Image

അഴീക്കോട്‌ സ്‌പെഷല്‍

Published on 25 January, 2012
അഴീക്കോട്‌ സ്‌പെഷല്‍
അഴിക്കോടന്‍ കാഴ്‌ചപ്പാടുകള്‍...

``ജനിച്ച്‌ ഇരുപതു വര്‍ഷം കഴിഞ്ഞിപ്പോള്‍ ഗാന്ധിജിയെ ഞാന്‍ നേരിട്ട്‌ എന്റെ മുന്നില്‍ വളരെ അടുത്തുവെച്ച്‌ കണ്ടു. ഒരു മണിക്കൂറിലധികം നേരം വിജനമായി നിന്ന സേവാഗ്രാമം ആശ്രമത്തില്‍ വെറും ജമുക്കാളത്തില്‍ ഇരുന്ന്‌ ഇമവെട്ടാതെ ഞാന്‍, ചര്‍ക്ക തിരിക്കുന്ന ആ വിഗ്രഹത്തെ നോക്കിക്കണ്ടു''. (സുകുമാര്‍ അഴിക്കോടിന്റെ ആത്മകഥയില്‍ നിന്ന്‌)

സുകുമാര്‍ അഴിക്കോട്‌ എവിടെ നിന്നും തുടങ്ങി എന്ന്‌ അഴിക്കോട്‌ തന്നെ പറഞ്ഞ വാക്കുകളാണിത്‌. അഴിക്കോടിന്റെ ആത്മകഥയില്‍ അദ്ദേഹം കുറിച്ചിട്ട വാക്കുകള്‍. ജനിച്ച്‌ ഇരുപതു വര്‍ഷം പിന്നിട്ട ആ ചെറുപ്പക്കാരന്‍ അഴിക്കോടും, അയാള്‍ ഇമവെട്ടാതെ നോക്കി നിന്ന വിഗ്രഹം മഹാത്മാഗാന്ധിയുമായിരുന്നു.

മഹാത്മഗാന്ധിയില്‍ നിന്നും എന്തിനാണ്‌ ഒരു ആത്മകഥ തുടങ്ങുന്നത്‌ എന്നതിനുള്ള ന്യായമാണ്‌ സ്വന്തം ആത്മകഥയിലെ അഴിക്കോടിന്റെ ആദ്യവരികള്‍. ``ജീവിതം തുടങ്ങുന്നത്‌ എവിടെവെച്ചാണോ അവിടെ വെച്ചാണ്‌ സാധാരണയായി ആത്മകഥയും ജീവചരിത്രവും തുടങ്ങുന്നത്‌''.

കേരളം കണ്ട മഹാനായ പ്രാസംഗികന്റെ, ഗാന്ധിയന്റെ, ചിന്തകന്റെ, എഴുത്തുകാരന്റെ ജീവിതം തുടങ്ങുന്നത്‌ മഹാത്മഗാന്ധിയുമായുള്ള ആദ്യ കാഴ്‌ചയില്‍ നിന്നായിരുന്നു. മരണം വരെ ഗാന്ധിയന്‍ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച, ഗാന്ധിയന്‍ ജീവിതത്തില്‍ നിന്നും അണുവിടെ തെറ്റാതെ മുമ്പോട്ടു പോയ തന്റേടി. അതായിരുന്നു സുകുമാര്‍ അഴിക്കോട്‌. ഒരിക്കലും കക്ഷി രാഷ്‌ട്രീയത്തിന്‌ അടിമപ്പെട്ടു പോയിരുന്നില്ല സുകുമാര്‍ അഴിക്കോട്‌. പറയേണ്ടത്‌ പറയുമ്പോള്‍, വിമര്‍ശിക്കേണ്ടവരെ വിമര്‍ശിക്കുമ്പോള്‍ അവിടെ രാഷ്‌ട്രീയ നേതാക്കന്‍മാരുടെ വലുപ്പച്ചെറുപ്പവും അദ്ദേഹം നോക്കിയിരുന്നില്ല.

ഗാന്ധിദര്‍ശനത്തില്‍ നിന്നും ജീവിതദര്‍ശനം കണ്ടെത്തിയ സുകുമാര്‍ അഴിക്കോട്‌ കോണ്‍ഗ്രസ്‌ രാഷ്‌ട്രീയത്തിനൊപ്പം ചിന്തിച്ച ഒരുകാലഘട്ടമുണ്ടായിരുന്നു. പിന്നീട്‌ ഗാന്ധിസത്തില്‍ നിന്നും കോണ്‍ഗ്രസ്‌ അകന്നുവെന്നും അവിടെ പണാധിപത്യം വാഴുന്നുവെന്നും പറഞ്ഞ്‌ കോണ്‍ഗ്രസില്‍ നിന്നും മാനസികമായി അകന്നു. എന്നാല്‍ അത്‌ ഒരിക്കലും തീര്‍ത്തും മുറിച്ചുമാറ്റിയ ബന്ധമായിരുന്നില്ല. പിന്നീട്‌ ഇടതുപക്ഷത്തിനൊപ്പം നിന്ന സുകുമാര്‍ അഴിക്കോടിനെയാണ്‌ രാഷ്‌ട്രീയ കേരളം കണ്ടത്‌. എന്നാല്‍ അത്‌ ഇടതന്‍പാര്‍ട്ടികള്‍ക്ക്‌ പിടികൊടുത്ത ഒരു വിധേയത്വമായിരുന്നില്ല ഒരിക്കലും. വി.എസ്‌ അച്യുതാനന്ദനെപോലും കണക്കറ്റ്‌ പരിഹസിച്ചും വിമര്‍ശിച്ചും എത്രയോ വിവാദങ്ങള്‍ അഴിക്കോട്‌ ക്ഷണിച്ചു വരുത്തി. ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ കലര്‍ത്തിയെടുത്ത ഒരു സോഷ്യലിസ്റ്റ്‌ കാഴ്‌ചപ്പാടായിരുന്നു എന്നും അഴിക്കോട്‌ മുന്നോട്ടുവെച്ചത്‌. കമ്മ്യൂണിസമെന്നത്‌ കാലാനുസൃതമായി വീണ്ടുവിചാരം ചെയ്‌ത്‌ ജനഹിതത്തിനൊത്ത്‌ മുമ്പോട്ടു പോകേണ്ട ഒന്നാണെന്നായിരുന്നു എന്നും അഴിക്കോട്‌മാഷ്‌ വിവക്ഷിച്ചിരുന്നത്‌.

എന്നാല്‍ ഇന്ത്യയിലെ രാഷ്‌ട്രീയ നേതൃത്വങ്ങള്‍, അത്‌ ഇടതായാലും, വലതായാലും ഒരുപോലെ നടപ്പില്‍ വരുത്തേണ്ടത്‌ പരിപൂര്‍ണ്ണമായ ഗാന്ധി ദര്‍ശനമാണെന്നതില്‍ അദ്ദേഹത്തിന്‌ സംശയമുണ്ടായിരുന്നില്ല. സമീപകാലത്തു പോലും കോണ്‍ഗ്രസിന്റെ പുതു നേതൃത്വത്തെ അദ്ദേഹം ഉപദേശിച്ചത്‌ ഇങ്ങനെയായിരുന്നു. ``നിങ്ങള്‍ ആദ്യം ഗ്രാമങ്ങളിലേക്ക്‌ പോകു. ഈ രാജ്യം എന്തെന്ന്‌ മനസിലാക്കു''. ഈ വാക്കുകള്‍ മാഷ്‌ കടം കൊണ്ടത്‌ ഗാന്ധിജിയില്‍ നിന്നല്ലാതെ മറ്റാരില്‍ നിന്നാണ്‌.

അഴിക്കോടിന്റെ ആത്മകഥയില്‍ രാഷ്‌ട്രയത്തിന്റെ കഥയും കഥയില്ലായ്‌മയും എന്നൊരു അധ്യായമുണ്ട്‌. അതില്‍ അദ്ദേഹം ഇങ്ങനെ എഴുതിയിരിക്കുന്നു. ``എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം ഏതാണെന്ന്‌ ചോദിച്ചാല്‍ ഒരു ഉത്തരം മാത്രമേ പറയാന്‍ സാധിക്കു. അത്‌ സ്വാതന്ത്രസമരകാലത്ത്‌ ജീവിച്ചു എന്നതാണ്‌. മഹാഭാരതത്തിലെ കീരിയെപ്പോലെ ഈ ഇതിഹാസ സാഗരത്തിന്റെ ഓരത്തിലൂടെ നടക്കുകയും, ആ മണ്ണ്‌ കാലില്‍ തട്ടുകയും ചെയ്‌തതുകൊണ്ട്‌ എന്റെ ആത്മാവില്‍ എവിടെയെല്ലാമോ സ്വര്‍ണ്ണം പതിഞ്ഞുവെന്ന്‌ തോന്നുന്നു.''

ഇവിടെ അഴിക്കോട്‌ വ്യക്തമാക്കുന്നത്‌ മറ്റൊന്നുമല്ല. രാഷ്‌ട്രീശുദ്ധി നിറഞ്ഞു നിന്ന ഒരുകാലത്തിന്റെ ഓര്‍മ്മ തന്നെയാണ്‌. വര്‍ത്തമാന കാലത്തില്‍ രാഷ്‌ട്രീയത്തിന്റെ ശുദ്ധി കൈമോശം വന്നിരിക്കുന്നുവെന്ന്‌ തെളിമയോടെ അദ്ദേഹം ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. ഇത്തരം സത്യസന്ധമായ ഓര്‍മ്മപ്പെടുത്തലുകളിലൂടെയാണ്‌ സുകുമാര്‍ അഴിക്കോട്‌ ജനകീയനായത്‌. ഈ ഓര്‍മ്മപ്പെടുത്തലുകള്‍ക്കും തിരുത്തലുകള്‍ക്കും അദ്ദേഹത്തിന്‌ പിന്‍ബലമേകിയത്‌ ആത്മാവ്‌ കൊണ്ട്‌ അനുസരിച്ചിരുന്ന ഗാന്ധിദര്‍ശനങ്ങളും.

രാഷ്‌ട്രീയത്തില്‍, പൊതുജീവിതത്തില്‍, സ്വകാര്യ ജീവിതത്തില്‍, സാംസ്‌കാരിക തലത്തില്‍...എവിടെയുമാകട്ടെ ഏതൊരു വ്യക്തിക്കും ഒരു ശുദ്ധി ആവിശ്യമാണ്‌ എന്നതായിരുന്നു അഴിക്കോട്‌ മലയാളിയെ പഠിപ്പിച്ച ഏറ്റവും വലിയ പാഠം. അത്‌ സമൂഹത്തോടുള്ള വ്യക്തിയുടെ ഉത്തരവാദിത്വമാണ്‌ എന്നതായിരുന്നു അഴിക്കോടിന്റെ തത്ത്വം. ഈ ഉത്തരവാദിത്വം മറന്നവര്‍ക്കെതിരെ എന്നും വിമര്‍ശനത്തിന്റെ ചാട്ടുളിയുമായി അഴിക്കോട്‌ മുമ്പോട്ടു വന്നിരുന്നു. തിലകനെ അമ്മ എന്ന താരസംഘടന അഭിനയ ജീവിതത്തില്‍ നിന്നും വിലക്കിയപ്പോള്‍ അതിനെതിരെ ശക്തമായി മുന്നോട്ടു വരാന്‍ അഴിക്കോടിന്‌ പ്രചോദനമായതും ചലച്ചിത്രസംഘടനകളുടെ ഉത്തരവാദിത്വമില്ലായ്‌മയായിരുന്നു. സൂപ്പര്‍താരങ്ങളെ പോലും അഴിക്കോട്‌ വിമര്‍ശിച്ചപ്പോള്‍ അഴിക്കോടിനൊപ്പമാണ്‌ മലയാളി നിന്നത്‌. അതായിരുന്നു മലയാളിയുടെ മനസില്‍ അഴിക്കോടിനുണ്ടായിരുന്ന സ്റ്റാര്‍ഡം. ആര്‍ക്കെതിരയും അഴിക്കോട്‌ പടപൊരുതും എന്ന്‌ ഓര്‍മ്മിപ്പിച്ച സംഭവം തന്നെയായിരുന്നു അമ്മ - അഴിക്കോട്‌ പോരാട്ടം.

കരുത്തുറ്റ പോരാളിയായി തോന്നിപ്പിക്കുമ്പോഴും അഴിക്കോടിനുള്ള വാശികള്‍ വെടിഞ്ഞ്‌ ചിരിക്കാന്‍ മാത്രം ആഗ്രഹിക്കുന്ന ഒരു കുട്ടിയുമുണ്ടായിരുന്നു. ആത്മകഥയിലെ കളിയും ചിരിയും എന്ന ഭാഗം ഓര്‍മ്മപ്പെടുത്തുന്നത്‌ അതാണ്‌.

``ബാല്യത്തില്‍ നിറഞ്ഞു നില്‍ക്കുന്നതും പ്രായമായി വരുമ്പോള്‍ നഷ്‌ടപ്പെട്ടു പോകുന്നതുമായ ഒരു നന്മ കളികളാണ്‌. അതുകൊണ്ടാണ്‌ പ്രായമായവര്‍ തിരിഞ്ഞു നോക്കുമ്പോള്‍ അവിടെയെങ്ങും കളി കാണാത്തത്‌. വലിയ കാര്യങ്ങളുള്ളപ്പോള്‍ പിന്നെ കളിക്ക്‌ എവിടെയാണ്‌ സ്ഥാനം. കളി ഇല്ലാഞ്ഞിട്ടല്ല. അത്‌ കാണാനുള്ള കണ്ണ്‌ അടഞ്ഞു പോകുന്നതാണ്‌ കാരണം''. ആത്മകഥക്കിടയില്‍ പറഞ്ഞ പോകുന്ന ഒരു അഴിക്കോടന്‍ നിരീക്ഷണമാണിതെങ്കിലും ഈ നിരീക്ഷണം സുകുമാര്‍ അഴിക്കോടിന്റെ മനസിന്റെ ആകെത്തുക തന്നെയാണ്‌. ബാല്യം മുതല്‍ പേറി നന്മകളൊന്നും നഷ്‌ടപ്പെടുത്താന്‍ ആഗ്രഹിക്കാതിരുന്ന വലിയ മനസ്‌. ആ മനസില്‍ നിന്നും ഉയര്‍ന്നു വന്ന കാഴ്‌ചപ്പാടുകള്‍ അതുകൊണ്ടു തന്നെ ഒരു കാലത്തിന്റെ മുഴുവന്‍ വലുപ്പവും പേറുന്നു. അവ നാളെയും നമുക്ക്‌ മാര്‍ഗദര്‍ശനം നല്‍കട്ടെ...

കൂടുതല്‍ വാര്‍ത്തകള്‍.....

ഭരതവാക്യമോതി വാഗ്‌ഭടന്‍ അരങ്ങൊഴിഞ്ഞു

സുകുമാര്‍ അഴീക്കോട്‌ അന്തരിച്ചു

യുഗാന്ത്യം; അഴീക്കോടിന്റെ സംസ്‌കാരം നാളെ പയ്യാമ്പലത്ത്‌
അഴീക്കോട്‌ സ്‌പെഷല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക