Image

രമേശ്‌ ചെന്നിത്തല നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന ആസ്ഥാനം സന്ദര്‍ശിച്ചു

ബാബു പാറയ്‌ക്കല്‍ Published on 18 June, 2011
രമേശ്‌ ചെന്നിത്തല നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന ആസ്ഥാനം സന്ദര്‍ശിച്ചു
ന്യൂയോര്‍ക്ക്‌: കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല ന്യൂയോര്‍ക്കിലെ മട്ടണ്‍ടൗണിലുള്ള മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന ആസ്ഥാനം സന്ദര്‍ശിക്കുകയും, ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സക്കറിയാ മാര്‍ നിക്കളാവോസുമായി ചര്‍ച്ച നടത്തുകയും ചെയ്‌തു. തെരഞ്ഞെടുപ്പ്‌ സമയത്ത്‌ ഓര്‍ത്തഡോക്‌സ്‌ സഭാ നേതൃത്വത്തിന്‌ യു.ഡി.എഫിനോടുണ്ടായ `പിണക്കം' വ്യക്തിപരമായി തന്നെ വിഷമിപ്പിച്ചതായി രമേശ്‌ പറഞ്ഞു. കോണ്‍ഗ്രസ്‌ എന്നും സഭയോട്‌ ഊഷ്‌മളമായ ബന്ധം പുലര്‍ത്തിയിരുന്നതായും, ഭാവിയില്‍ കൂടുതല്‍ സൗഹൃദ സംഭാഷണങ്ങള്‍ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. സഭയിലെ പല നേതാക്കന്മാരോടും തനിക്ക്‌ നല്ല വ്യക്തിബന്ധമാണുള്ളതെന്നകാര്യം അദ്ദേഹം അനുസ്‌മരിച്ചു. ഓര്‍ത്തഡോക്‌സ്‌ സഭാ വിശ്വാസികള്‍ പലയിടത്തും തെരഞ്ഞെടുപ്പില്‍ വോട്ട്‌ ചെയ്യാന്‍ പോയില്ലെന്ന കാര്യം താന്‍ മനസ്സിലാക്കിയിട്ടുണ്ടെന്നും രമേശ്‌ കൂട്ടിച്ചേര്‍ത്തു.

വോട്ട്‌ ചെയ്യാന്‍ പോകാതിരുന്ന വിശ്വാസികള്‍ മറുപക്ഷത്തിന്‌ വോട്ട്‌ ചെയ്യാതിരുന്നത്‌ കോണ്‍ഗ്രസിനോടുള്ള സ്‌നേഹംകൊണ്ടാണെന്ന്‌ നര്‍മ്മരൂപേണ പറഞ്ഞ മെത്രാപ്പോലീത്ത തെരഞ്ഞെടുപ്പ്‌ സമയത്ത്‌ സഭയോടുള്ള യു.ഡി.എഫ്‌ സമീപനം പുന:പരിശോധിക്കേണ്ടതായിരുന്നെന്ന്‌ ചൂണ്ടിക്കാട്ടി.

പ്രകൃതി രമണീയമായ മട്ടണ്‍ടൗണിലെ ആസ്ഥാന സമുച്ചയത്തിന്റെ ശാന്തമായ അന്തരീക്ഷം ആരേയും ആകര്‍ഷിക്കുന്നതാണെന്ന്‌ രമേശ്‌ അഭിപ്രായപ്പെട്ടു. ഭദ്രാസന ചാന്‍സലര്‍ റവ.ഫാ. തോമസ്‌ പോള്‍, മുന്‍ ഫൊക്കാന പ്രസിഡന്റും, ഇന്ത്യന്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റും, ഭദ്രാസന കൗണ്‍സില്‍ മെമ്പറുമായ പോള്‍ കറുകപ്പള്ളി, ഭദ്രാസന ട്രസ്റ്റി റോയി എണ്ണച്ചേരില്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കുകൊണ്ടു.
രമേശ്‌ ചെന്നിത്തല നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന ആസ്ഥാനം സന്ദര്‍ശിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക