Image

ഫൊക്കാന കണ്‍വന്‍ഷന്‍ കണ്‍വീനര്‍മാരെ തെരഞ്ഞെടുത്തു

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 28 January, 2012
ഫൊക്കാന കണ്‍വന്‍ഷന്‍ കണ്‍വീനര്‍മാരെ തെരഞ്ഞെടുത്തു
ഹൂസ്റ്റണ്‍ : 2012 ജൂണ്‍ 30 മുതല്‍ ജൂലൈ 3 വരെ ഹൂസ്റ്റണില്‍ വച്ചു കൊണ്ടാടുന്ന ഫൊക്കാന കണ്‍വന്‍ഷന്റെ കണ്‍വീനര്‍മാരായി ഏബ്രഹാം തോമസ്‌, അനില്‍ ആറന്മുള, ഫിലിപ്പ്‌ എബ്രഹാം, ടി.എന്‍. സാമുവേല്‍ ജോസ്‌ ജോണ്‍ തെങ്ങുംപ്ലാക്കല്‍ എന്നിവരെ തെരഞ്ഞെടുത്തതായി കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ എബ്രഹാം ഈപ്പന്‍ (പൊന്നച്ചന്‍) അറിയിച്ചു.

ഹൂസ്റ്റണിലെ ആദ്യകാല കുടിയേറ്റക്കാരില്‍ പെട്ട എബ്രഹാം തോമസ്‌ ഹൂസ്റ്റണിലെ ഒരു പ്രമുഖ വ്യാപാരിയാണെന്നു മാത്രമല്ല സാമൂഹ്യ-സാംസ്‌ക്കാരിക മേഖലകളില്‍ അറിയപ്പെടുന്ന വ്യക്തിയുമാണ്‌. ഹൂസ്റ്റണ്‍ സെന്റ്‌ സ്റ്റീഫന്‍സ്‌, സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയങ്ങളുടെ സ്ഥാപക മെംബര്‍ എന്നതിലുപരി പില്‍ക്കാലത്ത്‌ മലയാളി അസ്സോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ ആയി മാറിയ 1975-ല്‍ സ്ഥാപിതമായ കേരള കള്‍ച്ചറല്‍ അസ്സോസിയേഷന്റെ സ്ഥാപക മെംബര്‍ കൂടിയാണ്‌ അദ്ദേഹം. ഹൂസ്റ്റണില്‍ ആദ്യമായി ഒരു മലയാളി സോക്കര്‍ ടീം രൂപീകരിച്ചതും അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലാണ്‌.

പ്രശസ്‌ത എഴുത്തുകാരനും സാഹിത്യകാരനും ഫ്രീലാന്‍സ്‌ ജേര്‍ണലിസ്റ്റുമായ അനില്‍ ആറന്മുള ഹൂസ്റ്റണില്‍ അറിയപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകന്‍ കൂടിയാണ്‌. ഹൂസ്റ്റണിലെ കേരള ഹിന്ദു സൊസൈറ്റിയുടെയും ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെയും സജീവ പ്രവര്‍ത്തകനാണ്‌. അതുപോലെ മലയാളി അസ്സോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഹൂസ്റ്റണില്‍ വിവിധ തസ്‌തികകളില്‍ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌.

ഹൂസ്റ്റണിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ്‌ സംരഭകനായ ഫിലിപ്പ്‌ എബ്രഹാം സാമൂഹ്യ-സാംസ്‌ക്കാരിക രംഗങ്ങളിലും സജീവ പ്രവര്‍ത്തകനാണ്‌. ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ചര്‍ച്ച്‌ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. മലയാളി അസ്സോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌.

അറിയപ്പെടുന്ന ഒരു എഴുത്തുകാരനായ ടി.എന്‍. സാമുവേല്‍ ലിറ്റററി സൊസൈറ്റി ഓഫ്‌ അമേരിക്കയുടെ നേതാവും പ്രവര്‍ത്തകനുമാണ്‌. മലയാളി അസ്സോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഹൂസ്റ്റണിന്റെ മുന്‍ പ്രസിഡന്റ്‌, സെക്രട്ടറി എന്നീ നിലകളില്‍ അറിയപ്പെടുന്ന അദ്ദേഹം അസ്സോസിയേഷന്റെ നിയമാവലി പുതുക്കുന്ന കമ്മിറ്റിയിലെ മെംബറും കൂടിയായിരുന്നു.

കലാസാംസ്‌ക്കാരിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ജോസ്‌ ജോണ്‍ തെങ്ങുംപ്ലാക്കല്‍ ഒരു നടനും ഗായകനുമാണ്‌. `ജ്വാല ആര്‍ട്‌സ്‌' എന്ന കലാസാംസ്‌ക്കാരിക സംഘടനയുടെ സ്ഥാപക മെംബറും കൂടിയാണ്‌ അദ്ദേഹം. കൂടാതെ, ഇന്ത്യാ കാത്തലിക്‌ കമ്യൂണിറ്റിയുടെ സ്ഥാപക മെംബര്‍, പ്രസിഡന്റ്‌ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

ഫൊക്കാന കണ്‍വന്‍ഷന്‍ കുറ്റമറ്റതാക്കാന്‍ ഈ കണ്‍വീനര്‍മാരുടെ സേവനം അതീവ പ്രാധാന്യമുള്ളതാണെന്ന്‌ പ്രസിഡന്റ്‌ ജി.കെ. പിള്ളയും കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ എബ്രഹാം ഈപ്പനും അഭിപ്രായപ്പെട്ടു. എല്ലാവരും താന്താങ്ങളുടെ കഴിവും പരിജ്ഞാനവും കണ്‍വന്‍ഷന്റെ വിജയത്തിനായി പ്രയോഗിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഫൊക്കാന കണ്‍വന്‍ഷന്‍ കണ്‍വീനര്‍മാരെ തെരഞ്ഞെടുത്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക