Image

ഗള്‍ഫില്‍ അവശ്യസാധനങ്ങളുടെ വില വര്‍ധിച്ചതായി പരാതി

Published on 23 January, 2012
ഗള്‍ഫില്‍ അവശ്യസാധനങ്ങളുടെ വില വര്‍ധിച്ചതായി പരാതി
റാസല്‍ഖൈമ: അവശ്യസാധനങ്ങളുടെ വില കുതിച്ചുയര്‍ന്നതായി എമിറേറ്റിലെ ജനങ്ങള്‍ക്കു പരാതി. ഫെഡറല്‍ സര്‍ക്കാര്‍ സ്‌ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പള വര്‍ധന പ്രഖ്യാപിച്ചശേഷമാണു സാധനവില കുത്തനെ കൂടിയതെന്ന്‌ ഉപഭോക്‌താക്കള്‍ പറഞ്ഞു. സാധനവിലവര്‍ധന സംബന്ധിച്ചു റാസല്‍ഖൈമ സാമ്പത്തിക മന്ത്രാലയ കാര്യാലയത്തിലേക്കു പരാതികളുടെ പ്രവാഹമാണ്‌. കഴിഞ്ഞ 48 ദിവസത്തിനുള്ളില്‍ 131 പരാതികളാണു ഉപഭോക്‌തൃസംരക്ഷണവിഭാഗത്തില്‍ ലഭിച്ചത്‌. കഴിഞ്ഞവര്‍ഷം മൊത്തം 465 പരാതികള്‍ മാത്രമാണു ലഭിച്ചതെന്ന്‌ അധികൃതര്‍ അറിയിച്ചു.

വേതനവര്‍ധന പ്രഖ്യാപിച്ചതോടെ വ്യാപാരികള്‍ ഉല്‍പന്നങ്ങള്‍ക്കു വില കൂട്ടിയതിനാല്‍ സ്‌ഥാപനങ്ങളില്‍ പരിശോധന നടത്തി നടപടി സ്വീകരിക്കണമെന്നാണ്‌ ഉപഭോക്‌താക്കളുടെ ആവശ്യം. പുതുതായി വിപണിയില്‍ എത്തിക്കുന്ന സാധനങ്ങള്‍ക്കു മാത്രമല്ല ശമ്പള പ്രഖ്യാപനം പുറത്തുവന്നതോടെ നിലവിലുള്ള വിലവിവരപ്പട്ടിക തിരുത്തിയാണു വിലവര്‍ധന നടപ്പിലാക്കിയത്‌. ചെറുവരുമാനക്കാരുടെ നടുവൊടിക്കുന്ന വിധത്തില്‍ വ്യാപാരികള്‍ അമിതവില അടിച്ചേല്‍പ്പിക്കുകയാണെന്ന്‌ ഉപഭോക്‌താക്കള്‍ ആരോപിച്ചു. പരാതി സംബന്ധിച്ച്‌ അന്വേഷണം നടത്തി നിയമലംഘകര്‍ക്കു പിഴ ചുമത്തിയതായി അധികൃതര്‍ അറിയിച്ചു. ചില സ്‌ഥാപനങ്ങള്‍ക്ക്‌ ഇക്കാര്യത്തില്‍ താക്കീതു നല്‍കിയിട്ടുണ്ട്‌.

പരാതികളില്‍ കൂടുതലും സാധനവില വര്‍ധിച്ചതുസംബന്ധിച്ചായിരുന്നുവെന്ന്‌ ഉപഭോക്‌തൃ സംരക്ഷണവിഭാഗം തലവന്‍ ഉമര്‍ അല്‍ബായിദ്‌ അറിയിച്ചു. വ്യാപാരത്തിലെ വഞ്ചന, വാഗ്‌ദാനം ചെയ്‌ത ഗുണമേന്‍മയില്ലാതിരിക്കുക, വിലയിലെ തിരിമറി നടത്തുക എന്നിവയ്‌ക്കു പുറമേ പാചകവാതക സിലിണ്ടറുകളുടെ വിലവര്‍ധന സംബന്ധിച്ചും പരാതികളെത്തിയിട്ടുണ്ട്‌. 2010ല്‍ മൊത്തം 641 പരാതികള്‍ ലഭിച്ചിരുന്നു.

ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ പോയവര്‍ഷം പരാതികള്‍ 28 ശതമാനം കുറഞ്ഞതായി ഉമര്‍ സൂചിപ്പിച്ചു. പരാതിയുള്ള ഉപഭോക്‌താക്കള്‍ സാമ്പത്തിക മന്ത്രാലയത്തിലെത്തി പ്രത്യേക അപേക്ഷാഫോം പൂരിപ്പിച്ചു നല്‍കണം. ഉപഭോക്‌തൃ സേവനകേന്ദ്രത്തിലെ ഉദ്യോഗസ്‌ഥനു സമര്‍പ്പിക്കുന്ന പരാതിയോടൊപ്പം തെളിവിനായി ആവശ്യമായ രേഖകളും സമര്‍പ്പിക്കണം. ഇതു പരിശോധിച്ചശേഷം പരാതിയില്‍ പരാമര്‍ശിക്കപ്പെട്ട സ്‌ഥാപനയുടമകളെ മന്ത്രാലയകാര്യാലയത്തില്‍ വിളിപ്പിച്ചു പ്രശ്‌നം അതിവേഗത്തില്‍ പരിഹരിക്കുമെന്ന്‌ ഉമര്‍ വ്യക്‌തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക