Image

ഒരു ഹര്‍ത്താല്‍ രോദനം (കവിത) ശ്രീകുമാര്‍ പുരുഷോത്തമന്‍

ശ്രീകുമാര്‍ പുരുഷോത്തമന്‍ Published on 02 February, 2012
ഒരു ഹര്‍ത്താല്‍ രോദനം (കവിത) ശ്രീകുമാര്‍ പുരുഷോത്തമന്‍
അന്തിയില്‍ മാംസം തേടി പോയൊരു നേതാവിനെ
നാട്ടുകാര്‍ പിടിച്ചങ്ങ്‌ പോലീസില്‍ ഏല്‌പിച്ചു പോല്‍
പാര്‍ട്ടിതന്‍ യന്ത്രങ്ങള്‍ ഉണര്‍ന്നങ്ങു പ്രവര്‍ത്തിച്ചു
എതിര്‍പക്ഷ ഇടപെടല്‍ അരക്കിട്ടങ്ങുറപ്പിച്ചു
ഗൂഡമാം ആലോചനയുണ്ടിതിന്‍ പിന്നില്‍ നൂനം
നേതാക്കള്‍ പ്രസ്‌താവിച്ചു, അണികള്‍ അലറിപ്പാഞ്ഞു
ഇതിനെ ചെറുക്കുവാന്‍, ചെറുത്തങ്ങു തോല്‌പിക്കുവാന്‍
അണികളോടുണരുവാന്‍ നേതാക്കാളുര ചെയ്‌തു
വെറുമൊരു സമരം പോര, കേരളം വിറയ്‌ക്കണം
വൃക്ഷങ്ങള്‍ അനങ്ങാതെ, പക്ഷികള്‍ പറക്കാതെ
ഓഫീസ്‌ തുറക്കാതെ, മരത്തില്‍ കേറിടാതെ
അണികളെ മരിക്കേണം നമ്മുടെ നേതാവിനായി
പാര്‍ട്ടിതന്‍ നേതൃയോഗം ഹര്‍ത്താല്‍ വിളിച്ചോതി
കേരളക്കരയാകെ സ്‌തംഭിച്ചു നിന്നിടേണം
ശൂന്യമാം നിരത്തുകള്‍, ബസുകള്‍ കാണ്മാനില്ല
ഓഫീസ്സ്‌ തുറന്നെന്നാല്‍ ചില്ലുകള്‍ പൊട്ടും സ്‌പഷ്ടം
പണിമുടക്കുവാനുള്ള നമ്മുടെയവകാശത്തെ
ആരുണ്ട്‌ ചോദ്യം ചെയ്യാന്‍ നേതാക്കള്‍ ആക്രോശിച്ചു
പണിയെടുക്കുവാനുള്ള എന്നുടെ അവകാശത്തെ
ആരുണ്ട്‌ സംരക്ഷിക്കാന്‍ , എന്നുടെ ക്രോധം മൂത്തു
നീയൊരു ശിശുവാം അരാഷ്ട്രീയക്കാരന്‍ മാത്രം
നിശബ്ദം അനുസരിച്ചാല്‍ ജീവനെ സംരക്ഷിക്കാം
പേറ്റ്‌നോവെടുക്കുന്ന എന്നുടെ അയല്‍ക്കാരി
രണ്ടും രണ്ടാകുവാന്‍ വാവിട്ടു കരയുന്നു
പേറെടുക്കുവാനിന്നു നാണിത്തള്ളമാരില്ല ചുറ്റും
ആതുരാലയം ശരണം അല്ലാതെയെന്തു ചെയ്യാന്‍ ?
ജീവനെ പണയം വച്ചിട്ടടുത്തുള്ളോരോട്ടോക്കാരന്‍
ആശുപത്രിയില്‍ പോകാന്‍ സമരിയാക്കാരനായി
ഒരു മൈല്‍ പിന്നിട്ടില്ല , തെരുവില്‍ പാര്‍ട്ടിക്കൂട്ടം
അലറിയടുത്തവര്‍ കല്ലും ഗ്രാനേഡുമായി
ഞങ്ങടെ ആഹ്വാനത്തെ നിരസിച്ച മൂഡന്‍മാരെ
നിങ്ങള്‌ക്ക്‌ മാപ്പില്ലല്ലോ അനുഭവം തന്നെ പാഠം
അണികള്‍തന്‍ ക്രോധം മൂത്തു ടയറുകള്‍ കുത്തിക്കീറി
പുലയാട്ടു പറഞ്ഞീടുന്നു ഹര്‍ത്താല്‍ വിജയിച്ചീടാന്‍
എന്നുടെ അയല്‍ക്കാരി തെരുവില്‍ പ്രസവിച്ചല്ലോ
ഹര്‍ത്താല്‍ വിജയിച്ചല്ലോ കേരളം വളര്‌ന്നല്ലോ
കര്‍ത്താവും നമിക്കുന്നു ഹര്‍ത്താലിന്‍ മുന്നില്‍ അഹോ
കര്‍ത്തവ്യം മറക്കുവാന്‍ പാര്‍ട്ടിതന്‍ ആഹ്വാനങ്ങള്‍
ഹര്‍ത്താലില്‍ കൊല്ലപ്പെട്ടോര്‍, അംഗങ്ങള്‍ നഷ്ടപ്പെട്ടോര്‍
രക്തസാക്ഷിത്വം നേടി അലയുന്നു ചുറ്റുപാടും
കേരളം വളരുവാന്‍, നാടിനെ പോന്നാക്കീടാന്‍
ഹര്‍ത്താല്‍ ആവശ്യമോ ചിന്തിക്കൂ സഹജരെ.

ശ്രീകുമാര്‍ പുരുഷോത്തമന്‍
ഹാരിസ്‌ ബര്‍ഗ്‌ , പെന്‍സില്‍വാനിയ

sreekumar.purushothaman@gmail.com
ഒരു ഹര്‍ത്താല്‍ രോദനം (കവിത) ശ്രീകുമാര്‍ പുരുഷോത്തമന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക