Image

മയാമി ­സഞ്ചാരികളുടെ പറുദീസ (മയാമി കാഴ്ച്ചകള്‍: വിനോദ് കൊണ്ടൂര്‍ ഡേവിഡ്)

Published on 17 May, 2016
മയാമി ­സഞ്ചാരികളുടെ പറുദീസ (മയാമി കാഴ്ച്ചകള്‍: വിനോദ് കൊണ്ടൂര്‍ ഡേവിഡ്)
ഫ്‌ലോറിഡ: ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നും അമേരിക്കയിലെത്തിയതിന് ശേഷം വളരെ നാളത്തെ ആഗ്രഹമായിരുന്നു സഞ്ചാരികളുടെ പറുദീസയായ മയാമി സന്ദര്‍ശിക്കുകയെന്ന്. അങ്ങിനെ ചിന്തിച്ചിരിക്കുമ്പോഴാണ് ഫോമാ കണ്‍വന്‍ഷന്‍ മയാമിയിലെ ഡ്യൂവില്ല് ബീച്ച് റിസോര്‍ട്ടില്‍ വച്ചു നടത്തുവാന്‍ തീരുമാനിച്ച കാര്യം അറിയുന്നത്. പഴമക്കാര്‍ പറയും പോലെ, അച്ഛന്‍ ഇച്ചിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും പാല്‍. പിന്നെ ഒട്ടും ചിന്തിച്ചല്ല, മയാമിക്ക് വച്ച് പിടിക്കാമെന്നു തീരുമാനിച്ചു. കൂട്ടത്തില്‍ ഒരു കാര്യം കൂടി തീരുമാനിച്ചു, മയാമി ശരിക്കൊന്നു കണ്ടു കളയാമെന്ന് (അങ്കവും കാണാം, താളിയും ഒടിക്കാം).

ഒട്ടും താമസിയാതെ ഞാന്‍ ഗൂഗിള്‍ ഭഗവാനെ ശരണം പ്രാപിച്ചു. എന്തൊക്കെയാണ് മയാമിയില്‍ കാണാനുള്ളത് എന്ന് ശരിക്കൊന്നു സേര്‍ച്ച് ചെയ്തു. മയാമിയില്‍ സഞ്ചാരികള്‍ക്കു പ്രീയപ്പെട്ട പത്തു കാര്യങ്ങളില്‍ എന്നെ ആകര്‍ഷിച്ചത് എയര്‍ ബോട്ട് റൈഡായിരുന്നു. കൂറ്റന്‍ ഫാനുകളുടെ സഹായത്തോടെ ചതുപ്പുനിലങ്ങളുടെയും തടാകങ്ങളുടെയും മുകളിലൂടെ ചീറിപ്പാഞ്ഞു പോകുന്ന തരം ബോട്ടാണ് എയര്‍ ബോട്ട്. പല പ്രശസ്ത ഇംഗ്ലീഷ് ചിത്രങ്ങളിലും എയര്‍ ബോട്ടുകള്‍ ഒരു പക്ഷെ നമ്മള്‍ കണ്ടിട്ടുണ്ടാകും. എയര്‍ ബോട്ട് റൈഡിനെ കുറിച്ചു കൂടുതല്‍ പഠിച്ചപ്പോള്‍, എന്നും സാഹസികത ഇഷ്ടപ്പെടുന്ന, എന്തും ഒരിക്കല്‍ പരീക്ഷിക്കുന്ന മലയാളിയുടെ സാഹസിക എന്നില്‍ നിറഞ്ഞു. ഇതിന്റെ വേഗതയാണ് മറ്റൊരു പ്രത്യേകത. ഏകദേശം മണിക്കൂറില്‍ 150 മൈലുകള്‍ (241 കി.മി.) താണ്ടും എയര്‍ ബോട്ട്.

ഫ്‌ലോറിഡയിലെ പ്രശസ്തമായ എവര്‍ഗ്ലേഡ് നാഷണല്‍ പാര്‍ക്കിലൂടെയാണ്, ഈ എയര്‍ ബോട്ട് യാത്ര. ചതുപ്പു നിലങ്ങളിലൂടെയും, ബീച്ചുകളുടെ അരികിലൂടെയും കാനന ഭംഗി ആസ്വദിച്ചുള്ള ഈ യാത്ര ഒരിക്കലും മറക്കാനാവാത്ത ഒന്നായിരിക്കുമെന്നതില്‍ ഒരു സംശയവുമില്ല. വായും തുറന്നു തീരത്തു വിശ്രമിക്കുന്ന മുതല കൂട്ടങ്ങള്‍, കിളികളുടെ കളകളാരവം, കണ്ടല്‍ വനങ്ങള്‍ തുടങ്ങി പ്രകൃതിയോട് ചേര്‍ന്ന് കുറച്ചു സമയങ്ങള്‍. മുതലക്കുഞ്ഞുങ്ങളെ കുറിച്ചു പറഞ്ഞപ്പോഴാണ്, എന്റെ ഒരു സുഹൃത്ത് നടന്‍ ജോസ് പ്രകാശിന്റെ വലിയ ആരാധകനായിരുന്നു. അദ്ദേഹത്തിന്റെ പ്രശസ്തമായ ഡയലോഗ് "ഇവരെ നമ്മുടെ മുതലക്കുളം കാണിക്കു."

എന്തൊക്കെയായാലും ഈ വേനല്‍ക്കാലത്ത് ഫ്‌ലോറിഡ എയര്‍ ബോട്ട് റൈഡിന് പോയിട്ടെ ബാക്കി കാര്യമുള്ളു.

വിത്യസ്തങ്ങളായ മയാമി കാഴ്ച്ചകളും വിശേഷങ്ങളുമായി ഇനിയും നിങ്ങളുടെ മുന്നില്‍ ഞങ്ങള്‍ എത്തും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക