Image

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ വി. സെബസ്‌ത്യാനോസിന്റെ തിരുനാള്‍ ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 01 February, 2012
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ വി. സെബസ്‌ത്യാനോസിന്റെ തിരുനാള്‍ ആഘോഷിച്ചു
ഷിക്കാഗോ: `വിശ്വാസം ത്യജിക്കുന്നതിനേക്കാള്‍ ഉത്തമം ധീരമായി മരണം വരിക്കുന്നതാണ്‌ ഉത്തമം' എന്ന്‌ പ്രഖ്യാപിച്ചുകൊണ്ട്‌ ക്രിസ്‌തുനാഥനുവേണ്ടി വീര രക്ഷസാക്ഷിത്വം വരിച്ച വി. സെബസ്‌ത്യാനോസ്‌ സഹദായുടെ തിരുനാള്‍ പരമ്പരാഗതമായ കേരളത്തനിമയില്‍, ഭക്തിനിര്‍ഭരമായ കര്‍മ്മാദികളോടെ പ്രൗഢഗംഭീരമായി ബല്‍വുഡ്‌ മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രലില്‍ ആഘോഷിച്ചു.

ജനുവരി 29-ന്‌ ഞായറാഴ്‌ച രാവിലെ 11 മണിക്ക്‌ നടന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയില്‍ വികാരി ഫാ ജോയി ആലപ്പാട്ട്‌ മുഖ്യകാര്‍മികത്വം വഹിക്കുകയും, തിരുനാള്‍ സന്ദേശം നല്‍കുകയും ചെയ്‌തു. ഡെയക്ലീഷന്‍ ചക്രവര്‍ത്തിയുടെ ക്രൂരമായ ക്രൈസ്‌തവ മത പീഢനകാലത്ത്‌ എല്ലാ പ്രതിസന്ധികളേയും ധീരമായി നേരിട്ടുകൊണ്ട്‌ ക്രിസ്‌തുവിന്റെ സഭയ്‌ക്കുവേണ്ടി ധീര രക്തസാക്ഷിത്വം വരിച്ച വി. സെബസ്‌ത്യാനോസിന്റെ വീരോചിതമായ ജീവിതമാതൃകയും, വിശ്വാസ തീക്ഷണതയും ഏവര്‍ക്കും മാതൃകയാണകമെന്ന്‌ ജോയി അച്ചന്‍ തന്റെ തിരുനാള്‍ സന്ദേശത്തില്‍ വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു.

ദിവ്യബലിക്കുശേഷം ലദീഞ്ഞും, തുടര്‍ന്ന്‌ മുത്തുക്കുടകളുടെ അകമ്പടിയോടെ വിശുദ്ധന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ട്‌ ഭക്തിനിര്‍ഭരമായ പ്രദക്ഷിണം നടത്തപ്പെട്ടു. തുടര്‍ന്ന്‌ ആയിരക്കണക്കിന്‌ വിശ്വാസികള്‍ പരമ്പരാഗത രീതിയില്‍ കഴുന്നെടുക്കുകയും (അമ്പ്‌) നേര്‍ച്ചകാഴ്‌ച സമര്‍പ്പണം നടത്തുകയും ചെയ്‌തു.

ഇടവകയിലെ അതിരമ്പുഴ നിവാസികളാണ്‌ തിരുനാള്‍ ഏറ്റെടുത്ത്‌ നടത്തിയത്‌. അവരുടെ നേതൃത്വത്തില്‍ ആയിരക്കണക്കിന്‌ വന്ന വിശ്വാസികള്‍ക്ക്‌ സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു.

കുഞ്ഞുമോന്‍ ഇല്ലിക്കലിന്റെ നേതൃത്വത്തില്‍ കത്തീഡ്രല്‍ ഗായകസംഘം ആലപിച്ച ഭക്തിനിര്‍ഭരമായ ഗാനങ്ങള്‍ കര്‍മ്മാദികള്‍ ഭക്തിസാന്ദ്രമാക്കി.

വികാരി ഫാ. ജോയി ആലപ്പാട്ട്‌, അസിസ്റ്റന്റ്‌ വികാരി ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി എന്നിവരുടെ നേതൃത്വത്തില്‍ കൈക്കാരന്മാരായ റോയി തച്ചില്‍. ജോമോന്‍ ചിറയില്‍, ഫെബിന്‍ മുത്തേരില്‍, ജിബു ജോസഫ്‌, ലിറ്റര്‍ജി കോര്‍ഡിനേറ്റേഴ്‌സായ ജോസുകുട്ടി നടയ്‌ക്കപ്പാടം, ജോണ്‍ വര്‍ഗീസ്‌ തയ്യില്‍പീഡിക, ചെറിയാന്‍ കിഴക്കേഭാഗം, പാരീഷ്‌ കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ തിരുനാളിന്റെ വിജയത്തിനുവേണ്ടി പ്രവര്‍ത്തിച്ചു.
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ വി. സെബസ്‌ത്യാനോസിന്റെ തിരുനാള്‍ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക