Image

പ്രശ്‌നങ്ങളുടെ തേരോട്ടം (വാസുദേവ് പുളിക്കല്‍)

വാസുദേവ് പുളിക്കല്‍ Published on 22 May, 2016
പ്രശ്‌നങ്ങളുടെ തേരോട്ടം (വാസുദേവ് പുളിക്കല്‍)

കേരളത്തിലുടനീളം വേനല്‍ ചൂടിനേക്കാള്‍ പൊള്ളിക്കുന്ന പ്രശ്‌നങ്ങളുടെ കോലാഹലമാണ്. എവിടെ നോക്കിയാലും മനസ്സിനെ അസ്വസ്ഥമാക്കുന്ന സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍...ക്ഷേത്രപ്രശ്‌നം, സ്ത്രീപീഡനപ്രശ്‌നം, രാഷ്ട്രീയ പ്രശ്‌നം - ഇങ്ങനെ പോകുന്നു പ്രശ്‌നങ്ങളുടെ പട്ടിക. 

ഗുരുതരമായ ഈ പ്രശ്‌നങ്ങളുടെ നേരെ ഉണരരുത്, ഇനി ഉറങ്ങിടേണം എന്ന് പറഞ്ഞ് ചിലര്‍ കണ്ണടയ്ക്കുമ്പോള്‍ മറ്റു ചിലര്‍ ഉണര്‍ന്ന് ചിന്ത ചെയ്യുകയും ഉറ്റുപാര്‍ത്തു നില്ക്കുകയും ചെയ്യുന്നു.

 ക്രിയാത്മകമായി ചിന്തിക്കുന്നവര്‍ പ്രശ്‌നങ്ങള്‍ക്ക് അവയുടെ മൂലകാരണം മനസ്സിലാക്കി പരിഹാരം കണ്ടെത്താന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുമ്പോള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ ഉറ്റുപാര്‍ത്തു നിന്ന് പ്രശ്‌നങ്ങളെ സ്വന്തം നേട്ടങ്ങള്‍ക്കുവേണ്ടി രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നു. 

രാഷ്ട്രീയക്കാരുടെ ഇടപെടല്‍ ജനങ്ങളില്‍ ചിന്താകുഴപ്പങ്ങളുണ്ടാക്കി സമൂഹത്തില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നു എന്നല്ലാതെ ജനങ്ങള്‍ക്ക് യാതൊരു ഗുണവും ചെയ്യുന്നില്ല. 

ജിഷവധക്കേസിനോടനുബന്ധിച്ച് ഇടതുപക്ഷം നടത്തിയ രാപ്പകല്‍ പ്രതിഷേധസമരത്തിന്റെ ഉദ്ദേശ്യവും, പശുമാംസം ഭക്ഷിച്ചതിന്റെ പേരില്‍ യു.പിയിലും ഹരിയാനയിലും നടന്ന കൊലപാതകങ്ങള്‍ക്ക് നേരെ കണ്ണടച്ച മോദിക്ക് ധാര്‍മ്മികതയില്ലെന്നും ജിഷ വധക്കേസില്‍ മോദി പ്രകടിപ്പിച്ച ആകാംക്ഷ തികച്ചും രാഷ്ട്രീയപരമെന്നും മനസ്സിലാക്കാന്‍ സാമാന്യബുദ്ധി മതി. 

സമുദായത്തിന്റെ പുരോഗതി ലക്ഷ്യമാക്കി പ്രവര്‍ത്തിക്കേണ്ട സമുദായ നേതാക്കന്മാര്‍ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ മുന്‍നിര്‍ത്തി രാഷ്ട്രീയ പാര്‍ട്ടികളുടെ പടിവാതിലുകള്‍ മാറി മാറി മുട്ടി തിരിഞ്ഞു മറിയുമ്പോള്‍ അവര്‍ ഇതുവരെ നേടിയെടുത്ത ജസമ്മതിയും സ്‌നേഹവും ബഹുമാനവും ഒക്കെ നഷ്ടപ്പെടുന്നത് വീണ്ടെടുക്കാനുള്ള ശക്തി പകരാന്‍ ആത്മാര്‍ത്ഥതയില്ലാത്ത വാക്കുകള്‍ക്ക് സാധിക്കുകയില്ല.

 അഭിമുഖീകരിക്കുന്നത് പ്രബുദ്ധരായ ജനസമൂഹത്തേയാണന്നോര്‍ക്കണം. ഇവിടെയും ചോദ്യം ചെയ്യപ്പെടുന്നത് നേതാക്കന്മാരുടെ ധാര്‍മ്മികതയാണ്.

അടുത്തസമയത്ത് കേരളീയ ജനതയെ ഭയവിഹ്വലമാക്കിയ സംഭവമാണ് പരവൂര്‍ (കൊല്ലം) ദേവിക്ഷേത്രത്തിലെ ഉത്സവത്തിന് നടന്ന വെടിക്കെട്ടപകടം. ഉത്സവത്തിന് ജീവശ്വാസം നല്കുന്ന ഘടകങ്ങളില്‍ ചിലതാണ് കരിയും കരിമരുന്നും.

ആറാട്ടിന് ആനകളെ എഴുന്നെള്ളിച്ചില്ലെങ്കില്‍, അത് ശുഷ്‌കമാകും. 

അതേപോലെ ശീവേലിയും കരിമരുന്നുമില്ലെങ്കില്‍ തൃശൂരിന്റെ ജീവനാഡിയായ തൃശൂര്‍പൂരം പൂര്‍ണമാകില്ല എന്ന് വാദിക്കുന്ന ഇതരമതസ്ഥരുമുണ്ട്. 

വെട്ടിത്തിളങ്ങുന്ന സ്വര്‍ണ്ണവര്‍ണ്ണ നെറ്റിപ്പട്ടം കെട്ടി എഴുന്നെള്ളിക്കുന്ന ഗജവീരന്മാരുടെ തലയെടുപ്പു കാണുന്നതും, ഹൃദയം ത്രസിപ്പിക്കുന്ന പഞ്ചവാദ്യങ്ങള്‍ കേള്‍ക്കുന്നതും ഭക്തജനങ്ങള്‍ക്ക് നല്‍കുന്ന ആനന്ദനിര്‍വൃതി ഒന്നു വേറെയാണ്.

ചെണ്ടമേളങ്ങളുടെ താളക്കൊഴുപ്പിലും ഭക്തിയുടെ ലഹരിയിലും ലയിച്ചു നില്‍ക്കുമ്പോഴായിരിക്കും ചിലപ്പോള്‍ ആന ഇടഞ്ഞ് ജനങ്ങളെ ഉപദ്രവിക്കുന്നത്. 

ആന ഇടഞ്ഞേ എന്ന് ഉച്ചത്തില്‍ വിളിച്ചു കൂവിക്കൊണ്ട് ജനങ്ങള്‍ പരക്കം പായുമ്പോള്‍ സ്വാഭാവികമായും അപകടങ്ങള്‍ സംഭവിക്കാം. 

ആന ഉപദ്രവിക്കുന്നതില്‍ ഒന്നാമന്‍ പാപ്പാനായിരിക്കും. അത് ഒരു തരം പ്രതികാരമാണ്. അതുവരെ പാപ്പാനില്‍ നിന്ന് ആന അനുഭവിച്ച നിര്‍ദ്ദയമായ പീഡനത്തിന്റെ പ്രതികാരം. 

വേണ്ടത്ര ആഹാരം പോലും കൊടുക്കാതെ ആനയുടെ ആഹാരത്തിന് ഉപയോഗിക്കേണ്ട പണം കൊണ്ട് മദ്യപിച്ച് ആനയെ ചൂരല്‍ കൊണ്ടടിച്ചും കൂര്‍ത്ത ആണി ഘടിപ്പിച്ച തോട്ടികൊണ്ട് കുത്തിയും കഠിനമായി ജോലി ചെയ്യിപ്പിക്കുന്ന പാപ്പാനോട് ആനയ്ക്ക് പ്രതികാരം തോന്നുക സ്വാഭാവികം. 

അടുത്ത ഉത്സവ സമയമാകുമ്പോഴേക്കും കഴിഞ്ഞ ഉത്സവത്തിന് ആന ഇടഞ്ഞതും മറ്റും ഉത്സവം കൊണ്ടാടാനുള്ള ഉത്സാഹത്തിമിര്‍പ്പില്‍ ജനങ്ങള്‍ മറക്കും. 

ഉത്സവപ്പറമ്പില്‍ ജനം തടിച്ചു കൂടും. ഭക്തി സാന്ദ്രതയേക്കാള്‍ അവിടെഉയര്‍ന്നു നില്‍ക്കുന്നത് ആഹ്ലാദത്തിന്റെ പൊന്നലകളാണ്. 

അന്തരീക്ഷം ശബ്ദമുഖരിതമാക്കുന്ന വെടിക്കെട്ടില്‍ പൊട്ടിത്തെറിക്കുന്ന വാണം ആകാശത്തില്‍ മനോഹരമായ വര്‍ണ്ണചിത്രങ്ങള്‍ വിരിയിക്കുന്നതും കമ്പിത്തിരിയും മത്താപ്പൂവും പൂക്കുറ്റിയും സൃഷ്ടിക്കുന്ന വര്‍ണ്ണാഭയും നയനാനന്ദകരമാണ്. വെടിക്കെട്ടില്‍ മതിമറന്ന് നില്‍ക്കുന്ന ജനങ്ങള്‍ അപകടങ്ങളെപ്പറ്റി ചിന്തിക്കാറില്ല.

ചില ക്ഷേത്രങ്ങളില്‍ വെടി ഒരു വഴിപാടാണ്. വഴിപാട് എന്നതിന് ഉപരിയായി വെടിശബ്ദം തുടര്‍ച്ചയായി കേള്‍ക്കുമ്പോഴുള്ള ആനന്ദത്തിനുവേണ്ടി നൂറു കണക്കിന് വെടിവയ്പിക്കുന്നവരുണ്ട്. 

ക്ഷേത്രങ്ങളില്‍ വെടിവഴിപാടിന് കോണ്‍ട്രാക്ട് എടുക്കുന്നവര്‍ക്ക് ഒരു സൂത്രമുണ്ട്. അവര്‍ പറയുന്നത്ര വെടിവയ്ക്കാറില്ല. സംശയം തോന്നി ചോദിച്ചാല്‍ അതെല്ലാം പൊട്ടിപ്പോയല്ലോ എന്നായിരിക്കും മറുപടി. ദേവിക്ക് മുന്നില്‍ മുറുക്കാന്‍ വഴിപാടായി വയ്ക്കുന്ന ക്ഷേത്രങ്ങളുണ്ട്.

 പരിസരത്തുള്ള കച്ചവടക്കാരില്‍ നിന്ന് വാങ്ങി ദേവിയുടെ മുന്നില്‍ വയ്ക്കുന്ന മുറുക്കാന്‍ എടുത്തുമാറ്റി ചവറ്റുകൊട്ടയില്‍ കളയുന്നതിനുപകരം കച്ചവടക്കാരനത് കൗണ്ടറില്‍ വരുത്തി വീണ്ടും വില്ക്കുന്നു.

 ഒരുതരം ചൂഷണം ഇത്തരം ചൂഷണം ക്ഷേത്രങ്ങളില്‍ വന്‍തുക ചിലവഴിച്ച് നടത്തുന്ന വെടിക്കെട്ടിലുമുണ്ട്. ആരാണ് ഇവിടത്തെ ചൂഷകര്‍? ക്ഷേത്രകമ്മിറ്റിക്കാരോ, അതോ വെടിക്കെട്ടുകാരോ? പരവൂര്‍ (കൊല്ലം) ദേവിക്ഷേത്രത്തില്‍ നടന്ന വെടിക്കെട്ട് ദുരന്തം ജനങ്ങളെ പിടിച്ചുകുലുക്കി എന്നു മാത്രമല്ല അത് പല ദുരൂഹതകള്‍ക്കും വഴിയൊരുക്കി. 

അവിടെ ആന ഇടഞ്ഞില്ലെങ്കിലും തിടമ്പുമായി ആനപ്പുറത്ത് കയറിയ ആള്‍ ആനപ്പുറത്തു നിന്നു തെന്നി തിടമ്പുമായി താഴെ വീണു. വിശ്വാസികള്‍ക്ക് അതൊരു ദുശ്ശകുനമാണ്.

ഈ വാര്‍ത്ത ഫേസ്ബുക്കില്‍ വായിച്ചപ്പോള്‍ എന്തുകൊണ്ട് ഭാരവാഹികള്‍ ഉത്സവം നിര്‍ത്തിവച്ചില്ല എന്ന് ചിലര്‍ക്ക് മനസ്സില്‍ തോന്നിക്കാണും. 

ഉത്സവം നിര്‍ത്തിവയ്ക്കുന്നു എന്ന പ്രഖ്യാപനം ജനങ്ങളില്‍ ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതം തള്ളിക്കളയാനാവില്ല. അതിനെ അന്ധവിശ്വാസമെന്ന് വ്യാഖ്യാനിച്ചെന്നും വരും. 

അനിഷ്ടസംഭവം നടന്നു കഴിഞ്ഞപ്പോള്‍ അത് ദേവികോപമാണെന്ന് വിശ്വാസികള്‍ വിലയിരുത്തി. 

വെടിക്കെട്ട് ക്ഷേത്രാചാരങ്ങളില്‍ ഉള്‍പ്പെടുന്നതല്ല എന്ന് തന്ത്രികളും മറ്റും ആധികാരികമായി അഭിപ്രായം പ്രകടിപ്പിച്ചുവെങ്കിലും രാഷ്ട്രീയ നേതാക്കന്മാരുടെയും സാമൂഹ്യപ്രവര്‍ത്തകരുടെയും മതനേതാക്കന്മാരുടെയും ഇടപെടല്‍ കരിയും കരിമരുന്നും പൂര്‍ണ്ണമായും വേണ്ടെന്ന് വെയ്‌ക്കേണ്ടതില്ല എന്ന തീരുമാനത്തിലെത്തിച്ചു. 

പടക്കപ്പുരയ്ക്ക് സമീപം വെടിക്കെട്ട് അപകടങ്ങള്‍ ഉണ്ടാകുന്നതും പൊറുക്കാനാവില്ല. എന്നാല്‍ പോലീസ് അന്വേഷണവും അറസ്റ്റും ദുരൂഹത ജനിപ്പിക്കുന്നു. 

ക്ഷേത്രഭാരവാഹികള്‍ നിഗൂഢപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നോ? അവിടെ ഭീകരസംഘത്തിന്റെ നുഴഞ്ഞുകയറ്റം ഉണ്ടായോ? അപകടം യാദൃഛികമായിരുന്നുവെങ്കില്‍ ആരെയും അറസ്റ്റ് ചെയ്യുകയോ പോലിസ് ഊര്‍ജ്ജിതമായി അന്വേഷിക്കുകയോ ചെയ്യേണ്ടിയിരുന്നില്ലല്ലോ.

കരിയും കരിമരുന്നുമില്ലെങ്കിലും ഉത്സവം നടത്താമെന്നും അങ്ങനെ ഉത്സവ നടത്തിപ്പിന്റെ ചിലവ് കുറക്കാമെന്നും പറഞ്ഞ ആചാര്യനെ സ്മരിക്കുന്നവരുണ്ട്. 

കായലില്‍ കെട്ടുവള്ളത്തില്‍ ഉല്ലാസയാത്ര നടത്തുമ്പോഴും നോര്‍വീജിയന്‍ ക്രൂസിലും മറ്റും ലോകം ചുറ്റിക്കറങ്ങുമ്പോഴും അപകടസാധ്യതയും പണച്ചിലവുമുണ്ട്. എന്നു കരുതി ജനങ്ങള്‍ അവരുടെ ഇഷ്ടം വേണ്ടെന്നുവയ്ക്കുന്നില്ല. മനസ്സിന്റെ പിരിമുറുക്കത്തിന് അയവു വരുത്തുന്ന വിനോദസഞ്ചാരം ജനങ്ങള്‍ക്ക് പ്രിയമാണ്. 

ഈ ആചാര്യന്‍ തന്നെ മദ്യം വിഷമാണ്, മദ്യം ഉല്പ്പാദിപ്പിക്കരുത്, കുടിക്കരുത് എന്നൊക്കെ ഉപദേശിച്ചിട്ടുണ്ട്. ആചാര്യന്റെ ഉപദേശകസരണിയിലൂടെ സഞ്ചരിച്ച് ആദര്‍ശപരമായ ജീവിതം നയിക്കുന്ന കുറെ പേര്‍ കാണുമായിരിക്കും. 

എന്നാല്‍ ഭൂരിപക്ഷം പേര്‍ക്കും ആ വചനങ്ങള്‍ ഉല്‍ക്കൊള്ളാന്‍ കഴിയുന്നില്ല. ഈ ആചാര്യന്റെ പേരിലുള്ള സംഘടനയുടെ സാരഥിയായിരുന്ന് മദ്യകച്ചവടം നടത്തി പണം സമാഹരിച്ചിട്ടുള്ളത് ന്യായീകരിക്കാന്‍ വ്യവസായം ചെയ്ത് ഭൗതിക ജീവിതം സമ്പദ്‌സമൃദ്ധമാക്കണമെന്ന ഗുരുവചനം യുക്തിപൂര്‍വ്വം ഉയര്‍ത്തിക്കാണിക്കുന്നു. 

ലോകത്തില്‍ വ്യാപകമായിട്ടുള്ള ഒന്നാണ് മദ്യവ്യവസായം. ഉപഭോക്താക്കളാണ് മദ്യത്തിന്റെ ഗുണദോഷങ്ങള്‍ വേര്‍തിരിച്ചെടുത്ത് അതിന്റെ ഉപയോഗത്തില്‍ നിയന്ത്രണം വരുത്തേണ്ടത്. 

മദ്യം മസ്തിഷ്‌കത്തിന്റെ സെല്ലുകള്‍ നശിപ്പിക്കുന്നു എന്ന് പറയുമ്പോള്‍ തന്നെ ഹൃദ്രോഗികള്‍ക്ക് കുറഞ്ഞ തോതിലുള്ള മദ്യപാനം ഗുണം ചെയ്യുമെന്ന് കണ്ടെത്തിയിട്ടുണ്ട്. 

മദ്യപാനത്തിന് അടിമയാകുന്നതാണ് പ്രശ്‌നം. അതേപോലെ, അപകടകരമാണ് ഗാബ്‌ളിംഗിന് അടിമയാകുന്നത്. മൊത്തം ജനസംഖ്യയുടെ ഒരു ചെറിയ ശതമാനം മാത്രമാണ് ഇങ്ങനെ അടിമകളാകുന്നത്.

അങ്ങനെയുള്ളവരെ ചികിത്സയ്ക്ക് വിധേയരാക്കി ഒരു മാനസിക പരിവര്‍ത്തനത്തിന് വഴിയൊരുക്കുകയാണ് വേണ്ടത്. അല്ലാതെ വ്യവസായം വേണ്ടെന്ന് വയ്ക്കുകയല്ല. ലോട്ടറി ടിക്കറ്റുകള്‍ വിറ്റുകിട്ടുന്ന വരുമാനം കൊണ്ട് കുടുംബം പുലര്‍ത്തുന്നവരുണ്ട്. മദ്യകച്ചവടത്തിലും തൊഴിലാളികളുണ്ട്. വെടിക്കെട്ടും വ്യവസായം തന്നെ.

ഒരു ചെറിയ ശതമാനം മാറ്റിവച്ചാല്‍, ഭൗതിക ജീവിതം ജയപ്രദമാക്കാന്‍ യത്‌നിക്കുന്നവരാണ് ജനങ്ങള്‍. ആദ്ധ്യാത്മികതയുടെ പ്രഭാവത്തില്‍ ലൗകികതയില്‍ നിന്ന് വിമുക്തരാകുന്നതുവരെ അവ്ര്‍ സ്വന്തം ശരീരത്തെ ലൗകികതയില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കും.

ശാരീരികമായ ആവശ്യങ്ങളുടെ നിറവേറ്റലിനുള്ള അമിതമായ ദാഹം അവരെ മാനുഷിക മൂല്യങ്ങളില്‍ നിന്ന് ചിലപ്പോള്‍ അകറ്റി നിര്‍ത്തും. അവര്‍ മൃഗീയ ചിന്തകളില്‍ കുടുങ്ങിപ്പോയെന്നിരിക്കും. മനുഷ്യനെ മൃഗങ്ങളില്‍ നിന്ന് വേര്‍തിരിച്ചു നിര്‍ത്തുന്നത് ചിന്താശക്തിയാണ്. 

ചിന്താശക്തി ഉള്ളവരുടെ വികാരത്തിന് വിലക്ക് കല്‍പ്പിക്കാതെ സ്ത്രീ പീഡനത്തിനും കൊലപാതകത്തിനും മറ്റും മുതിരുന്നത്. വന്യമൃഗങ്ങളെപ്പോലെ അപകടകാരികളായ മനുഷ്യമൃഗങ്ങളെ തോക്കുപയോഗിച്ച് വേണം വേട്ടയാടാന്‍. 

കൊല്ലുക, കൊല്ലല്‍ സ്വന്തം കര്‍ത്തവ്യനിര്‍വ്വഹണത്തിനുള്ള നീതി നടപ്പാക്കുന്നതിനുള്ള സഹായകമാകും എന്ന് കൃഷ്ണന്‍ അര്‍ജുനനോട് പറഞ്ഞത് ഇവിടെ സ്മരണീയമാണ്. 


ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക് തക്കതായ ശിക്ഷ ലഭിക്കാത്തതുകൊണ്ടായിരിക്കണം കേരളത്തില്‍ ബലാല്‍സംഗവും തുടര്‍ന്നുള്ള കൊലപാതകവും വര്‍ദ്ധിച്ചുവരുന്നത്. 

കേരളത്തില്‍ ബലാത്സംഗത്തിന് പാത്രമാകുന്ന സ്ത്രീകളില്‍ 70 ശതമാനവും ദളിത് വിഭാഗത്തില്‍പെട്ട സ്ത്രീകളാണ്. ഇന്നും ബലാല്‍സംഗ കേസുകളില്‍ മൂന്ന് ശതമാനം കേസുകളില്‍ മാത്രമേ പ്രതികള്‍ക്ക് എന്തെങ്കിലും ശിക്ഷ ലഭിച്ചിട്ടുള്ളൂ എന്ന് കണക്കുകള്‍ തെളിയിക്കുന്നു. 

പ്രതികള്‍ ശിക്ഷയില്‍ നിന്ന് ഊരിപ്പോകുന്നത് ബലാല്‍സംഗം ചെയ്യപ്പെടുന്നതില്‍ ബഹുഭൂരിപക്ഷം ദളിത് സ്ത്രീകളായതുകൊണ്ടായിരിക്കാം. നമ്മുടെ നിയമ വ്യവസ്ഥ പരാജയമാണ്. ആ പരാജയത്തിന് കാരണം ഉന്നതന്മാരുടെ ഇടപെടലായിരിക്കാം. 

അല്ലെങ്കില്‍ ജാതിയുടെ പേരിലുള്ള അവഗണനയായിരിക്കാം. ഈയിടെ പെരുമ്പാവൂരില്‍ കനാല്‍ബണ്ടിന്റെ പുറംപോക്കില്‍ താമസിച്ചിരുന്ന ദളിത് വിഭാഗത്തില്‍പ്പെട്ട ജിഷ എന്ന നിയമവിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. 

ലോകത്തെ ഞെട്ടിപ്പിച്ച ഡല്‍ഹിയില്‍ നടന്ന പീഡനത്തെക്കാള്‍ ക്രൂരമായ സ്ത്രീപീഡനം, ജിഷയ്ക്ക് എത്രയെത്ര പ്രത്യാശകളുണ്ടായിരുന്നിരിക്കാം. എന്തെല്ലാം സ്വപ്നങ്ങള്‍ അവളുടെ മസ്തിഷ്‌കത്തിലൂടെ കടന്നുപോയിരിക്കണം.

38 കുത്തേറ്റ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന അവളുടെ ശരീരത്തില്‍ നിന്ന് ജീവന്‍ വിട്ടുപോയപ്പോള്‍ അവളുടെ സ്വപ്നങ്ങളും പറന്നുപോയി. ഇത്രയും ക്രൂരമായ കൊലപാതകത്തിന്റെ അന്വേഷണത്തില്‍ പോലിസ് നീതി പാലിച്ചില്ലെന്ന് പോലീസ് റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നതായി ചൂണ്ടിക്കാട്ടുന്നു. മുകളില്‍ നിന്ന് കല്പന വരുമ്പോള്‍ പോലിസ് ഉദ്യോഗസ്ഥരുടെ ഊര്‍ജ്ജവും വ്യക്തിത്വവും മരവിച്ചു പോകുന്നു. 

എന്നാല്‍ സ്ത്രീസ്വാതന്ത്ര്യത്തിനുവേണ്ടി മുറവിളി കൂട്ടുന്നവര്‍ നിശബ്ദരാകാന്‍ പാടില്ല.

 ശബരിമലയില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു എന്നു വാദിക്കുന്നവരുടെ മുന്‍നിരയില്‍ ഇതര മതസ്ഥരാണല്ലോ.

 നിഷ്പക്ഷമതികളുടെ കുപ്പായമിട്ട്, ചിരകാലമായി ശബരിമലയില്‍ നടന്നുവരുന്ന ആചാരങ്ങള്‍ക്ക് മാറ്റം വരുത്താന്‍ അവര്‍ കോടതിയെ സമീപിക്കുന്നു.

മനശുദ്ധിയോടും ദേഹശുദ്ധിയോടും നോമ്പ് നോറ്റ് ആര്‍ക്ക് വേണമെങ്കിലും ശബരിമല ക്ഷേത്രത്തില്‍ പ്രവേശിക്കാം. 

സ്ത്രീകളുടെ ആര്‍ത്തവസമയത്തെ ദേഹശുദ്ധിയില്ലായ്മയാണ് ശബരിമല ക്ഷേത്രപ്രവേശനത്തിന് തടസമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 

അത് സ്ത്രീകളോട് കാണിക്കുന്ന അവഗണനയോ സ്വാതന്ത്ര്യനിഷേധമോ അല്ല. ആര്‍ത്തവസമയത്ത് പൂജാകര്‍മ്മാദികളില്‍ പങ്കെടുക്കാതിരിക്കാന്‍ അവര്‍ സ്വയം ശ്രദ്ധിക്കുന്നത്. 

ശബരിമലയില്‍ സ്ത്രീസ്വാതന്ത്ര്യത്തിനു വേണ്ടി ശബ്ദമുയര്‍ത്തുന്നവര്‍ സമൂഹമദ്ധ്യത്തിലേക്കിറങ്ങിവന്ന് സ്ത്രീകള്‍, അനുഭവിക്കുന്ന അസ്വാതന്ത്ര്യത്തെയും പീഡനത്തെയും കുറിച്ച് ഉണര്‍ന്ന് ചിന്തിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. 

ഉണരുന്നവര്‍ ചുരുക്കം. 
സാമൂഹ്യവ്യവസ്ഥയെയും പുരുഷനെയും സ്ത്രീകള്‍ക്ക് ഭയമാണ്. ഏതു പുരുഷനാണ് അവരുടെ മേല്‍ വ്യാഘ്രത്തെപോലെ ചാടി വീണ് പിച്ചിച്ചീന്തുകയെന്ന് നിശ്ചയമില്ല. സമൂഹത്തില്‍ അവര്‍ക്ക് നീതി ലഭിക്കുന്നില്ല.
ഒരു സാമൂഹ്യപരിഷ്‌കരണം അനിവാര്യമായിരിക്കുകയാണ് സാംസ്‌കാരികമായി അധപതിച്ച പുരുഷന്മാരെ സംസ്‌കാരമേതെന്ന് പഠിപ്പിക്കേണ്ടിയിരിക്കുന്നു. പ്രശ്‌നം ക്ഷേത്രങ്ങളിലല്ല. നന്നാകാത്ത മനുഷ്യര്‍ നിവസിക്കുന്ന സമൂഹത്തിലാണ്.
ജാതിവ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ ഭ്രാന്താലയമെന്ന് പരിഹസിക്കപ്പെട്ട കേരളത്തിന്റെ നവോത്ഥാനത്തിനും സാമൂഹ്യപരിഷ്‌കരണത്തിനും വേണ്ടി അവതാരങ്ങള്‍ ഉണ്ടായിട്ടുണ്ട്. സൗമ്യവും യുക്തിപരവുമായ രീതിയില്‍ സാമൂഹ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിച്ച് അവര്‍ മണ്‍മറഞ്ഞു.
അന്നത്തേക്കാള്‍ ഭീകരത നിലനില്ക്കുന്ന ഇന്നത്തെ ഭ്രാന്താലയത്തില്‍ സാമൂഹ്യപരിവര്‍ത്തനത്തിനായി ചക്രായുധവുമായി ഒരു അവതാരം ജന്മമെടുത്തിരുന്നെങ്കില്‍ എന്ന് സമാധാനപ്രിയര്‍ ആഗ്രഹിച്ചുപോകും. 

സ്ത്രീസമത്വവാദത്തേക്കാള്‍ ഉപരിയായി വേണ്ടത് സ്ത്രീകള്‍ മനുഷ്യജീവികളാണെന്ന പരിഗണനയ്ക്ക് വേണ്ടിയുള്ള വാദമാണ് എന്ന സ്ഥിതി വരുന്നത് ദയനീയമാണ്.

 മാനസികമായ പരിണാമത്തിലൂടെയല്ലാതെ ഒരു മാറ്റം സാക്ഷ്യമാവുകയില്ല. 
ആ പരിണാമത്തിലൂടെ എഴുത്തഛന്‍ പറഞ്ഞതുപോലെ അഖിലം ഞാന്‍ എന്ന ബോധം മനസ്സില്‍ വേരുറയ്ക്കണം.

 സ്വാര്‍ത്ഥത വെടിഞ്ഞ് സമസ്തജനത്തെയും തന്നെപോലെ സ്‌നേഹിക്കാന്‍ കഴിയുന്ന മാറ്റത്തേക്കാള്‍ ഉപരിയായി മറ്റൊന്നുമില്ല.

ഞാന്‍ അവനില്‍ നിന്നോ ഇവനില്‍ നിന്നോ വ്യത്യസ്തനല്ല. ഒന്നുതന്നെയാണ് ബുദ്ധിയില്‍ ഞാന്‍ എന്ന ബോധത്തിന് അതിന്റെ താല്പര്യത്തിനും വീക്ഷണത്തിനും വികാസമുണ്ടാകുമ്പോഴാണ് അഖിലം ഞാന്‍ എന്ന താദാത്മ്യം ഉണ്ടാകുന്നത്. 

എല്ലാറ്റിനെയും സമന്വയിക്കുന്ന ഒരു താദാത്മ്യം നമ്മേ വ്യത്യാസമില്ലാത്ത ഒരു സ്ഥിതിയില്‍ എത്തിച്ച് സമാധാനം കണ്ടെത്താന്‍ സഹായിക്കുന്നു. ആ സമാധാനം ശാശ്വതമായിരിക്കും.
Join WhatsApp News
anti-RSS 2016-05-22 14:11:37
ഹിന്ദു മതം അപകടത്തിലാണെന്ന ആര്‍.എസ്.എസിന്റെ പച്ച നുണ ലേഖകനും ആവര്‍ത്തിച്ചിരിക്കുന്നു. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നു ഇതര മതസ്ഥര്‍ക്കു നിര്‍ബന്ധമാണു പോലും? നേരാണോ അതു? സത്യം എന്താണെന്നു വച്ചാല്‍ അതിനായി കേസു കൊടുത്തത് ഒരു അന്യ മതസ്ഥനും മലയാളിയല്ലാത്ത ഒരാളുമാണു. കേസു കൊടുക്കാന്‍ ആര്‍കും അവകാശമുണ്ട്
ഹാജി അലി ദര്‍ഗയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ ത്രുപ്തി ദേശായിയാണു പ്രവര്‍ത്തിച്ചത്‌ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക