Image

കറിവേപ്പില (തമ്പി ആന്റണി)

Published on 25 June, 2016
കറിവേപ്പില (തമ്പി ആന്റണി)
എന്റെ ധര്‍മ്മസങ്കടങ്ങള്‍ വിവരിക്കുപോള്‍ എന്‍റെ കൂട്ടുകാരൊക്കെ എന്നെ കളിയാക്കി വിളിക്കുന്ന പേരാ കറിവേപ്പില .

'അതെ കറിവേപ്പിലതന്നെ ഞാന്‍ അതെവിടെയും വിളിച്ചു പറയും . എത്രനാളാന്നുവെച്ചാ ഷെമിക്കുക" കൂട്ടുകാരോടതുപറയുപോള്‍ രാജി ദിനകര്‍ നല്ല ഉച്ഛത്തിലാണ് സംസാരിക്കാറുണ്ടായിരുന്നത് .

ഒരിക്കലും ഇല്ലാതിരുന്ന ആ ആത്മവിശ്വാസം എവെടെനിന്നോ തിരിച്ചുവന്നതുപോലെ. ഒറ്റക്കു എല്ലാം സഹിക്കുബോള്‍ ഞാനല്ല ആരും എന്തും ചെയിതുപോകും . അളമുറ്റിയാല്‍ കടിക്കാത്ത പാബുണ്ടോ . കാര്യം ഞാന്‍ അറിവില്ലാത്ത പ്രായത്തില്‍ ദിനകര്‍ എന്ന കാമുകന്റെകൂടെ വീട്ടുകാരെ ധിക്കരിച്ച് ഒരു രാത്രി ഒളിച്ചോടിയതാണ്­. അതൊക്കെ അന്ന് ചെറുപ്പത്തില്‍ തോന്നിയ ബുദ്ധിമോശം .രജിസ്ട്രാഫീസില്‍ പോയി കല്യാണവും കഴിച്ചു എന്നതും ശരിയാ. അതില്‍ ഇത്തിരി കുറ്റബോധവുമുണ്ട്. ഇനിയിപ്പം അതൊക്കെ വിസ്തരിച്ചിട്ട് എന്തുനേടാന്‍ . കഴിഞ്ഞതൊക്കെ കഴിഞ്ഞു. ഇനിയും അയാളുടെകൂടെ ജീവിച്ചാല്‍ എന്റെ സമതല തെറ്റും. കാമുകിമാരുമായി വാട്ടസാപ്പിലും ഫേസ്ബുക്കിലും ഫോണിലുമൊക്കെയല്ലേ രാത്രിമുഴുവന്‍. അതൊക്കെ ഞാന്‍ ഒരു പരുധിവരെ സഹിച്ചു. എന്നാലും എന്നോട് സ്‌നേഹമായിട്ടു ഒരു വാക്കുപറയാനോ സിനിമക്കു പോകാനോപോലും നേരമില്ലത്രെ . അങ്ങനെ ഒരു പൊട്ടിത്തെറിയുടെ വക്കോളമെത്തി എന്നുതന്നെ പറയാം. അതുകൊണ്ടുതന്നെയാ രണ്ടുകൊല്ലം മുന്‍പ് നാലു വയസായ ആകാശ് മോനുമായി പടിയിറങ്ങിയത്. അവസാനം ഞാന്‍തന്നെയാ സഹികെട്ടിട്ട് ദിനകറിന്‍റെ കൃഷ്ണലീലകള്‍ അമ്മയോടും അമ്മായിയമ്മയോടും ആദ്യമായി ഒന്നു വിസ്തരിച്ചത് . അത് കെട്ടിട്ടാനെന്നു തോന്നുന്നു അമ്മായിഅമ്മക്ക് ആദ്യത്തെ സ്‌ട്രോക്ക് വന്നത്. അതില്‍പ്പിന്നെ എഴുനേറ്റു നേരെ ചൊവേ നടന്നിട്ടില്ല എന്നാണറിഞ്ഞത് . അനുഭവിക്കട്ടെ അനുഭവിക്കാനുള്ളതൊക്കെ അവരും അനുഭവിക്കട്ടെ. കൊടുത്താല്‍ കൊല്ലത്തും കിട്ടണമെല്ലൊ. ഞാനും കുറെ അനുഭവിച്ചതല്ലേ. പുന്നാരമോനെ കുറെ ലാളിച്ചതിന്‍റെ ദോഷം അല്ലാതെന്ത്. ഇനിയിപ്പം അമ്മായിമ്മയുടെ പീഡാനുഭവംകൂടി ഒരു മദര്‍ തെരേസയെപ്പോലെ ഞാനനുഭാവിക്കണമെന്നു പറഞ്ഞാല്‍ നടക്കില്ല മോനെ ദിനകരാ. ആദ്യം കണ്ടതുമുതല്‍ എന്തൊക്കെയായിരുന്നു ആ അമ്മയുടെ പുകഴത്തലുകള്‍ . കള്ളു കുടിക്കില്ല പുകവലിക്കില്ല പെണ്‍കുട്ടികളുടെ മുഖത്തുപോലും നോക്കില്ല എന്നൊക്കെ . ആദ്യം പറഞ്ഞ രണ്ടും ശരിതന്നെ പക്ഷെ പെണ്ണുങ്ങളെ കാണുബോള്‍ ആകെ ഒരു വെപ്രാളമാ . മുഖത്തല്ല ദേഹത്താണ് കുറുക്കന്റെ നോട്ടം. അതുമാത്രമോ ഞാന്‍ രാവിലെ അഞ്ചുമണിക്കെഴുനേല്‍ക്കണം നെല്ലുകുത്തു മുതല്‍ വീട്ടിലെ പണി മുഴുവന്‍ ചെയ്യണം. ഇന്നത്തെ കാലത്ത് നെല്ലുകുത്തുന്ന ഏതെങ്കിലും വീടുണ്ടോ ഈ ഭൂമിമലയാളത്തില്‍ . ഒക്കെ മനപ്പൂര്‍വം എന്നെ കഷ്ടപെടുത്താന്‍വേണ്ടി മാത്രം , അല്ലാതെന്ത് . അതൊക്കെ സഹിക്കാം രാത്രിയില്‍ ആകാശിനെ ഉറക്കി ഒന്നു തല ചായിക്കാന്‍ തുടങ്ങുബോഴാ അമ്മതബുരാട്ടിയുടെ വിളി.
" മോളെ എന്‍റെ കാലിനൊരു വലിച്ചുപിടുത്തം നീയിത്തിരി കൊഴബിട്ടൊന്നു തിരുമിക്കേ "
ഒന്നാമത് എനിക്കാ കുഴബിന്റെ മണം വരുബോഴേ ശര്‍ദിക്കാന്‍ വരും . പിന്നെയാ അസമയത്തുള്ള വിളി . അങ്ങനെ ആവശ്യമുള്ളപ്പോള്‍ മാത്രം മോളെ എന്ന്­ നീട്ടി ഒരു വിളിയുണ്ട്. എവിടെയെങ്കിലും വെറുതെയിരുന്നാല്‍ വെറുതെ എന്തെങ്കിലും പണിതരും. അതും ഒരുത്തരവാ കേട്ടാല്‍ അപ്പം ചാടി എഴുനെട്ടോണം. ഇപ്പോള്‍ തോന്നും കൂട്ടുകാര്‍ എന്നെ കളിയാക്കി വിളിക്കുന്ന പേര്‍തന്നെയാ നല്ലതെന്ന് വെറും കറിവേപ്പിലെ . അതുകൊണ്ട് എനിക്ക് എന്റെ തീരുമാനത്തില്‍ ഒരു മനസ്താപവും തോന്നിയില്ല.

ഇനിയുമുണ്ട് ഒറ്റപുത്രന്റെ പല വിശേഷണങ്ങളും . ബ്രമ്ഹമുഹൂര്‍ത്തത്തില്‍ ഉണ്ടായ സൂര്യകുമാരന്‍ എന്‍റെ ഭാഗ്യമാണുപോലും. അതുകൊണ്ടാണ് സൂര്യ ഭഗവാന്‍റെ പേരായ ദിനകര്‍ എന്ന പേരിട്ടതും എന്നും മറ്റും. എല്ലാകൂടി ഓര്‍ക്കുബോള്‍ എന്റെ ശരീരത്തിന് ആകെ ഒരു വിറയലാ . വീട്ടില്‍ തിരിച്ചുവന്നപ്പോഴേ അച്ഛന്‍ പറഞ്ഞു. മോളിനി എങ്ങോട്ടും പോകണ്ട . അവനു നല്ലബുദ്ധി തോന്നി തിരിച്ചുവ വരുന്നെങ്കില്‍ വരട്ടെ. അത് പറഞ്ഞ അച്ഛനും കഴിഞ്ഞ വര്‍ഷം ഒറ്റ അറ്റായിക്കില്‍ പോയി. അതും ഒരുദിവസം പോലും കിടന്നില്ല. അതിനും ഉത്തരവാദി അയാളുതന്നെ ആ സൂര്യഭഗവാന്‍ എന്നെനിക്ക് നല്ല ഉറപ്പാ . ഇനിയെന്‍റെ പട്ടിപോകും ആ വീട്ടിലേക്കു . അമ്മയും സോമേട്ടനും എന്‍റെ അഭിപ്രായത്തെ മാനിച്ചു . ഭാഗ്യത്തിന് തക്ക സമയത്ത് എനിക്ക് കൃഷിവകുപ്പില്‍ ഒരു ജോലി കിട്ടിയത് നന്നായി . സ്വന്തം കാലില്‍ നില്‍ക്കാലോ . മോനുമായി പടിയിറങ്ങിയപ്പോള്‍ എല്ലാം ഏതാണ്ട് തീരുമാനിച്ചുറപ്പിച്ചിരുന്നു. ഇനിയുള്ള പ്രശ്‌നം പാര്‍പ്പിടമാണ് . അമ്മയുള്ളടത്തോളം കാലം കുഴപ്പമില്ല . എന്‍റെ അവസ്ഥ കണ്ട് അച്ഛന്‍ മരിക്കാന്‍നേരം വീട് എനിക്കാണ് എന്നു പറഞ്ഞതാണ് അത്ത്യാഹിതമായത് . സത്യത്തില്‍ സോമേട്ടനും അതില്‍ എതിര്‍പ്പൊന്നുമില്ല. പക്ഷെ ദേവി എന്നു വിളിക്കുന്ന ഒരു നാത്തൂന്‍ ഉണ്ട് . അവള്‍ ശരിക്കും ഒരു മൂദേവിതന്നെ . ഒരിക്കല്‍ അവള്‍ എന്‍റെ നേരേ നോക്കി ഒരു കൂസലുമില്ലാതെ ആക്രോശിച്ചു .

" തോന്ന്യാസത്തിനു വല്ലവന്റെയുംകൂടെ രാത്രിയില്‍ ഇറങ്ങിപോയിട്ടു വന്നിരിക്കുന്നു അവകാശം പറയാന്‍ "

അവള്‍ക്ക് മനപ്പൂര്‍വം രാത്രി എന്നെടുത്തു പറയേണ്ട ആവശ്യമുണ്ടായിരുന്നോ. ഇതൊക്കെ ഞാന്‍ പ്രതികരിക്കാതിരിക്കുന്നതുകൊണ്ടുള്ള പ്രശ്‌നങ്ങളാ. ചേട്ടന്‍ പാവം കമാന്നോരഷരം പറയാതെ എല്ലാം കേട്ടിരുന്നു. ചേട്ടന് ഉള്ളുകൊണ്ട് അച്ഛന്‍ പറഞ്ഞ വാക്കു പാലിക്കണമെന്നുണ്ട് . പക്ഷെ അവള്‍ തലയിണമന്ത്രം ചൊല്ലി ചൊല്ലി ആ തീരുമാനത്തിന് ഒരിളക്കം തട്ടിയിട്ടില്ലേ എന്നൊരു തോന്നല്‍. അടിതെറ്റിയാല്‍ ആനയല്ലേ ചേട്ടനന്‍പോലും വീണുപോകും . ഒന്നോര്‍ത്താല്‍ അച്ഛന്‍ ഒന്നും എഴുതിവെച്ചിട്ടില്ലല്ലോ . അതുകൊണ്ട് അമ്മ മരിച്ചാല്‍ ഞാന്‍ പെരുവഴിയിലാകും എന്നുള്ളതിന് ഒരു സംശയവുംമില്ല . അല്ലെങ്കില്‍ ആ മൂദേവിയെ കൊല്ലണം . അങ്ങനെ ജയിലില്‍ പോയാല്‍ ആകാശിനാരുണ്ട് . അതിനു മുന്‍പ് അവളെന്നെ കൊല്ലുമെന്നാ ഇപ്പോള്‍ തോന്നുന്നത് . പെട്ടന്ന് അകത്തുനിന്ന് ആകാശ് വിളികേട്ട് ഒന്നു ഞെട്ടി .

" മോനെ ദാ വരുന്നു" എന്നുപറഞ്ഞ് മുറിയിലേക്കൊടി. അവന് കഥ പറഞ്ഞുകൊടുത്ത് ഉറങ്ങാന്‍ കിടന്നപ്പോള്‍ വെറുതെ ഓര്‍ത്തു . എല്ലാത്തിനും ഒരു വഴിയുണ്ടാകും." If there is a will there is a way " എന്നല്ലേ . കഥപറഞ്ഞ് കുറെ നല്ല സ്വപ്‌­നങ്ങള്‍ കണ്ട് മയങ്ങിപ്പോയതറിഞ്ഞതേയി ല്ല. ഉണര്‍ന്നപ്പോള്‍ ഒരുന്മേഷം തോന്നി. അപ്പോള്‍ വീണ്ടും സ്വയം ഒന്നാശ്വസിക്കാനാണ് തോന്നിയത്. ഇല്ല തീര്‍ച്ചയായും അമ്മ ഉള്ളിടത്തോളം കാലം ഞാനൊരിക്കലും ഒരു കറിവേപ്പിലയാകില്ല. ആരേം ഉണര്‍ത്താതെ അമ്മക്ക് ചായ ഉണ്ടാക്കാനായി ഒച്ചയുണ്ടാക്കാതെ അടുക്കളയിലേക്കു കയ­റി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക