Image

മുല്ലപ്പെരിയാറിന്‌ സാന്ത്വനമേകി അമേരിക്കന്‍ മലയാളികള്‍

Published on 23 January, 2012
മുല്ലപ്പെരിയാറിന്‌ സാന്ത്വനമേകി അമേരിക്കന്‍ മലയാളികള്‍
116 വര്‍ഷം കാലപ്പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഡാമിന്റെ അടിവാരത്തില്‍ ഭീതിയോടെ ജീവിക്കുന്ന 40 ലക്ഷം മലയാളികള്‍ക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌, അമേരിക്കയുടെ വിവിധ സ്റ്റേറ്റുകളില്‍ നിന്നെത്തിയ 36 ഓളം പ്രവാസി മലയാളികള്‍ മുല്ലപ്പെരിയാര്‍ സമരപ്പന്തലില്‍ ജനുവരി 12-ന്‌ ഉപവാസം അനുഷ്‌ഠിച്ചു.

പത്തനംതിട്ട ജില്ലയില്‍ നിന്നും ഐ.പി.എ.സി കോര്‍ഡിനേറ്റര്‍ അനിയന്‍ ജോര്‍ജിന്റേയും, മൂവാറ്റുപുഴയില്‍ നിന്ന്‌ കോര്‍ഡിനേറ്റര്‍ തോമസ്‌ ഓലിയാംകുന്നേലിന്റേയും നേതൃത്വത്തില്‍ രണ്ടു ബസുകളിലായെത്തിയ അമേരിക്കന്‍ മലയാളികളെ ചപ്പാത്ത്‌ പാലത്തില്‍ വെച്ച്‌ പീരുമേട്‌ എം.എല്‍.എ ബി.എസ്‌. ബിജിമോളും, രാഷ്‌ട്രീയ നേതാക്കളും, സാംസ്‌കാരിക നായകന്മാരും സ്വീകരിച്ച്‌ ജാഥയായി പന്തലിലേക്ക്‌ ആനയിച്ചു. സമരസമിതി ചെയര്‍മാന്‍ ഫാ. ജോയ്‌ നിരപ്പേല്‍ നിരാഹാരം അനുഷ്‌ഠിക്കുന്ന പ്രവാസി മലയാളികളെ മാലയിട്ട്‌ സ്വീകരിച്ചു. രാവിലെ 11 മണി മുതല്‍ വൈകുന്നേരം 5 മണി വരെ നിരാഹാരം അനുഷ്‌ഠിച്ച അമേരിക്കന്‍ മലയാളികള്‍ക്ക്‌ അഭിവാദ്യമേകി ഇടുക്കി എം.എല്‍.എ റോഷി അഗസ്റ്റിന്‍, റാന്നി എം.എല്‍.എ രാജു ഏബ്രഹാം, പീരുമേട്‌ എം.എല്‍.എ ബി.എസ്‌. ബിജിമോള്‍, ഇടുക്കി എം.പി പിടി. തോമസ്‌, പത്തനംതിട്ട എം.പി. ആന്റോ ആന്റണി തുടങ്ങിയവര്‍ സംസാരിച്ചു. പ്രയാസത്തിനും ദുരിതത്തിലും ഭീതിയിലും നാല്‌ ജില്ലകളിലായി ജീവിക്കുന്ന 40 ലക്ഷത്തോളം കേരള മക്കള്‍ക്ക്‌ സാന്ത്വനമേകാന്‍ മുല്ലപ്പെരിയാറിലെത്തി ഉപവസിക്കുന്ന അമേരിക്കന്‍ മലയാളികള്‍ ലോകത്തിന്‌ മാതൃകയാണെന്ന്‌ ബി.എസ്‌. ബിജിമോള്‍ എം.എല്‍.എ തന്റെ പ്രസംഗത്തില്‍ അറിയിച്ചു. തമിഴ്‌ നാടിന്‌ മുഴുവന്‍ വെള്ളവും നല്‍കാം. ഞങ്ങള്‍ക്ക്‌ സുരക്ഷിതമായ ഒരു അണക്കെട്ട്‌ എന്ന്‌ കരഞ്ഞ്‌ അപേക്ഷിക്കുന്ന ഒരു ജനതയുടെ രോദനം തമിഴ്‌നാട്‌ ഗവണ്‍മെന്റും, കേന്ദ്ര ഗവണ്‍മെന്റും എന്തേ കേള്‍ക്കുന്നില്ല എന്ന്‌ റോഷി അഗസ്റ്റില്‍ എം.എല്‍.എ ചോദിച്ചു.

മുല്ലപ്പെരിയാറിലെ ജനതയ്‌ക്ക്‌, അമേരിക്കയിലെ നാല്‌ ലക്ഷം മലയാളികളുടെ പ്രാര്‍ത്ഥനയും, സഹായവും എപ്പോഴും ഉണ്ടായിരിക്കുമെന്ന്‌ കോര്‍ഡിനേറ്റര്‍ അനിയന്‍ ജോര്‍ജ്‌ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

അമേരിക്കയിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്‌ ഐ.പി.എ,സിയില്‍ നിന്നും തോമസ്‌ ഓലിയാന്‍കുന്നേല്‍, സാം ഉമ്മന്‍, പോള്‍ കെ. ജോണ്‍ (റോഷന്‍), ബെഞ്ചമിന്‍ ജോര്‍ജ്‌ തുടങ്ങിയവരും ഫോമയില്‍ നിന്ന്‌ ബേബി ഊരാളില്‍, ശശിധരന്‍ നായര്‍, ജോണ്‍ ടൈറ്റസ്‌, ജോണ്‍ സി. വര്‍ഗീസ്‌ തുടങ്ങിയവരും, ജോര്‍ജ്‌ മാത്യു (കല), രാജു വര്‍ഗീസ്‌ (സൗത്ത്‌ ജേഴ്‌സി അസോസിയേഷന്‍), ജോസ്‌ ചുമ്മാര്‍ (കേരളാ സെന്റര്‍), ഗോപിനാഥ കുറുപ്പ്‌ (മാര്‍ക്ക്‌), സജി ഏബ്രഹാം (ഐ.എന്‍.ഒ,സി), അനിയന്‍ മൂലയില്‍ (കോഴഞ്ചേരി അസോസിയേഷന്‍), വിന്‍സെന്റ്‌ ബോസ്‌ മാത്യു (പിറവം പ്രവാസി അസോസിയേഷന്‍), ജോണ്‍ മാത്യു (ലാസ്‌വേഗാസ്‌ മലയാളി അസോ.), ജോര്‍ജ്‌ കാക്കനാട്ട്‌ (ഡബ്ല്യു.എം.സി), ഗ്രേസി ജയിംസ്‌ (ലിംകാ), സലോമി ഊരാളില്‍ (ന്യൂയോര്‍ക്ക്‌) തുടങ്ങി ഒട്ടേറെ പ്രവാസി സംഘടനാ നേതാക്കള്‍ പ്രസംഗിച്ചു.

11 മണി മുതല്‍ 5 മണി വരെ അമേരിക്കയിലെ മലയാളികളുടെ കൂടെ ഉപവസിച്ച ബിജിമോള്‍ എം.എല്‍.എ ഉള്‍പ്പടെ നാല്‍പ്പതോളം പേര്‍ക്ക്‌ രാജു ഏബ്രഹാം എംഎല്‍എയും റോഷി അഗസ്റ്റിന്‍ എം.എല്‍.എയും, ഫാ. റോയി നിരപ്പേലും നാരങ്ങാനീര്‌ നല്‍കി നിരാഹാരത്തിന്‌ പരിസമാപ്‌തി കുറിച്ചു. തുടര്‍ന്ന്‌ നടന്ന പൊതുസമ്മേളനത്തില്‍ വിവിധ രാഷ്‌ട്രീയ, സാമൂഹ്യ, സാംസ്‌കാരിക നായകര്‍ അമേരിക്കന്‍ മലയാളികളുടെ മാതൃകാപരമായ ഉപവാസ യജ്ഞത്തിന്‌ അഭിവാദ്യമേകി സംസാരിച്ചു.
മുല്ലപ്പെരിയാറിന്‌ സാന്ത്വനമേകി അമേരിക്കന്‍ മലയാളികള്‍
മുല്ലപ്പെരിയാറിന്‌ സാന്ത്വനമേകി അമേരിക്കന്‍ മലയാളികള്‍
മുല്ലപ്പെരിയാറിന്‌ സാന്ത്വനമേകി അമേരിക്കന്‍ മലയാളികള്‍
മുല്ലപ്പെരിയാറിന്‌ സാന്ത്വനമേകി അമേരിക്കന്‍ മലയാളികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക