Image

കൂടിക്കാഴ്ച്ച (സുധീര്‍ പണിക്കവീട്ടില്‍)

സുധീര്‍ പണിക്കവീട്ടില്‍ Published on 03 February, 2012
കൂടിക്കാഴ്ച്ച (സുധീര്‍ പണിക്കവീട്ടില്‍)
ദശവത്സരങ്ങള്‍ക്ക് മുമ്പ്
പകലിന്‍ വാടിയ മുഖത്ത് പരക്കും ഇരുളില്‍
അല്‍പ്പം കുളിര്‍ വെളിച്ചം പകരുവാന്‍
മേഘപുടവയക്കുള്ളില്‍ തെളിഞ്ഞും, ഒളിഞ്ഞും
നിലാവ് പുഞ്ചിരിക്കുമ്പോള്‍
നോക്കി നോക്കി മടുത്ത നേത്രങ്ങളും
ജിജ്ഞാസ നിര്‍ഭരമായ ഹൃദയവുമായി
തുറന്ന ജനലിനരികെ, പുറത്ത് നിരത്തിലേക്ക്
നോക്കിയും, പിന്നെ ചെവിയോര്‍ത്തും തുറക്കും പടിവാതിലിനൊച്ച
വൈകും നിമിഷങ്ങളെ പഴിച്ച്
ഇരുന്നു ഞാന്‍, അന്ന് ഒരു സ്വപ്നാടകനെപ്പോലെ
ചിന്തകള്‍ ചിലന്തിവല പോലെ പടര്‍ന്നു
തുടക്കമെന്തന്നറിയാതെ തുടര്‍ന്നു
ഒരു കുളിര്‍ക്കാറ്റ് പോലെ
ഒരു ആത്മ നിര്‍വൃതിപോലെ
കാത്ത് കിടക്കും കരയിലേക്ക് ഓടിയെത്തുന്ന
ഒരു കുഞ്ഞോളത്തിന്‍ ചുണ്ടിലെ
പാല്‍ നുരപോലെ
ആനന്ദത്തിന്റെ ഒരു പ്രവാഹം പോലെ
പറന്നെത്തി ആഹ്ലാദ തള്ളലാല്‍
ചുറ്റും നിര്‍വൃതിയുടെ ജലബിന്ദുക്കള്‍
തെറുപ്പിച്ച്
കുശലാന്വേഷണം നടത്തും ചങ്ങാതിയെ
വീണ്ടും കാണുന്നു കണ്ടാലറിയാത്ത വിധം
കാലം വരുത്തിയ മാറ്റമോ?
പ്രായം കണ്ണിന്‍ കാഴ്ച്ച കുറച്ചതോ?
തെല്ലിട ശങ്കിച്ചെങ്കിലും ശങ്ക തോന്നി
അതു തന്നെ അടുപ്പത്തിന്‍ അടുത്ത ഭാവം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക