Image

എന്താണ്, സ്വാതന്ത്ര്യം? പ്രണയം? (ശ്രീ­പാര്‍വ്വ­തി)

Published on 26 February, 2016
എന്താണ്, സ്വാതന്ത്ര്യം? പ്രണയം? (ശ്രീ­പാര്‍വ്വ­തി)
തെറ്റിദ്ധരിക്കപ്പെട്ടുപോയ രണ്ടു പാവം പദങ്ങളാണ്, ഇവ രണ്ടും എന്ന് പറയാതെ വയ്യ. പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന രണ്ട് വാക്കുകളായതു കൊണ്ടു മാത്രമല്ല ഇതെടുത്തിട്ടത് രണ്ടിനേക്കുറിച്ചും സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകളുടെ കൂമ്പൊടിയ്ക്കാനാണ്. ഒരു വ്യക്തി പ്രണയത്തിലാണ്, എന്ന് പറയുമ്പോള്‍ തൊട്ടടുത്തിരിക്കുന്നയാള്‍ ഒന്ന് ശ്രദ്ധിക്കും. ആരുമായാണ്, ഇയാള്‍ പ്രണയത്തില്‍ വേറെ വിവാഹം കഴിച്ചതാണോ, സംഭവം രഹസ്യമാണോ? എത്ര തവണ അവര്‍ കണ്ടു?  

സ്വാതന്ത്ര്യത്തിനു വേണ്ടി പ്രക്ഷോഭങ്ങള്‍ പലതും ഉണ്ടായിട്ടുണ്ട്, ഏറ്റവുമൊടുവില്‍ ചുംബനസമരങ്ങളും കേരളം കണ്ടു. അടച്ച് ഉറപ്പിച്ചു വച്ച വാതിലുകളെ ചവിട്ടി തുറക്കാനുള്ള ഒരു ശ്രമമായിരുന്നു അത്. എന്നാല്‍ വാതിലുകള്‍ തുറന്നില്ലെന്നു മാത്രമല്ല, പൂര്‍വ്വാധികം ശക്തിയോടെ മലയാളി അത് വലിച്ചടയ്ക്കുകയും മാറി നിന്ന് കളിയാക്കി ചിരിക്കുകയും ചെയ്തു. എന്നാല്‍ രഹസ്യമായി അവര്‍ മുഖപുസ്തകത്തില്‍ പ്രണയം കൈമാറി. കൂടെ ഉള്ള ആള്‍ അറിയാതെ സെക്സിനേ കുറിച്ചും കവിതകളേ കുറിച്ചും വരെ പ്രണയം തോന്നിയവരോട് സംസാരിച്ചു. അതേ അപ്പോള്‍ പ്രണയം രഹസ്യമാകണോ?

എനിക്കൊരു പ്രണയമുണ്ടെന്ന് ധൈര്യത്തോടെ തുറന്നു പറയാന്‍ എത്ര പേര്‍ക്കു കഴിയും? അത് ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവു തന്നെ അല്ലേ എന്ന ചോദ്യത്തിനപ്പുറം പോകുമ്പോള്‍ ഉള്ള അപകടം അവര്‍ തിരിച്ചറിയുന്നു, അതിനാല്‍ രഹസ്യമാണ്, നല്ലതെന്ന് തോന്നലില്‍ മേസ്സേജ് ബോക്സുകളില്‍ മാത്രം പ്രണയം പരക്കുന്നു. 

എന്താണ്, പ്രണയം? വളരെ ധീരമായ ഒരു നിലപാടാണ്, പ്രണയം. സ്വാതന്ത്ര്യത്തിലേയ്ക്കുള്ള ഒരു കുതിച്ചു ചാട്ടം. പരസ്പരം ഊര്‍ജമായി മാറി അത് അവനവന്‍റെ ജീവിതത്തിലേയ്ക്കും ഭാവിയിലേയ്ക്കും ജോലിയിലേയ്ക്കും കരുതി വയ്ക്കാവുന്ന ഒന്നായി മാറുമ്പോള്‍ പ്രണയം ധ്യാനമായി. നന്‍മയുമായി. പരസ്പരം വിശുദ്ധിയുടെ പൂക്കളായി പരിവര്‍ത്തനം ചെയ്യപ്പെടുമ്പോള്‍ അവിടെ ദൈവവും ഉണ്ടായി. അവിടെ സ്വന്തമാക്കലുകളില്ല, പിടിച്ചു വയ്ക്കലുകളുമില്ല, പറത്തിവിടല്‍ മാത്രമേയുള്ളൂ. പലരും പറഞ്ഞു കേള്‍ക്കാറുണ്ട്, എവിടെ പോയാലും ആരോട് മിണ്ടിയാലും പരിഭവിയ്ക്കുന്നവരെ കുറിച്ച്, കൂടുതലും സ്ത്രീകള്‍ തന്നെയാകാം അത്തരത്തില്‍ കൂടുതല്‍. ഇത്തിരി അസൂയയും, പിന്നെ നഷ്ടപ്പെടുമോ എന്ന ചിന്തയും... എന്നാല്‍ പ്രണയത്തില്‍ ഇതുണ്ടാകാനാകില്ല. കാരണം അത് പിടിച്ചു വയ്ക്കലല്ല. ചേര്‍ത്തു വയ്ക്കല്‍ മാത്രമാണ്. നഷ്ടപ്പെടല്‍ അവിടെ ഉണ്ടാകുന്നേയില്ല, പകരം കാത്തിരിപ്പ് മാത്രമാണുള്ളത്. ഇതിനാലാണ്, പ്രണയവും സ്വാതന്ത്ര്യവും തമ്മില്‍ ഉള്ള ഇരിപ്പുവശത്തെ കുറിച്ച് ആദ്യം ഒന്ന് സൂചിപ്പിച്ചത്.

ജീവിത പങ്കാളിയുടെ പ്രണയം സംശയത്തോടെയാകും കൂടെയുള്ളയാള്‍ നോക്കുക തീര്‍ച്ചയായും. കാരണം മനസ്സോ ശരീരമോ നഷ്ടപ്പെടുന്ന അവസ്ഥ സങ്കല്‍പ്പിക്കാന്‍ ആവാത്തതല്ലോ എന്ന ചിന്ത. എന്നാല്‍ അത് നഷ്ടപ്പെടലല്ല, മറിച്ച് നന്‍മയുള്ള പ്രണയമെങ്കില്‍ പരസ്പരം ആനന്ദം കണ്ടെത്താനാകുന്ന വഴികള്‍ എന്നു തന്നെ പറയേണ്ടി വരും. കാരണം അതും പ്രണയം തന്നെ. പരസ്പരം ഒട്ടിച്ചേര്‍ന്നിരുന്നു കൊണ്ട് പറത്തി വിടുക എന്നത് അത്ര എളുപ്പമുള്ള സംഗതിയല്ല. പ്രത്യേകിച്ച് നമ്മുടെ ചുരുങ്ങിയ മനസ്സുള്ള സമൂഹത്തില്‍ അതത്ര പ്രാക്ടിക്കലുമല്ല. ആണ്‍പെണ്‍ ബന്ധങ്ങളെന്നാല്‍ സമൂഹത്തിന്, അത് ശരീരം കൈമാറുന്ന ചടങ്ങ് മാത്രമായതിനാലാണല്ലോ അതിനെ ചൊല്ലി നിരന്തരം സംവാദങ്ങളുണ്ടാകുന്നത്. ആ  ചിന്താഗതികളോടെ വളര്‍ന്നു വരുന്നവര്‍ക്ക് പങ്കാളിയുടെ പ്രണയത്തേയോ അതിലൂടെ ലഭിക്കുന്ന ഊര്‍ജ വികിരണത്തേയോ തിരിച്ചറിയാനായില്ലെന്നു വരാം. അത് കുറ്റപ്പെടുത്തേണ്ടതല്ല. ഒരു പ്രതിഫലനം മാത്രമാണ്. എന്നാല്‍ അത്തരം ചിലര്‍ ഉണ്ടെന്നുള്ളതും ആനന്ദത്തിനു വക നല്‍കുന്നു.

സ്വാതന്ത്ര്യം എന്നത് ബന്ധങ്ങള്‍ക്കു മേല്‍ നില്‍ക്കുന്ന പാലങ്ങളാകാതെ അത് ഒരു പരസ്പരം തുറന്നു കിടക്കുന്ന വാതിലുകളാകണം എങ്കിലേ ആരോഗ്യകരമായ ഊര്‍ജസ്വലമായ ബന്ധങ്ങള്‍ ഉണ്ടാകുകയും നിലനില്‍ക്കുകയും ചെയ്യൂ..
എന്താണ്, സ്വാതന്ത്ര്യം? പ്രണയം? (ശ്രീ­പാര്‍വ്വ­തി)
Join WhatsApp News
വിദ്യാധരൻ 2016-02-26 08:28:14
             പദപരിച്ഛേദം

എവിടെ ആയിരുന്നു ഇത്രനാൾ എന്ന് ചോദിച്ചാൽ 
ദു'സ്വാതന്ത്ര്യം' എന്ന് ചൊല്ലി 
വെറുതെ ബഹളം വച്ചിടും
വാക്കിൻറെ  'പാരസ്പര്യബന്ധം' അപഗ്രഥിച്ച് 
'പ്രണയ'മെന്നു തെറ്റ് ധരിച്ചിടും 
വാക്കിലെ വ്യജ്ഞനാർത്ഥം കണ്ടെത്തി 
ദുർവ്യാഖ്യാ നിച്ചിടും ജനം 

 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക