Image

ടൊറന്റോയെ പുളകമണിയിച്ച് ഫൊക്കാന മഹോത്സവം കൊടിയിറങ്ങി

Published on 04 July, 2016
ടൊറന്റോയെ പുളകമണിയിച്ച് ഫൊക്കാന മഹോത്സവം കൊടിയിറങ്ങി
ടൊറന്റോ: കലാദേവത കനിഞ്ഞനുഗ്രഹിച്ച മൂന്നു ദിനരാത്രങ്ങളും, ചര്‍ച്ചകളും, സംവാദങ്ങളും സജീവമാക്കിയ പകലുകളും സമ്മാനിച്ച ഫൊക്കാനയുടെ പതിനേഴാമത് മഹോത്സവത്തിനു കൊടിയിറങ്ങി. മലയാളി സമൂഹം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച കണ്‍വന്‍ഷനുകളിലൊന്നിന് വേദിയൊരുക്കി ടൊറന്റോയും ഫൊക്കാന ഭാരവാഹികളും ചരിത്രത്തിലേക്ക് നടന്നുകയറി.

സൂപ്പര്‍ സ്റ്റാറുകളും മറ്റു കലാകാരന്മാരുമുള്‍പ്പടെ രണ്ടു ഡസനിലേറെ പേരെ അണിനിരത്തിയ താരനിശയും സംഗീതമേളകളും പ്രാദേശിക സംഘടനകളുടെ മിഴിവാര്‍ന്ന പ്രകടനങ്ങളും അനുഭൂതി മധുരമാക്കിയ കണ്‍വന്‍ഷന്‍ ഫൊക്കാനയ്ക്ക് പൊന്‍തൂവലായി. ദശകങ്ങള്‍ മാത്രം സംഭവിക്കാവുന്ന കലാസംഗമത്തില്‍ പങ്കെടുത്ത ധന്യതയുമായി ജനം മടങ്ങുന്നു.

ബാങ്ക്വറ്റിനോടനുബന്ധിച്ച സമാപന സമ്മേളനത്തില്‍ മുഖ്യധാരാ രാഷ്ട്രീയ നേതാക്കള്‍ പങ്കെടുത്തു. 16 വട്ടം ഇന്ത്യ സന്ദര്‍ശിച്ച പാട്രിക് ബ്രൗണ്‍ താന്‍ ഒന്റാരിയോ മുഖ്യമന്ത്രിയായാല്‍ കേരളത്തില്‍ ട്രേഡ് ഓഫീസ് തുറക്കുമെന്നു പറഞ്ഞു. കേരളത്തില്‍ പോയതും പെരിയാറില്‍ കുളിച്ചതുമെല്ലാം അദ്ദേഹം അനുസ്മരിച്ചു.

ഫൊക്കാന പ്രസിഡന്റ് ജോണ്‍ പി. ജോണ്‍, സെക്രട്ടറി വിനോദ് കെയാര്‍കെ, ട്രഷറര്‍ ജോയി ഇട്ടന്‍, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, അസി. സെക്രട്ടറി ഡോ. മാത്യു വര്‍ഗീസ്, ഫൗണ്ടേഷന്‍ ചെയര്‍ രാജന്‍ പടവത്തില്‍ തുടങ്ങിയവര്‍ ഹ്രസ്വപ്രസംഗം നടത്തി. തുടര്‍ന്ന് വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. സ്‌പെല്ലിംഗ് ബീ, ഗ്ലിംപ്‌സ് ഓഫ് ഇന്ത്യ വിജയികള്‍ക്കു പുറമെ ഉദയകുമാര്‍ വോളിബോള്‍ മത്സരത്തില്‍ വിജയം നേടിയ ന്യൂയോര്‍ക്ക് സ്‌പൈക്കേഴ്‌സിനും, രണ്ടാം സ്ഥാനത്തെത്തിയ കൈരളി സ്കാര്‍ബറോയ്ക്കും സമ്മാനങ്ങള്‍ നല്‍കി. ന്യൂയോര്‍ക്ക് സ്‌പൈക്കേഴ്‌സിനു പാര്‍ത്ഥസാരഥി പിള്ള പ്രത്യേക ഉപഹാരം നല്‍കി.

ബാങ്ക്വറ്റ് സമാപിച്ചതോടെ മിസ് ഫൊക്കന മത്സരം ആരംഭിച്ചു.
ടൊറന്റോയെ പുളകമണിയിച്ച് ഫൊക്കാന മഹോത്സവം കൊടിയിറങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക