Image

യു.എസ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ സ്റ്റേറ്റ്‌: ഇന്റേണ്‍ഷിപ്പിന്‌ അപേക്ഷ ക്ഷണിക്കുന്നു

ജോസ്‌ മാളേയ്‌ക്കല്‍ Published on 01 February, 2012
യു.എസ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ സ്റ്റേറ്റ്‌: ഇന്റേണ്‍ഷിപ്പിന്‌ അപേക്ഷ ക്ഷണിക്കുന്നു
യു. എസ്‌. ഫെഡറല്‍ ഗവണ്‍മെന്റ്‌ ഏജന്‍സിയായ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ സ്റ്റേറ്റ്‌ (DOS) സമര്‍ത്ഥരായ കോളേജ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠനത്തോടൊപ്പം അമേരിക്കന്‍ സിവില്‍ സര്‍വീസിലോ, ഫോറിന്‍ സര്‍വീസിലോ സേവനംചെയ്യുന്നതിനുള്ള സുവര്‍ണാവസരം ഒരുക്കുന്നു. INT-2012-0001 എന്ന നമ്പരായി GS-0099-04/04 ശമ്പള സ്‌കെയിലില്‍ 2012 ഫാള്‍ സ്റ്റുഡന്റ്‌ ഇന്റേണ്‍ഷിപ്പിനു പരിഗണിക്കാനായി കോളേജ്‌ വിദ്യാര്‍ത്ഥികളില്‍നിന്നും ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്‌. യു എസ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ സ്റ്റേറ്റ്‌ ഹെഡ്‌ക്വാര്‍ട്ടേഴ്‌സായ വാഷിങ്ങ്‌ടണ്‍ ഡി. സി യിലോ, ലോകത്താകമാനമുള്ള 265 ല്‍ പരം അമേരിക്കന്‍ കോണ്‍സുലേറ്റുകളിലോ, എംബസ്സികളിലോ നയതന്ത്രപ്രധാനമായ തസ്‌തികകളില്‍ ജോലിചെയ്യുന്നതിനായിട്ടാണു അമേരിക്കന്‍ വിദേശകാര്യവകുപ്പ്‌ പഠനത്തിലും, പാഠ്യേതരവിഷയങ്ങളിലും മികവു പുലര്‍ത്തുന്ന കോളേജ്‌ വിദ്യാര്‍ത്ഥികളെ അന്വേഷിക്കുന്നത്‌. യുഎസ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ സ്റ്റേറ്റിലെ വിവിധ ഓഫീസുകളില്‍ ഉന്നത ഉദ്യോഗസ്ഥരോടൊപ്പം ജോലിചെയ്‌ത്‌ അവനവന്റെ കഴിവും സാമര്‍ത്ഥ്യവും തെളിയിക്കുന്നതിനുള്ള നല്ല അവസരം. മാത്രമല്ല ചിട്ടയായ ഈ പരിശീലനത്തിലൂടെ നേതൃത്വഗുണങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനും, ഭാവിയില്‍ വിദേശത്തോ, സ്വദേശത്തോ ഒരു നല്ല തൊഴില്‍ നേടിയെടുക്കുന്നതിനും സ്റ്റുഡന്റ്‌ ഇന്റേണ്‍ഷിപ്പ്‌ സഹായിക്കും.

അപേക്ഷകനു വേണ്ട ഏറ്റവും കുറഞ്ഞയോഗ്യതകള്‍

1. യു എസ്‌ പൗരനായിരിക്കണം
2. ഒരു അംഗീകൃത കോളേജിലോ സര്‍വകലാശാലയിലോ ഫുള്‍ ടൈം സ്റ്റുഡന്റ്‌ ആയി ഡിഗ്രി പ്രോഗ്രാമിനു രെജിസ്റ്റര്‍ ചെയ്‌തിരിക്കണം
3. മികച്ച വിദ്യാഭ്യാസനിലവാരം പുലര്‍ത്തുന്നവരാകണം
4. ബാക്ക്‌ഗ്രൗണ്ട്‌ പരിശോധന വിജയകരമായി പൂര്‍ത്തിയാക്കണം

മറ്റു രാജ്യങ്ങളുമായി അമേരിക്കയെ ബന്ധപ്പെടുത്തുന്നതും, അമേരിക്കയുടെ വിദേശനയം രൂപപ്പെടുത്തുന്നതും, അതു സ്വദേശത്തും വിദേശത്തും നടപ്പിലാക്കുന്നതും സെക്രട്ടറി ഓഫ്‌ സ്റ്റേറ്റിന്റെ കീഴിലുള്ള യു എസ്‌ സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഉദ്യോഗസ്ഥരാണു. അതില്‍ സ്റ്റുഡന്റ്‌ ഇന്റേണ്‍സും ഉള്‍പ്പെടും. ബിസിനസ്‌, പബ്ലിക്‌ അഡ്‌മിനിസ്റ്റ്രേഷന്‍, സോഷ്യല്‍ വര്‍ക്ക്‌, ഇക്കണോമിക്‌സ്‌, ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ്‌, ജേര്‍ണലിസം, ബയോളജിക്കല്‍ സയന്‍സ്‌, ഫിസിക്കല്‍ ആന്റ്‌ എന്‍ജിനീയറിംഗ്‌ സയന്‍സസ്‌, തുടങ്ങിയ വിഷയങ്ങളും, വിദേശകാര്യവുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങളും ഐശ്ചികമായി തെരഞ്ഞെടുത്തു പഠിക്കുന്നവര്‍ക്കാണു മുന്‍ഗണന. ഓരോരുത്തര്‍ക്കും ലഭിക്കുന്ന തസ്‌തികയും, ജോലിചെയ്യുന്ന ഓഫീസുമനുസരിച്ച്‌ ജോലിയില്‍ വ്യത്യാസമുണ്ടാകും.

10 ആഴ്‌ച്ച നീണ്ടുനില്‍ക്കുന്ന സ്റ്റുഡന്റ്‌ ഇന്റേണ്‍ഷിപ്പ്‌ ഫാള്‍ ബാച്ചില്‍ ചേരണമെങ്കില്‍ 2012 മാര്‍ച്ച്‌ 2 നു മുമ്പു അപേക്ഷ സമര്‍പ്പിച്ചിരിക്കണം. ആഴ്‌ച്ചയില്‍ 40 മണിക്കൂര്‍ വച്ച്‌ 10 ആഴ്‌ച്ച നീണ്ടുനില്‍ക്കുന്ന ഇത്‌ ഒരു ഫുള്‍ടൈം പ്രോഗ്രാം ആണ്‌. നിയമനം ശമ്പളത്തോടുകൂടിയോ അല്ലാതെയോ ആകാം. അപേക്ഷകന്റെ വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം, ഫണ്ടിന്റെ ലഭ്യത എന്നിവയെ അടിസ്ഥാനമാക്കി നാലു മുതല്‍ ഏഴുവരെയുള്ള ഏതെങ്കിലും ജി എസ്‌ സ്‌കെയിലില്‍ നിയമിക്കാം. നിയമനം 90 ദിവസത്തിനുമുകളിലാണെങ്കില്‍ രണ്ടാഴ്‌ച്ചയിലെ ഒരു പേ പീരിയഡില്‍ നാലുമണിക്കൂര്‍ വീതം ആനുവല്‍ ലീവും, സിക്ക്‌ ലീവും ലഭിക്കും. കൂടാതെ ശമ്പളത്തോടുകൂടിയുള്ള ഫെഡറല്‍ അവധിദിനങ്ങളും, സോഷ്യല്‍ സെക}രിറ്റി കോണ്‍ട്രിബ}ഷനും കിട്ടും.

ഓണ്‍ലൈനില്‍ മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളു. http://careers.state.gov/students/programs.html#SIP എന്ന വെബ്‌സൈറ്റില്‍ പോയി gateway to state എന്ന ബട്ടണില്‍ ക്ലിക്കു ചെയ്‌ത്‌ അതില്‍ പറഞ്ഞിരിക്കുന്ന പ്രകാരം അപേക്ഷ പൂരിപ്പിക്കുക. ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം ട്രാന്‍സ്‌ക്രിപ്‌റ്റ്‌, ഇന്റേണ്‍ഷിപ്പിലുള്ള താല്‍പര്യം പ്രകടമാക്കുന്ന ഒരു പേജില്‍ കവിയാത്ത ഉപന്യാസം എന്നിവകൂടി ഉള്‍പ്പെടുത്തിയിരിക്കണം. പെയ്‌ഡ്‌ ഇന്റേണ്‍ഷിപ്പിനു താല്‍പര്യപ്പെടുന്നവര്‍ സ്റ്റുഡന്റ്‌ എയ്‌ഡ്‌ റിപ്പോര്‍ട്ട്‌ (എസ്‌. എ. ആര്‍) കൂടി ഓണ്‍ലൈനില്‍ അപ്‌ലോഡ്‌ ചെയ്‌തിരിക്കണം. വിശദവിവരങ്ങള്‍ മുകളില്‍ പറഞ്ഞ വെബ്‌സൈറ്റില്‍ നിന്നോ, സ്റ്റുഡന്റ്‌ പ്രോഗ്രാം ഓഫീസിലെ 202 261 8888 എന്ന നമ്പരില്‍ നിന്നോ അറിയാം.
യു.എസ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ സ്റ്റേറ്റ്‌: ഇന്റേണ്‍ഷിപ്പിന്‌ അപേക്ഷ ക്ഷണിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക