Image

രാജാമണിക്ക് ഗാനാര്‍ച്ചന ഒരുക്കി ഫൊക്കാനാ കണ്‍വന്‍ഷന്‍ ' ഉത്സവ് -2016'

അനില്‍ പെണ്ണുക്കര Published on 21 June, 2016
രാജാമണിക്ക്  ഗാനാര്‍ച്ചന ഒരുക്കി  ഫൊക്കാനാ കണ്‍വന്‍ഷന്‍ ' ഉത്സവ് -2016'
ഫോക്കാന കണ്‍വന്‍ഷന്‍ 2016 ബാന്‍കറ്റ് ദിനത്തില്‍ മലയാളത്തിന്‍ലെ മണ്മറഞ്ഞ സംഗീത സംവിധായകരുടെ മികച്ച ഗാനങ്ങളുമായി ഫൊക്കാനയും ചിക്കാഗോ സ്വരലയയും ഒത്തു ചേരുന്നു . ഇന്ത്യയിലെ അന്‍പതു വര്‍ഷത്തെ ഗാനങ്ങളുടെ ശേഖരത്തില്‍ നിന്നും തെരഞ്ഞെടുത്ത     മികച്ച ഗാനങ്ങള്‍ക്കൊപ്പം ആണ് മലയാളത്തിലെ മികച്ച സംഗീത സംവിധായകരുടെയും ഗാനരചയിതാക്കളുടെയും പാട്ടുകള്‍ അവതരിപ്പിക്കുക  അങ്ങനെ ഫൊക്കാനാ  2016 കണ്‍വെന്‍ഷന്‍ സംഗീത സാന്ദ്രമാകും.

മലയാളത്തിലെയും ഹിന്ദി, തമിഴ് എന്നീ ഭാഷകളിലേയും മറക്കാന്‍ പറ്റാത്ത ഓര്‍മ്മകളേ തൊട്ടുണര്‍ത്തുന്ന ഈ ഗാന സന്ധ്യ നയിക്കുന്നത് പ്രശസ്ത പിന്നണി ഗായകരായ ഗായത്രി അശോകനും ജയരാജ് നാരായണനും ആണ്.ഈ അടുത്ത സമയത്തു നമ്മെ വിട്ടുപിരിഞ്ഞ രാജാമണി മുതല്‍ പത്തോളം സംഗീത പ്രതിഭകളുടെ പാട്ടുകളാണ് വേദിയില്‍ അവതരിപ്പിക്കുക മലയാളചലച്ചിത്രരംഗത്തെ ഒരു മികച്ച സംഗീതസംവിധായകനായിരുന്നു   രാജാമണി . 

മലയാളമുള്‍പ്പെടെ പത്തു ഭാഷകളില്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ച ഇദ്ദേഹം 700-ല്‍പ്പരം ചിത്രങ്ങളുടെ പശ്ചാത്തലസംഗീതം ഒരുക്കിയിട്ടുണ്ട്. 1997-ല്‍ ആറാം തമ്പുരാന്‍ എന്ന ചിത്രത്തിന്റെ പശ്ചാത്തലസംഗീതത്തിന് കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം ലഭിച്ചു. ഇന്‍ ദ നെയിം ഓഫ് ബുദ്ധ എന്ന ഇംഗ്ലീഷ് ചലച്ചിത്രത്തിന്റെ പശ്ചാത്തലസംഗീതത്തിന് മൂന്ന് രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.മലയാളത്തിലെ ആദ്യകാല സംഗീതസംവിധായകരിലൊരാളായ ബി.എ. 

ചിദംബരനാഥിന്റെ മകനാണ് രാജാമണി.അമ്മ തുളസി കോഴിക്കോട് ആകാശവാണി ജീവനക്കാരിയായിരുന്നു. ബാല്യകാലം ചെലവിട്ടത് കോഴിക്കോട്ടായിരുന്നു. ചിദംബരനാഥ് തുളസി ദമ്പതിമാരുടെ ആറു മക്കളില്‍ മൂത്തവനായ രാജാമണി, വായ്പ്പാട്ടും കര്‍ണാടക സംഗീതവും പഠിക്കുന്നത് അച്ഛനില്‍നിന്നു തന്നെയാണ്. 1969-ല്‍ അച്ഛന്‍ തന്നെ സംഗീതം നല്‍കിയ 'കുഞ്ഞിക്കൂനന്‍' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് കോംഗോ ഡ്രം വായിച്ചുകൊണ്ടാണ് ഏഴാം ക്ലാസുകാരനായ രാജാമണി പിന്നണിയിലെത്തിയത്. പിന്നീട് വിദ്യാഭ്യാസത്തിനായി ചെന്നൈയിലേക്ക് കുടിയേറി. ചെന്നൈ എച്ച്.ഐ.ടി. കോളേജിലെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ കാലത്തുതന്നെ ഒരു സുഹൃത്തിന്റെ അടുക്കല്‍നിന്ന് ഗിറ്റാറിലും കീബോര്‍ഡിലും പാശ്ചാതല സംഗീതത്തിലും പഠനം നടത്തി.

കുറച്ചുകാലം ഗള്‍ഫില്‍ ജോലി ചെയ്ത ശേഷം ചെന്നൈയില്‍ തിരിച്ചെത്തി ജോണ്‍സന്റെ സഹായിയായി പ്രവര്‍ത്തിച്ചാണ് രാജാമണി ചലച്ചിത്രരംഗത്ത് പ്രവേശിക്കുന്നത്. രണ്ടു തമിഴ് സിനിമകള്‍ക്കു പശ്ചാത്തലസംഗീതം നല്‍കിയായിരുന്നു തുടക്കം. 1981-ല്‍ ഗ്രാമത്തില്‍ കിളികള്‍ എന്ന തമിഴ് ചിത്രത്തിലൂടെ രാജാമണി സംഗീതസംവിധായകന്റെ വേഷവുമണിഞ്ഞു. 1985-ല്‍ നുള്ളി നോവിക്കാതെ എന്ന ചിത്രത്തില്‍ 'ഈറന്‍മേഘങ്ങള്‍' എന്ന ഗാനത്തിന് സംഗീതം നല്‍കി മലയാള സംഗീതലോകത്തെത്തിയ രാജാമണി പിന്നീട് നിരവധി മലയാളചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയെങ്കിലും പശ്ചാത്തലസംഗീതരംഗത്താണ് കൂടുതല്‍ സജീവമായത്.

2012-ല്‍ പുറത്തിറങ്ങിയ ഹൈഡ് ആന്റ് സീക്കിലെ ഗാനങ്ങള്‍ക്കാണ് രാജാമണി അവസാനമായി സംഗീതം ഒരുക്കിയത്. 2015-ല്‍ പുറത്തിറങ്ങിയ ലോഹം എന്ന ചിത്രത്തിന് പശ്ചാത്തലസംഗീതം ഒരുക്കിയതും രാജാമണിയായിരുന്നു. 2016 ഫെബ്രുവരി 14 -ന് ചെന്നൈയില്‍ വെച്ചു മരണമടഞ്ഞു
1997 - കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം - മികച്ച പശ്ചാത്തലസംഗീതം - ആറാം തമ്പുരാന്‍,    ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്- നന്ദനം, ശാന്തം ലഭിച്ചിട്ടുണ്ട് .മുന്‍ ബാസ്‌കറ്റ്‌ബോള്‍ താരം ബീനയാണ് ഭാര്യ. മകന്‍ അച്ചു രാജാമണിയും സംഗീതസംവിധാന രംഗത്ത് സജീവമാണ്. മറ്റൊരു മകന്‍ ആദിത്യ അഭിഭാഷകനാണ്.

ഫൊക്കാന ഇത്തവണ അവതരിപ്പിക്കുന്ന ഈ സംഗീത വിരുന്നില്‍ രാജാമണിയുടെ പാട്ടുകള്‍ കാണികള്‍ക്ക് നൊസ്റ്റാള്‍ജിക് അനുഭവം ആകും സംഭാവന ചെയ്യുക


രാജാമണിക്ക്  ഗാനാര്‍ച്ചന ഒരുക്കി  ഫൊക്കാനാ കണ്‍വന്‍ഷന്‍ ' ഉത്സവ് -2016'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക