Image

ഫോമ മിഡ് അറ്റ്‌ലാന്റിക് റീജിയണല്‍ കണ്‍വന്‍ഷന് കൊടി ഉയരുന്നു

Published on 03 March, 2016
ഫോമ മിഡ് അറ്റ്‌ലാന്റിക് റീജിയണല്‍ കണ്‍വന്‍ഷന് കൊടി ഉയരുന്നു
ഫിലാഡല്‍ഫിയ: ന്യൂജേഴ്‌സിയും പെന്‍സില്‍വേനിയയും, ഡെലവെയറും ഉള്‍പ്പെടുന്ന ഫോമയുടെ മിഡ് അറ്റ്‌ലാന്റിക് റീജിയണല്‍ കണ്‍വന്‍ഷന് ഏപ്രില്‍ 9 ന് ശനിയാഴ്ച വൈകുന്നേരം നാലു മണിക്ക് ഫിലഡല്‍ഫിയയിലെ അസന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് അരങ്ങേറുന്നതാണ്. 

മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ(മാപ്പ്), കേരളാ ആര്‍ട്‌സ് ആന്‍ഡ് ലിറ്റററി അസോസിയേഷന്‍ ഓഫ് അമേരിക്ക(കല), കേരളാ അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി(കാഞ്ജ്), കേരള സമാജം ഓഫ് ന്യൂജേഴ്‌സി(കെ.എസ്.എന്‍.ജെ), സൗത്ത് ജേഴ്‌സി അസോസിയേഷന്‍ ഓഫ് കേരളൈറ്റ്‌സ്(എസ്.ജെ.എ.കെ.), ഡെലവെയര്‍ മലയാളി അസോസിയേഷന്‍(ഡെല്‍മ) തുടങ്ങിയ പ്രബലമായ സംഘടനകളാണ് ഫോമയുടെ മിഡ് അറ്റ്‌ലാന്റിക് റീജിയണിലെ അംഗസംഘടനകള്‍. മലയാളത്തിന്റെ ഏക്കാലത്തേയും പ്രശസ്തനായ സാഹിത്യകാരന്‍ ഒ.എന്‍.വി. കുറുപ്പിന്റെ സ്മരണാര്‍ത്ഥം ഫോമാ റീജിയണല്‍ കണ്‍വന്‍ഷന്‍ വേദിക്ക് 'ഒ.എന്‍.വി. നഗര്‍' എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.

 ജൂലൈ 7 മുതല്‍ 10 വരെ ഫ്‌ളോറിഡയിലെ മയാമിയില്‍ നടക്കുന്ന ഫോമയുടെ അന്തര്‍ദേശീയ കണ്‍വന്‍ഷന്‍ മുമ്പായി നടക്കുന്ന റീജിയണല്‍ കണ്‍വന്‍ഷനില്‍ ഫോമയുടേയും, അംഗസംഘടനകളുടേയും സാരഥികളെ പങ്കെടുപ്പിച്ച് പബ്ലിക് മീറ്റിംഗും, മയാമി കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്ക്ഓഫും, വിവിധ കലാപരിപാടികളും ഡിന്നറും ഉണ്ടായിരിക്കും. ഇതിനോടകം തന്നെ ഫോമയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ റീജിണല്‍ കാന്‍സര്‍ സെന്ററില്‍ പണികഴിപ്പിക്കുന്ന ബ്ലോക്കിന്റെ ചെലവിലേക്കായുള്ള ധനശേഖരണം ഫോമയുടെ നേതാക്കള്‍ തുടങ്ങിക്കഴിഞ്ഞു. 

ഫോമ റീജിയണല്‍ വൈസ് പ്രസിഡന്റ് ജിബി തോമസ്, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ യോഹന്നാന്‍ ശങ്കരത്തില്‍, അംഗസംഘടനാ പ്രസിഡന്റുമാരായ ഏലിയാസ് പോള്‍(മാപ്പ്), സണ്ണി ഏബ്രഹാം(കല), അലക്‌സ് മാത്യു(കാഞ്ജ്), നിവേദ രാജന്‍ (ഡെല്‍മ), ജോര്‍ജ് ഏബ്രഹാം(എസ്.ജെ.എ.കെ.), മറ്റ് ഫോമാ നേതാക്കളായ പോള്‍ സി മത്തായി, അലക്‌സ് ജോണ്‍, ബിനു ജോസഫ്, രേഖാ ഫിലിപ്പ്, ജോര്‍ജ് എം. മാത്യു, രാജന്‍ വര്‍ഗീസ്, ജോര്‍ജ് മാത്യു, വര്‍ഗീസ് ഫിലിപ്പ്, സഖറിയാ കുര്യന്‍ തുടങ്ങിയ ഫോമയുടെ കണ്‍വന്‍ഷന് നേതൃത്വം കൊടുക്കുന്നത്. മാപ്പിന്റെ മുന്‍ പ്രസിഡന്റ് സാബു സ്‌കറിയയും, കലയുടെ മുന്‍ പ്രസിഡന്റ് തോമസ് ഏബ്രഹാമും ആണ് കള്‍ച്ചറല്‍ ആന്‍ഡ് എന്റര്‍ടൈനിമെന്റിന് നേതൃത്വം നല്‍കുന്നത്. മാപ്പിന്റെ മുന്‍ പ്രസിഡന്റ് അലക്‌സ് അലക്‌സാണ്ടര്‍(ഫണ്ട് റൈസിംഗ്), ഐപ്പ് മാരേട്ട്(മാപ്പ്), ചെറിയാന്‍ കോശി(മാപ്പ്) എന്നിവര്‍ ഫുഡ് കമ്മിറ്റിക്കും നേതൃത്വം നല്‍കും. 

ഫോമയുടേയും അംഗസംഘടനകളുടേയും നേതാക്കളായ ജോര്‍ജ് കോശി, ഹരികുമാര്‍ രാജന്‍, സെബാസ്റ്റിയന്‍ ചെറുമഠം, കോര ഏബ്രഹാം, മനോജ് വര്‍ഗീസ്, ഏലിയാസ് പോള്‍ തുടങ്ങി ഒട്ടേറെ പേര്‍ കണ്‍വന്‍ഷന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. ജിബി തോമസിന്റേയും യോഹന്നാന്‍ ശങ്കരത്തിലിന്റേയും നേതൃത്വത്തില്‍ നടക്കുന്ന ഫോമ റിജായണല്‍ കണ്‍വന്‍ഷന്‍ വേറിട്ട അനുഭവമായിരിക്കുമെന്ന് സംഘാടകര്‍ക്ക് ഉറപ്പുണ്ട്. ഫോമ മിയാമി കണ്‍വന്‍ഷന്റേയും, റീജണല്‍ കാന്‍സര്‍ സെന്ററിന്റെ നിര്‍മ്മാണത്തിന്റെ വിജയത്തിനായി പെന്‍സില്‍വേനിയ-ന്യൂജേഴ്‌സി-ഡെലവെയര്‍ സ്റ്റേറ്റുകളിലെ ഫോമാ പ്രവര്‍ത്തകര്‍ തോളോടു തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.

ഫോമ മിഡ് അറ്റ്‌ലാന്റിക് റീജിയണല്‍ കണ്‍വന്‍ഷന് കൊടി ഉയരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക