Image

സുരേഷ് ഗോപിക്ക് ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്, ദിലീപും മംമ്തയും മികച്ച നടനും നടിയും

Published on 03 July, 2016
സുരേഷ് ഗോപിക്ക് ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്, ദിലീപും മംമ്തയും മികച്ച നടനും നടിയും
ടൊറന്റോ: ഫൊക്കാന മാമാങ്കത്തിന്റെ തിലകക്കുറിയായ അവാര്‍ഡ് നൈറ്റില്‍ സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപി എം.പിക്ക്  ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് സമ്മാനിച്ചു. ബസ്റ്റ് ആക്ടറായി ദിലീപും (ചന്ദ്രേട്ടന്‍ എവിടെയാ, ടു കണ്‍ട്രീസ്), മികച്ച നടിയായ മംമ്താ മോഹന്‍ ദാസും (ടു കണ്‍ട്രീസ്) കീരിടമണിഞ്ഞു. മികച്ച സംവിധായകനായി ലാല്‍ ജോസ് ആദരിക്കപ്പെട്ടപ്പോള്‍ (നീന), എന്നു നിന്റെ മൊയ്തീന്റെ സംവിധായകനും, തിരകഥാകൃത്തുമായ ആര്‍.എസ് വിമല്‍ മികച്ച ചിത്രത്തിനും തിരക്കഥയ്ക്കും അവാര്‍ഡ് നേടി.

ഹില്‍ട്ടന്‍ സ്യൂട്ട് കണ്‍വന്‍ഷന്‍ സെന്ററില്‍ തിങ്ങിനിറഞ്ഞ പുരുഷാരത്തിന് അപൂര്‍വ്വ ദൃശ്യവിസ്മയമൊരുക്കി കേരളത്തിലെ ഏതു താരനിശയോടും കിടപിടിക്കുന്ന രീതിയില്‍ അവതരിപ്പിച്ച അവാര്‍ഡ് നിശ വടക്കേ അമേരിക്കയില്‍ ഇതാദ്യം. മലയാള സിനിമാ ചരിത്രത്തില്‍ (88 വര്‍ഷം) പത്തില്‍ താഴെമാത്രം സൂപ്പര്‍സ്റ്റാറുകളെ സൃഷ്ടിച്ചപ്പോള്‍ അവരില്‍ രണ്ടുപേര്‍- സരേഷ് ഗോപിയും ദിലീപും- ഒരേ വേദിയില്‍ എത്തിയെന്നതും അപൂര്‍വ്വമായി. താരനിശയ്‌ക്കൊന്നും പോകാത്ത സുരേഷ് ഗോപിയെ എത്തിക്കാനായി എന്നതും അമേരിക്കന്‍ മലയാളികള്‍ക്ക് അഭിമാനത്തിനു വക നല്‍കുന്നുവെന്നു എംസി  രാജേഷ് ചൂണ്ടിക്കാട്ടുകയും ചെയ്തു.

മികച്ച സഹനടനുള്ള അവാര്‍ഡ് ജോയ് മാത്യുവിനു ലഭിച്ചു. (പത്തേമാരി). അനൂപ് മേനോന്‍ (പാവാട), ചെമ്പന്‍ വിനോദ് (ഉറുമ്പുകള്‍ ഉറങ്ങാറില്ല), ടോവിന്‍ തോമസ് (മൊയ്തീന്‍) എന്നിവരാണ് പരിഗണിക്കപ്പെട്ട മറ്റുള്ളവര്‍.

മികച്ച സഹനടിയായ ആര്യ (കുഞ്ഞിരാമായണം) കിരീടം ചൂടി. കെ.പി.എ.സി ലളിത (ചന്ദ്രേട്ടന്‍ എവിടെയാ), അനുശ്രീ (മഹേഷിന്റെ പ്രതികാരം), ലെന (മൊയ്തീന്‍) എന്നിവരാണ് പരിഗണിക്കപ്പെട്ട മറ്റുള്ളവര്‍.

പ്രഗത്ഭ താരങ്ങളുള്ളപ്പോള്‍ തനിക്ക് അവാര്‍ഡ് കിട്ടിയത് ആര്‍ക്കെങ്കിലും പറ്റിയ തെറ്റാണോ എന്നു തോന്നിപ്പോയെന്ന് ആര്യ പറഞ്ഞു. എന്നാല്‍ കുഞ്ഞിരാമായണത്തില്‍ താന്‍ അഭിനയിച്ച രംഗം കാണിച്ചപ്പോള്‍ ജനം ആവേശപൂര്‍വ്വം ചിരിച്ചതു കണ്ടപ്പോള്‍ തെറ്റ് പറ്റിയിട്ടില്ലെന്നു കരുതുന്നു. ആ കയ്യടി ആണ് ഈ അവാര്‍ഡിലും വലുതായി താന്‍ കാണുന്നത്.

മികച്ച ഡയറക്ടര്‍ക്കുള്ള പ്രത്യേക അവാര്‍ഡ് നടനും ഡാന്‍സറും കൂടിയായ വിനീത് കുമാര്‍ (അയാള്‍ ഞാനല്ല), എഴുത്തുകാരന്‍ സതീഷ് ബാബു പയ്യന്നൂരില്‍ നിന്നു ഏറ്റുവാങ്ങി. കഷ്ടപ്പാടുള്ള പണിയാണ് സംവിധായകന്റേതെന്ന് ലാല്‍ ജോസ് നേരത്തെ പറഞ്ഞിരുന്നു. ഇനിയും കഷ്ടപ്പെടാന്‍ തയാറാണ്. തന്റെ ഏറ്റവും വലിയ ആഗ്രഹവും സംവിധായകനാകുക എന്നതായിരുന്നു.

വേദി തൊട്ടുവണങ്ങി, അമേരിക്കന്‍ മലയാളികള്‍ക്കും അമര മലയാളത്തിനും സ്വാഗതം ആശംസിച്ചാണ് സുരേഷ് ഗോപി വേദിയിലെത്തിയത്. അമേരിക്കന്‍ യാത്രയ്ക്കുള്ള ആദ്യ ടിക്കറ്റ് ഫൊക്കനയാണ് തന്നതെന്ന് അദ്ദേഹം അനുസ്മരിച്ചു. 1998 റോച്ചസ്റ്റര്‍ കണ്‍വന്‍ഷന് അന്നത്തെ സെക്രട്ടറി മാമ്മന്‍ സി. മാത്യു ആണ് കൊണ്ടുവന്നത്. പിന്നീട് ഓരോ രണ്ടുവര്‍ഷം കൂടുമ്പോഴും അമേരിക്കയില്‍ വന്നു. മലയാളികളുടെ അണമുറിയാത്ത വേദിയായി ഫൊക്കാന വളരുന്നതില്‍ സന്തോഷമുണ്ട്.

അവാര്‍ഡ് സമ്മാനിച്ച ദിലീപ് മിമിക്രി ചെയ്യുന്ന കാലം മുതല്‍ക്കേ സുരേഷ് ഗോപി നല്‍കുന്ന സ്‌നേഹവും കരുതലും അനുസ്മരിച്ചു. പുതുമുഖങ്ങളോട് ഇത്രയധികം കരുതലോടെ ഇടപെടുന്ന നടന്മാരെ കണ്ടെത്താന്‍ വിഷമമാണ്. ഒരമ്മ പ്രസവിച്ചതല്ലെങ്കിലും സഹോദരതുല്യനാണ് അദ്ദേഹം.

മൂന്നാമത്തെ ഭാവം എന്ന തന്റെ സിനിമയില്‍ സുരേഷ് ഗോപിയായിരുന്നു നായകനെന്ന് ലാല്‍ ജോസ് അനുസ്മരിച്ചു. ആ സിനിമ പൊളിഞ്ഞപ്പോള്‍ ഒരുപാട് വര്‍ഷം സുരേഷ് ഗോപിയെ കാണാതെ കഴിച്ചുകൂട്ടി. കുറ്റബോധമായിരുന്നു കാരണം. പട്ടാളം പരാജയപ്പെട്ടശേഷം പത്തുവര്‍ഷം മമ്മൂട്ടിയുടെ മുന്നിലും പോയിട്ടില്ല. ചിത്രം പരാജയപ്പെട്ടെങ്കിലും അതില്‍ സുരേഷ് ഗോപിയുടെ അഭിനയം മികവുറ്റതായിരുന്നു.

ചിത്രം പരാജയമായിരുന്നുവെന്ന് താന്‍ കരുതുന്നില്ലെന്ന് സുരേഷ് ഗോപി പ്രതിവചിച്ചു. വ്യക്തിപരമായി അതൊരു ദുരന്തമായിരുന്നു തനിക്ക്. പക്ഷെ ഉന്നതമായ പരിശ്രമത്തില്‍ സംഭവിച്ച ദുരന്തമായി താന്‍ അതിനെ കാണുന്നു.

സുരേഷ് ഗോപിയുമൊത്ത് രണ്ടു സിനിമകളില്‍ അഭിനയിച്ച കാര്യം മംമ്ത മോഹന്‍ദാസ് അനുസ്മരിച്ചു. അതില്‍ 'ലങ്ക'യില്‍ താന്‍ പുതുമുഖമായിരുന്നു. പക്ഷെ പഴയ നടി എന്നപോലെയാണ് തന്നോട് പെരുമാറിയത്. ഇപ്പോഴും അച്ഛനെ വിളിക്കുകയും എന്നെപ്പറ്റി നിരന്തരം ക്ഷേമാന്വേഷണം ചെയ്യാന്‍ സുരേഷ് ഗോപി മറക്കുന്നില്ലെന്നു മംമ്ത പറഞ്ഞു.

സുരേഷ് ഗോപിയുടെ ആശയങ്ങളോട് തനിക്ക് വിയോജിപ്പുണ്ടെന്നു ജോയ് മാത്യു പറഞ്ഞു. പക്ഷെ സ്വന്തമായ അഭിപ്രായം ഉള്ളയാളാണ് അദ്ദേഹം എന്നതാണ് പ്രധാനം. അതിനെ ബഹുമാനിക്കുന്നു.

ഒന്നു മുതല്‍ പൂജ്യംവരെ സിനിമയില്‍ (1988) തങ്ങള്‍ രണ്ടാളും പുതുമുഖങ്ങളായെത്തിയത് ഗായകന്‍ ജി. വേണുഗോപാല്‍ അനുസ്മരിച്ചു. ഉള്ളില്‍ നന്മയും സ്‌നേഹവും കാത്തുസൂക്ഷിക്കുന്ന ആളാണ് സുരേഷ് ഗോപി.

അനിയനെപ്പോലെയാണ് സുരേഷ് ഗോപിയെ താന്‍ കരുതുന്നതെന്ന് തമ്പി ആന്റണി പറഞ്ഞു.

മികച്ച ഗായികയ്ക്കുള്ള അവാര്‍ഡ് സിത്താരയ്ക്ക് (ലൈല ഓ ലൈല) മുന്‍ മന്ത്രി ബിനോയ് വിശ്വം സമ്മാനിച്ചു.

ഹാസ്യ നടനുള്ള അവാര്‍ഡ് ജോജോ, ജോയ് മാത്യുവില്‍ നിന്നും ഏറ്റുവാങ്ങി. ജോജോ നിര്‍മ്മിച്ച ചിത്രത്തില്‍ നിന്നു തന്നെ നീക്കം ചെയ്തുവെന്നതിനെപ്പറ്റി വഴക്കടിച്ചതും ജോയ് മാത്യു അനുസ്മരിച്ചു. എന്തായാലും പഴയ സൗഹൃദം ഈ വേദിയില്‍ പുതുക്കുകയാണ്.

മികച്ച സംഗീത സംവിധായകനായി ബിജി ബാല്‍ തെരഞ്ഞെടുക്കപ്പെട്ടു. (സുധി വാത്മീകം). ഗോപി സുന്ദര്‍ (ചാര്‍ലി), ജയചന്ദ്രന്‍ (മൊയ്തീന്‍), രമേഷ് നാരായണ്‍ (മൊയ്തീന്‍) എന്നിവരേയും പരിഗണിച്ചു.

താന്‍ സംഗീതം കൊടുത്ത മഹേഷിന്റെ പ്രതികാരം 125-ാം ദിവസം ആഘോഷിക്കുമ്പോള്‍ ഇത്തരമൊരു അവാര്‍ഡ് കിട്ടിയതില്‍ സന്തോഷമുണ്ടെന്നു ബിജിബാല്‍ പറഞ്ഞു.

മികച്ച ഗായകനായി വിജയ് യേശുദാസിനേയും (മലരേ...) ആദരിച്ചു.

ബിജി ബാല്‍ ആണ് മികച്ച നടിക്കുള്ള അവാര്‍ഡ് മംമ്ത മോഹന്‍ദാസിനു സമ്മാനിച്ചത്. മഞ്ജു വാര്യര്‍ (വേട്ട), റിമ കല്ലുങ്കല്‍ (റാണി പത്മിനി), പാര്‍വതി (മൊയ്തീന്‍) എന്നിവരേയും മികച്ച നടിക്കുള്ള അവാര്‍ഡിന് പരിഗണിച്ചു.  

ടു കണ്‍ട്രീസ് തന്റേയും പല സഹപ്രവര്‍ത്തകരുടേയും തിരിച്ചു വരവായിരുന്നുവെന്നുവെന്നും അത് നിര്‍മ്മിക്കാന്‍ കാനഡയിലെ മലയാളി സമൂഹം വലിയ സഹായങ്ങള്‍ ചെയ്തുവെന്നും മംമ്ത മോഹന്‍ദാസ് നന്ദി പൂര്‍വ്വം അനുസ്മരിച്ചു. തന്റെ വിഷമ ഘട്ടങ്ങളില്‍ മുന്നോട്ടുപോകുവാനുള്ള ഊര്‍ജ്ജം ലഭിക്കുന്നത് ജനങ്ങളില്‍ നിന്നു ലഭിക്കുന്ന നിര്‍ലോഭമായ സ്‌നേഹവും സഹകരണവും കൊണ്ടാണെന്നും മംമ്ത പറഞ്ഞു.

എന്നു നിന്റെ മൊയ്തീന്‍ എടുത്ത ആര്‍.എസ് വിമലിനായിരിക്കും മികച്ച സംവിധായകനുള്ള അവാര്‍ഡെന്നാണ് താന്‍ കരുതിയതെന്ന് ലാല്‍ ജോസ് പറഞ്ഞു. ഇതിനു മുമ്പും ഇതുപോലെ  മികച്ച സംവിധായകനായി വിമലിനു പകരം തന്നെ തെരഞ്ഞെടുക്കുകയുണ്ടായി.

അവാര്‍ഡ് നല്‍കുക വഴി ഫൊക്കാന പഴയ കടം വീട്ടുകയാണ് ചെയ്തത്. പണ്ട് അവാര്‍ഡ് തനിക്ക് പ്രഖ്യാപിച്ചുവെങ്കിലും അത് തന്നത് കോട്ടയത്തു വച്ചായിരുന്നു. ഇപ്പോള്‍ ഏതായാലും ഇവിടെ കൊണ്ടു വന്നു.

രഞ്ജിത്ത് (സുധി വാത്മീകം), ആര്‍.എസ്. വിമല്‍ (മൊയ്തീന്‍), മാര്‍ട്ടിന്‍ പ്രക്കാട്ട്  (ചാര്‍ലി) എന്നിവരേയും പരിഗണിച്ചിരുന്നു.

മികച്ച നടനുള്ള അവാര്‍ഡിനു ദിലീപിനു പുറമെ മമ്മൂട്ടി (പത്തേമാരി), ദുല്‍ഖര്‍ (ചാര്‍ലി), പൃഥ്വിരാജ് (മൊയ്തീന്‍) എന്നിവരേയും പരിഗണിച്ചിരുന്നു.

നടീനടന്മാര്‍ സംവിധായകനു മുന്നിലെ കളിമണ്ണാണെന്നു അടൂര്‍ ഗോപാലകൃഷ്ണന്‍ 1998-ല്‍ പറഞ്ഞ കാര്യം സുരേഷ് ഗോപി അനുസ്മരിച്ചു. സംവിധായകന്റെ കലയാണ് സിനിമയെന്നും 
അടൂര്‍  പറഞ്ഞു. അതിന് താന്‍ പറഞ്ഞ മറുപടി അദ്ദേഹവും ശരിവെയ്ക്കുകയായിരുന്നു. നടീ നടന്മാര്‍ കളിമണ്ണാണ്. പൂഴിമണ്ണല്ല. പൂഴിമണ്ണാണെങ്കില്‍ അതിനു രൂപവും ഭാവവും നല്‍കാന്‍ സംവിധായകനാവില്ലെന്നായിരുന്നു താന്‍ പറഞ്ഞത്.

അടൂരിന്റെ ചിത്രത്തില്‍ ദിലീപ് വീണ്ടും അഭിനയിക്കുന്നതും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. നടന്‍ എന്ന നിലയില്‍ തന്നെ ഇഷ്ടപ്പെടുന്നുവെന്ന് അടൂര്‍ പറഞ്ഞതില്‍ സന്തോഷമുണ്ടെന്നു ദിലീപ് പറഞ്ഞു.

അവാര്‍ഡ് പരിപാടിക്ക് എം.സിമാരായി മികച്ച പ്രകടനം നടത്തിയത് രാജേഷും പേളി മാണിയുമാണ്. രാത്രി രണ്ടര വരെ പരിപാടി തുടര്‍ന്നുവെങ്കിലും അത് ആസ്വാദ്യകരമാക്കുവാന്‍ അവര്‍ക്കായി.

ഫൊക്കാന പ്രസിഡന്റ് ജോണ്‍ പി. ജോണ്‍, സെക്രട്ടറി വിനോദ് കെയാര്‍കെ, ട്രഷറര്‍ ജോയി ഇട്ടന്‍, കണ്‍വന്‍ഷന്‍ ചെയര്‍ ടോമി കോക്കാട്ട്, എന്റര്‍ടൈന്‍മെന്റ് ചെയര്‍ ബിജു കട്ടത്തറ, ട്രസ്റ്റി ബോര്‍ഡ് ചെയര്‍ പോള്‍ കറുകപ്പള്ളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
സുരേഷ് ഗോപിക്ക് ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്, ദിലീപും മംമ്തയും മികച്ച നടനും നടിയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക