പ്രയാസങ്ങളെയും മറി കടന്ന് അഖിലേന്ത്യ മത്സരപരീക്ഷ ജയിച്ച്, രോഹിതിനെപ്പോലെ, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ ഐ.ഐ.റ്റി.യ്ക്ക് പ്രവേശനം നേടിയ പ്രതിഭാധനന്‍ ആണ്. പക്ഷേ, അദ്ദേഹം ദളിതനായതിനാല്‍ അദ്ദേഹത്തിന്റെ കിഡിനി പോലും ആര്‍ക്കും വേണ്ട. പക്ഷേ, മഹേഷിനെ അവസാനം ധനം പിരിച്ച് സഹായിച്ചത് (2.7 ലക്ഷം രൂപ) മെഗസസെ അവാര്‍ഡ് ജേതാവായ സന്ദീപ് പാണ്‌ഡെയാണ്.

രോഹിതിന്റെ വിഷയത്തില്‍ ഒരു തീരുമാനം വേണം. വൈസ്ചാന്‍സലറും, ദത്രാത്തെയും, ഇറാനിയും ഈ ജഡത്തിന് ഉത്തരം പറയണം. മോഡിയുടെ മുതലക്കണ്ണീരുകൊണ്ടൊന്നും ഒരു കാര്യവും ഇല്ല. 


എന്തുകൊണ്ട് നമ്മള്‍ രോഹിത് വെമുലയെ കൊലയ്ക്ക് കൊടുത്തു? (ദല്‍ഹി കത്ത്- പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക