Image

വിദഗ്ധ സംഘം മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കുന്നു

Published on 31 January, 2012
വിദഗ്ധ സംഘം മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കുന്നു
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നടക്കുന്ന പരിശോധനകള്‍ വിലയിരുത്താനെത്തിയ വിദഗ്ധ സംഘത്തിന്റെ അണക്കെട്ട് സന്ദര്‍ശനം തുടങ്ങി. സെന്‍ട്രല്‍ സോയില്‍ ആന്‍ഡ് മെറ്റീരിയല്‍ റിസര്‍ച്ച് സ്‌റ്റേഷന്‍ ഡയറക്ടര്‍ മുരാരിരത്‌നം. സെന്‍ട്രല്‍ വാട്ടര്‍ പവര്‍ റിസര്‍ച്ച് സ്‌റ്റേഷന്‍ സീനിയര്‍ റിസര്‍ച്ച് ഓഫിസര്‍ വി ടി ദേശായി എന്നിവരുടെ നേതൃത്വത്തിലാണ് സന്ദര്‍ശനം.

ഡാം നിര്‍മാണത്തിന് ഉപയോഗിച്ച സുര്‍ക്കിയുടെ സാമ്പിള്‍ ശേഖരിക്കുന്നതിനായി ബോര്‍ഹോളിങ് നടത്തിയിട്ടും ലഭിക്കാത്തതിനാലാണ് സെന്‍ട്രല്‍ സോയില്‍ ആന്‍ഡ് മെറ്റീരിയല്‍ റിസര്‍ച്ച് സ്റ്റേഷനിലെയും സെന്‍ട്രല്‍ വാട്ടര്‍ പവര്‍ റിസര്‍ച്ച് സ്റ്റേഷനിലെയും വിദഗ്ദ്ധര്‍ അടിയന്തരമായി ഡാമിലെത്തിയത്.വിദഗ്ധ സംഘം അണക്കെട്ടിലെ ബലക്ഷയപഠനങ്ങളുടെ അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കും.

സുപ്രിംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിക്കുമുമ്പില്‍ സമര്‍പ്പിക്കാനുള്ള റിപ്പോര്‍ട്ടില്‍ അണക്കെട്ടില്‍നിന്ന് സുര്‍ക്കി ലഭിക്കാത്തത് പ്രാധാന്യത്തോടുകൂടി ചൂണ്ടിക്കാണിക്കുമെന്നാണ് കരുതുന്നത്. മുല്ലപ്പെരിയാര്‍ സെല്‍ ചെയര്‍മാന്‍ എം കെ പരമേശ്വരന്‍ , ചീഫ് എന്‍ജിനിയര്‍ പി ലതിക തുടങ്ങിയവര്‍ കേരളത്തെ പ്രതിനിധീകരിച്ച് സംഘത്തിനൊപ്പം ഉണ്ട്.

ബോര്‍ഹോളില്‍ നടത്തിയ ലോഗിങ് ടെസ്റ്റിനിടെ ഡാമില്‍ കുടുങ്ങിയ ഉപകരണം പുറത്തെടുക്കാന്‍ സി.ഡബ്ല്യു.പി.ആര്‍.എസ്സിലെ ജിയോളജിസ്റ്റ് ദേശായിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച ശ്രമം പുനരാരംഭിച്ചു. പതിനെട്ട് ലക്ഷത്തോളം രൂപ വിലവരുന്ന ഉപകരണം പുറത്തെടുത്താല്‍ മാത്രമേ കൂടുതല്‍ പഠനങ്ങള്‍ നടത്താനാകൂ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക