Image

ഭരതവാക്യമോതി വാഗ്‌ഭടന്‍ അരങ്ങൊഴിഞ്ഞു

അനില്‍ പെണ്ണുക്കര Published on 25 January, 2012
ഭരതവാക്യമോതി വാഗ്‌ഭടന്‍ അരങ്ങൊഴിഞ്ഞു
ഒരു വാഗ്‌ഭടന്‍ കൂടി വഴിയൊഴിഞ്ഞു. സുകുമാര്‍ അഴീക്കോട്‌ എന്ന ചിന്താസമുദ്രം തിരതല്ലി ഒടുവില്‍ നിശ്ചലമായി. ഏതു സമുദ്രവും ഒരുനാള്‍ വറ്റും. അല്ലെങ്കില്‍ ഏതു ശബ്‌ദത്തിനും ഒടുക്കം കാലമൊരു വിരാമമിടും എന്ന സത്യം അവശേഷിപ്പിച്ചുകൊണ്ട്‌.

വാക്കിന്റെ വിസ്‌ഫോടനശക്തി സമര്‍ത്ഥമായി വിനിയോഗിച്ച വാണീദേവിയുടെ വരവായിരുന്നു സുകുമാര്‍ മാഷ്‌. ഇടതും വലതും നോക്കാതെ അനുയായികളുടെ സംഘമോ, പാര്‍ട്ടിയോ, അവയുടെ യുവജന വിഭാഗത്തിന്റെ മുഷ്‌ടിബലവും, വാളണ്ടിയേഴ്‌സിന്റെ പരേഡിന്റെ കരുത്തോ ഇല്ലാതെ പ്രതിഷ്‌ഠകളെ ഇളക്കുവാനും ഉറപ്പിക്കുവാനും സാധിച്ച വിപ്ലവകാരിയാണ്‌ അഴീക്കോട്‌ മാഷ്‌.

പ്രസംഗകലയുടെ സകല സാധ്യതകളും, ജനാധിപത്യ സംവിധാനങ്ങളുമുള്ള ഒരു സമൂഹത്തില്‍ പരിവര്‍ത്തനത്തിനുള്ള ഉപകരണമായി അദ്ദേഹം കാണിച്ചുതന്നു.

വാക്കിന്റെ ശരങ്ങള്‍കൊണ്ട്‌ ഉണര്‍ത്തിയും, ഉറക്കിയും, ഉറക്കംകെടുത്തിയും അദ്ദേഹം പല തീരുമാനങ്ങളും മാറ്റിമറിച്ചു. പാര്‍ലമെന്റ്‌ സ്‌തംഭിപ്പിച്ചോ, കൈയ്യേറ്റം നടത്തിയോ, നിരാഹാരമിരുന്നോ സാധിത്താത്ത കാര്യങ്ങള്‍ അഴീക്കോട്‌ നാവുകൊണ്ട്‌ സാധിച്ചു.

ഏതു ബാലികേറാമലയിലും കടന്നുചെന്ന്‌ പ്രഹരിക്കുവാന്‍ അഴീക്കോടിന്‌ ഒരു ശാപവും വിലക്കിയിരുന്നില്ല.

സുരക്ഷിതമായ ചട്ടകങ്ങളും സ്വയംരക്ഷാ കവചവുമൊരുക്കി വാണവരെപ്പോലും ഒരു പുഴുവായി കടന്നുചെന്ന്‌ വാണിയാകുന്ന രാക്ഷസരൂപത്തില്‍ വട്ടംകറക്കി അദ്ദേഹം.

പ്രതികാരം മൂത്ത അവര്‍ക്കാര്‍ക്കും ഒരു യാഗത്തിലും പെടുത്തി അദ്ദേത്തെ ഹോമിക്കാന്‍ സാധിച്ചില്ല. അവിടെയാണ്‌ അഴീക്കോട്‌ മാഷ്‌ വിജിഗീഷ്‌ഠവായത്‌. എനിക്ക്‌ ശേഷം എന്റെ വഴി എന്റെ പുരസ്‌കാരങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കും എന്ന വാക്കു മാത്രമാണ്‌ ഈ വിരഹത്തിലും നമുക്ക്‌ ആശ്വസിക്കാവുന്ന ഭരതവാക്യം.

ജേര്‍ണലിസം ക്ലാസിന്റെ നാലതിരുകള്‍ക്കുള്ളില്‍ ശ്രദ്ധയോടെ അദ്ദേഹത്തിന്റെ വാക്‌ധോരണി കേട്ടുകൊണ്ടിരുന്ന ഒരു കൊച്ചു പയ്യന്റെ കണ്ണീര്‍ പ്രണാമങ്ങള്‍!

വികടവിചാരം

ഭീമസേനന്മാര്‍ക്ക്‌ വേണമെങ്കില്‍

ഇനി ഈ ശിരസ്സില്‍ ചവിട്ടാം!
ഭരതവാക്യമോതി വാഗ്‌ഭടന്‍ അരങ്ങൊഴിഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക