Image

ദാമ്പത്യജീവിതം എങ്ങനെ വിജയിപ്പിയ്ക്കാം (ലേഖനം - ഭാഗം-2 )തൊടുപുഴ.കെ.ശങ്കര്‍

തൊടുപുഴ.കെ.ശങ്കര്‍ Published on 14 February, 2016
ദാമ്പത്യജീവിതം എങ്ങനെ വിജയിപ്പിയ്ക്കാം (ലേഖനം - ഭാഗം-2 )തൊടുപുഴ.കെ.ശങ്കര്‍
4. ശരീരശുദ്ധി - മനശുദ്ധി

സാധാരണ ജീവിതത്തില്‍ ശരീരശുദ്ധിയും മനഃശുദ്ധിയും വളരെ പ്രധാനമായ പങ്കുവഹിക്കുന്നു. ശരീരശുദ്ധി പാലിയ്ക്കാതിരുന്നാല്‍ അത് അനാരോഗ്യത്തിനു കാരണമാകുന്നു. അനാരോഗ്യം ജീവിതം വേണ്ടവിധത്തില്‍ അനുഭവിയ്ക്കുവാനാവാതെയാകും. മനഃശുദ്ധിയും വളരെ പ്രധാനമാണ്. ആരോഗ്യമുള്ള ശരീരത്തില്‍ നല്ല ശുദ്ധമായ ഒരു മനസ്സുണ്ടെങ്കിലേ, ജീവിതം സുഗമമാകൂ. മനഃശുദ്ധിയുണ്ടെങ്കില്‍ മാത്രമേ നേര്‍വഴിയ്ക്കു ജീവിതം നയിയ്ക്കുവാനും ജീവിയ്ക്കുവാനാവശ്യമായ ധനം സമ്പാദിയ്ക്കുവാനുമാവുകയുള്ളൂ. ശരീരശുദ്ധിയും മനഃശുദ്ധിയുമുണ്ടെങ്കില്‍ യമനിയമങ്ങള്‍ പാലിച്ചാല്‍ മാത്രമേ ദാമ്പത്യജീവിതം ധന്യമാകുകയുള്ളൂ. നല്ല തലമുറയെ വാര്‍ത്തെടുക്കാന്‍ പറ്റുകയുള്ളൂ.

5. ഇന്ദ്രിയനിയന്ത്രണം 

മനുഷ്യശരീരം പ്രപഞ്ചത്തിന്റെ ഒരു പ്രതിരൂപമാണ്. പഞ്ചഭൂതനിര്‍മ്മിതമാണ് പ്രപഞ്ചം. മനുഷ്യശരീരവും-എല്ലാ ജീവരാശികളും-അതുപോലെ തന്നെ. പഞ്ചഭൂതനിര്‍മ്മിതമായ ശരീരത്തില്‍ പഞ്ചേന്ദ്രിയങ്ങളാണ് പ്രവര്‍ത്തിയ്ക്കുന്നത്. ചുരുക്കത്തില്‍, പഞ്ചഭൂതനിര്‍മ്മിതമായ ശരീരം അതിലെ പഞ്ചേന്ദ്രിയങ്ങളാകുന്ന അശ്വങ്ങള്‍ തെളിയ്ക്കുന്ന രഥമായി കരുതാം. മനസ്സാണ് ആ രഥത്തിന്റെ സാരഥിയായി പ്രവര്‍ത്തിയ്ക്കുന്നത്. സാരഥി ബുദ്ധി ഉപയോഗിച്ച് തന്റെ തേരു തെളിച്ചില്ലെങ്കില്‍ അശ്വങ്ങള്‍ തങ്ങളുടെയിഷ്ടപ്രകാരം തോന്നുന്നപോലെ വേണ്ടാത്ത ദിശകളിലേയ്ക്കു നയിയ്ക്കും. പിന്നീട് നിയന്ത്രിയ്ക്കാനാവാതെ കഷ്ടപ്പെടേണ്ടിവരും. ശബ്ദ, സ്പര്‍ശ, രസ, ഗന്ധരൂപത്തില്‍ പ്രസരിയ്ക്കുന്ന പഞ്ചേന്ദ്രിയങ്ങളെ മെരുക്കി ചൊല്‍പടിയ്ക്കു കൊണ്ടുവരുന്നത് വളരെ കഷ്ടമുള്ള ജോലിയാണ്. അതു സാധിച്ചില്ലെങ്കില്‍ അവ ശത്രുക്കളായി മാറും.
വേണ്ടവിധത്തില്‍ നിയന്ത്രിച്ചാല്‍ അവയെ മിത്രങ്ങളാക്കി മാറ്റുവാന്‍ കഴിയും. വന്യമൃഗമായ ആനയെ മെരുക്കി മനുഷ്യന്‍ തന്റെ ആവശ്യങ്ങളനുസരിച്ച്. അനുസരണയുള്ള ഒരു സുഹൃത്താക്കി മാറ്റുന്നില്ലേ? ദാമ്പത്യജീവിതത്തില്‍, കാമക്രോധാദികള്‍ക്കു വശംവദമാകുന്ന പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ചാല്‍, കടിഞ്ഞാണിട്ട ഒരു കുതിരയെപ്പോലെ പ്രവൃത്തിയ്ക്കും. ദാമ്പത്യജീവിതം അനുഭവയോഗ്യമാകും.

6. പരസ്പരസൗഹൃദം

ഹൃദയംഗമമായ, പരസ്പരസ്‌നേഹത്തോടെയുള്ള തുറന്ന പെരുമാറ്റവും സമീപനവും ദാമ്പത്യജീവിതത്തെ നിത്യഹരിതമാക്കുന്നു. ജീവിതം എന്നും പുതുമ മങ്ങാത്ത ഒരു അനുഭവമായി ഭവിയ്ക്കുന്നു. അവജ്ഞയോടെ  സ്പദ്ധയോ, സങ്കോചമോ, സന്ദേഹമോ, വിദ്വേഷമോ, വിരക്തിയോ, വൈരാഗ്യമോ, ദാമ്പത്യജീവിതത്തില്‍ തലപൊക്കിയാല്‍ ജീവിതം ഒരു കല്ലുകടിയായി മാറും. സൗഹൃദമെന്നാല്‍ സുഹൃത്വമനോഭാവം. ജീവിതപങ്കാളിയെ വെറുമൊരു കളിപ്പാട്ടമോ, കൗതുകവസ്തുവോ, വിനോദവസ്തുവോ ആയി കാണാതെ ജീവിതയാത്രയിലെ ഒരു സഹയാത്രിയായി കണ്ടാല്‍ നന്നായിരിയ്ക്കും. സുഹൃത്തുക്കള്‍ക്കിടയില്‍ യാതൊരു പ്രാഥമിക നിബന്ധനകളോ, നിയന്ത്രണമോ, കര്‍ശനനിയമങ്ങളോ, ഒന്നുമില്ലല്ലോ. അപ്പോള്‍ പരസ്പര സൗഹൃദമനോഭാവത്തോടെ ജീവിതം നയിച്ചാല്‍ ജീവിതത്തിന്റെ ലക്ഷ്യം അര്‍ത്ഥമുള്ളതാകും.

7. മധുരവചസ്സുകള്‍

അതിശയോക്തിയുടെ മായക്കലര്‍പ്പില്ലാതെ മധുരമായ വാക്കുകളോടെയുള്ള സംഭാഷണം മറ്റുള്ളവരെ ആകര്‍ഷിയ്ക്കും. സുഹൃത്തുക്കളായാലും, അപരിചിതരായാലും, ആകര്‍ഷണീയമായ സംഭാഷണം, ചെയ്യുകയെന്നത് ഒരു സുകൃതഗുണമാണ്. ദാമ്പത്യജീവിതത്തില്‍ മധുരഭാഷണം ഒരു ആവശ്യഘടകമാണ്. കലയുമാണ്. 

മഹാഭാരത്തില്‍, ശിശുപാലനുമായുള്ള വിവാഹം നിശ്ചയിച്ചപ്പോള്‍, കൃഷ്ണനെ ഒരിയ്ക്കലും നേരില്‍ കണ്ടിട്ടില്ലായെങ്കിലും മറ്റുള്ളവര്‍ പറഞ്ഞുള്ള അറിവിലൂടെ മനസ്സുകൊണ്ട് അതിയായി സ്‌നേഹിച്ച് വിവാഹം ചെയ്യാനാഗ്രഹിച്ച രുക്മിണി, ഒരു സന്ദേശവാഹകന്‍വശം, കൃഷ്ണനെ തന്റെ ഇംഗിതവും ഹൃദയവികാരവും അറിയിച്ച ലേഖനം, കൃഷ്ണനെ 'ഭുവനസുന്ദരാ' എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് തുടങ്ങിയത്. ആ ഹൃദ്യമായ സംബോധന കൃഷ്ണനെ ഹഠാദാകര്‍ഷിച്ചു. മധുരമായ ആ സംബോധനയും, ആഗ്രഹപ്രകടനവുമാണ് കൃഷ്ണനെ രുഗ്മിണീഹരണത്തിന് പ്രേരിപ്പിച്ചത്. അതിന്റെയെല്ലാം പിന്നില്‍, അവരുടെ വികാരാവേശങ്ങളും, സുദൃഢമായ പരസ്പര പ്രേമവും, വിശ്വാസവും എല്ലാം പ്രകടമായിരുന്നു.

മൊത്തത്തില്‍ മേല്‍പറഞ്ഞ ഏഴു നിബന്ധനകളും അഥവാ നിയമങ്ങളും പരസ്പരധാരണയോടെ പാലിച്ചാല്‍, ദാമ്പത്യജീവിതം, കയ്പുനിറഞ്ഞ ഒരു ചഷകമായി മാറ്റാതെ മാതൃകാപരവും,
സ്‌നേഹസുന്ദരവുമാക്കി മാറ്റാന്‍ കഴിയുമെന്നതില്‍ രണ്ടു പക്ഷമില്ല.

ആത്മീയഗുരുവായ രാമകൃഷ്‌നപരമഹംസ അദ്ദേഹത്തിന്റെ ഒരു പ്രവചനത്തില്‍ പറഞ്ഞത് ഒരിയ്ക്കല്‍ വായിച്ചതായി ഓര്‍മ്മവരുന്നു. യൗവ്വനത്തില്‍ ദമ്പതികളുടെ പരസ്പരപ്രേമം, ഇന്ദ്രിയാധീനമായതാണ്(Passionate Love). എന്നാല്‍, വാര്‍ദ്ധക്യത്തില്‍, അവരുടെ പ്രേമം അനുകമ്പാദ്രമായി മാറുന്നു(Compassionate Love). 

 ദാമ്പത്യജീവിതത്തിന് സമ്പൂര്‍ണ്ണത പ്രദാനം ചെയ്യുന്ന മേല്‍പറഞ്ഞ ഗുണങ്ങള്‍ എല്ലാം വളരെ നിഷ്ഠയോടെ പാലിയ്ക്കുവാന്‍ കഴിഞ്ഞാല്‍ ആ ജീവിതം മധുരമയമാകുമെന്ന ദൃഢവിശ്വാസത്തില്‍ മുന്നോട്ടുപോയാല്‍ അത് വിജയപ്രദമാകുമെന്നു മാത്രമല്ല, മറ്റുള്ളവര്‍ക്ക് ഒരു മാതൃകയുമായിരിയ്ക്കും. സംശയമുണ്ടെങ്കില്‍ പരീക്ഷിച്ചു നോക്കുക. വിജയം സുനിശ്ചിതം! 

ഈ ലേഖനം ഇവിടെ അവസാനിയ്ക്കുന്നു......


Join WhatsApp News
വായനക്കാരൻ 2016-02-14 14:20:57
8.  കുതിരസവാരി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക