Image

ഫൊക്കാന പ്രവര്‍ത്തകര്‍ സൗഹൃദ സന്ദേശവുമായി ന്യൂയോര്‍ക്കില്‍

സുധാ കര്‍ത്താ Published on 09 May, 2016
   ഫൊക്കാന പ്രവര്‍ത്തകര്‍ സൗഹൃദ സന്ദേശവുമായി ന്യൂയോര്‍ക്കില്‍
മൂന്നു പതിറ്റാണ്ടുകളായി അമേരിക്കന്‍ പ്രവാസി മലയാളികലെ സൗഹൃദത്തിന്റെ കണ്ണികളാല്‍ ഒരുമിപ്പിച്ച ഫൊക്കാന, വരും കാലങ്ങളിലും പ്രവാസി മലയാളികളുടെ ഏകസ്വരമായി നിലനിര്‍ത്തുവാന്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്ന് യോങ്കേഴ്‌സില്‍ കൂടിയ ഒരുകൂട്ടം ഫൊക്കാന പ്രവര്‍ത്തകര്‍ പ്രതിജ്ഞയെടുത്തു.

അംഗസംഘടനകളുടെ പ്രതിനിധാനമായിരിക്കണം ഫൊക്കാന. ആശയ സംഘര്‍ഷങ്ങളുണ്ടാകാം, നേതൃമത്സരങ്ങളുമുണ്ടാകാം, ജയ തോല്‍വികളുണ്ടാകാം. എങ്കിലും അന്തിമമായി സംഘടനയുടെ സല്‍പ്പേരും സംഘടനയുടെ സുശക്തമായ കെട്ടുറപ്പുമാണ് പ്രവര്‍ത്തനങ്ങളുടെ മുഖ്യലക്ഷ്യം. വ്യക്തികള്‍ കൂടുന്നതാണ് സംഘടനയെന്നും വ്യക്തികള്‍ക്കതീതമല്ല സംഘടനാ താല്‍പര്യമെന്നും യോഗത്തില്‍ ശക്തമായ അഭിപ്രായമുയര്‍ന്നു.

ന്യൂയോര്‍ക്കില്‍ യോങ്കേഴ്‌സില്‍ കൂടിയ യോഗത്തില്‍ തലമുതിര്‍ന്ന നേതാക്കളും വിവിധ സംഘടനാ ഭാരവാഹികളും പങ്കെടുത്തിരുന്നു. ഹഡ്‌സണ്‍വാലി മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് അലക്‌സാണ്ടര്‍ പൊടിമണ്ണില്‍, കേരള കള്‍ച്ചറല്‍ അസ്സോസിയേഷന്‍ മുന്‍ പ്രസിഡന്റ് വര്‍ഗ്ഗീസ് ചുങ്കത്തില്‍, കെ.പി.ആന്‍ഡ്രൂസ്, ഇന്‍ഡ്യന്‍ മലയാളി അസ്സോസിയേഷന്‍ ഓഫ് യോങ്കേഴ്‌സ് പ്രസിഡന്റ് രാജു സക്കറിയ തുടങ്ങി ഫൊക്കാന അംഗസംഘടനകളിലെ നിരവധി പ്രതിനിധികളും പ്രവര്‍ത്തകരും പങ്കെടുത്തിരുന്നു. പുതുമ നിറഞ്ഞ പ്രകടനപത്രികയുമായി, തനതായ കര്‍മ്മപരിപാടികളുമായി, ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന തമ്പി ചാക്കോ, തന്റെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് സംസാരിച്ചു. ഫൊക്കാനയിലെ ഐക്യത്തിനും സൗഹൃദത്തിനും ഊന്നല്‍ കൊടുക്കുന്ന പ്രവര്‍ത്തനങ്ങളാണ് തമ്പി ചാക്കോ വിഭാവനം ചെയ്യുന്നതെന്ന് വിശദീകരിച്ചു. അംഗസംഘടനകള്‍ക്ക് പരസ്പരം സഹായിക്കുവാനും കൂടുതല്‍ സാഹചര്യമൊരുക്കുവാനുള്ള വേദിയുമായിരിക്കും താന്‍ വിഭാവനം ചെയ്യുന്ന 2018 ലെ കണ്‍വന്‍ഷന്‍ എന്ന് തമ്പിചാക്കോ യോഗത്തെ അറിയിച്ചു.
സംഘടനാ സ്‌നേഹികളാണ് ഫൊക്കാനയുടെ മുതല്‍കൂട്ട്. അംഗസംഘടനയുടെ ശക്തിയാണ് ഫൊക്കാനയുടെ അടിത്തറ. ദീര്‍ഘവീക്ഷണവും സംഘടനാ ശേഷിയുമുള്ള കൂട്ടായ നേതൃത്വമാണ് ഫൊക്കാനയെ ജനഹൃദയങ്ങളിലേക്ക് എന്നും ആകര്‍ഷിച്ചിട്ടുള്ളത്. ഇതെല്ലാം യോഗത്തില്‍ മുഴങ്ങിക്കേട്ട അഭിപ്രായങ്ങളാണ്.

ഒന്നിലേറെ സംഘടനയിലൂടെ വ്യക്തികള്‍ ഫൊക്കാനയിലേക്ക് പ്രതിനിധികളാകുന്നത് നല്ലതല്ല. വ്യക്തികളിലൂടെയുള്ള നേതൃത്വ കേന്ദ്രീകരണം ഫൊക്കാനയുടെ സുതാര്യതയും അഖണ്ഡതയെയും ദ്രവീകരിക്കും. ആശയദാര്‍ഢ്യവും, സമവാക്യവും, സഹിഷ്ണുതയും സംഘടനയോടുള്ള കൂറുമാണ് ഫൊക്കാനക്ക് ശക്തിയേകേണ്ടത്. കേരളത്തിന്റെ ആചാരവും, ഭാഷയും ജീവിതരീതിയുമെല്ലാം പുതുതലമുറയെ പരിചയപ്പെടുത്താനുതകുന്ന സംഘടനയായി ഫൊക്കാന വളരണം. ഇങ്ങിനെപോകുന്നു യോഗത്തില്‍ പങ്കെടുത്തവരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും.

സുനാമി ദുരന്തം തുടങ്ങി നിരവധി ഘട്ടങ്ങളില്‍ കാരുണ്യഹസ്തങ്ങളുമായി കേരള ജനതക്ക് ആശ്വാസമെത്തിച്ചത് ഫൊക്കാനയാണ്. അഴിക്കോട്, കൊല്ലം, കാഞ്ഞിരപ്പിള്ളി ഭാഗ്യങ്ങളില്‍ ഭവനം നഷ്ടപ്പെട്ടവര്‍ക്ക് ഭവനനിര്‍മ്മാണം, പരുമല കാന്‍സര്‍ സെന്ററില്‍ വാര്‍ഡ് പണിയുവാന്‍ സഹായമെത്തിക്കുക, കാല് നഷ്ടപ്പെട്ടവര്‍ക്ക് കൃത്രിമകാലിനുള്ള സഹായം നല്‍കുക, തുടങ്ങി കാരുണ്യ പ്രവര്‍ത്തന മേഖലയില്‍ ഒരു മുന്നേറ്റം തന്നെയാണ് ഫൊക്കാന കഴിഞ്ഞ കാലങ്ങളില്‍ നടത്തിയത്.

മൂന്നു ദശകക്കാലത്തെ ഫൊക്കാനയുടെ അനുഭവങ്ങളാണ് യോഗത്തില്‍ ഫൊക്കാന പ്രവര്‍ത്തകര്‍ പങ്കുവെച്ചത്. 1983 ല്‍ അന്തരിച്ച അംബാസഡര്‍ ശ്രീ നാരായണന്റെ  സാന്നിദ്ധ്യത്തില്‍ ജന്മം കൊണ്ട് ഫൊക്കാന, പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും അമേരിക്കന്‍ പ്രവാസികളുടെ ഏകസ്വരമായി മുന്നേറുവാന്‍ സാധിച്ചത് കാലാകാലങ്ങളില്‍ ഇതിന് നേതൃത്വംകൊടുത്ത ആത്മാര്‍ത്ഥതയുള്ള പ്രവര്‍ത്തകരാണ്. നാട്ടില്‍ നിന്നും കുടിയേറുന്നവര്‍ക്ക് ജോലി സാദ്ധ്യതകള്‍ അറിയുവാന്‍, തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തെ പരിചയപ്പെടുത്തുവാന്‍, പുതിയ വ്യവസായ-വാണിജ്യ സംരംഭകര്‍ക്ക്, ആശയയവിനിമയം നടത്തുവാന്‍, പുതിയ തലമുറക്ക് സൗഹൃദ ശൃംഖല ശക്തിപ്പെടുത്തുവാന്‍ തുടങ്ങി നിരവധി മേഖലയില്‍ ഫൊക്കാനയുടെ പ്രവര്‍ത്തനം വിപുലീകരിക്കേണ്ടതിന്റെ ആവശ്യം യോഗം വിലയിരുത്തി.

ഒരു വ്യക്തിയോടും ശത്രുത അരുത്, ഒരു സംഘടനയോടും അകല്‍ച്ച അരുത്. അംഗശക്തിയാണ് സംഘടനയുടെ ശക്തി. അംഗസംഘടനയുടെ ഐക്യമാണ് ഫൊക്കാനയിലെ ഐക്യം. സമചിത്തതയോടും ദീര്‍ഘ വീക്ഷണവുമായിരിക്കണം പ്രവര്‍ത്തനങ്ങളുടെ ആധാരശില. പ്രവാസി സമൂഹത്തെ കോര്‍ത്തിണക്കുന്ന സൗഹൃദത്തിന്റെ കണ്ണിയായി ഫൊക്കാന വളരണമെന്ന പ്രത്യാശയോടെ യോഗം അവസാനിച്ചു.

   ഫൊക്കാന പ്രവര്‍ത്തകര്‍ സൗഹൃദ സന്ദേശവുമായി ന്യൂയോര്‍ക്കില്‍   ഫൊക്കാന പ്രവര്‍ത്തകര്‍ സൗഹൃദ സന്ദേശവുമായി ന്യൂയോര്‍ക്കില്‍   ഫൊക്കാന പ്രവര്‍ത്തകര്‍ സൗഹൃദ സന്ദേശവുമായി ന്യൂയോര്‍ക്കില്‍   ഫൊക്കാന പ്രവര്‍ത്തകര്‍ സൗഹൃദ സന്ദേശവുമായി ന്യൂയോര്‍ക്കില്‍   ഫൊക്കാന പ്രവര്‍ത്തകര്‍ സൗഹൃദ സന്ദേശവുമായി ന്യൂയോര്‍ക്കില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക