Image

സത്യത്തിന്റെ വഴി(കഥ) അക്ബര്‍ കക്കട്ടില്‍

അക്ബര്‍ കക്കട്ടില്‍ Published on 25 February, 2016
സത്യത്തിന്റെ വഴി(കഥ) അക്ബര്‍ കക്കട്ടില്‍
കുഞ്ഞാലിക്ക് ആകപ്പാടെ അസ്വസ്ഥത തോന്നി. എന്തു പണിയാണ് അനിയന്‍ മൊയ്തു ഈ കാണിച്ചിരിക്കുന്നത്? ബഹറിനിലെങ്ങാന്‍ കിടക്കുന്ന അവന്‍ ഇങ്ങനെ ഒരു സംഗതി ചെയ്യേണ്ടിയിരുന്നോ? 

നോമ്പുതുറന്ന് വിശ്രമിക്കുകയായിരുന്നു കുഞ്ഞാലി. അധികം വിഭവങ്ങളൊന്നുമുണ്ടാക്കേണ്ടെന്ന് അയാള്‍ ഭാര്യ മറിയത്തെ പ്രത്യേകം ചട്ടം കെട്ടിയിരുന്നു. നോമ്പുതുറക്കുന്നതു മുതല്‍ സുബ്ഹിവരെ ഭക്ഷണങ്ങളുടെ ഒരാറാട്ടാണ് പതിവ്. പകല്‍ നിരാഹാരമെടുക്കുന്നതിന്റെ ഗുണം തന്നെ അതുകൊണ്ട് കുറഞ്ഞുപോവും. രാത്രി മൂക്കറ്റം തിന്നിട്ട് പകല്‍ ആഹാരം ഉപേക്ഷിക്കുന്നതില്‍ എന്താണര്‍ത്ഥം.

'കൊളസ്ട്രാള്‍ ബെര്‍ത്ത്വോനല്ല നോമ്പ്. മ്മളെ മതപരമായി മാത്രേല്ല, ബേറെയും അതിന് പ്രാദാന്യേണ്ട്. മനസ്സിനും ശരീരത്തിനും അതൊരു അച്ചടക്കത്തിന്റെ കാലാ...'

മറിയത്തിന് ഇപ്പറഞ്ഞതിനോടൊന്നും യോജിപ്പുണ്ടായിരുന്നില്ലെങ്കിലും ഭര്‍ത്താവിനെ കണിശമായി അനുസരിക്കുന്ന അവള്‍ അടുക്കളയില്‍ ഒരു മത്സരത്തിനൊന്നും നിന്നില്ല. അവളുടെ സങ്കല്പത്തില്‍ നോമ്പു തുറക്കുന്നേരം ഒരുപാട് വിഭവങ്ങളുണ്ടായിരുന്നു. കോഴിയട, നൈസ് പത്തിരി, മസാലപ്പത്തിരി, കുഞ്ഞിപ്പത്തിരി...-അങ്ങനെ നീളും അവളുടെ മെനു.

കാരക്കയും വെള്ളവും കൊണ്ട് നോമ്പ് തുറന്ന് കുറച്ച് മുന്തിരി മാത്രമാണ് കുഞ്ഞാലിയും മറിയവും കഴിച്ചത്. പിന്നെ കുറച്ച് ജീരകക്കഞ്ഞിയും. കായപ്പുഴുക്കോ മത്സ്യമോ മാംസമോ ഒന്നും ഉണ്ടായിരുന്നില്ല.

'നോമ്പ് തൊറക്ക്വോന്‍ ആരെങ്കിലും കേറിവന്നാല് എന്ത് ബിജാരിക്കും? ങ്ങളെ ശാസ്‌ത്രേല്ലം ഓലിക്ക് തിരിയോ? മ്മളെ പൊരേല് ഒന്നും ണ്ടാക്കൂലാന്നല്ലേ ഓല് കര്ത്വാ..' മറിയം സ്വന്തം ആശങ്ക മറച്ചു വെച്ചില്ല.

'ഇനി മുതല്‍ നോമ്പാന്നും പറഞ്ഞ് മ്മളേ തായാലും ബ്ട ഒരു തീറ്റ മത്സരം നടത്ത്ന്നില്ല. മ്മള് കയിക്ക്ന്ന്ത് കയിക്ക്വോന്‍ തയ്യാറ്‌ള്ളോര് മാത്രം നോമ്പ് തൊറക്ക്വോന്‍ ബന്നാമതി.'-കുഞ്ഞാലി ഉറപ്പിച്ചു തന്നെ പറഞ്ഞു.

നോമ്പു കാലത്ത് അമിതാഹാരം കഴിച്ചാലുണ്ടാകുന്ന അസ്വസ്ഥ്യമൊന്നുമില്ലാതെ ഒരു തരം ശാന്തത അനുഭവിക്കുകയാണ് കുഞ്ഞാലി ഇപ്പോള്‍. അയാള്‍ കട്ടി മീശയിലും പാതി കഷണ്ടിയിലും തടിച്ച മുഖത്തും ഇടക്കിടെ തടവുന്നുണ്ട്. ഫോറിന്‍ ലുങ്കിയും സാന്റോ ബനിയനുമിട്ട അയാളുടെ കയ്യില്‍ സ്വര്‍ണ്ണച്ചെയിനുള്ള വാച്ച് അങ്ങനെ തിളങ്ങുകയാണ്.

മഗ്‌രിബ് നിസ്‌ക്കരിച്ച് അധികം നേരമായിട്ടുണ്ടാവില്ല. അപ്പോഴാണ് ഷഹീറിന്റെ വരവ്. അടുത്ത വീട്ടിലെ ബിസിനസ്സുകാരനായ മൊയ്തീന്‍ ഹാജിയുടെ മകനാണ്. കുറച്ചുകാലം ബഹറിനിലുണ്ടായിരുന്നു. ഫാര്‍മസിസ്റ്റായ അവനിപ്പോള്‍ നാട്ടില്‍ സ്വന്തമായി ഒരു ഫാര്‍മസി നടത്തുകയാണ്. ടീഷര്‍ട്ടും പാന്റ്‌സും ധരിച്ചെത്തിയ സുന്ദരനായ ഷഹീറിനെ കണ്ടാല്‍ യുവ സിനിമാനടനെപ്പോലെ തോന്നും.

'ങാ, ഷഹീറോ! ഞ്ഞി നോമ്പ് തുറന്നുതാ ഷഹീരേ...'

കുഞ്ഞാലി ചോദിച്ചു. അയാള്‍ അവനിരിക്കാന്‍ ഒരു കസേര നീക്കിയിട്ടു കൊടുത്തു. ഷഹീര്‍ ഇരുന്നില്ല.

'എനിക്ക് ഇവിടുത്തെ മൊയ്തീന്റെ ഫോണ്‍ നമ്പര്‍ ഒന്നു വേണമായിരുന്നു.'- ഷഹീര്‍ പറഞ്ഞു. ഒരു പ്രസാദമില്ല ഷഹീറിന്റെ മുഖത്ത്. എന്തോ അലട്ടുന്നതുപോലെ...

'മറിയേ...ഞ്ഞാ മൊബൈലിങ്ങെടുക്ക്.' കുഞ്ഞാലി അകത്തുനോക്കി വിളിച്ചു പറഞ്ഞു.

മറിയം മൊബൈലുമായി വന്നു. നമ്പര്‍ തപ്പുന്നതിനിടയില്‍ കുഞ്ഞാലി ചോദിച്ചു: 'എന്താ ഷഹീറേ ഇപ്പം മൊയ്തീനെ ബിളിക്കേണ്ട ആവശ്യാ ?'' ഇനിക്കെന്താ ഒരു സുഖേല്ലാത്തപോലെ...'

പെട്ടെന്നായിരുന്നു ഷഹീറിന്റെ പ്രതികരണം: 'ങ്ങളറിയോ? ആ മൊയ്തീന്‍ എന്നോട് എന്തിനാ ഇങ്ങനെ ചെയ്തത്?'

കുഞ്ഞാലി വല്ലാതായി. അയാള്‍ ഒന്നും മനസ്സിലാവാതെ ഷഹീറിനെ നോക്കി.

'റസാക്ക് ഹാജിയുടെ മോള്‍ സാബിറയുമായി എന്റെ കല്യാണം ഉറപ്പിച്ചത് ങ്ങക്കറിഞ്ഞൂടെ? അതവന്‍ മുടക്കി.'

കുഞ്ഞാലിയും വാതില്‍പ്പടിയോട് ചേര്‍ന്നു നില്‍ക്കുകയായിരുന്ന മറിയവും ശരിക്കു ഞെട്ടി. ഷഹീറും സാബിറയും ഇഷ്ടത്തിലായിരുന്നുവെന്നും അതറിഞ്ഞ റസാക്ക് ഹാജി ആദ്യം കുറച്ച് പ്രശ്‌നമൊക്കെ ഉണ്ടാക്കിയെങ്കിലും പിന്നീട് കല്യാണം നടത്തിക്കൊടുക്കാന്‍ തീരുമാനിച്ചുവെന്നും നാട്ടില്‍ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇരുവരും കമ്പ്യൂട്ടര്‍ പഠിക്കാന്‍ പോയ സമയത്താണ് അടുപ്പത്തിലായത്.

മൊയ്തീനും റസാക്ക് ഹാജിയും ബഹറിനില്‍ അടുത്തടുത്താണ് ജോലി ചെയ്യുന്നതും താമസിക്കുന്നതും. അവര്‍ തമ്മില്‍ വലിയ സ്‌നേഹവുമാണ്. പക്ഷേ, ഷഹീറിന്റെ കല്യാണമെന്തിന് മൊയ്തു മുടക്കണം? പോരാത്തതിന് മൊയ്തുവിന്റെ അടുത്ത ലോഹ്യക്കാരനുമല്ലേ ഷഹീര്‍?

'മൊയ്തു അങ്ങനെ ചെയ്യൂന്ന് എനിക്ക് തോന്ന്ന്നില്ല. ഇന്നെ ആരോ തെറ്റിധരിപ്പിച്ചതായിരിക്കും.' -കുഞ്ഞാലി അഭിപ്രായപ്പെട്ടു.

'ങ്ങളെന്താ ഇപ്പറേന്നത്? റസാക്ക് ഹാജി തന്നെയല്ലേ എന്നെ വിളിച്ച് വിവരം പറഞ്ഞത്? ഞാന്‍ മദ്യപിക്കൂന്നും എനിക്ക് ഒരു ഫിലിപ്പൈനി പെണ്ണുമായി പ്രേമം ണ്ടായിര്ന്നൂന്നുമൊക്കെ തന്ന്യാ പറഞ്ഞൂന്ന് റസാക്ക് ഹാജി തന്ന്യാ എന്നോട് പറഞ്ഞത്. അവനെ ഒന്ന് വിളിച്ച് ചോദിച്ചിട്ട് തന്നെ ഇനി മറ്റു കാര്യങ്ങള്...'

ഷഹീറിന് ദേഷ്യംകൊണ്ട് വിറക്കുകയാണ്. സങ്കടം കൊണ്ട് വാക്കുകള്‍ ഇടറുന്നുമുണ്ട്.

കുഞ്ഞാലി വല്ലാത്തൊരവസ്ഥയിലായിരുന്നു. റസാക്ക് ഹാജി തന്നെയാമ് ഷഹീറിനോട് വിവരം പറഞ്ഞതെങ്കില്‍ സംഗതി ഗൗരവമുള്ളതാണ്. അയാള്‍ക്ക് മൊയ്തുവിനോട് വല്ലത്ത വെറുപ്പുതോന്നി. ഇവനെന്ത് തോന്ന്യാസമാണീ കാണിച്ചത്? ഇവനെന്താണ് പറ്റിയത്?

'കാര്യം അങ്ങന്യാങ്കില് ഞ്ഞ്യല്ല. ഞാന്‍ തന്നെ ഓനെ ബിളിക്കും. രണ്ടിലൊന്നറിഞ്ഞിട്ട് തന്നെ കാര്യം.'
കുഞ്ഞാലി മൊബൈലില്‍ മൊയ്തുവിന്റെ നമ്പര്‍ കറക്കി. അയാള്‍ അത് 'ഓപ്പണ്‍' ആക്കിവച്ചിരിക്കയാണ്.

റിങ്ങ് പോകുന്ന ശബ്ദം ഷഹീറും മറിയവും  കേള്‍ക്കുന്നുണ്ട്.

'ഹലോ ഇക്കാക്കാ...-എന്താ വര്‍ത്താനം? നോമ്പെല്ലാം തൊറന്നില്ലേ? ഞാന്‍ തെറാബിഹ് കയിഞ്ഞ് അങ്ങോട് വിളിക്ക്വോന്‍ വിജാരിച്ചതാ...' -മൊയ്തുവിന്റെ ശബ്ദം മുഴങ്ങി.

'ഞ്ഞി ബിളിക്ക്വൊന്നും മാണ്ട. ബിളിച്ചതെല്ലാം മതി...' കുഞ്ഞാലി മുഖവുരയൊന്നുമില്ലാതെ കാര്യങ്ങളെല്ലാം തുരുതുരാ തുറന്നടിക്കുകയായിരുന്നു. പിന്നെ കുറെ പുളിച്ച തെറിയും കാച്ചി.
കുറച്ചു നേരത്തേക്ക് മൊയ്തുവിന്റെ ഭാഗത്തുനിന്ന് അനക്കമൊന്നുമുണ്ടായില്ല. അഥവാ, അതിനൊരവസരം കിട്ടിയില്ല.

കുഞ്ഞാലി നിന്ന് വിറയ്ക്കുകയായിരുന്നു.

'ഞാന്‍ റസാക്ക് ഹാജ്യോട് പറഞ്ഞതെല്ലാം സത്യല്ലേ? സത്യം പറേന്നതെങ്ങന്യാ തെറ്റാവ്ാ...'-മൊയ്തു ചോദിച്ചത് പെട്ടെന്നാണ്.

'സത്യോ?എന്ത് സത്യം?'

'എന്താ ഓന്‍ കള്ള് കുടിക്കൂലെ? ഞാന്‍ തന്നെ എത്ര പ്രാവശ്യം ബോതോം കതേല്ലാണ്ട് ഓനെ എട്ത്ത് കെടത്തീക്ക് ഇബട്ന്ന്. പിന്നെ, ഫിലപിപ്പൈനി പെണ്ണിനേം പറ്റിച്ചല്ലേ ഓനിബ്ട്ന്ന് അങ്ങോട്ട് പോന്നത്? ഇതൊന്നും ഇല്ലാത്തതാണെന്ന് ഓന്‍ പറയട്ടെ. ഓനിങ്ങളെ അട്ത്ത്ണ്ട്ന്നല്ലേ പറഞ്ഞത്? ഫോണ് ഓന് കൊട്ക്ക്.'

കുഞ്ഞാലിയുടെ നാവിറങ്ങിപ്പോയി. അയാളും മറിയവും ഷഹീറിനെ നോക്കി. ഷഹീര്‍ തലതാഴ്ത്തി നിന്ന് വിയര്‍ക്കുകയാണ്.

'ഇനി അത് അങ്ങനെത്തന്ന്യാണെങ്കില്‍ അതൊക്കെഞ്ഞി വിളിച്ച് പറയാ... ഒര് കല്യാണാ ഞ്ഞി കാരണം മൊടങ്ങ്യോ? മ്മളെ കുടുംബത്തിന് ചീത്തപ്പേര്ണ്ടാക്കീല്ലേ ഞ്ഞി?'- തെല്ലുനേരത്തെ മൗനത്തിനുശേഷം കുഞ്ഞാലി ചോദിച്ചു.

'ഇക്കാക്കാ...-ഒരാള് അയാള്‌ടെ മകളെ കെട്ടിച്ച് കൊടുക്ക്മ്പം അയാളും മോളും പുതാപ്പ്‌ളോനെക്കുറിച്ച് എല്ലാം അറിയണം. പിന്നീടറിഞ്ഞാല് അത് കൂടുതല് വെഷമാ...-റസാക്ക് ഹാജിന്റേം സാബിറേന്റേം കാര്യത്തില് എനക്ക് കൂട്തല് ഉത്തരവാദിത്തോണ്ട്. ഹാജിം ഞാനും ബ്ട അങ്ങനെ കഴിഞ്ഞതാ...-ഞാനൊരു നല്ല കാര്യാ ചെയ്തത്. ഇക്കാക്ക അത് മനസ്സിലാക്കണം' - മൊയ്തുവിന്റെ വിനീതമായ അഭ്യര്‍ത്ഥനയായിരുന്നു അത്.

'ഫ...-നായിന്റെ മോനേ...'- കുഞ്ഞാലി പൊട്ടിത്തെറിച്ചു. അയാള്‍ മൊബൈല്‍ ഓഫാക്കി. 

ആരുടെയും മുഖത്തുനോക്കാതെ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് ഷഹീര്‍ പോയി.

അന്നുരാത്രി കുഞ്ഞാലിയോട് മറിയം ചോദിച്ചു.:

'എല്ലാ സത്യോം ബിളിച്ച് പറയാവോ? മറ്റ് ള്ള്യോരിക്ക്  വെഷമണ്ടാക്ക്ന്ന സത്യങ്ങള് ഒളിച്ച് വെക്കണ്ടെ?' 

കുഞ്ഞാലി പറഞ്ഞു: 'ലോകം ണ്ടായത് മുതല്ള്ള ചോദ്യാ മറിയേ ഇത്.'


*******************************************


സത്യത്തിന്റെ വഴി(കഥ) അക്ബര്‍ കക്കട്ടില്‍
Join WhatsApp News
വിദ്യാധരൻ 2016-02-25 17:12:26
അതുകൊണ്ടാണ് അമേരിക്കയിലെ എഴ്ത്തുകാരെക്കുറിച്ച് ഞാൻ ഒള്ള സത്യം മുഴുവനായി എഴുതാത്തത്.  നല്ല കഥക്ക് മയ്യത്തായ കക്കട്ടിലിനു നമസ്കാരം 

വായനക്കാരൻ 2016-02-25 19:09:22
ദ്ദ് ഒര് മ്മിണി ബെല്യ ചോദ്യന്നെയാ
നാരദർ 2016-02-25 20:48:05
അമേരിക്കയിലെ ഒരു നല്ല ശതമാനം എഴുത്തുകാരും അവാർഡും പൊന്നാടയും കൂടാതെ സംഘടനകളുടെ പിൻബലത്തിലുമാണ് സാഹിത്യാകാരന്മാരായി വിലസുന്നെതെന്ന സത്യം അറിയാൻ വയ്യാത്തവരാരുണ്ട് വിദ്യാധരാ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക