Image

ലിവിറ്റ ഗോമസിന്റെ മരണം: ദേശാഭിമായില്‍ മുഖപ്രസംഗം

Published on 31 January, 2012
ലിവിറ്റ ഗോമസിന്റെ മരണം: ദേശാഭിമായില്‍ മുഖപ്രസംഗം

നിസ്സാര കുറ്റത്തിന് അമേരിക്കന്‍ തടവറയില്‍ അടയ്ക്കപ്പെട്ട ഇന്ത്യക്കാരി ജയിലില്‍ നിരാഹാരം അനുഷ്ഠിച്ചു മരിച്ച വാര്‍ത്ത ലോകമനസ്സാക്ഷിയെ ഞെട്ടിക്കുന്നതും സ്വാതന്ത്ര്യം, മനുഷ്യാവകാശം തുടങ്ങിയ മൂല്യങ്ങളെപ്പറ്റി ആശങ്കയുള്ളവരെ രോഷം കൊള്ളിക്കുന്നതുമാണ്. മനുഷ്യാവകാശങ്ങളെപ്പറ്റി പുറത്ത് പെരുമ്പറ മുഴക്കുകയും അത്യന്തം നഗ്നവും ഹീനവുമായി മനുഷ്യാവകാശം ലംഘിക്കുകയും ചെയ്യുന്ന അമേരിക്കയുടെ മണ്ണില്‍ നിന്നാണ് ഈ വാര്‍ത്ത വന്നതെന്നതും ശ്രദ്ധേയമാണ്. ഗോവ സ്വദേശിയായ ലിവിറ്റ ഗോമസ് എന്ന അമ്പത്തിരണ്ടുകാരിയാണ് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ മനുഷ്യത്വരഹിതമായ കാട്ടുനീതിക്ക് ഇരയായത്. നീതിനിര്‍വഹണ സേവനത്തിന് അധികൃതര്‍ അയച്ച ചോദ്യാവലി കൈപ്പറ്റിയില്ലെന്ന തീരെ നിസ്സാരമായ കുറ്റത്തിനാണ് പാന്‍ അമേരിക്കന്‍ എയര്‍ലൈന്‍സില്‍ ഫ്ളൈറ്റ് അറ്റന്‍ഡറായി ജോലി നോക്കിയിരുന്ന ലിവിറ്റ അറസ്റ്റിലായത്. അറസ്റ്റുസമയത്ത് വിലങ്ങണിയിക്കുന്നത് ചെറുക്കാന്‍ ശ്രമിച്ചെന്നതായി പിന്നീടു ചാര്‍ത്തപ്പെട്ട "ഗുരുതര"മായ കുറ്റം. ഇതുമായി ബന്ധപ്പെട്ട കേസില്‍ കോടതിയില്‍ എത്താതിരുന്നതിന് വീണ്ടും അറസ്റ്റിലായ ലിവിറ്റയെ ഷിക്കാഗോയിലെ ജയിലിലാണ് പാര്‍പ്പിച്ചത്. അവിടെ മൂന്നാഴ്ചയിലേറെക്കാലം നിരാഹാരം അനുഷ്ഠിച്ച ലിവിറ്റയുടെ ആരോഗ്യനില വഷളാകുകയും ഒടുവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അവര്‍ ജനുവരി മൂന്നിനു മരണമടയുകയും ചെയ്തു. ലിവിറ്റ ജയിലില്‍ നിരാഹാരം അനുഷ്ഠിക്കുന്ന വിവരം ബന്ധുക്കളെപ്പോലും അറിയിക്കാന്‍ അമേരിക്കന്‍ ജയിലധികൃതര്‍ തയ്യാറായില്ല. മനുഷ്യാവകാശം ജന്മമെടുത്തതുതന്നെ തങ്ങളുടെ രാജ്യത്താണെന്നാണ് അമേരിക്കന്‍ സാമ്രാജ്യത്വം അവകാശപ്പെടാറുള്ളത്. മനുഷ്യാവകാശം ഓരോ വ്യക്തിയിലും കുടികൊള്ളുന്നതാണെന്ന 1776ലെ സ്വാതന്ത്ര്യ പ്രഖ്യാപനരേഖ (ഡിക്ലറേഷന്‍ ഓഫ് ഇന്‍ഡിപെന്‍ഡന്‍സ്) ചൂണ്ടിക്കാട്ടിയാണ് അവര്‍ ഇങ്ങനെ അവകാശപ്പെടാറുള്ളത്. ആധുനിക മനുഷ്യാവകാശ പ്രഖ്യാപനങ്ങളിലെ പ്രഥമസ്ഥാനമാണ് ഡിക്ലറേഷന്‍ ഓഫ് ഇന്‍ഡിപെന്‍ഡന്‍സിനുള്ളതെന്നും അവര്‍ പറയാറുണ്ട്. മനുഷ്യാവകാശങ്ങള്‍ 1787ല്‍ അമേരിക്കന്‍ ഭരണഘടനയുടെ ബില്‍ ഓഫ് റൈറ്റ്സില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കാര്യത്തെക്കുറിച്ചും മേനിനടിക്കാറുണ്ട്. 1865ല്‍ അടിമത്തം ഭരണഘടനാപരമായി അവസാനിപ്പിച്ചതും 1920ല്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കിയതുമൊക്കെ ഇതിന് ഉപോദ്ബലകമായി അമേരിക്ക ചൂണ്ടിക്കാണിക്കാറുള്ളതാണ്. അഭിപ്രായസ്വാതന്ത്ര്യം, സംഘം ചേരാനുള്ള സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം, ക്രൂരവും അസാധാരണവുമായ ശിക്ഷകളില്‍ നിന്നുള്ള സ്വാതന്ത്ര്യം, ന്യായയുക്തമായ നീതിനിര്‍വഹണസ്വാതന്ത്ര്യം എന്നിവയെല്ലാം അമേരിക്കന്‍ ഭരണഘടന അനുശാസിക്കുന്നുണ്ടെന്നും അവര്‍ വീമ്പിളക്കാറുണ്ട്. എന്നാല്‍ , ഇതെല്ലാം ഏട്ടിലെ പശുവായി മാറുന്നുവെന്നതാണ് അനുഭവം. പുസ്തകത്താളുകളിലും പ്രസ്താവനാ വായ്ത്താരികളിലും തളച്ചിടപ്പെടുന്ന ഈ മനുഷ്യാവകാശം അമേരിക്കയുടെ പ്രവൃത്തികളില്‍ ഒരിടത്തും കാണാന്‍ ലോകത്തിനു കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. മാത്രമല്ല, മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന അതിനീചമായ മനുഷ്യാവകാശലംഘനങ്ങളാണ് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ മുഖമുദ്രയെന്നതും നിരവധി ഉദാഹരണത്തിലൂടെ നമുക്ക് ബോധ്യപ്പെട്ടിട്ടുള്ളതാണ്. ഗ്വാണ്ടനാമോ തടവറയിലും അബുഗരൈബ് ജയിലിലും അമേരിക്കന്‍ സാമ്രാജ്യത്വം നടത്തിയ മനുഷ്യത്വവിരുദ്ധ വൈകൃതങ്ങള്‍ ലോകത്തിന് ഒരിക്കലും മറക്കാനോ പൊറുക്കാനോ കഴിയാത്തതാണല്ലോ. ക്യൂബന്‍ ദ്വീപായ ഗ്വാണ്ടനാമോയിലെ തടവറയില്‍ ഇസ്ലാമിക ഭീകരരെന്ന് ആരോപിച്ച് അമേരിക്ക പിടിച്ചുകൊണ്ടുവന്നവരെ കൈകാലുകള്‍ ചങ്ങലയ്ക്കിട്ട് അതിഭീകരമായി മര്‍ദിച്ച സംഭവങ്ങള്‍ ലോകം ഇനിയും മറന്നിട്ടില്ല. അബുഗരൈബ് ജയിലില്‍ വനിതാ പട്ടാളക്കാര്‍ അടക്കമുള്ളവര്‍ തടവുകാരെ നഗ്നരാക്കി ജനനേന്ദ്രിയങ്ങളില്‍ വരെ പൈശാചികമായ പീഡനമുറകള്‍ പരീക്ഷിച്ചതും ലോകവ്യാപക പ്രതിഷേധമുയര്‍ത്തിയതാണ്. ന്യായയുക്തമായ വിചാരണ ഉറപ്പാക്കുന്ന ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്നെന്ന് ആണയിടുന്ന അമേരിക്കന്‍ ഭരണകൂടംതന്നെയാണ് ഗ്വാണ്ടനാമോയിലും അബുഗരൈബിലും അരങ്ങേറിയ ഭീകരതയ്ക്ക് തിരക്കഥ രചിച്ചതെന്ന് ഓര്‍ക്കണം. ഇറാഖിലെ സദ്ദാംഹുസൈനെയും ലിബിയന്‍ ഭരണാധികാരി മുഅമ്മര്‍ ഗദ്ദാഫിയെയും ഇരു രാജ്യത്തും കടന്നുകയറി ആക്രമിച്ച് നിഷ്ഠുരമായി കൊലപ്പെടുത്തിയതും മനുഷ്യാവകാശം പറയുന്ന അമേരിക്കയാണ് എന്നതാണ് വിരോധാഭാസം. അമൂല്യമായ എണ്ണയും പ്രകൃതിവാതക നിക്ഷേപവും കൈയടക്കാന്‍ വേണ്ടിയായിരുന്നു ഇറാഖിനെ ആക്രമിച്ചു കീഴടക്കുകയും സദ്ദാംഹുസൈനെ പരസ്യമായി തൂക്കിലേറ്റുകയും ചെയ്തത്. സദ്ദാംഹുസൈന്റെ വിചാരണപോലും പ്രഹസനമാക്കി. 42 വര്‍ഷം ലിബിയയുടെ ഭരണാധികാരിയായിരുന്ന ഗദ്ദാഫിയെ വധിച്ചതും അദ്ദേഹത്തിന്റെ മൃതദേഹത്തോടുപോലും അതിക്രൂരമായി പെരുമാറുകയും ചെയ്തത് അമേരിക്കയുടെ മനുഷ്യാവകാശലംഘനങ്ങളുടെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമായിരുന്നു. ഗദ്ദാഫിയെ വീഴ്ത്താനുള്ള ആക്രമണങ്ങള്‍ക്കിടയില്‍ ട്രിപോളിയില്‍ തടവിലാക്കപ്പെട്ടവരോടു കാട്ടിയ നീചമായ മര്‍ദനമുറകള്‍ക്കെതിരെ ആംനസ്റ്റി ഇന്റര്‍നാഷണല്‍ പ്രസ്താവനയിറക്കുകയുണ്ടായി. ലാത്തിയും ദണ്ഡുകളുംകൊണ്ട് കൈകാലുകള്‍ തല്ലിത്തകര്‍ക്കുന്നതടക്കമുള്ള പീഡനങ്ങളാണ് തടവിലാക്കപ്പെട്ടവര്‍ക്കുമേല്‍ നടത്തിയത്. കറുത്തവംശജര്‍ക്കായിരുന്നു ഏറെ പീഡനം ഏറ്റുവാങ്ങേണ്ടിവന്നത്. നാറ്റോ സൈന്യം ഛിന്നഭിന്നമാക്കിയ ഗദ്ദാഫിയുടെ മൃതദേഹം തെരുവിലൂടെ വലിച്ചിഴയ്ക്കുകയും ഇറച്ചിക്കടയില്‍ കൊണ്ടിടുകയുമൊക്കെ ചെയ്തതും ലോകം കണ്ടതാണ്. സാമ്രാജ്യത്വ കടന്നുകയറ്റങ്ങളെ പ്രതിരോധിക്കുന്ന ഇറാനെതിരായുള്ള നീക്കവും ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ഇറാനെതിരെ അണിനിരത്താനുള്ള ശ്രമവുമൊക്കെ ഇതുമായി കൂട്ടിവായിക്കേണ്ടതാണ്. സാമ്രാജ്യത്വത്തിന്റെ നീതിശാസനങ്ങള്‍ക്കെതിരായ ശബ്ദങ്ങളെ മുഴുവന്‍ ഇല്ലായ്മ ചെയ്യുകയെന്ന അമേരിക്കന്‍നയമാണ് ഈ സംഭവങ്ങളിലൂടെ തെളിയുന്നത്. കറുത്തവര്‍ഗക്കാരും ന്യൂനപക്ഷങ്ങളും അമേരിക്കയില്‍ കൊടിയ വിവേചനവും പീഡനങ്ങളും നേരിടുന്നുണ്ട്. മുസ്ലിംപേരുകാര്‍ നേരിടേണ്ടി വരുന്ന വിവേചനവും പീഡനവും ചെറുതല്ലെന്നും ഓര്‍ക്കണം. ഇന്ത്യയുടെ മുന്‍രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാമിനെ അമേരിക്കന്‍ വിമാനത്താവളത്തില്‍ വസ്ത്രം അഴിച്ച് ദേഹപരിശോധനയ്ക്ക് വിധേയനാക്കിയത് സമീപകാലത്താണ്. ഇങ്ങനെ മനുഷ്യാവകാശത്തിന്റെ അപ്പോസ്തലന്മാരായി അഭിനയിക്കുകയും തീര്‍ത്തും നഗ്നമായ മനുഷ്യാവകാശലംഘനം നയമായിത്തന്നെ പിന്തുടരുന്ന രാഷ്ട്രമാണ് അമേരിക്ക എന്നാണ് ലിവിറ്റയുടെ മരണവും ലോകത്തോടു പറയുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക