Image

ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ ഇനി പുതിയ മാധ്യമ മേഖല: എം.ജി. രാധാകൃഷ്‌ണന്‍

സിദ്ധിഖ്‌ വലിയകത്ത്‌ Published on 24 January, 2012
ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ ഇനി പുതിയ മാധ്യമ മേഖല: എം.ജി. രാധാകൃഷ്‌ണന്‍
കുവൈറ്റ്‌: പുതിയ വാര്‍ത്താ മാധ്യമായി ഇന്റര്‍നെറ്റിനെ സമൂഹം സ്വീകരിച്ചിരിക്കുകയാണെന്നും വാര്‍ത്തകളുടെ ഉറവിടങ്ങള്‍ സൈറ്റുകളും ബ്ലോഗുകളുമായി മാരിയിരിക്കുകയാണെന്നും പ്രമുഖ പത്ര പ്രവര്‍ത്തകനും ഇന്ത്യ ടുഡെ അസോസിയേറ്റ്‌ എഡിറ്ററുമായ എം.ജി. രാധാകൃഷ്‌ണന്‍ അഭിപ്രായപ്പെട്ടു.

അറബ്‌ ലോകത്തെ ആധുനിക വിപ്ലവങ്ങള്‍ തെളിയിക്കുന്നത്‌ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളുടെ സ്വാധീനമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇത്‌ ആഗോള വ്യാപകമായി അച്ചടി മാധ്യമങ്ങള്‍ക്ക്‌ വെല്ലുവിളി ഉയര്‍ത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുവൈറ്റിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്‌മയായ മലയാളി മീഡിയ ഫോറം സംഘടിപ്പിച്ച മീഡിയ സെമിനാറില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാര്‍ത്തകള്‍ക്ക്‌ വേണ്‌ടിയുള്ള മാധ്യമങ്ങളുടെ പരക്കം പാച്ചില്‍ എടുത്തു ചാട്ടങ്ങളിലേക്ക്‌ എത്തിക്കുന്നുവെന്നും, അതിലൂടെ സംശയമുള്ളവരെ തീവ്രവാദികളും കുറ്റവാളികളും ആക്കുന്നതില്‍ മല്‍സരം അരങ്ങേറുകയാണിന്നു മാധ്യമ രംഗത്ത്‌. ഒരാക്ഷേപം ഉന്നയിക്കപ്പെടുമ്പോള്‍ അവയുടെ കൃത്യത വരുന്നതിനു മുമ്പ്‌ തന്നെ പ്രതികളെ സൃഷ്ടിക്കുന്ന മാധ്യമ രീതി അവരുടെ ഭാവിജീവിതം അവതാളത്തിലാക്കുന്നു എന്ന സത്യം പലപ്പോഴും മാധ്യമങ്ങള്‍ മറന്നു പോകുന്നു. ഇതിനു അതിരുകള്‍ നിശ്ചയിക്കുന്നതെങ്ങിനെയെന്ന ചര്‍ച്ച മാധ്യമലോകത്ത്‌ പോലും നടക്കുന്നു.

ബ്ലോഗുകള്‍, സിറ്റിസണ്‍ ജേര്‍ണലിസം തുടങ്ങി സോഷ്യല്‍ നെറ്റ്‌വര്‍ക്ക്‌ സൈറ്റുകള്‍ ഇന്ന്‌ ജനപ്രീതി നെടിക്കൊണ്‌ടിരിക്കുകയാണെന്നും, ഭരണകൂടം ഇതിനെ ഭയപ്പാടോടെയാണ്‌ വീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ നിയന്ത്രിക്കുന്നത്‌ എങ്ങിനെയെന്ന ആലോചന എല്ലാ രാജ്യത്തിന്റെയും ഭരണകൂടങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ്‌. നിയന്ത്രണം വേണമെന്ന കാര്യത്തില്‍ എല്ലാവരും ഒന്നിക്കുമെങ്കിലും എങ്ങിനെ, എവിടെയാണ്‌ അതിന്റെ അതിര്‍ത്തി നിര്‍ണയം എന്നിവ ഇപ്പോഴും നിര്‍വചിക്കപ്പെട്ടിട്ടില്ല. അച്ചടി മാധ്യമങ്ങള്‍ സൂക്ഷിച്ചിരുന്ന സ്വകാര്യത, ദൃശ്യ മാധ്യമങ്ങളുടെ കടന്നു കയറ്റത്തോടെ ഭാഗികമായി നഷ്ടപ്പെട്ടിരുന്നു. അതിന്റെ പരിപൂര്‍ണ്ണ നഷ്ടമാണ്‌ പുതിയ ടെക്‌നോളജിയുടെ വരവോടെ നഷ്ടപ്പെട്ടത്‌.

മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിനു ഭരണകൂടം അതിര്‌ നിശ്ചയിക്കുമ്പോള്‍, സത്യം വിളിച്ചു പറയുന്നതിനെ ഇല്ലാതാക്കുവാന്‍ ശ്രമിക്കുകയാണ്‌. നിയന്ത്രണം ആവശ്യമായിരിക്കാം, അതിനുമൊരു പ്രോട്ടോക്കോള്‍ ആവശ്യമാണ്‌. ഒരാള്‍ക്ക്‌ തോന്നുമ്പോള്‍ എല്ലാവരുടെയും ലോഗിന്‍ ചെക്ക്‌ ചെയ്യുകയല്ല, അതിനു നിര്‍ണ്ണയിക്കപ്പെട്ട ആളുകളുണ്‌ടാവമെന്ന്‌ എം.ജി. രാധാക്യഷ്‌ണന്‍ പറഞ്ഞു.

കണ്‍വീനര്‍ സുനോജ്‌ നമ്പ്യാര്‍ സ്വാഗതം പറഞ്ഞു. കണ്‍വീനര്‍ തോമസ്‌ കടവില്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ എംബസി ഫസ്റ്റ്‌ സ്രെകട്ടറി വിനോദ്‌ കുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. യുഎഇ എക്‌സ്‌ചേഞ്ച്‌ കണ്‍ട്രി ഹെഡ്‌ പാന്‍സ്‌ലി വര്‍ക്കി, ജെറ്റ്‌ എയര്‍വേഴ്‌സ്‌ കണ്‍ട്രി ഹെഡ്‌ ജലീല്‍ ഖാലിദ്‌ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. എം.ജി. രാധാകൃഷ്‌ണനുള്ള ഉപഹാരം ഗള്‍ഫ്‌ മാര്‍ട്ട്‌ കണ്‍ട്രി ഹെഡ്‌ ടി.എ.രമേഷ്‌ നല്‍കി. വിനോദ്‌ വി നായര്‍ പരിപാടി നിയന്ത്രിച്ചു. കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. പരിപാടിയുടെ ഭാഗമായി മീഡിയ ഫോറം സംഘടിപ്പിച്ച സംഗീത പരിപാടിയും അരങ്ങേറി.
ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ ഇനി പുതിയ മാധ്യമ മേഖല: എം.ജി. രാധാകൃഷ്‌ണന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക