Image

ആരാധന സ്വാതന്ത്ര്യം; യുഎഇയിലെ ഭരണാധിപന്മാരുടെ മഹാമനസ്‌കത മാതൃകാപരമെന്ന്‌ ബസേലിയോസ്‌ മാര്‍ത്തോമ്മ മെത്രാപ്പോലീത്ത

Published on 30 January, 2012
ആരാധന സ്വാതന്ത്ര്യം; യുഎഇയിലെ ഭരണാധിപന്മാരുടെ മഹാമനസ്‌കത മാതൃകാപരമെന്ന്‌ ബസേലിയോസ്‌ മാര്‍ത്തോമ്മ മെത്രാപ്പോലീത്ത
ദുബായ്‌: എല്ലാ മതങ്ങള്‍ക്കും ആരാധന സ്വാതന്ത്ര്യം അനുവദിക്കുകയും ആരാധനാലയങ്ങള്‍ക്ക്‌ സ്ഥലം അനുവദിച്ച്‌ നല്‍കുകയും ചെയ്യുന്ന യുഎഇയിലെ ഭരണാധിപന്മാരുടെ മഹാമനസ്‌കത മാതൃകാപരമെന്ന്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്ക ബാവ.

മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ സ്ഥാപനത്തിന്റെ 1960-#ാമത്‌ വാര്‍ഷികവും മലങ്കരയില്‍ പൗരസ്‌ത്യ കാതോലിക്കേറ്റ്‌ പുനസ്ഥാപനത്തിന്റെ ശതാബ്‌ദിയുടെയും സംയുക്ത ആഘോഷങ്ങള്‍ ദുബായ്‌ സെന്റ്‌ തോമസ്‌ കത്തീഡ്രലില്‍ ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഭാരതത്തിലെ ദേശീയ സഭ എന്ന്‌ വിശേഷിപ്പിക്കാവുന്ന ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ സഭ എന്ന മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭക്ക്‌ യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ നിര്‍മിതമായിട്ടുള്ള ദേവാലയങ്ങള്‍ക്ക്‌ സ്ഥലം സൗജന്യമായി നല്‍കുകയും ചെയ്‌ത ഭരണാധികാരികളെ പരിശുദ്ധ ബാവ നന്ദിയോടെ സ്‌മരിച്ചു.

മനുഷ്യന്റെ ധാര്‍മികവും ബൗദ്ധികവുമായ വികാസത്തിന്‌ ക്രൈസ്‌തവ സഭകള്‍ ചെയ്യുന്ന സേവനം അങ്ങേയറ്റം മികച്ചതും പ്രശംസനീയവുമാണെന്ന്‌ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ഇന്ത്യന്‍ അംബാസിഡര്‍ എം.കെ. ലോകേഷ്‌ അഭിപ്രായപ്പെട്ടു.

കേരളം സമ്പൂര്‍ണ സാക്ഷരത കൈവരിക്കുന്നതില്‍ ക്രൈസ്‌തവ സഭകളുടെ പങ്ക്‌ വിസ്‌മരിക്കാനാവില്ലെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാരതം പല മതങ്ങളുടെ സഹവര്‍ത്തിത്വത്തിന്റെ തറനിലവും പ്രതിരൂപവുമാണ്‌. കേരളത്തിലേക്ക്‌ രണ്‌ടായിരം വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ക്രൈസ്‌തവ വിശ്വാസം ചേക്കേറിയെന്നത്‌ അഭിമാനാര്‍ഹവും പുരാതനത്വത്തിന്റെ പ്രതിഫലനവുമാണ്‌ എം.കെ. ലോകേഷ്‌ പറഞ്ഞു.

കേരളത്തിന്റെ പൈതൃകവും സംസ്‌കൃതിയും സംരക്ഷിക്കുന്നതില്‍ ക്രൈസ്‌തവ സഭകളുടെ പങ്ക്‌ നിസ്‌തുലമാണെന്ന്‌ ചടങ്ങില്‍ പങ്കെടുത്ത ബി.ആര്‍. ഷെട്ടി അഭിപ്രായപ്പെട്ടു.

പരിശുദ്ധ കാതോലിക്ക ബാവയെ കത്തീഡ്രലിന്റെ പ്രധാന കവാടത്തില്‍ ഹംസരഥത്തില്‍ വേദിയിലേക്ക്‌ ആനയിച്ചു. താലപ്പൊലിയേന്തിയ ബാലികമാര്‍ ബാന്റ്‌ മേളം, മാര്‍ത്തോമ്മ ശ്ലീഹായുടെ ഭാരതത്തിലെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍, കൂനന്‍ കുരിശ്‌ സത്യം എന്നിവ ഓര്‍മിപ്പിക്കുന്ന ഫ്‌ളോട്ടുകള്‍, പരമ്പരാഗത വേഷമണിഞ്ഞെത്തിയ വനിതകള്‍ മാര്‍ഗം കളി എന്നിവ സ്വീകരണ ഘോഷയാത്രക്ക്‌ മിഴിവേകി. ചോരയും നീരും നല്‍കി ജീവന്‍ പോലും വെടിഞ്ഞ്‌ സഭയുടെ വിശ്വാസം കാത്തു സൂക്ഷിക്കുമെന്ന്‌ വിശ്വാസികള്‍ ഉറക്കെ പ്രഖ്യാപിച്ചു.

ചടങ്ങില്‍ ഇടവക വികാരി ഫാ. ടി.ജെ. ജോണ്‍സണ്‍ അധ്യക്ഷത വഹിച്ചു. സഭ വൈദിക ട്രസ്റ്റി ഫാ. ജോണ്‍സ്‌ ഏബ്രഹാം കോനാട്ട്‌, ഫാ. എം.ഒ. ജോണ്‍, ഇടവക സഹവികാരി ഫാ. ബിജു ദാനിയേല്‍, ഫാ. വി.സി. ജോസ്‌, ഫാ. മനോജ്‌ ഏബ്രഹാം, ഫാ. സജി ഏബ്രഹാം, ഫാ. മാത്യു വര്‍ഗീസ്‌, ബാബു കുര്യന്‍ പുളിയേരില്‍, തോമസ്‌ പോള്‍, ജോസ്‌ ജോണ്‍, ഇടവക സെക്രട്ടറി വര്‍ഗീസ്‌ ജോര്‍ജ്‌, ട്രസ്റ്റി തോമസ്‌ വിളയില്‍ എന്നിവര്‍ പ്രസംഗിച്ചു.

യുഎഇയിലെ വിവിധ ഇടവകകളില്‍ നിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട 120 അംഗ സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ മെഗാ ക്വയര്‍ ഗാനങ്ങള്‍ ആലപിച്ചു. ഡി. അനീഷ്‌, ഐസക്‌ മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.
ആരാധന സ്വാതന്ത്ര്യം; യുഎഇയിലെ ഭരണാധിപന്മാരുടെ മഹാമനസ്‌കത മാതൃകാപരമെന്ന്‌ ബസേലിയോസ്‌ മാര്‍ത്തോമ്മ മെത്രാപ്പോലീത്ത
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക