Image

വിപ്ലവ നായിക കാവി കൂടാരത്തിലേക്കോ? ഗൗരിയമ്മേ ഇതു വേണോ? (അനില്‍ പെണ്ണുക്കര)

Published on 01 April, 2016
വിപ്ലവ നായിക കാവി കൂടാരത്തിലേക്കോ? ഗൗരിയമ്മേ ഇതു വേണോ?  (അനില്‍ പെണ്ണുക്കര)
ഗൌരിയമ്മ രണസ്മാരകങ്ങളെ സാക്ഷിനിര്‍ത്തി മുഷ്ടി ചുരുട്ടി അവര്‍ വിളിച്ച മുദ്രാവാക്യങ്ങള്‍ ഇന്നും അന്തരീക്ഷത്തില്‍ അലയടിക്കുന്നുണ്ട്. നിങ്ങളുയര്‍ത്തിയ മുദ്രാവാക്യം ഞങ്ങള്‍ ഈ മണ്ണില്‍ ശാശ്വതമാക്കുമെന്ന് പുന്നപ്ര സമരസഖാവായിരുന്ന കെ.ആര്‍ ഗൗരിയമ്മ വിളിച്ചത് ഒരു ജനതയുടെ മോചനം സ്വപ്നം കണ്ടായിരുന്നു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അവരെ പരിഗണിക്കേണ്ടുന്നതിനപ്പുറം പരിഗണിച്ചു എന്നതാണ് പാര്‍ട്ടി ഗൗരിയമ്മയോടു ചെയ്ത തെറ്റ്. വളരെ ചെറുപ്പത്തില്‍തന്നെ കേരളപ്പിറവിക്ക് മുന്‍പ് അവര്‍ക്ക് മത്സരിക്കുവാന്‍ സാഹചര്യമൊരുക്കിക്കൊടുത്തതിലൂടെ ഒരു വിപ്ലവനായികയെ അധികാരാര്‍'ത്തി'യാക്കി മാറ്റുകയായിരുന്നു പാര്‍ട്ടി. സ്ഥാനമാനങ്ങള്‍ക്കു വേണ്ടി ജീവിതാന്ത്യത്തില്‍ ആദര്‍ശം വലിച്ചെറിഞ്ഞ വനിതയെന്ന് വരുംകാലചരിത്രം അവരെക്കുറിച്ച് രേഖപ്പെടുത്താതിരിക്കട്ടെ. 

ഇതൊക്കെയാണെങ്കിലും 1948 മുതല്‍ 2011 വരെ തെരഞ്ഞെടുപ്പു മത്സരത്തില്‍ പയറ്റിക്കൊണ്ടിരിക്കുന്ന കെ.ആര്‍ ഗൗരിയമ്മ മൂടിപ്പുതച്ചുറങ്ങേണ്ട ഒരു പ്രായത്തില്‍ വീണ്ടും സ്ഥാനാര്‍'ത്തി' മൂത്ത് ബി.ജെ.പി കൂടാരത്തിലേക്ക് പോകുന്ന ദയനീയ കാഴ്ച ധീരയായ ഒരു വനിതാ നേതാവിന്റെ ധീരോദാത്തമായ സമരജീവിതത്തിന്റെ ഖ്യാതിയാണ് കെടുത്തിക്കളയുന്നത്. കാവി കൂടാരത്തിലേക്ക് ചേക്കേറുമെന്ന് പറയപ്പെടുന്ന അവരുടെ സിരകളില്‍നിന്നും കമ്മ്യൂണിസം ചോര്‍ന്നുപോയെന്നോ? പാര്‍ട്ടിക്ക് വേണ്ടി സ്വന്തം കുടുംബത്തെ പോലും ത്യജിച്ച് യാതനാപൂര്‍ണമായ ജീവിതം നയിക്കാന്‍ വിധിക്കപ്പെട്ട കെ.ആര്‍ ഗൗരിയമ്മ ജീവിത സായാഹ്്‌നത്തില്‍ കാവിപുതച്ചുറങ്ങിയെന്ന് ഭാവിചരിത്രം രേഖപ്പെടുത്തണമെന്നാണോ അവര്‍ ആഗ്രഹിക്കുന്നത്? 

എന്തായാലും കെ .ആര്‍ .ഗൌരിയമ്മ വീണ്ടും ചര്‍ച്ചയാവുന്നു. വിപ്ലവത്തിന്റെ അഗ്‌നിനാബുകളില്‍ തളിര്‍ത്ത ആ ചുവന്ന പൂമരത്തിനു വയസ്സായി. സത്യം അംഗീകരിക്കുന്നു. എങ്കിലും അവരെ വേദനിപ്പിക്കേണ്ടായിരുന്നു. ഇതു കേവലരാഷ്ട്രീയമല്ല. ചരിത്രം കുറിച്ച ഒരാളെ നിന്ദിക്കലാണ്. അവര്‍ തന്നെ പറയുന്നത് വിളിച്ചുണര്‍ത്തി പരിഹസിച്ചു വെന്നാണ്. ശാന്തജീവിതം നയിക്കുവാന്‍ ഇനിയെങ്കിലും അവസരം കൊടുക്കണം. കെ .കരുണാകരനെ സ്വന്തമായി പാര്‍ട്ടി ഉണ്ടാക്കിയിട്ടുപോലും മരിക്കും വരെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ന്നിന്നുംപുറത്താക്കിയിരുന്നില്ല ആ പാത തുടരണം എന്നല്ല. സ്‌നേഹം കൊണ്ട് ഒന്ന് അളന്നാല്‍ മതി .

'ഐക്യകേരളം നിലവില്‍ വരുന്നതിനു മുന്‍പുതന്നെ പാര്‍ട്ടി 1948 ല്‍ അവരെ തിരുകൊച്ചി സഭയിലേക്ക് മത്സരിപ്പിച്ചു. അവര്‍ തോറ്റുപോയെങ്കിലും 1952 ല്‍ വീണ്ടും അവരെ പാര്‍ട്ടി തിരുകൊച്ചി നിയമസഭയിലേക്ക് മത്സരിപ്പിച്ചു. വിജയിക്കുകയും ചെയ്തു. 1948 മുതല്‍ 2011 വരെ ഒരു സ്ത്രീ അധികാര സ്ഥാനങ്ങളിലേക്ക് മത്സരിക്കുവാന്‍ സന്മനസ്സ് കാണിച്ച പാര്‍ട്ടിയോട് അവസാന നാളുകളില്‍ അവര്‍ ചെയ്തത് കൊടും വഞ്ചനയാണ്. വിളിച്ചുകൊണ്ടുപോയി ചോറില്ലെന്ന് സി.പി.എം പറഞ്ഞുവെന്ന് ഇന്നവര്‍ പറയുന്നുണ്ടെങ്കില്‍ അത് അവര്‍ അര്‍ഹിക്കുന്നത് കൊണ്ടായിരിക്കണം.

 അധികാരം മനുഷ്യനെ മത്തുപിടിപ്പിക്കുമെന്ന് വര്‍ത്തമാനകാല രാഷ്ട്രീയത്തിലെ വിവിധ പാര്‍ട്ടി നേതാക്കള്‍ സ്ഥാനാര്‍ഥിക്കുപ്പായത്തിന് വേണ്ടി കടിപിടികൂടുമ്പോള്‍ മനസ്സിലാകുന്നു. അവസരം കിട്ടിയില്ലെങ്കില്‍ എവിടേക്ക് ചായുവാനും അധികാരത്തിന്റെ മധുരസ്മരണകള്‍ അലയടിക്കുന്ന കിഴവന്‍ മനസുകള്‍ തയാറാകുമെന്ന് ഗൗരിയമ്മയുടെ കഴിഞ്ഞ ദിവസങ്ങളിലെ പ്രസ്താവനകള്‍ വ്യക്തമാക്കുന്നു. അധികാരത്തിന്റെ രുചി ഒരിക്കല്‍ നുണഞ്ഞാല്‍ അതില്‍നിന്നും നാവ് പിന്‍വലിക്കാന്‍ പാര്‍ലമെന്ററി വ്യാമോഹം തലയ്ക്കു പിടിച്ച സമരസഖാക്കള്‍ക്കും ആവുന്നില്ല.

ഗൗരിയമ്മയുടെ രാഷ്ട്രീയ പാരമ്പര്യത്തോടു തുലനം ചെയ്യാന്‍പോന്ന മറ്റൊരു നേതാവ് സി.പി.എമ്മില്‍ ഉണ്ടെങ്കില്‍ അത് വി.എസ് അച്യുതാനന്ദന്‍ മാത്രമാണ്. 1987 ലെ തെരഞ്ഞെടുപ്പാണ് ഗൗരിയമ്മയുടെ വിധിനിര്‍ണയിച്ചത്. ആ തെരഞ്ഞെടുപ്പില്‍ മുഴുക്കെ കേട്ട മുദ്രാവാക്യമായിരുന്നു കെ.ആര്‍ ഗൗരി നാടുഭരിക്കും കരുണാകരന്‍ അത് കണ്ടുമരിക്കും എന്നത്. കരുണാകരന് അത് കണ്ടു മരിക്കേണ്ടിവന്നില്ല. കെ.ആര്‍ ഗൗരിയമ്മ നാടു ഭരിച്ചതുമില്ല. 

കെ.ആര്‍ ഗൗരി മുഖ്യമന്ത്രിയാകുമെന്ന് അതുവരെ ഉറപ്പിച്ചവരെയെല്ലാം അമ്പരപ്പിച്ചുകൊണ്ടാണ് ഇ.കെ നായനാര്‍ മുഖ്യമന്ത്രിയായത്. ഗൗരിയമ്മക്ക് പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനം നിഷേധിച്ചതിന് പാര്‍ട്ടിക്ക് അതിന്റേതായ കാരണങ്ങള്‍ നിരത്താനുണ്ടായിരുന്നു. ഒരു വെട്ടിന് രണ്ടുകഷ്ണം എന്ന ഗൗരിയമ്മയുടെ പെരുമാറ്റം മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാള്‍ക്ക് പറ്റുകയില്ലെന്നും ഉദ്യോഗസ്ഥരെ ഭരിക്കേണ്ട ഒരു മുഖ്യമന്ത്രിക്ക് പലപ്പോഴും അനുനയത്തോടെ തന്നെ ഇടപെടേണ്ടിവരുമെന്നും ഗൗരിയമ്മയെക്കാളും അതിന് യോഗ്യന്‍ ഇ.കെ നായനാര്‍ ആണെന്നും പാര്‍ട്ടി കണ്ടെത്തിയതില്‍ തെറ്റ് പറയാനാവില്ല. പക്ഷേ, അത് അവരെ നേരത്തേ തന്നെ ബോധ്യപ്പെടുത്തേണ്ടതുണ്ടായിരുന്നു. അവരും പ്രതീക്ഷിച്ചു മുഖ്യമന്ത്രിയാകുമെന്ന്. അവരുടെ ഭാഷയില്‍ രണ്ട് പ്രാവശ്യമാണ് നിദ്രയില്‍ നിന്നും വിളിച്ചുണര്‍ത്തി ഊണില്ലെന്നു പറയുന്നത്. 

വി.എസ് അച്യുതാനന്ദനോട് പാര്‍ട്ടി കാണിക്കുന്ന സൗമനസ്യം കെ.ആര്‍ ഗൗരിയമ്മയോടും കാണിച്ചിരുന്നുവെങ്കില്‍ അവര്‍ പാര്‍ട്ടി വിടുമായിരുന്നോ?
പാര്‍ട്ടി തീരുമാനങ്ങള്‍ക്കെതിരേ ഗൗരിയമ്മ പ്രവര്‍ത്തിക്കുന്നുവെന്നായിരുന്നു അവരുടെ മേലുള്ള ആക്ഷേപമെങ്കില്‍ അതുതന്നെയല്ലേ വി.എസ് അച്യുതാനന്ദനും നിര്‍വഹിച്ചുപോരുന്നത്? തെറ്റ് തിരുത്തി പാര്‍ട്ടി അവരെ എ.കെ.ജി മന്ദിരത്തില്‍ ക്ഷണിച്ചുകൊണ്ടുവന്ന് രണ്ടാം പ്രാവശ്യവും ഊണില്ല എന്നു പറഞ്ഞത് കേരളം വേദനയോടെ മാത്രമേ കണ്ടുള്ളൂ .ഈ വേദന വോട്ടാക്കാന്‍ പറ്റുമോ എന്നാണു ബി ജെ പി നോക്കുന്നത് .വിപ്ലവ നായിക കാവി പുതച്ചാല്‍ കേരളം അത് എങ്ങനെ കാണും എന്ന് കൂടി ഗൗരിയമ്മ ഓര്‍ക്കുന്നത് നന്നായിരിക്കും .

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ 'ഗൌരി' എന്ന കവിത വായിക്കാത്തതോ കേള്‍ക്കാത്തതോ ആയ മലയാളികള്‍ ഇല്ല . പക്ഷെ കവി പോലും വിചാരിച്ചിരിക്കില്ല കഥാന്തരം കണ്ടതും പ്രവചന സ്വഭാവമുള്ളതുമായി കാലത്തിനുമുന്‍പില്‍ പരിണമിക്കുന്നു എന്ന്.കവിത ഇങ്ങനെ .

ഗൌരി
കരയാത്ത ഗൌരീ
തളരാത്ത ഗൌരീ
കലികൊണ്ടുനിന്നാ്ല്‍ 
അവള്‍ ഭദ്രകാളീ
..
ഇതുകേട്ടുകൊണ്ടേ
ചെറുബാല്യമെല്ലാം
പതിവായി ഞങ്ങള്‍ 
ഭയമാറ്റിവന്നു.
നെറികെട്ട ലോകം 
കനിവറ്റ കാലം
പടകാളിയമ്മേ ,
കരയിച്ചു നിന്നെ.

ഫലിതത്തിന്നും
തിരുമേനി നല്ലൂ,
കലഹത്തിനെന്നും
അടിയാത്തി പോരും.
ഗുരുവാക്യമെല്ലാം
ലഘുവാക്യമായി
ഗുരുവിന്റെ ദുഖം 
ധ്വനികാവ്യമായി
അതുകേട്ടുനമ്മള്‍
ചരിതാര്ത്ഥരായി,
അതുവിറ്റു പലരും 
പണമേറെ നേടി.

അതിബുദ്ധിമാന്മാര്‍ 
അധികാരമേറി
തൊഴിലാളി വര്ഗ്ഗം 
അധികാരമേറ്റാല്‍ 
അവരായി പിന്നേ
അധികാരിവര്ഗ്ഗം
അധികാരമപ്പോള് 
തൊഴിലായി മാറും
അതിനുള്ള' കൂലി '
അധികാരി വാങ്ങും

വിജയിക്കു പിബേ 
കുതികൊള്‍വു ലോകം
വിജയിക്കുമുന്നില്‍
വിരിയുന്നു കാലം
മനുജന്നുമീതെ
മുതലെന്ന സത്യം
മുതലിന്നുമീതെ 
അധികാര ശക്തി.

അധികാരമേറാന് 
തൊഴിലാളിമാര്ഗ്ഗം
തൊഴിലാളിയെന്നും
തൊഴിലാളി മാത്രം
അറിയേണ്ട ബുദ്ധി
അറിയാതെപോയാല്‍ 

ഇനി ഗൌരിയമ്മേ 
കരയാതെ വയ്യ
കരയുന്ന ഗൌരീ 
തളരുന്ന ഗൌരീ
കലിവിട്ടൊഴിഞ്ഞാല്‍ 
പടുവൃദ്ധയായി

മതി ഗൌരിയമ്മേ 
കൊടി താഴെ വെക്കാം
ഒരു പട്ടുടുക്കാം
മുടി കെട്ടഴിക്കാം
ഉടവാളെടുക്കാം
കൊടുങ്ങല്ലൂര്‍ ചെന്നാല്‍ 
ഒരുകാവു തീണ്ടാം.

ഇനി ഗൌരിയമ്മ
ചിതയായി മാറും
ചിതയാളിടുമ്പോള്‍ 
ഇരുളൊട്ടു നീങ്ങും
ചിത കെട്ടടങ്ങും 
കനല്‍ മാത്രമാകും
കനലാറിടുമ്പോള്‍ 
ചുടുചാമ്പലാകും
ചെറുപുല്‌ക്കൊടിക്കും 
വളമായിമാറും
Join WhatsApp News
Joseph Nambimadam 2016-04-02 12:49:19
Congratulations to Anil for quoting the poem 'GOWRY' the poem by Balachandran Chullikkad. It is very apt in this context.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക