Image

കാത്തിരുപ്പിന്‌ വിരാമം: റോഷന്‍ ആന്‍ഡ്രൂസ്‌

Published on 26 January, 2012
കാത്തിരുപ്പിന്‌ വിരാമം: റോഷന്‍ ആന്‍ഡ്രൂസ്‌
ഒരു ചലച്ചിത്ര സംവിധായകനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ കാത്തിരുപ്പ്‌ നടത്തിക്കഴിഞ്ഞിരിക്കുന്ന റോഷന്‍ ആന്‍ഡ്രൂസ്‌. ഒരു സിനിമക്ക്‌ വേണ്ടി നാലു വര്‍ഷം. കുറഞ്ഞത്‌ നാലു സിനിമകളെങ്കിലും ചെയ്യാനുള്ള സമയം. ഈ സമയമത്രയും ഒരു സിനിമക്ക്‌ പിന്നാലെയുള്ള യാത്രയും അര്‍പ്പണബോധവും. അതാണ്‌ റോഷന്‍ ആന്‍ഡ്രൂസിനെ വ്യത്യസ്‌തനാക്കുന്നത്‌. എന്തായാലും റോഷന്റെ കാത്തിരുപ്പ്‌ അവസാനിക്കുകയാണ്‌. മലയാളം കണ്ട ഏറ്റവും വലിയ ബിഗ്‌ ബജറ്റ്‌ സിനിമയെന്ന വിശേഷണവുമായി കാസനോവ തീയേറ്ററിലെത്താന്‍ സജ്ജമായി കഴിഞ്ഞു.

കാസനോവ എന്ന ടൈറ്റില്‍ റോളില്‍ മോഹന്‍ലാല്‍ എത്തുമ്പോള്‍ കാസനോവക്കൊപ്പമുള്ള താരനിരയും ചെറുതല്ല. ശ്രേയാ ശരണ്‍, റോമ, ലക്ഷമി റായ്‌, സഞ്‌ജന തുടങ്ങിയ താരസുന്ദരികള്‍ പ്രണയവുമായി കാസനോവക്കൊപ്പമുണ്ടാകും.

എന്തായാലും കാസനോവ മലയാള സിനിമക്ക്‌ നല്‍കുന്ന പ്രതീക്ഷകള്‍ വലുതാണ്‌. ഏറ്റവും പ്രധാനം ഇത്രയും വലിയൊരു ക്യാന്‍വാസിലുള്ള ചിത്രം മലയാള സിനിമയില്‍ ആദ്യമെന്നതാണ്‌. താരതമ്യം ചെയ്‌തു നോക്കിയാല്‍ പഴശ്ശിരാജയേക്കാളും, ഉറുമിയേക്കാളും ഒരുപടി മുന്നില്‍ നില്‍ക്കും കാസനോവയെന്ന്‌ ചിത്രത്തിന്റെ അണിയറക്കാര്‍ പറയും. എന്തായാലും മലയാള സിനിമയില്‍ പുതിയ ചരിത്രമെഴുതാന്‍ കാസനോവ എത്തും മുമ്പ്‌ ചിത്രത്തിന്റെ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്‌ മനസു തുറക്കുന്നു.

എന്തുകൊണ്ട്‌ ഈ സിനിമക്ക്‌ വേണ്ടി ഇത്രയും വലിയൊരു കാലയളവ്‌?

അവിടെയാണ്‌ പ്രേക്ഷകരുടെ വലിയൊരു തെറ്റിദ്ധാരണ മാറേണ്ടത്‌. ഈ സിനിമയുടെ ആശയം ഞാനും തിരക്കഥാകൃത്ത്‌ സഞ്‌ജയും പങ്കുവെച്ചത്‌ നാല്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പാണ്‌. പിന്നീട്‌ കഥരചന, തിരക്കഥയുടെ ജോലികള്‍ അങ്ങനെ ഒരുപാടു നാള്‍. പിന്നെ നിര്‍മ്മാണത്തിലേക്ക്‌ കടന്നപ്പോള്‍ പലപ്പോഴായി ചിത്രം മുടങ്ങി. സത്യത്തില്‍ നൂറില്‍ താഴെ ദിവസങ്ങള്‍ മാത്രമാണ്‌ ചിത്രത്തിന്റെ ഷൂട്ടിംഗ്‌ നടന്നത്‌. ഈ സിനിമ നടത്തിയെടുക്കും എന്ന എന്റെ വാശിയാണ്‌ കാസനോവ എന്ന ചിത്രം സാധ്യമാക്കിയത്‌ എന്ന്‌ എനിക്ക്‌ ധൈര്യമായി എവിടെയും പറയാം. അത്രയും സമരം ചെയ്‌താണ്‌ ഞാന്‍ ഈ സിനിമ പൂര്‍ത്തിയാക്കിയത്‌.

ആരാണ്‌ കാസനോവ?

ഒറ്റവാക്കില്‍ ഒരു ഉത്തരം സാധ്യമല്ല. എല്ലാവര്‍ക്കുമറിയാവുന്ന കാസനോവ എന്ന ഇമേജില്‍ നിന്നും രൂപപ്പെടുത്തിയ കഥാപാത്രമാണ്‌ ഈ ചിത്രത്തിലെ ടൈറ്റില്‍ റോളിലെത്തുന്ന നായകന്‍. ഈ ചിത്രത്തിന്റെ ക്യാംപ്‌ഷന്‍ തന്നെ ``കം..ഫോള്‍ ഇന്‍ ലവ്‌'' എന്നാണ്‌. അത്തരൊത്തില്‍ പ്രണയത്തിന്റെ ഒരുപാട്‌ മുഖങ്ങള്‍ കാട്ടിത്തരുന്ന ഒന്നായിരിക്കും കാസനോവ.

ഇത്‌ ഒരു ലാല്‍ ആക്ഷന്‍ ചിത്രമെന്ന ധാരണയാണ്‌ പൊതുവേയുള്ളത്‌?

ഒരുപക്ഷെ ചിത്രത്തിന്റെ ടെയിലറുകളില്‍ നിന്നാവാം അത്തരമൊരു ധാരണ വന്നത്‌. കഥയ്‌ക്ക്‌ ആവശ്യമായ ആക്ഷന്‍ സ്വീക്കന്‍സുകളും, ത്രില്ലര്‍ സ്വഭാവങ്ങളും ഈ സിനിമക്കുണ്ട്‌ എന്നു മാത്രം. അതുകൊണ്ട്‌ കാസനോവ പൂര്‍ണ്ണമായും ഒരു ആക്ഷന്‍ ചിത്രമോ, ത്രില്ലര്‍ ചിത്രമോ അല്ല. ആത്യന്തികമായി ഇതൊരു പ്രണയ ചിത്രം തന്നെയാണ്‌. അത്‌ സിനിമ കാണുമ്പോള്‍ പ്രേക്ഷകന്‌ ബോധ്യപ്പെടും.

എങ്ങനെയാണ്‌ കാസനോവ രൂപപ്പെട്ടത്‌?

നോട്ട്‌ബുക്ക്‌ എന്ന സിനിമ ചെയ്യുന്ന കാലത്താണ്‌ കാസനോവയുടെ ആശയം രൂപ്പെട്ടത്‌. നോട്ട്‌ബുക്കിന്റെ തിരക്കഥ സഞ്‌ജയ്‌ ആയിരുന്നല്ലോ. അതിനും ഒരുപാട്‌ കാലം മുമ്പു മുതല്‍ തുടങ്ങിയ ബന്ധമാണ്‌ ഞങ്ങള്‍ക്കിടയില്‍. സംവിധായകന്‍ കമലിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചവരാണ്‌ ഞങ്ങള്‍ രണ്ടുപേരും. അന്നു മുതല്‍ ഞങ്ങളുടെ മനസിലെ സിനിമ സങ്കല്‌പങ്ങള്‍ പരസ്‌പരം അറിയാം.

നോട്ട്‌ബുക്ക്‌ ചെയ്യുന്ന സമയത്ത്‌ ഞാന്‍ സഞ്‌ജയോട്‌ ഒരു ഇമേജ്‌ പറയുന്നു. പ്രണയ തല്‍പരനായ ഒരു പുരുഷന്‍. അയാളുടെ വശങ്ങളില്‍ അയാളെ പ്രണയിക്കാന്‍ താത്‌പര്യമുള്ള സ്‌ത്രീകള്‍. ആവേശത്തോടെ അവര്‍ അയാളെ നോക്കുന്നു. ഈ ഇമേജില്‍ നിന്നാണ്‌ കാസനോവയുടെ തുടക്കം.

കാസനോവയായി മോഹന്‍ലാല്‍ എത്തുമ്പോള്‍?

കാസനോവ എന്ന ആശയം ഒരു സബ്‌ജക്‌ടായി രൂപപ്പെട്ടതിനു ശേഷം ആരാണ്‌ ഈ സിനിമ അഭിനയിക്കുന്നതെന്ന ചിന്തയുണ്ടായി. മോഹന്‍ലാല്‍ എന്ന നടനല്ലാതെ മറ്റൊരാള്‍ എന്റെ മനസിലുണ്ടായിരുന്നില്ല. സഞ്‌ജയ്‌ക്കും അതുപോലെ തന്നെ. മോഹന്‍ലാലിനോട്‌ ഈ കഥ പറയുകയും അദ്ദേഹം സിനിമ ചെയ്യാമെന്ന്‌ സമ്മതിക്കുകയും ചെയ്‌തതോടെ കാസനോവയെ എങ്ങനെ രൂപപ്പെടുത്തുമെന്നായിരുന്നു ആലോചന. വ്യക്തമായ ഒരു രൂപം മനസിലെത്തിയതിനു ശേഷമാണ്‌ ഷൂട്ടിംഗ്‌ ആരംഭിച്ചത്‌. ലാലേട്ടനോട്‌ ഷൂട്ടിംഗ്‌ ആരംഭിച്ച ശേഷം കൂടുതല്‍ ചര്‍ച്ചകള്‍ നടത്താമെന്നായിരുന്നു ധാരണ. പക്ഷെ ഷൂട്ടിംഗ്‌ തുടങ്ങിയ ദിവസം തന്നെ ലാലേട്ടന്‍ ഞങ്ങളെ ഞെട്ടിച്ചു കളഞ്ഞു. കാസനോവ എന്ന കഥാപാത്രം എങ്ങെയായിരിക്കണം എന്ന്‌ ഞങ്ങള്‍ മനസില്‍ കരുതിയോ അതുപോലെ തന്നെയാണ്‌ രൂപത്തിലും ഭാവത്തിലും വേഷത്തിലുമെല്ലാം ലാലേട്ടന്‍ എത്തിയത്‌. അതാണ്‌ ആ നടന്റെ കഴിവ്‌.

വലിയ ബഡ്‌ജറ്റിന്റെ പേരില്‍ കാസനോവ വിമര്‍ശനം നേരിടുന്നുണ്ടല്ലോ?

അങ്ങനെ അനാവശ്യമായ ഒരു ചിലവ്‌ കാസനോവക്ക്‌ ഉണ്ടായിട്ടില്ല. വിദേശ ലൊക്കേഷനുകളില്‍ ചിത്രീകരിക്കേണ്ട ചിത്രമായിരുന്നു ഇത്‌. അത്‌ അങ്ങനെ മാത്രമേ കാണിക്കാന്‍ കഴിയു. അതുകൊണ്ടാണ്‌ ദുബായ്‌, കേപ്‌ടൗണ്‍, വിയന്ന തുടങ്ങിയ സ്ഥലങ്ങളിലാണ്‌ കാസനോവ ചിത്രീകരിച്ചത്‌. എന്റെ നിര്‍മ്മാതിവിന്‌ ഈ കഥ ആവിശ്യപ്പെടുന്ന ലൊക്കേഷനുകള്‍ വേണമെന്നുള്ള കാര്യത്തില്‍ എന്നെപ്പോലെ തന്നെ ഉറപ്പുണ്ടായിരുന്നു. കാസനോവയുടെ മുടക്കുമുതല്‍ ആ സിനിമയില്‍ കാണാന്‍ കഴിയും.

ഓഡിയന്‍സില്‍ നിന്നും എങ്ങനെയാണ്‌ ഒരു പ്രതികരണം പ്രതീക്ഷിക്കുന്നത്‌?

പ്രണയിക്കാന്‍ ആഗ്രഹിക്കാത്തവരായി ആരാണ്‌ ഉള്ളത്‌. പ്രണയിക്കാത്തവരായി ആരാണുള്ളത്‌. അത്‌ തന്നെയാണ്‌ ഈ സിനിമയില്‍ എനിക്കുള്ള കോണ്‍ഫിഡന്‍സ്‌. എല്ലാവരുടെയും ഉള്ളില്‍ ഒരു കാസനോവയുണ്ട്‌. ആ കാസനോവയെ സ്‌ക്രീനില്‍ കാണാന്‍ ആരാണ്‌ ഇഷ്‌ടപ്പെടാത്തത്‌.
കാത്തിരുപ്പിന്‌ വിരാമം: റോഷന്‍ ആന്‍ഡ്രൂസ്‌കാത്തിരുപ്പിന്‌ വിരാമം: റോഷന്‍ ആന്‍ഡ്രൂസ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക