Image

കേരളത്തിലെ സൊമാലിയ (ലേഖനം) വാസുദേവ് പുളിക്കല്‍

വാസുദേവ് പുളിക്കല്‍ Published on 24 June, 2016
 കേരളത്തിലെ സൊമാലിയ (ലേഖനം) വാസുദേവ് പുളിക്കല്‍
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനം വിവാദങ്ങള്‍ക്ക് വഴിയൊരുക്കി കേരളത്തിലെ ആദിവാസി കേന്ദ്രങ്ങളില്‍ നടന്നിട്ടുളള ശിശുമരണ നിരക്ക് സൊമാലിയയിലേക്കാള്‍ കൂടുതലാണെന്ന് മോദി പറഞ്ഞത് മോദി കേരളത്തെ മൊത്തം സൊമാലിയയോട് താരതമ്യപ്പെടുത്തുകയായിരുന്നു എന്ന വാദഗതിയുമായി കേരളത്തില്‍ ഉയര്‍ന്ന പ്രതിഷേധം കക്ഷിരാഷ്ട്രീയത്തിലേക്ക് ചായ്‌വില്ലാതെ സ്വന്തം മനസ്സാക്ഷിക്ക് നേരെ തിരിച്ചുവെച്ച് വിശകലനം ചെയ്യേണ്ടതാണ്. 

ഈ വാദഗതി കേട്ടപ്പോള്‍ ഓര്‍മ്മ വന്നത് ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് കേരളത്തിലെ ഒരു                     പത്രത്തില്‍ കണ്ട 'ദൈവമില്ലെന്ന് യതി' എന്ന തലക്കെട്ടാണ്. അതേ തുടര്‍ന്ന് കുറെ വിവാദങ്ങള്‍ ഗുരുകുലത്തെ ചുറ്റിപ്പറ്റിയുണ്ടായി. നാരായണഗുരുകുലങ്ങളുടെ അദ്ധ്യക്ഷനായിരുന്ന ഗുരു നിത്യചൈതന്യയതി 'ദൈവമില്ല' എന്നു പറഞ്ഞു എന്ന ധാരണയില്‍ യതിയുടെ പല സുഹൃത്തുക്കളും ഗുരുവിന്റെ അനുയായികളും ആശങ്കാകുലരായി നാരായണഗുരുവിന്റെ ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കാന്‍ ഗുരുവിന്റെ ദൈവദശകം ആരോപദേശശതകം തുടങ്ങിയ പ്രധാന രചനകള്‍ക്ക് വ്യാഖ്യാനങ്ങളെഴുതി ജനങ്ങളെ പ്രബുദ്ധരാക്കിക്കൊണ്ടിരിക്കുന്ന സന്യാസിയായിരുന്നു യതി. എന്താണ് ദൈവം എന്ന നാരായണഗുരുവിന്റെ താത്വികമായ കാഴ്ചപ്പാടിനെ ജനങ്ങള്‍ക്ക് മനസ്സിലാകത്തക്കവണ്ണം യതി വ്യാഖ്യാനിച്ചിട്ടുണ്ട്. അങ്ങനെയുള്ള യതിയില്‍ നിന്ന് ദൈവമില്ല എന്ന പ്രസ്താവന വരുമോ എന്ന് ജനം സംശയിച്ചു. വാര്‍ത്തയുടെ ഉളളടക്കം വായിച്ചു മനസ്സിലാക്കാതെ രോഷാകുലരായി ചിലര്‍ ഫോണിലൂടെ യതിയോട് രൂക്ഷമായി സംസാരിച്ചു. കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കാതെയും അവയ്ക്ക് ദുര്‍വ്യാഖ്യാനം നല്‍കുകയും ചെയ്യുമ്പോള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കപ്പെട്ടും. ഏഴുതാപ്പുറം വായിച്ച് അടിസ്ഥാനരഹിതമായി മറ്റുള്ളവരെ വിമര്‍ശിക്കുന്നവര്‍ ഏതൊരു സമൂഹത്തിലും കാണാം.

ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച മേല്‍പ്പറഞ്ഞ തലക്കെട്ട് വരാന്‍ കാരണമായത് യതിയുടെ ഒരു പ്രസംഗത്തിലെ ഒരു വാചകമാണ്. ഒരു കോളേജിലെ വാര്‍ഷികത്തിന് പ്രസംഗിച്ചു കൊണ്ടിരിരുന്ന യതിയോട് ഒരു പെണ്‍കുട്ടി ജീവിതത്തിലെ സുഖദുഃഖങ്ങളെക്കുറിച്ചും അനിശ്ചിതത്വത്തെക്കുറിച്ചും കുറെ ചോദ്യങ്ങള്‍ ചോദിച്ചു. ഈശ്വരന് സമസ്തരും സമമാണെന്നാണല്ലോ പറയുന്നത്. അങ്ങനെയെങ്കില്‍ സൃഷ്ടിയിലുള്ള വ്യത്യാസം എങ്ങനെ സംഭവിച്ചു. സൗന്ദര്യമുള്ളവര്‍, വിരൂപര്‍, പൊക്കമുള്ളവര്‍ കുറുകിയവര്‍, കറുത്തവര്‍, വെളുത്തവര്‍, ബുദ്ധിയുള്ളവര്‍, മണ്ടന്‍മാര്‍, ധനവാന്മാര്‍, ദരിദ്രര്‍, ക്രൂരന്മാര്‍, ദയാലുക്കള്‍ എന്നിങ്ങനെ സമൂഹത്തില്‍ ഈശ്വരന്‍ എന്തിന് വൈവിധ്യമുണ്ടാക്കുന്നു. ഈശ്വരന്‍ പക്ഷപാതിയാണെന്നല്ലേ ഇതിന്നര്‍ത്ഥം. ദൈവം, പക്ഷാപാതിയാണോ? അങ്ങനെ ഒരു ദൈവമില്ല എന്ന് യതി ആ പെണ്‍കുട്ടിക്ക് നല്‍കിയ മറുപടിയാണ് ദൈവമില്ല എന്ന ശീര്‍ഷകത്തില്‍ വാര്‍ത്ത പ്രത്യക്ഷപ്പെടാന്‍ കാരണമായത്. വസ്തുത മനസ്സിലാക്കാത്തവര്‍ക്ക് യതി നിരീശ്വരവാദിയായി. ഇങ്ങനെ ജനങ്ങളില്‍ ചിന്താക്കുഴപ്പം ഉണ്ടാക്കാനുള്ള സൂത്രവും സാമര്‍ത്ഥ്യവും മാധ്യമങ്ങള്‍ക്കുണ്ട്.
സൃഷ്ടിയിലെ വൈവിധ്യത്തെപ്പറ്റിയുള്ള ചോദ്യങ്ങള്‍ പലര്‍ക്കുമുണ്ടാകാം. ദൈവത്തിന് സൃഷ്ടിയിലുള്ള പങ്കിനെ കുറിച്ച് ബൈബിളില്‍ ഒരു പരാമര്‍ശമുണ്ട്. 

ഒരിക്കല്‍ യേശുദേവന്‍ ശിഷ്യന്മാരോടൊപ്പം നടന്നുപോകുമ്പോള്‍ വഴിയോരത്ത് കണ്ട ഒരു കുരുടനെ നോക്കി ശിഷ്യന്മാര്‍ ചോദിച്ചു, ഈ മനുഷ്യന്റെ അന്ധതയ്ക്ക് കാരണം ഇയ്യാളുടെ മാതാപിതാക്കളോ അതോ ദൈവമോ? മറ്റാരുമല്ല ഇയാള്‍ തന്നെയാണ് ഇയാളുടെ അന്ധതയ്ക്ക് കാരണം എന്ന് യേശുദേവന്‍ മറുപടി നല്‍കി. ഓരോരുത്തരും ജനനമെടുക്കുന്നത് അവരുടെ കര്‍മ്മഫലത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ്. ഹിന്ദുമതത്തിലെ വ്യക്തിയും വിശ്വാസവും ഓരോരുത്തരിലും കുമിഞ്ഞുകൂടുന്ന വാസനകളും കര്‍മ്മഫലങ്ങളും അവരെ ജന്മ-ജന്മാന്തരം പിന്തുടരുവാനും അതിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ ഉണ്ടാകുമ്പോള്‍ വൈവിധ്യം നിറഞ്ഞതായിരിക്കും. മനുഷ്യരില്‍ കാണുന്ന സത്വം, രജസ്സ്, തമസ്സ്, എന്നീ ഗുണങ്ങളെ ചുട്ടെരിച്ച് ഇന്ദ്രിയങ്ങളെ അന്തര്‍മുഖമാക്കി കര്‍മ്മപാശത്തില്‍ നിന്ന് വിമുക്തരായി ദൃശ്യത്തില്‍ ദിക്കിനെ ഇണക്കി അറ്റദ്വതാനുഭൂതി കൈവരിക്കുന്നവള്‍ ജനിസ്മൃതിയില്‍ നിന്ന് മോചിതരായി ഈശ്വരനുമായി താദാത്മ്യം പ്രാപിച്ച് സായൂജ്യമടയുമെന്ന വിശ്വാസം ഹൈന്ദവരില്‍ മാത്രമല്ല ഇതരമതങ്ങളിലെ ചില വിഭാഗങ്ങളിലുമുണ്ട്. ശിവന്‍ ശരീരത്തില്‍ പൂശിയിരിക്കുന്ന ഭസ്മം ത്രിഗുണങ്ങളെ എരിച്ചതിന്റെ പ്രതീകമാണ്. ലൗകികചിന്തയില്‍ മാത്രം മനസ്സുറപ്പിക്കാതെ അദ്ധ്യാത്മിക പ്രഭാവത്തില്‍ എത്തിയാല്‍ ജീവിതത്തെ സംബന്ധിക്കുന്ന സങ്കീര്‍ണ്ണമായ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ കഴിയുമെന്ന് യതി ആ പെണ്‍കുട്ടിക്ക് പറഞ്ഞുകൊടുത്തു കാണും.

യതിയുടെ മറുപടിക്ക് വ്യത്യസ്തമായ അര്‍ത്ഥം നല്‍കിയതുപോലെയാണ് മോദി കേരളത്തെ സൊമാലിയയോട് ഉപമിച്ചു എന്നു പറയുന്നത്. ആദിവാസ കോളനിയിലെ ശിശുമരണം മാത്രമാണ് മോദി സൊമാലിയയുമായി ചേര്‍ത്തുവെച്ചത്. മൊത്തം കേരളത്തെ സൊമാലിയയുമായി താരതമ്യപ്പെടുത്തുകയല്ല മോദി ചെയ്തത്, അത് ഒരു വെളിപ്പെടുത്തല്‍ അല്ലെങ്കില്‍ ഓര്‍മ്മപ്പെടുത്തല്‍ മാത്രമായിരുന്നു. ദാരിദ്ര്യത്തിന്റെ തീഷ്ണത കേരളത്തില്‍ മാത്രമല്ല ഭാരത്തിന്റെ മറ്റുഭാഗങ്ങളിലും സമ്പന്നരാഷ്ട്രങ്ങളില്‍ പോലുമുണ്ട്. അത് വെളിപ്പെടുത്തുന്നത് ആ പ്രദേശത്തെ അവഹേളിക്കലല്ല, വിവേകാനന്ദസ്വാമികള്‍ ചിക്കാഗോ പ്രസംഗത്തില്‍ പറഞ്ഞു. ഭാരതത്തിന് വേണ്ടത് മതമല്ല മറിച്ച്  വരളുന്ന തൊണ്ടകള്‍ക്ക് നനവും പൊരിയുന്ന വയറുകള്‍ക്ക് അന്നവുമാണ്. ഇന്ത്യയിലെ ദാരിദ്ര്യം വിവേകാനന്ദന്‍ ഇങ്ങനെയാണ് ചിത്രീകരിച്ചത്. ഇതില്‍ നിന്ന് വിവേകാനന്ദന്‍ ഇന്ത്യയെ ദരിദ്രരാജ്യമായി വിദേശത്ത് ചിത്രീകരിച്ച് ഇന്ത്യയെ നാണം കെടുത്തി എന്ന് കുറ്റപ്പെടുത്താമോ? 

കല്‍ക്കട്ടായില്‍ വീശുന്ന പൊരിഞ്ഞ ജനവിഭാഗത്തിന് ആഹാരവും അഭയവും നല്‍കി മദര്‍തെരേസ ചെയ്ത ജീവകാരുണ്യപ്രവര്‍ത്തനത്തിന് വഴിയൊരുക്കിയത് ഇന്ത്യയിലെ ദാരിദ്ര്യമായിരുന്നു എന്ന് പറഞ്ഞാല്‍ അത് ഇന്ത്യയെ അവഹേളിക്കലാകുമോ? സമ്പന്നരാജ്യമായ അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ ഹാര്‍ളം എന്നറിയപ്പെടുന്ന കറുത്തവര്‍ഗ്ഗക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു പ്രദേശമുണ്ട്. അവിടെ വിശപ്പുകൊണ്ട് പൊരിയുന്നവരുണ്ട്. പല സംഘടനകളും അവര്‍ക്ക് ആഹാരം വിതരണം ചെയ്യുന്നുണ്ട് എന്നറിയാത്തവരല്ല അമേരിക്കക്കാര്‍. ഹാര്‍ളം ദരിദ്രപ്രദേശമാണെന്ന് പറഞ്ഞാല്‍ അമേരിക്കക്കാരുടെ രക്തം തിളയ്ക്കാറില്ല. അമേരിക്കയിലെ ആ ദാരിദ്ര്യം അവര്‍ അംഗീകരിക്കുന്നുണ്ട്. എന്നാല്‍ കേരളത്തിലെ ആദിവാസകേന്ദ്രങ്ങളിലെ ദാരിദ്ര്യം അംഗീകരിക്കാന്‍ ദുരഭിമാനികള്‍ തയ്യാറല്ല. അതേപ്പറ്റി സംസാരിക്കുമ്പോള്‍ അവരുടെ അഭിമാനത്തിന് ക്ഷതമേല്‍ക്കുന്നതായി കണക്കാക്കി അവര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുന്നു. മോദിയെ വിമര്‍ശിച്ചുകൊണ്ട് മാധ്യമങ്ങള്‍ സംഘടിപ്പിച്ച ചര്‍ച്ചകളില്‍ മോദിയെ കുറ്റക്കാരന്‍ എന്ന് വിധിക്കാന്‍.... ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരുടെ വായിലേക്ക് വാചകങ്ങള്‍ ഇട്ടുകൊടുക്കുന്നതുപോലെ തോന്നി. 

മോദി കേരളത്തോട് മാപ്പു പറയാത്തതില്‍ പരോഷമായി അമര്‍ഷം പ്രകടിപ്പിച്ചത് മാധ്യമങ്ങളുടെ നയമായിരിക്കാം. 'ദൈവമില്ല' എന്ന് യതി പറഞ്ഞു എന്ന വ്യാജസാഹചര്യം സൃഷ്ടിച്ചതുപോലെ, മോദി മൊത്തം കേരളത്തെ സൊമാലിയയോട് ഉപമിച്ച് നാണം കെടുത്തി എന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് മോദി കേരളത്തോട് മാപ്പ് പറയണമെന്ന ശബ്ദമാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. ഒരു പ്രധാനമന്ത്രിയെന്ന നിലയില്‍ ഒരു സംസ്ഥാനത്തെ പോരായ്മകളും വീഴ്ചകളും യാഥാര്‍ത്ഥ്യങ്ങളും ചൂണ്ടിക്കാണിക്കേണ്ടത് അദ്ദേഹത്തിന്റെ കടമയാണ് എന്ന് മനസ്സിലാക്കുന്നതിനുപകരം അതൊരു കുറ്റമായി കണക്കാക്കി അദ്ദേഹത്തിന്റെ നേരെ കൂര്‍ത്ത ശരങ്ങള്‍ അയക്കുകയാണ് രാഷ്ട്രീയക്കാര്‍.  സാംസ്‌കാരിക കേരളം, സാക്ഷരത്വകേരളം എന്നൊക്കെ അഭിമാനിക്കുന്നവര്‍ക്ക് മോദിയുടെ വാക്കുകളില്‍ സ്ഫുരിച്ച ആത്മാര്‍ത്ഥതയും യാഥാര്‍ത്ഥ്യവും ആര്‍ദ്രതയും മനസ്സിലായില്ല. അവരത് പരിഹാസവും താഴ്ത്തിക്കെട്ടലുമായി എണ്ണി.

ആദിവാസികളുടെ ജീവിതനിലവാരം ഉയര്‍ത്തേണ്ട അനിവാര്യത ചൂണ്ടിക്കാട്ടിയ്ക്കുമ്പോള്‍ അത് അവഹേളനമെന്ന് മുദ്രയടിക്കുന്നതിന്റെ പിന്നിലുള്ള താല്‍പര്യം വ്യക്തിപരമാണ്. 'ദൈവത്തിന്റെ നാട്' എന്ന് വിശേഷിക്കപ്പെട്ട കേരളം ഇന്ന് ചെകുത്താന്റെ നികൃഷ്ടമായ നാടായി മാറിയിരിക്കുന്നു എന്ന് പ്രതിപക്ഷനേതാക്കന്മാര്‍ തെരഞ്ഞെടുപ്പ് സമയത്ത് ചവിട്ടിത്താഴ്ത്തിയപ്പോള്‍ മോദിക്കെതിരെ നിയമനടപടി വേണം എന്ന് ശഠിക്കുന്നവരുടെ രക്തം തിളച്ചുകണ്ടില്ല. ചെകുത്താന്റെ നാട് എന്ന് ചിത്രീകരിക്കുന്നതിനേക്കാള്‍ അപമാനകരമായി മറ്റെന്താണുള്ളത്. അത് പ്രതീകാത്മകമായ പ്രസ്താവന എന്ന് വേണമെങ്കില്‍ പറഞ്ഞൊഴിയാം. പ്രതീകാത്മകത എല്ലായിടത്തും കാണാന്‍ ശ്രമിക്കണം. മോദിയുടെ നേരെ തൊടുത്തുവിടുമ്പോള്‍ യാഥാര്‍ത്ഥ്യം മറച്ചുവച്ചുകൊണ്ട് ജനങ്ങളുടെ മുന്നില്‍ യതിവര്യരെന്ന് നടിക്കുന്ന മിഥ്യാചാരന്മാരെപ്പോലെയാണ്. മനസ്സ്, ഇന്ദ്രിയങ്ങള്‍ എന്നിവയെ നിയന്ത്രിച്ച് അന്തര്‍മുഖമാക്കി തപസ്സനുഷ്ഠിക്കുന്നവരാണ് യതിവര്യന്മാര്‍. എന്നാല്‍, എല്ലാ ലൗകിക താല്‍പര്യങ്ങളെയും മനസ്സിലിട്ട് താലോലിച്ച് ഭാവനയുടെ ലോകത്ത് രമിക്കുകയും,  പുറമേ ഇന്ദ്രിയങ്ങളെ നിയന്ത്രിച്ച് നിര്‍ത്തുകയും ചെയ്യുന്ന സന്യാസിമാരുണ്ട്. അവരെ മിഥ്യാചാരന്മാ
ര്‍ എന്നാണ് ഭഗവദ്ഗീതയില്‍ പറയുന്നത്(111-6). കപടയതികളെപ്പോലെ ചില രാഷ്ട്രീയകക്ഷികള്‍ യാഥാര്‍ത്ഥ്യം മറച്ചുപിടിച്ച് പ്രകോപനമുണ്ടാക്കാന്‍ വേണ്ടി ചെയ്യുന്ന നാട്യത്തില്‍ പിടിച്ചു പോകുന്ന ജനങ്ങളുണ്ട്. പ്രത്യേകിച്ച് അവരുടെ അനുയായികള്‍. 

കേരളത്തെ സാംസ്‌കാരികമായും ധാര്‍മ്മികമായും അധഃപതിച്ച സൊമാലിയയല്ല, മഹത്തായ ഭാരതീയ സംസ്‌കൃതിയെ ഊട്ടി വളര്‍ത്തിക്കൊണ്ടിരിക്കുന്ന പ്രബുദ്ധരായ ജനങ്ങളുടെ നാടാണ് കേരളം എന്ന് അഭിമാനിക്കുന്നവര്‍ ലൈംഗികമായി പീഡിപ്പിച്ച് കൊലചെയ്യപ്പെട്ട ജിഷയെ മറന്നുപോകുന്നു. ജിഷയുടെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ത്തുള്ളികള്‍ അരുവിപോലെ ഒഴുകിവീണ് ഒരു കൊച്ചു തടാകം തന്നെ സൃഷ്ടിച്ചുകാണും. രാഷ്ട്രീയപരമായ നേട്ടത്തെപ്പറ്റിയല്ലാതെ ഈ ദയനീയാവസ്ഥയില്‍ ആത്മാര്‍ത്ഥമായി സഹതപിക്കാന്‍ രാഷ്ട്രീയക്കാര്‍ക്കെവിടെ സമയം?(ആദിവാസികളെ പോലെ ജിഷയും ദളിത് വിഭാഗത്തില്‍പ്പെട്ടതാണ്. ദളിതരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സാധിക്കാത്ത രാഷ്ട്രീയകക്ഷികള്‍ക്ക് കേരളത്തെ സാംസ്‌കാരിക കേരളം എന്ന് വിളിക്കാന്‍ അര്‍ഹതയില്ല. മറ്റു പ്രദേശങ്ങളിലേക്കാള്‍ കേരളത്തില്‍ സാമൂഹ്യപരിഷ്‌കരണമുണ്ടായത് രാഷ്ട്രീയകക്ഷികളുടെ മിടുക്കുകൊണ്ടല്ല. നാരായണഗുരുവിനെ പോലുള്ള ആത്മീയ ആചാര്യന്മാരുടെ നിസ്വാര്‍ത്ഥമായ സേവനം മൂലമാണ്. രാഷ്ട്രീയകക്ഷികളുടെ സ്വാര്‍ത്ഥതയും അഴിമതിയും കണ്ട് മനംമടുത്തവരാണ് കേരളീയര്‍. അഴിമതിരഹിതമായ ഭരണം കാഴ്ചവെയ്ക്കുമെന്ന് രാഷ്ട്രീയകക്ഷികള്‍ യാതൊരു ഉളുപ്പുമില്ലാതെ പുലമ്പുമ്പോള്‍ ജനങ്ങള്‍ കാര്‍ക്കിച്ചു തുപ്പുന്നത് അവര്‍ കാണുന്നുണ്ടാവുകയില്ല. സൊമാലിയായില്‍ കടല്‍ക്കൊള്ളക്കാരുണ്ടെങ്കില്‍ അതിനേക്കാള്‍ വലിയ കൊള്ളക്കാര്‍ കേരളത്തിലുണ്ടെന്ന് പൂഴ്ത്തിവെച്ചിരിക്കുന്ന കള്ളപ്പണക്കാരുടെ പേര് വെളിപ്പെടുത്തിയാല്‍ ബോധ്യമാകും. അങ്ങനെ ഒരു വെളിപ്പെടുത്തല്‍ ഉണ്ടാവുകയില്ല.  കാരണം, അപ്പോള്‍ അഴിമതിക്കെതിരെ പ്രസംഗിക്കുന്നതില്‍ പലരും തലയില്‍ മുണ്ടിടേണ്ടിവരും. രാഷ്ട്രീയനേതാക്കന്മാര്‍ പരസ്പരം പുറചൊറിഞ്ഞ് തങ്ങളുടെ പേരിലുള്ള കേസുകള്‍ മായ്ച്ചു കളയുമ്പോള്‍ എന്റെ പേരില്‍ കേസ്സില്ല എന്ന് ആര്‍ക്കുവേണമെങ്കിലും പറയാം.

പ്രബുദ്ധരെന്നവകാശപ്പെടുന്ന കേരളീയജനതയ്ക്ക് രാഷ്ട്രീയക്കാരുടെ കൗശലം മനസ്സിലാക്കാനുള്ള പ്രബുദ്ധത കൈവന്നിട്ടില്ലെന്നു വേണം കരുതാന്‍. രാഷ്ട്രീയകക്ഷികളുടെ നിലപാടും മാധ്യമങ്ങള്‍ സംഘടിപ്പിക്കുന്ന ചര്‍ച്ചകളുടെ പിന്നിലെ ഉദ്ദേശ്യവും മനസ്സിലാക്കാന്‍ കേരളീയജനതയ്ക്ക് സാധിച്ചില്ലെങ്കില്‍ അവര്‍ വഞ്ചിക്കപ്പെടും. അതിന്റെ ഉദാഹരണമാണ് മോദി പറഞ്ഞതും പറയാത്തതും കൂട്ടിക്കുഴച്ച് പറഞ്ഞതിനെ ദുര്‍വ്യാഖ്യാനം ചെയ്ത് ജനങ്ങളെ പ്രധാനമന്ത്രിക്കെതിരെ ഇളക്കിവിടാന്‍ ശ്രമിക്കുന്നത്. മോദി കുറ്റസമ്മതം നടത്തി കേരളീയ ജനതയോട് മാപ്പു ചോദിക്കണമെന്ന് പറയുന്നതിന്റെ ഔചിത്യമെന്താണെന്നാണ് മനസ്സ് ആരാഞ്ഞുകൊണ്ടിരിക്കുന്നത്. മോദിയുടെ പരാമര്‍ശം കേരളത്തിലെ ആദിവാസികോളനികളിലെ ശിശുമരണത്തെ സംബന്ധിച്ചായിരുന്നു. എത്ര വലിയ വെള്ളക്കടലാസായാല്‍ പോലും അതില്‍ ഒരു കറുത്ത പാടുവീണാല്‍ അതിന്റെ നേരെ കണ്ണടച്ചതുകൊണ്ട് കറുത്തപാട് ഇല്ലാതാകുന്നില്ല. വികസനത്തിന്റെ ചന്ദ്രക്കലകള്‍ കേരളത്തെ ശോഭനമാക്കുമ്പോഴും ആദിവാസികളുടെ ദയനീയാവസ്ഥ കേരളത്തിന്റെ പ്രഭാവത്തിന് മങ്ങലേല്‍പ്പിക്കുന്നുണ്ട്. തൊട്ടടുത്തിരുന്ന് ഭാരതത്തിന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്തുകൊണ്ടിരുന്ന നെഹ്‌റുവിനോട് ഗാന്ധിജി പറഞ്ഞു, 'ഗ്രാമങ്ങളുടെ സിരകളിലൂടെയാണ് വികസനത്തിന്റെയും വികസനത്തിന്റെയും പുരോഗതിയുടെയും നീര്‍ച്ചാലുകള്‍ ഒഴുകേണ്ടത്. ഗ്രാമീണരുടെ ഹൃദയസ്പന്ദനം മനസ്സിലാക്കാത്ത നിങ്ങളും ഞാനും തമ്മില്‍ വളരെ ദൂരമുണ്ട്.' ഗാന്ധിജിയുടെ ആശയങ്ങള്‍ക്ക് ഇന്നും പ്രസക്തിയുണ്ട്. ആ ആശയങ്ങള്‍ ഉള്‍ക്കൊള്ളുകയും ആദിവാസികളുടെ ജീവിതനിലവാരം ഉയര്‍ത്താനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുകയുമാണ് അഭികാമ്യം. 

എല്ലാവരെയും സ്‌നേഹിക്കണമെന്നും ആരെയും വെറുക്കരുതെന്നും പരിഹാസം അനുചിതമാണെന്നുമൊക്കെ അറിയുന്നവരുടെ മനസ്സുപോലും സാമൂഹികതയുടേയും രാഷ്ട്രീയതയുടെയും ഇര്‍ഷ്യയും നീരസം ജനിപ്പിയ്ക്കുന്ന അനീതിയും കലുഷമാക്കുന്നു. അപ്പോള്‍ പെട്ടെന്ന് തലയുയര്‍ത്തി മറ്റുള്ളവര്‍ക്ക് ഹിതമല്ലാത്തത് പലതും നിഷ്പക്ഷതയോടെ പറഞ്ഞുകൊണ്ടിരിക്കും. ഈ വാസനകളെ നിയന്ത്രിച്ച് മനസ്സിന്റെ സ്വച്ഛത വീണ്ടെടുക്കാന്‍ പിന്നെയും പണിപ്പെടേണ്ടിവരും. അപ്പോഴേക്കും മനസ്സിനെ അലോസരപ്പെടുത്തുന്ന മറ്റുസ്വഭാവങ്ങള്‍ ഉണ്ടാകാതിരുന്നാല്‍ ഭാഗ്യം.

 കേരളത്തിലെ സൊമാലിയ (ലേഖനം) വാസുദേവ് പുളിക്കല്‍
Join WhatsApp News
Ninan Mathulla 2016-06-24 07:39:10

BJP and RSS is shedding crocodile tears on the plight of Dalits and Aadivaasis just for political purpose. This writer also is trying to whitewash Prime Minister Modi’s image in the public eye. For thousands of years Dalits and Aadivasis were here and the ancestors of the BJP and RSS exploited them. British had to force them to change laws to improve their plight. Even now the reactionary policies of Prime Minister Modi’s party are to go back to their good old days of caste system to exploit others.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക