Image

അവസരവാദ പള്ളിക്കൂടം (എ.എസ് ശ്രീകുമാര്‍)

Published on 22 February, 2016
അവസരവാദ പള്ളിക്കൂടം (എ.എസ് ശ്രീകുമാര്‍)
ഒരുകാര്യത്തില്‍ നമ്മുടെ 'കണിച്ചുകുളങ്ങര ഗുരു' വെള്ളപ്പള്ളി നടേശന്‍ 'ബഹു'മാന്യസ്വരൂപനാണ്. ഉള്ളത് ഉള്ളതുപോലെ പറയും. സ്ഥലവും കാലവും വിഷയമല്ല. അതു കേള്‍ക്കുമ്പോള്‍ പെരുന്നയിലെ നായര്‍ തലവന്‍ സുകുമാരന്‍ നായര്‍ക്കും തോന്നും ഇങ്ങേര് ഒരു തുറന്ന പുസ്തകമാണല്ലോയെന്ന്. ഈ കഥ പൂര്‍ത്തിയാവണമെങ്കില്‍ ഫ്‌ളാഷ് ബാക്ക് വേണം. അതാവാം.

എന്‍.എസ്.എസ് മുന്‍ സെക്രട്ടറി പി.കെ. നാരായണപ്പണിക്കരുടെ കാലത്താണ് പെരുന്നയിലേയ്ക്ക് കണ്ണും നട്ട് വെള്ളാപ്പള്ളി നടേശന്‍, നായര്‍-ഈഴവ സഖ്യത്തിനായി കൊടിപൊക്കിയിറങ്ങിയത്. പണിക്കര്‍ വക്കീലന്റെ കാലശേഷം ജി. സുകുമാരന്‍ നായര്‍ സംഘടനയുടെ, 'അയാം ദ സ്റ്റേറ്റ്' എന്ന് പ്രഖ്യാപിച്ച ലൂയി പതിനാലാമന് പഠിച്ചപ്പോള്‍ ആ ഐക്യം പൂര്‍ണതോതില്‍ കഥാവശേഷമായി. 

ജാതി ചോദിക്കരുത് പറയരുത്, മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്നൊക്കെ ശ്രീ നാരായണഗുരുദേവന്‍ പറഞ്ഞുവച്ചിട്ടുണ്ടെങ്കിലും കണിച്ചുകുളങ്ങര ഇത് ഗൗനിക്കുന്നില്ല. പുള്ളിക്കാരനെ സംബന്ധിച്ചിടത്തോളം യോഗമിതായാലും മൈക്രോ ഫിനാന്‍സ് നന്നായാല്‍ മതി എന്ന ചിന്തയാണ് മുഖ്യം.
2013ല്‍ തന്നെ നായര്‍-ഈഴവ സഖ്യം ചാപിള്ളയായ സ്ഥിതിക്ക് കുറച്ചു കൂടി വിശാലമായ ഒരു ഏര്‍പ്പാടിനു വേണ്ടി ചിന്തിച്ചപ്പോള്‍ നമ്പൂരി മുതല്‍ നായാടി വരെയുള്ളവരെ സെക്യൂലറിസത്തിന്റെ മഞ്ഞച്ചരടില്‍ കോര്‍ക്കാനുള്ള ഉപായം കിട്ടി. 

അതായിരുന്നു 2015 നവംബര്‍ 23ന് കാസര്‍കോട്ടു നിന്നും ആരംഭിച്ച വെള്ളാപ്പള്ളിയുടെ 'സമത്വ മുന്നേറ്റയാത്ര'. നവകേരളം നിര്‍മിക്കുകയായിരുന്നു ലക്ഷ്യം. പക്ഷേ, യാത്ര ഡിസംബര്‍ അഞ്ചാം തീയതി തിരുവനന്തപുരത്തെ ശംഖുമുഖം കടപ്പുറത്ത് ഒടുങ്ങിയപ്പോള്‍ നിര്‍മിക്കപ്പെട്ടത് നവകേരളമായിരുന്നില്ല, ഒരു നവ രാഷ്ട്രീയപ്പാര്‍ട്ടിയായിരുന്നു...'ഭാരത് ധര്‍മ ജന സേന'. (ബി.ജെ.ഡി.എസ്)-വെള്ളാപ്പള്ളിയുടെയും സല്‍പുത്രന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെയും സ്വന്തം പോക്കറ്റിലെ വിലപേശല്‍ പാര്‍ട്ടി.

നമ്പൂരി മുതല്‍ നായാടി വരെ ഇതിനകത്തുണ്ടെന്നു വരുത്താന്‍ ഒരു ക്രൈസ്തവ പുരോഹിതനെയും ഒരു നമ്പൂരി സ്വാമിയെയും മറ്റും വേദിയില്‍ പ്രതീകാത്മകമായി പിടിച്ച് ഇരുത്തിയിട്ടുണ്ടായിരുന്നു. ശംഖുമുഖം മഞ്ഞക്കടലായോ എന്നറിയില്ല, പക്ഷേ, തൊട്ടപ്പുറത്തെ അറബിക്കടല്‍ നീലയായിത്തന്നെ തിരകളുയര്‍ത്തി. പാര്‍ട്ടി പ്രഖ്യാപന ചടങ്ങില്‍ വെള്ളാപ്പള്ളി കേരളത്തിന്റെ സമഗ്ര പുരോഗതിയെക്കുറിച്ച് കണിച്ചുകുളങ്ങര സ്ലാങ്ങില്‍ വാചാലനാവുകയും വെള്ളയും ബ്രൗണും നിറമുള്ള കൊടി ഉയര്‍ത്തുകയും ചെയ്തു. പാര്‍ട്ടിയുടെ ചിഹ്നം കൂപ്പുകൈയാണെന്ന് പറഞ്ഞ് അദ്ദേഹം കൈ കൂപ്പി. തുഷാര്‍ വെള്ളാപ്പള്ളിയും പിതാവിനെ കടത്തിവെട്ടി കടപ്പുറത്ത് ചിന്നം വിളിച്ചു.

ഇടയ്‌ക്കൊരു കാര്യം പറയട്ടെ. ഈ കൂപ്പുകൈയെ കൈപ്പത്തി ചിഹ്നക്കാരായ കോണ്‍ഗ്രസുകാര്‍ വേരോടെ വെട്ടി. തങ്ങളുടെ ചിഹ്നവുമായി സാമ്യമുണ്ടെന്നു കാട്ടി കോണ്‍ഗ്രസുകാര്‍ ഇലക്ഷന്‍ കമ്മീഷന് നല്‍കിയ പരാതി അംഗീകരിക്കപ്പെട്ടു. അങ്ങനെ പിറന്ന് പിച്ച വയ്ക്കും മുമ്പേ ചിഹ്നം, അല്ലെങ്കില്‍ അടയാളം ഒരുപ്പോക്കുപോയ പാര്‍ട്ടിയായി ബി.ജെ.ഡി.എസ്.

ഇനിയാണ് അവസരവാദത്തിന്റെ വീരഗാഥ വരുന്നത്. നമ്പൂതിരി മുതല്‍ നായാടി വരെ ജാതി, മതം, സ്ത്രീ-പുരുഷഭേദം എന്നിവ മുഖവിലയ്‌ക്കെടുക്കാതെ ഏവര്‍ക്കും തുല്യമായ അവസരമുണ്ടാക്കുന്നയാള്‍, അതായത് അവസര സമത്വവാദി എന്നങ്ങോട്ട് ഉറപ്പിച്ച് പറയാനും വയ്യാ.

വേണ്ട, വെള്ളാപ്പള്ളി തന്നെ തന്റെ പാര്‍ട്ടിയെക്കുറിച്ച് പറഞ്ഞത് കേള്‍ക്കാമല്ലോ. ''അവസരവാദ രാഷ്ട്രീയമാണ് എന്റെ പാര്‍ട്ടിയായ ബി.ജെ.ഡി.എസ് പിന്തുടരുന്നത്. ആദര്‍ശ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചതുകൊണ്ട് ഈ കാലഘട്ടത്തില്‍ ഒന്നും നേടാനാവില്ല. ബി.ജെ.പി അടക്കം ഒരു പാര്‍ട്ടിയോടും പ്രശ്‌നങ്ങളില്ല. ഇടത്-വലത് മുന്നണികള്‍ ഇങ്ങോട്ട് വന്ന് സംസാരിച്ചു...'' ഇങ്ങനെ പറഞ്ഞതുകൊണ്ട് മാത്രം അവസരവാദം എന്തെന്ന് നമുക്ക് പെട്ടെന്ന് ക്ലിക്കാവാവാനിടയില്ല. 

ഒന്നു രണ്ടു മാസം പിന്നോട്ടു പോകാം. 2015 ഡിസംബര്‍ മാസം 15-ാം തീയതി കൊല്ലത്ത് ആര്‍. ശങ്കര്‍ പ്രതിമ അനാഛാദനവുമായി ബന്ധപ്പെട്ടുണ്ടായ ഇടിനാശവും വെള്ളപ്പൊക്കവും നാട്ടുകാര്‍ മറന്നിട്ടുണ്ടാവില്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് കോണ്‍ഗ്രസുകാരനും എസ്.എന്‍.ഡി.പി യോഗത്തിന്റെ ആദ്യകാല, ആത്മാര്‍ത്ഥ പ്രവര്‍ത്തകനുമായിരുന്ന മുന്‍ മുഖ്യമന്ത്രി ആര്‍. ശങ്കറിന്റെ പ്രതിമ അനാഛാദനം ചെയ്തത്.

അന്ന് ബി.ജെ.ഡി.എസും ബി.ജെ.പിയും ചക്കരയും ഈച്ചയുമായിരുന്നു. നവ ബാന്ധവത്തിന്റെ മധുവിധുകാലം. ചാനലുകളിലെ അന്തി ചര്‍ച്ചകളില്‍ ബി.ജെ.പിയെ ആരെങ്കിലും നുള്ളിയാല്‍ വേദനിക്കുന്നത് ബി.ജെ.ഡി.എസിനായിരുന്നു. തിരിച്ചും അങ്ങിനെ തന്നെ. പ്രതിമാ അനാഛാദന ചടങ്ങിലേയ്ക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഔദ്യോഗികമായി തന്നെ ക്ഷണിച്ചു. അദ്ദേഹം സന്തോഷത്തോടെ ക്ഷണം സ്വീകരിക്കുകയും ചെയ്തു. ഗ്രാനൈറ്റ് ശിലാഫലകത്തില്‍ മുഖ്യമന്ത്രിയുടെ പേരും അധ്യക്ഷസ്ഥാനത്ത് വൃത്തിയായി കൊത്തിവച്ചു. നമ്മുടെ നാട്ടില്‍ 'തലേദിവസം പറയണം' എന്നൊരു ചൊല്ലുണ്ട്. ഇതിന്റെ അര്‍ത്ഥം ഇവിടെ വിവരിക്കേണ്ടതില്ലല്ലോ.

ശിലാഫലകം തയ്യാറായി. നോട്ടീസുമടിച്ചു. കൊല്ലം എസ്.എന്‍ കോളേജിലെ ഓഡിറ്റോറിയവും റെഡി. അപ്പോഴാണ്, സമ്മേളനത്തിന്റെ തലേദിവസമാണെന്നു തോന്നുന്നു. വെള്ളാപ്പള്ളി മുഖ്യമന്ത്രിയെ വിളിച്ച് പരിപാടിയില്‍ പങ്കെടുക്കേണ്ട എന്ന് പ്രതിക്ഷബഹുമാനമില്ലാതെ പറഞ്ഞത്. പട്ടിണികിടന്നുറങ്ങിയവനെ പാതിരായ്ക്ക് വിളിച്ചെഴുന്നേല്‍പ്പിച്ചിട്ട് പഴങ്കഞ്ഞിയില്ല എന്ന് പറയുന്ന ശിലായുഗ തറ പരിപാടിയായിപ്പോയി ഇത്. ഇതൊരു സ്വകാര്യ പരിപാടിയായതു കൊണ്ടാണ് മുഖ്യമന്ത്രിയെ ഒഴിവാക്കിയതെന്ന വെള്ളാപ്പള്ളിക്കാരുടെ ന്യായവാദത്തോട് ബി.ജെ.പിക്കാരും സൂപ്പര്‍ ഗ്ലൂ തേച്ച് ഒട്ടിനിന്നു. എന്നാപ്പിന്നെ ക്ഷണിക്കാതിരുന്നാപ്പോരായിരുന്നോ...? 

 അങ്ങനെ ക്ഷണം ക്ഷണനം(വധം) ആയിമാറി. മോഡി-വെള്ളാപ്പള്ളി സ്വകാര്യ ചടങ്ങില്‍ നിന്ന് ശങ്കറിന്റെ കുടുംബം വിട്ടുനിന്നത് വേദനയോടെയാണ്. കോണ്‍ഗ്രസുകാരനും യോഗം പ്രവര്‍ത്തകനുമായിരുന്ന സ്വന്തം പിതാവിനെ ആര്‍.എസ്.എസുകാരനാക്കി കാവി പുതപ്പിക്കാനുള്ള രാഷ്ട്രീയ ഉഡായിപ്പ് വേലത്തരങ്ങള്‍ നേരിട്ട് കേള്‍ക്കുമ്പോള്‍ ആര്‍ക്കും സഹിക്കാനാവില്ലല്ലോ. ഈ രീതിയിലാണ് മകന്‍ മോഹന്‍ ശങ്കര്‍ പ്രതികരിച്ചത്. പ്രതിമയ്ക്ക് പ്രതികരിക്കാനാവില്ലല്ലോ...

ഈ സംഭവത്തിനു ശേഷം രണ്ടു മാസവും ഏതാനും ദിവസങ്ങളും കഴിഞ്ഞപ്പോള്‍ വെള്ളാപ്പള്ളി തന്റെ അവസരവാദത്തിന് മൂര്‍ഛ കൂട്ടിക്കൊണ്ട് പറഞ്ഞിരിക്കുന്നു, ഉമ്മന്‍ ചാണ്ടി കേരളം കണ്ട ഏറ്റവും വലിയ ജനകീയ നേതാവാണെന്നും ബി.ജെ.പിയുമായി സഖ്യത്തിന് ശ്രമിച്ചിട്ടില്ലെന്നും. ഫെബ്രുവരി 21-ാം തീയതി ഞായറാഴ്ച കോട്ടയം നാഗമ്പടം മഹാദേവ ക്ഷേത്രത്തില്‍ ശിവഗിരി തീര്‍ത്ഥാടനാനുമതി സ്മാരക പവലിയന്റെ ശിലാന്യാസ ചടങ്ങിലെ വെള്ളാപ്പള്ളിയുടെ വാക്കുകള്‍ കേട്ട് ശ്രീകോവിലില്‍ നിന്ന് മഹാദേവന്‍ ഇറങ്ങിയോടിയിട്ടുണ്ടാവണം. 2015 ഡിസംബര്‍ 15നും 2016 ഫെബ്രുവരി 16നുമിടയില്‍ വിലക്കപ്പെട്ടവന്‍ വേഗം പ്രിയപ്പെട്ടവനായി. 
ലോകചരിത്രത്തില്‍ ഇതിലും വലിയ അവസരവാദ ഉദാഹരണങ്ങള്‍ ഉണ്ടാവില്ല.

വെള്ളാപ്പള്ളിയുടെ ശകലം സുഖിപ്പിക്കലു കൂടി അറിയാം...'' ഇപ്പോഴത്തെ സഭയില്‍ ചെരുപ്പുകുത്തി മുതല്‍ രാജാവെമ്പാലയും അണലിയും വരെയുണ്ട്. ഇവരെയൊക്കെ മുന്നോട്ടു കൊണ്ടു പോവുകയെന്നു വച്ചാല്‍ ദൈവ കാരുണ്യം വേണം. ഇതിനി മുന്നോട്ടു പോകില്ലെന്ന് വിചാരിച്ചതാണ്. പക്ഷേ ഉമ്മന്‍ ചാണ്ടിക്ക് അത് സാധിക്കുന്നു...'' ഈ മണിയടി കേരളം മുഴുവന്‍ മാറ്റൊലി കൊണ്ടു. 

കാണ്ടാമൃഗങ്ങളുടെ കാര്യം മാത്രമല്ല, സ്വന്തം പാര്‍ട്ടിയുടെ കാര്യവും ഇപ്പോള്‍ പോക്കാണെന്ന് തോന്നുന്നു. ഏതു മുന്നണിയുമായും കൂട്ടുകൂടാമെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവനയില്‍ സംഘടനയിലെ മാന്യന്‍മാരുടെ കോക്കസ് കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരിക്കുകയാണ്. പിതാവിനെ വെട്ടി മകനും രംഗത്തു വന്നതിലൂടെ ബി.ജെ.ഡി.എസിലെ തൊഴുത്തില്‍ കുത്തും ചക്കളത്തിപ്പോരാട്ടവും വെളിവാക്കപ്പെടുന്നു. പാര്‍ട്ടി ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും തിരഞ്ഞെടുപ്പില്‍ ഏതാനും സീറ്റുകളില്‍ മത്സരിക്കുമെന്നുമുള്ള തുഷാറിന്റെ ഉഷാറുള്ള കമന്റ് വെള്ളാപ്പള്ളിയുടേതുമായി ഇന്ത്യ-പാക്കിസ്ഥാന്‍ പോലെ വ്യത്യാസമുണ്ട്. എന്‍.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ വെള്ളാപ്പള്ളി നടേശനെ പല രാഷ്ട്രീയ നേതാക്കളും കണ്ടിരിക്കാം. അതിന് ബി.ജെ.ഡി.എസുമായി ബന്ധമില്ലെന്നാണ് തുഷാറിന്റെ വിശദീകരണം. അതായത് ബി.ജെ.ഡി.എസും എസ്.എന്‍.ഡി.പി യോഗവുമായി തുഷാര്‍-വെള്ളാപ്പള്ളി ദൂരമുണ്ട് എന്ന് നാട്ടുകാര്‍ ഓര്‍ത്താല്‍ അതിന് കരം കൊടുക്കേണ്ടതില്ല.
***
വര്‍ക്കല ശിവഗിരി മഠാധിപതിയും സാത്വിക സന്ന്യാസിയുമായിരുന്ന ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച ദുരൂഹതകള്‍ ഇന്നും സജീവമായി നിലനില്‍ക്കുന്നു. ശാശ്വതീകാനന്ദയെ അപായപ്പെടുത്തിയെന്ന കേസില്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്നവരാണ് വെള്ളാപ്പള്ളിയും തുഷാറും. കേസില്‍ നിന്ന് ഉളിയൂരാനും തുഷാറിന് കേന്ദ്രത്തില്‍ ഒരു മന്ത്രക്കുപ്പായം തരപ്പെടുത്താനുമായാണ് എസ്.എന്‍.ഡി.പി-ബി.ജെ.പി സഖ്യമുണ്ടാക്കിയത് എന്ന ആക്ഷേപവും പുഴുക്കുത്തു വീഴാതെ നിലനില്‍ക്കുന്നു.
***
അവസരവാദ പള്ളിക്കൂടം (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
Aniyankunju 2016-02-26 13:45:36
chirichu chirichu monthayude shape maarrippoye...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക