Image

വാക്കും പ്രവര്‍ത്തിയും ഒരുപോലെ:ബേബി ഊരാളില്‍

അനില്‍ പെണ്ണുക്കര Published on 26 January, 2012
വാക്കും പ്രവര്‍ത്തിയും ഒരുപോലെ:ബേബി ഊരാളില്‍
വാക്കും പ്രവര്‍ത്തിയും ഒരുപോലെ കൊണ്ടുപോകുന്ന സാംസ്‌കാരിക കൂട്ടായ്‌മ. ഫോമയുടെ അമരത്ത്‌ വര്‍ഷങ്ങളുടെ സംഘടനാ പാരമ്പര്യമുള്ള സൗമ്യനായ ബേബി ഊരാളില്‍...

ഫോമാ പ്രസിഡന്റ്‌. ഫോമായുടെ മനസ്സാണ്‌ ബേബി ഊരാളില്‍. ഫോമായുടെ മനസ്സിന്റെ കണ്ണാടി.

ഇടവേളകളില്ലാത്ത പ്രവര്‍ത്തനം.... ഫോമയുടെ ഇത്തവണത്തെ നാഷണല്‍ കണ്‍വന്‍ഷന്‌ മറ്റൊരു പ്രത്യേകതയുണ്ട്‌. ചരിത്രത്തിലാദ്യമായി ഒരു മലയാളി കണ്‍വന്‍ഷന്‍ ഒരു `ജലനൗക'യില്‍ നടത്തുന്നു എന്നത്‌. 2012 ആഗസ്റ്റ്‌ ഒന്നിന്‌ ന്യൂയോര്‍ക്കില്‍നിന്നും തിരിച്ച്‌ 5ന്‌ കാനഡയില്‍ സമാപിക്കുന്ന ഒരു യാത്രയില്‍ നടക്കുന്ന ഫോമായുടെ കണ്‍വന്‍ഷന്റെ ത്രില്ലിലാണ്‌ ബേബി ഊരാളിയും ഫോമാ നേതാക്കളും ഭാരിച്ച തിരക്കിനിടയില്‍ അല്‌പനേരം.

ചോദ്യം : കാര്‍ണിവല്‍ ഗ്ലോറിയിലെ കണ്‍വന്‍ഷനെ അമേരിക്കന്‍ മലയാളികള്‍ ആവേശത്തോടെയാണല്ലോ സ്വീകരിക്കുന്നത്‌?

ഉത്തരം : അതിന്റെ സന്തോഷത്തിലാണ്‌ ഞങ്ങള്‍. ഇങ്ങനെ ഒരു കണ്‍വന്‍ഷന്‍ പ്രോഗ്രാം തീരുമാനിക്കുമ്പോള്‍ ഒരു ആശങ്ക ഉണ്ടായിരുന്നുവെങ്കിലും പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞപ്പോഴേക്കും അവയെല്ലാം മാറി. ചിട്ടയായ പ്രവര്‍ത്തനങ്ങളാണ്‌ ഒന്നാമത്‌. കണ്‍വന്‍ഷന്റെ വിപുലമായ കമ്മറ്റി നേരത്തെ തന്നെ തീരുമാനിക്കാന്‍ കഴിഞ്ഞതാണ്‌ ഒരു നേട്ടം. ഉത്തരവാദിത്വങ്ങള്‍ കൃത്യമായി വിഭജിക്കപ്പെട്ടു. ഉത്തരവാദിത്വം ഏറ്റെടുത്തവരാകട്ടെ മനോഹരമായി അവ നിര്‍വ്വഹിക്കുകയും ചെയ്യുന്നു. മറ്റൊരു സംഘടനകള്‍ക്കും ലഭിക്കാത്ത തരത്തില്‍ സ്‌പോണ്‍സര്‍മാരെയും ഫോമായ്‌ക്ക്‌ ലഭിക്കുന്നു എന്നത്‌ സത്യം.

ഒരു വലിയ കപ്പലില്‍ മലയാളത്തനിമയുടെ ഒരു കൂട്ടായ്‌മ ഒരുക്കുക എന്നത്‌ ഭാരിച്ച ഒരു ഉത്തരവാദിത്വമാണ്‌. ആയിരക്കണക്കിന്‌ പ്രതിനിധികള്‍. കേരളത്തില്‍ നിന്നെത്തുന്ന വിശിഷ്‌ടാതിഥികള്‍ എല്ലാവരും ഒരു ഉത്സവസ്ഥലത്ത്‌ സമ്മേളിക്കുമ്പോഴുള്ള ഒരു സന്തോഷാനുഭവം. ഇത്‌ ഒരു പക്ഷേ ഇനിയൊരിക്കലും കിട്ടിയെന്നുവരില്ല. അതുകൊണ്ടാണ്‌ ഈ കൂട്ടായ്‌മയില്‍ പങ്കുചേരാന്‍ അമേരിക്കന്‍ മലയാളികള്‍ തിടുക്കം കൂട്ടുന്നത്‌.

ചോദ്യം : ഫോമായുടെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങളെ എങ്ങനെ വിലയിരുത്തുന്നു?

ഉത്തരം : ഫോമാ രൂപം കൊണ്ടിട്ട്‌ 6 വര്‍ഷമായിട്ടേയുള്ളൂ. പക്ഷേ ഫോമായുടെ പ്രവര്‍ത്തന മേഖല കടന്നുചെല്ലാത്ത സ്ഥലങ്ങളില്ല. വിശേഷിച്ച്‌ കേരളത്തില്‍ പ്രധാനമായും മറ്റൊരു സംഘടയ്‌ക്കും അവകാശപ്പെടാനാവാത്ത രീതിയില്‍ ഇരുന്നൂറോളം കുടുംബങ്ങള്‍ക്ക്‌ ഭവനങ്ങള്‍ നിര്‍മ്മിച്ച്‌ നല്‍കിയ ഒരു ബൃഹത്‌ പദ്ധതി സാക്ഷാത്‌ക്കരിച്ചതിന്റെ നിര്‍വൃതിയിലാണ്‌ ഞങ്ങള്‍. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത്‌ നടപ്പില്‍ വരുത്തിയ പദ്ധതി ഇപ്പോഴും തുടരുന്നു. വീടില്ലാത്ത കേരളത്തിലെ ഒരു സാധാരണക്കാരന്‌ ഫോമായുമായി ബന്ധപ്പെടുകയേ വേണ്ടൂ. പിന്നീട്‌ ഫോമാ അത്‌ ഏറ്റെടുക്കുകയാണ്‌ ചെയ്യുക. അതുപോലെ മെഡിക്കല്‍ രംഗത്ത്‌ ഫോമാ നല്‍കുന്ന സഹായം അതിവിപുലമാണ്‌.

ഫോമായുടെ വെബ്‌സൈറ്റിലൂടെ നൂറുകണക്കിന്‌ രോഗികളാണ്‌ ചികിത്സാസഹായം നേടുന്നത്‌. ചുരുക്കത്തില്‍ ജീവകാരുണ്യപ്രവര്‍ത്തനത്തില്‍ ഫോമായുടെ പാരമ്പര്യം അവകാശപ്പെടാന്‍ മറ്റൊരു സംഘടനയ്‌ക്കും ആവില്ല.

ചോദ്യം: ഫോമായുടെ കരുത്ത്‌ യുവജനങ്ങളാണല്ലോ. ഫോമായുടെ നേതൃത്വത്തിലും യുവാക്കളുടെ ഒരു നീണ്ട നിരതന്നെയുണ്ടല്ലോ?

ഉത്തരം : ഫോമാ എന്ന സംഘടനയുടെ ഉല്‍പ്പത്തിമുതല്‍ ഞങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുന്ന ഒന്നാണത്‌. യുവജനങ്ങളാണ്‌ ഏതൊരു സംഘടനയുടെയും നട്ടെല്ല്‌. അത്‌ ഞങ്ങള്‍ തുടക്കത്തിലേ തിരിച്ചറിഞ്ഞ്‌ പ്രവര്‍ത്തനം തുടങ്ങിയതിനാല്‍ യുവാക്കളുടെ ഒരു വലിയ നിരതന്നെ ഫോമയിലേക്ക്‌ ഒഴുകിയെത്തി. ഫോമായുടെ യുവജനോത്സവങ്ങളും പുതിയതായി ഞങ്ങള്‍ രൂപം കൊടുത്ത ``ബ്രിഡ്‌ജിംഗ്‌ ഓഫ്‌ മൈന്‍ഡ്‌സ്‌' എന്ന പരിപാടിയും യുവജനതയ്‌ക്ക്‌ മാര്‍ഗ്ഗനിദര്‍ശകമാകുന്നതാണ്‌.

ചോദ്യം : `ബ്രിഡ്‌ജിംഗ്‌ ഓഫ്‌ മൈന്‍ഡ്‌സ്‌' എന്നതുകൊണ്ട്‌ എന്താണുദ്ദേശിക്കുന്നത്‌.

ഉത്തരം : പ്രധാനമായും സാംസ്‌കാരിക കൈമാറ്റം തന്നെയാണ്‌ ഈ പദ്ധതികൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. കേരളത്തിലെ വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന യുവാക്കളുടെ കഴിവുകള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവ അമേരിക്കന്‍ മലയാളി യുവജനതയ്‌ക്ക്‌ പരിചയപ്പെടുത്തുകയും അവരുടെ പ്രൊഫഷണല്‍ നേട്ടങ്ങള്‍ കേരളയുവജനതയ്‌ക്ക്‌ പരിചയപ്പെടുത്തുകയും ചെയ്യുക എന്നതാണ്‌ ഇതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ചിക്കാഗോയില്‍ വച്ച്‌ നടത്തിയ പ്രസ്‌തുത പരിപാടിക്ക്‌ അമേരിക്കന്‍ മലയാളി യുവജനങ്ങളില്‍നിന്നും ലഭിച്ച പ്രതികരണം വളരെ വലുതായിരുന്നു. ഈ പദ്ധതി കേരളത്തിലെ ഗ്രാമാന്തരീക്ഷത്തിലേക്ക്‌ വ്യാപിപ്പിക്കുന്നതിനുള്ള ശ്രമം നടത്തുകയാണ്‌ ഫോമ.

ചോദ്യം : ഇന്ത്യയിലെ മെഡിക്കല്‍ ഐ.ടി.രംഗത്ത്‌ അമേരിക്കന്‍ മലയാളി സംഘടനകള്‍ക്ക്‌ എന്തെല്ലാം സഹായങ്ങള്‍ ചെയ്യുവാന്‍ കഴിയും.

ഉത്തരം : ഇന്ത്യന്‍ മെഡിക്കല്‍, ഐ.ടി. രംഗത്തുള്ളവര്‍ പലപ്പോഴും മറ്റു രാജ്യങ്ങളില്‍ സേവനം അനുഷ്‌ഠിക്കുന്നവരാണ്‌. അവരുടെ സേവനം ഭാരതത്തിന്‌ ലഭിക്കണമെങ്കില്‍ അവരുടെ ജീവിതാവസ്ഥയ്‌ക്ക്‌ സാമ്പത്തിക സുരക്ഷിതത്വവും, ജോലി സ്ഥിരതയും ഉറപ്പുവരുത്തണം. ഇത്‌ മറ്റ്‌ രാജ്യങ്ങളില്‍ ലഭിക്കുന്നതുകൊണ്ടാണ്‌ മികച്ച പ്രൊഫഷണലുകള്‍ ഇന്ത്യ വിടുന്നത്‌. ഇതിന്‌ പരിഹാരം കാണുന്നതിനായി കേന്ദ്രസര്‍ക്കാരുമായി ചേര്‍ന്ന്‌ എന്ത്‌ പദ്ധതികള്‍ക്കും ഫോമാ തയ്യാറാണെന്ന്‌ പ്രവാസി ഭാരതീയ ദിവസില്‍ കേന്ദ്രമന്ത്രി വയലാര്‍ രവിയെ ഞങ്ങള്‍ അറിയിച്ചിട്ടുണ്ട്‌. അതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ഫോമാപ്രവര്‍ത്തിച്ചുതുടങ്ങി എന്നുതന്നെ പറയാം.

ചോദ്യം : മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വേണ്ടത്ര പ്രതികരണം വിദേശ മലയാളികളില്‍നിന്നും ലഭിച്ചതായി തോന്നുന്നുണ്ടോ?

ഉത്തരം : ഫോമായ്‌ക്ക്‌ സാധാരണക്കാരനെ ബാധിക്കുന്ന എല്ലാ വിഷയങ്ങളിലും വ്യക്തമായ ധാരണയുണ്ട്‌. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഞങ്ങള്‍ അതിന്റെ ദുരന്തം അനുഭവിക്കുന്ന സാധാരണക്കാരില്‍ സാധാരണക്കാരായ ആളുകളോടൊപ്പമാണ്‌ ഫോമാ. ഫോമായുടെ ശക്തമായ പ്രതികരണം ഈ വിഷയത്തില്‍ ഉണ്ടായിട്ടുണ്ട്‌. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ മുന്‍കൈ എടുത്തെങ്കില്‍ മാത്രമേ ഈ വിഷയം പരിഹരിക്കാന്‍ സാധിക്കൂ. പുതിയ ഡാം വേണം എന്നത്‌ ഒരു പൊതു ആവശ്യമാണ്‌. ഇതിനോടൊപ്പമാണ്‌ ഫോമയും. എന്തു സഹായത്തിനും ഫോമ തയ്യാറാണ്‌. ഫോമയുടെ പാരമ്പര്യം അതാണ്‌.

ചോദ്യം : ഫോമായുടെ മൂന്നാമത്‌ കേരളാ കണ്‍വന്‍ഷനാണല്ലോ. കോട്ടയത്ത്‌ നടക്കുന്നത്‌. ഈ കണ്‍വന്‍ഷന്റെ കാലിക പ്രസക്തി എന്താണ്‌?

ഉത്തരം : ലോകം മാറിക്കൊണ്ടിരിക്കുകയാണ്‌ ഇന്ത്യയും. അമേരിക്കയുടെ വിവിധ മേഖലകളില്‍ ഉത്തരവാദിത്വമുള്ള ജോലികളില്‍ ഇരിക്കുന്ന പ്രൊഫഷണലുകളുടെ ഒരു നിര ഫോമായുടെ കോട്ടയം കണ്‍വന്‍ഷനില്‍ കാണാന്‍ കഴിയും. ഈ മലയാളി സുഹൃത്തുക്കളെ കേരളത്തിന്റെ വികസനത്തില്‍ എങ്ങനെ പങ്കാളികളാക്കാം എന്ന്‌ ചിന്തിക്കേണ്ടത്‌ കേരളമാണ്‌. മറ്റൊരു പ്രധാന കാര്യം മലയാള ഭാഷയുടെ വികസനത്തിന്‌ ഫോമാ മലയാള മനോരമയുമായി ചേര്‍ന്ന്‌ തുടങ്ങിവച്ച ബൃഹത്‌പദ്ധതിയാണ്‌ `ഭാഷയ്‌ക്ക്‌ ഒരു പിടിഡോളര്‍' എന്നത്‌. എം.ജി. യൂണിവേഴ്‌സിറ്റിയില്‍ മലയാളം ഐശ്ചികമായി എടുത്ത്‌ റാങ്കുകള്‍ നേടിയവരെ കേരളാ കണ്‍വന്‍ഷനില്‍ ആദരിക്കുന്നു. അവര്‍ക്ക്‌ ക്യാഷ്‌ അവാര്‍ഡുകള്‍ നല്‌കുന്നു. അതുവഴി ഫോമ മലയാളം മറക്കാതെ, മലയാളിയായതില്‍ ഓരോ മലയാളിയും അഭിമാനിക്കണമെന്ന വള്ളത്തോളിന്റെ സന്ദേശം ലോകത്തിന്‌ മുന്‍പില്‍ എത്തിക്കുകയും ചെയ്യുന്നു. കൂടാതെ കേരളത്തിലെ ബിസിനസ്‌ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ അമേരിക്കന്‍ മലയാളികള്‍ക്ക്‌ പരിചയപ്പെടുത്തുക എന്ന ഒരു വലിയ ലക്ഷ്യവും ഈ കേരളാ കണ്‍വന്‍ഷന്‍ കൊണ്ട്‌ ഉദ്ദേശിക്കുന്നു. പ്രധാനമായും ബാങ്കിംഗ്‌, ബില്‍ഡേഴ്‌സ്‌, ടെക്‌സ്റ്റൈല്‍, ജൂവലേഴ്‌സ്‌ നിരവധി ബിസിനസുകാര്‍ ഫോമായിലൂടെ അവരുടെ സാമ്രാജ്യം അമേരിക്കയിലും വ്യാപിപ്പിക്കുന്നു. ഇതും ഒരു നേട്ടമല്ലേ?

ചോദ്യം : മലയാളി സംഘടനകള്‍ മുഖേന അമേരിക്കന്‍ മലയാളി കുടുംബങ്ങള്‍ക്ക്‌ ലഭിക്കുന്ന നേട്ടം എന്താണ്‌?

ഉത്തരം : അതാണ്‌ ഞങ്ങളുടെ സമ്പത്ത്‌. ചെറുപ്പക്കാര്‍ മലയാളി സംഘടനാരംഗത്ത്‌ എത്തിയതോടെ മലയാളം, ഭാഷ, കുടുംബം, ബന്ധങ്ങള്‍ ഇവയെക്കുറിച്ചെല്ലാം തിരിച്ചറിഞ്ഞു. ഒരു അമേരിക്കന്‍ മലയാളിയുടെ കുടുംബം ഇന്ന്‌ ഒരു സാധാരണ കുടുംബം പോലെതന്നെയാണ്‌. നിങ്ങളെപ്പോലെ ഞങ്ങളും ടിവിയും റിയാലിറ്റിഷോയും സീരിയലുമൊക്കെ കുടുംബമായി കാണുന്നു. ആസ്വദിക്കുന്നു. മലയാളി ആയതില്‍ അഭിമാനിക്കുകയും ചെയ്യുന്നു.
വാക്കും പ്രവര്‍ത്തിയും ഒരുപോലെ:ബേബി ഊരാളില്‍വാക്കും പ്രവര്‍ത്തിയും ഒരുപോലെ:ബേബി ഊരാളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക