Image

യു.പി.: കോണ്‍ഗ്രസ് പ്രകടനപത്രിക ഇന്ന്

Published on 31 January, 2012
യു.പി.: കോണ്‍ഗ്രസ് പ്രകടനപത്രിക ഇന്ന്
ന്യൂഡല്‍ഹി: യു.പി. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് പ്രകടനപത്രിക ചൊവ്വാഴ്ച പുറത്തിറക്കും. സംസ്ഥാനത്ത് പത്തു സ്ഥലങ്ങളില്‍ നടക്കുന്ന യോഗങ്ങളിലായിരിക്കും പത്രിക പുറത്തിറക്കുക.

ദിഗ്വിജയ്‌സിങ്, ജനാര്‍ദന്‍ ദ്വിവേദി, ഗുലാംനബി ആസാദ് എന്നിവരുള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ വിവിധ സ്ഥലങ്ങളിലായി നടക്കുന്ന പ്രകടനപത്രിക പുറത്തിറക്കല്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് മോഹന്‍പ്രകാശ് അറിയിച്ചു. ലഖ്‌നൗവില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനു കീഴില്‍ രൂപവത്കരിച്ച വിജ്ഞാന കമ്മീഷന്‍ അധ്യക്ഷനും പ്രമുഖ സാങ്കേതികവിദഗ്ധനുമായ സാം പിത്രോദയും പങ്കെടുക്കും. കോണ്‍ഗ്രസ് അനുഭാവി എന്നനിലയിലാണ് പിത്രോദ ചടങ്ങില്‍ പങ്കെടുക്കുന്നതെന്ന് മോഹന്‍പ്രകാശ് പറഞ്ഞു.

പിന്നാക്കം നില്‍ക്കുന്ന യു.പി.യുടെ വ്യാവസായിക വികസനത്തിനും സാമ്പത്തിക പുരോഗതിക്കം ഊന്നല്‍ നല്‍കുന്നതാവും പ്രകടനപത്രിക. അതേസമയം, വ്യാവസായിക ആവശ്യങ്ങള്‍ക്ക് കര്‍ഷകരുടെ ഭൂമി ഏറ്റെടുക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങള്‍ കൊണ്ടുവരണമെന്നും കര്‍ഷകരുടെ താത്പര്യം സംരക്ഷിക്കണമെന്നുമുള്ള നിലപാട് പ്രകടനപത്രിക മുന്നോട്ടുവെക്കും. ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ സംബന്ധിച്ചും പ്രകടനപത്രികയില്‍ വാഗ്ദാനങ്ങളുണ്ടാവും.

അതിനിടെ, തിങ്കളാഴ്ച തിരഞ്ഞെടുപ്പ് നടന്ന പഞ്ചാബിലും ഉത്തരാഖണ്ഡിലും തങ്ങള്‍ വിജയിക്കുമെന്ന് കോണ്‍ഗ്രസ് അവകാശപ്പെട്ടു. മണിപ്പുരില്‍ മൂന്നാംതവണയും പാര്‍ട്ടി അധികാരത്തിലെത്തും. യു.പി.യില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്നും സര്‍ക്കാര്‍ രൂപവത്കരിക്കുമെന്നും മോഹന്‍പ്രകാശ് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക