Image

മയാമിക്ക് ഉത്സവദിനങ്ങള്‍; ഫോമാ കണ്‍വന്‍ഷന് ഉജ്വല തുടക്കം

Published on 08 July, 2016
മയാമിക്ക് ഉത്സവദിനങ്ങള്‍; ഫോമാ കണ്‍വന്‍ഷന് ഉജ്വല തുടക്കം
മയാമി: സാഗരം സാക്ഷിയായി നടത്തിയ വര്‍ണ്ണാഭമായ ഘോഷയാത്രയോടെ ഫോമയുടെ അഞ്ചാമത് കണ്‍വന്‍ഷന് ഡോവില്‍ റിസോര്‍ട്ടില്‍ അബ്ദുള്‍ കലാം നഗറില്‍ ഉജ്വല തുടക്കം. മുത്തുക്കുടയും ചെണ്ടമേളവും, താലപ്പൊലിയും മിഴിവേകിയ ഘോഷയാത്രയില്‍ കേരളീയ വേഷമണിഞ്ഞ സ്ത്രീകളും പുരുഷന്മാരും അണിനിരന്നപ്പോള്‍ അമേരിക്കക്കാരും ടൂറിസ്റ്റുകളുമടങ്ങിയ കാണികള്‍ക്ക് പുതിയൊരനുഭം.

അബ്ദുള്‍ കലാം നഗറിലെ നിറഞ്ഞ സദസിനെ സാക്ഷിയാക്കി മുന്‍ മന്ത്രി ബിനോയി വിശ്വം ത്രിദിന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വിശിഷ്ടാതിഥികളും മറ്റു ഭാരവാഹികളും ചേര്‍ന്ന് നിലവിളക്ക് കൊളുത്തി.

മലയാളികളുടെ ഒരുമയുടേയും സാമൂഹിക പ്രതിബദ്ധതയുടേയും തെളിവാണ് ഫോമ എന്നു ബിനോയി വിശ്വം ചൂണ്ടിക്കാട്ടി. നാമെല്ലാം വരുന്നത് ഭൂമിയുടെ ഒരു കോണില്‍ നിന്നാണ്. ഭൂമി ഒരു പന്താണെങ്കില്‍ അതില്‍ ഒരു പൊട്ടുമാത്രമാണ് ഇന്ത്യ എന്നും അതില്‍ സൂചിമുന കുത്തുന്ന ഭാഗം മാത്രമാണ് കേരളം എന്നുമാണ് ഒ.വി. വിജയന്‍ പറഞ്ഞത്. പക്ഷെ ചക്രവാളങ്ങള്‍ക്കപ്പുറത്തേക്ക് പടര്‍ന്നുകയറാന്‍ നമുക്കായി.

ഫോമ ആരുടെങ്കിലും പൊങ്ങച്ചത്തിനോ പ്രൗഢി കാണിക്കാനോ അല്ല എന്നു കാൻസ
ര്‍  പ്രൊജക്ട് വ്യക്തമാക്കുന്നു. മറ്റുള്ളവരുടെ സങ്കടം കാണാനുള്ള മനസ് ഈ സംഘടനയിലുള്ളവര്‍ക്കുണ്ട്. അതാണ് സംഘടനയെ വ്യത്യസ്തമാക്കുന്നതും.

മയാമിയില്‍ നിന്ന് 90 നോട്ടിക്കല്‍ മൈല്‍ സഞ്ചരിച്ചാല്‍ ക്യൂബയിലെത്താം. 1959 മുതല്‍ അമേരിക്കയും ക്യൂബയും ശത്രുക്കളായിരുന്നു. പക്ഷെ അടുത്തകാലത്ത് അവര്‍ മനസിലിക്കി, അകന്നല്ല നില്‍ക്കേണ്ടത്, അടുത്താണെന്ന്, ശാശ്വതമായ ശത്രുതയ്ക്ക് അര്‍ത്ഥമില്ലെന്ന്. ആ ബോധ്യപ്പെടല്‍ മാറ്റങ്ങള്‍ക്ക് വഴിതെളിച്ചു.

നാം നമുക്കുശേഷം വരുന്ന തലമുറയ്ക്ക് എന്താണ് ബാക്കിവെയ്ക്കുന്നതെന്നതും ഇക്കാലത്ത് വളരെ പ്രസക്തമാണ്. മലനീകരിക്കപ്പെട്ട പരിസ്ഥിതിയില്‍ ഭാവി തലമുറ ഭീഷണി നേരിടേണ്ടിവരുന്നു എന്നു ചിന്തിക്കേണ്ടതുണ്ട്. ആഗോളതലത്തില്‍ ചിന്തിക്കുന്ന മലയാളി പ്രകൃതി സംരക്ഷണത്തിന്റെ കാര്യത്തിലും അവബോധമുള്ളവരാണ്.

ലാഭം മാത്രം നോക്കി ജീവിതമൂല്യങ്ങള്‍ നഷ്ടപ്പെടുത്തുന്നതിനെതിരേ ഫ്രാന്‍സിസ് മാര്‍പാപ്പ ഉയര്‍ത്തിയ നിര്‍ദേശങ്ങള്‍ വളരെ പ്രസക്തമാകുന്നു. മൂല്യങ്ങള്‍ കൈമോശം വരുന്നത് വിനാശകരം തന്നെ.

അധ്യക്ഷ പ്രസംഗം നടത്തിയ ഫോമ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍ ഫോമയുടെ ആര്‍.സി.സി പ്രൊജക്ട് ഓഗസ്റ്റ് 27-നു തിരുവനന്തപുരത്ത് ആഘോഷമായ ചടങ്ങില്‍ പരിസമാപ്തി കുറിക്കുമെന്നറിയിച്ചു. താന്‍ സ്ഥാനമേറ്റെടുത്തപ്പോള്‍ നാട്ടിലെ കാന്‍സര്‍ രോഗികള്‍ക്ക് എന്തെങ്കിലും സഹായമെത്തിക്കണമെന്ന ഏക ആഗ്രഹമാണുണ്ടായിരുന്നത്. ഒരു ലക്ഷം ഡോളര്‍ ചെലവുള്ള പ്രൊജക്ട് ഏറ്റെടുക്കുന്നതിനെ പലരും വിലക്കി. പിതനായിരം ഡോളര്‍ പോലും സമാഹരിക്കാനാവില്ല എന്നു ചിലര്‍ പറഞ്ഞു. നാട്ടിലാവട്ടെ ഇത്തരമൊരു നിര്‍ദേശം പ്രവാസിയുടെ മേനിപറച്ചില്‍ മാത്രമായാണ് കരുതിയത്. എന്നാല്‍ നിശ്ചിത സമയത്തിനകം ഒരു ലക്ഷം ഡോളറിനു പകരം ഒന്നര ലക്ഷത്തോളം സമാഹരിച്ചു. അതു പൂര്‍ണ്ണമായും ആര്‍.സി.സിക്ക് നല്‍കും. ഒരു പെനി പോലും മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കില്ല. തുക നല്‍കിയ ഓരോരുത്തരുടേയും പേരും തുകയും സുവനീറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പദ്ധതി ആരംഭിക്കുമ്പോള്‍ അഞ്ചു പേരാണ് ഉണ്ടായിരുന്നത്. ഈ പ്രൊജക്ടിന്റെ എല്ലാമെല്ലാമായി പ്രവര്‍ത്തിച്ചത് പി.ആര്‍.ഒ ജോസ് ഏബ്രഹമാണ്. എംപയര്‍ റീജിയന്‍ 11,000 ഡോളര്‍ സമാഹരിച്ചു. മെട്രോ റീജിയന്‍ 31,000 ഡോളര്‍. യോങ്കേഴ്‌സിലുള്ള താരതമ്യേന നവാഗതരായ രണ്ടു ചെറുപ്പക്കാര്‍ - ലിബി മോനും, സഞ്ജുവും- 5000 ഡോളര്‍ തന്നത് ഇന്നും ഊഷ്മളമായ ഒരോര്‍മ്മയാണ്. ലാലി കളപ്പുരയ്ക്കലിന്റെ ഹെല്‍പിംഗ് ഹാന്‍ഡ്‌സ് 2500 ഡോളറും, കളത്തില്‍ ഫൗണ്ടേഷന്‍ 5000 ഡോളറും നല്‍കി. എല്ലാറ്റിനുമുപരി തന്റെ സ്വന്തം സ്ഥലമായ സൗത്ത് ഫ്‌ളോറിഡയില്‍ നിന്നും 56000 ഡോളര്‍ സമാഹരിച്ചു. വെസ്റ്റേണ്‍ റീജിയനില്‍ നിന്നു ജോസഫ് ഔസോ 10,000 ഡോളര്‍ നല്‍കി. ജോണ്‍ ടൈറ്റസ്, സ്റ്റാന്‍ലി കളത്തില്‍ എന്നിവരേയും അനുസ്മരിക്കുന്നു.

കണ്‍വന്‍ഷന്‍ നടക്കുന്ന മയാമി ബീച്ച് നഗര മേയര്‍ ഫിലിപ്പ് ലെവിന്‍ നഗരത്തിന്റെ ചരിത്രം വിവരിച്ചു. 150 വര്‍ഷം മുമ്പ് രൂപീകൃതമായ നഗരത്തില്‍ ചരിത്രം ഉറങ്ങിക്കിടക്കുന്നു. അമ്പത് വര്‍ഷം മുമ്പ് ബ്രിട്ടണില്‍ നിന്നും നാലംഗ ഗായകസംഘം ഈ ഹോട്ടലില്‍ വന്നു താമസിച്ചതാണ്. അജ്ഞാതരായ അവര്‍ ബീച്ചിനടുത്ത് നടക്കുന്ന ബോക്‌സിംഗ് മത്സരം കാണാന്‍ പോയി. വേള്‍ഡ് ചാമ്പ്യനോട് അജ്ഞാതനായ കാഷ്യസ് ക്ലേ ഏറ്റുമുട്ടുന്നു. പക്ഷെ കാഷ്യസ് ക്ലേ വിജയിച്ച് ഹെവി വെയ്റ്റ് ചാമ്പ്യനായി. കാഷ്യസ് ക്ലേ പിന്നീട് മഹാനായ മുഹമ്മദ് ആലി ആയി. ഗായക
ര്‍ ലോകം ആരാധിക്കുന്ന ബീറ്റില്‍സ് സംഘമായി. 

ഹോട്ടലില്‍ നിന്നു പുറത്തുപോയി ബീച്ചും നഗരവും ആസ്വദിക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു.

ഒബാമ ഭരണകൂടത്തിന്റെ അവസാന നാളുകളായപ്പോഴേയ്ക്കും ഇന്ത്യാ- യു.എസ് ബന്ധം പുതിയ തലത്തിലെത്തി നില്‍ക്കുന്നതായി അംബാസിഡര്‍ ടി.പി. ശ്രീനിവാസന്‍ പറഞ്ഞു. പ്രവാസികളുടെ പ്രാധാന്യം നന്നായി അറിയാവുന്ന പ്രധാനമന്ത്രിയാണ് ഇപ്പോള്‍ നമുക്കുള്ളത്.

നാട്ടിലെത്തുന്ന അമേരിക്കക്കാര്‍ സ്കൂളുകളിലും മറ്റും പോയി പൗരബോധം എങ്ങനെ പ്രാവര്‍ത്തികമാക്കാമെന്നതിനെപ്പറ്റി പഠിപ്പിക്കണമെന്ന് ഡി.ഐ.ജി പി. വിജയന്‍ നിര്‍ദേശിച്ചു.

ആനന്ദന്റേയും അനുചരന്മാരുടേയും ഫോണ്‍കോളില്‍ നിന്നാണ് ആര്‍.സി.സി പ്രൊജക്ടിന്റെ തുടക്കമെന്നു ഡോ. എം.വി. പിള്ള പറഞ്ഞു. കുട്ടികളിലെ കാന്‍സര്‍ മിക്കപ്പോഴും സുഖപ്പെടുത്താനാവുന്നതാണ്. ആര്‍.സി.സി മികച്ച സ്ഥാപനമായതോടെ അങ്ങോട്ട് രോഗികളുടെ ഒഴുക്കാണ്. ഡോക്ടര്‍മാര്‍ക്ക് നിന്നു തിരിയാന്‍ പോലും സ്ഥലമില്ല. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു പ്രൊജക്ട് നിര്‍ദേശിക്കുന്നത്. അതു നടപ്പിലാക്കാന്‍ ജോസ് ഏബ്രഹാം വലിയ പങ്കുവഹിച്ചു.

ആദ്യമായാണ് താന്‍ ഒരു കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നതെന്ന് നടന്‍ സുരാജ് വെഞ്ഞാറമൂട് പറഞ്ഞു. മാത്രമല്ല ഒക്‌ടോബറില്‍ തങ്ങളുടെ ഒരു ഷോ വരാനുമുണ്ട്. കണ്‍വന്‍ഷന്‍ ചെയര്‍ കൂടിയായ മാത്യു വര്‍ഗീസിന്റെ സ്‌നേഹപൂര്‍വമായ ക്ഷണം കൊണ്ടാണ് എത്തിയത്. ഭാര്യയും മക്കളും കൂടെയുണ്ട്.

തന്റെ മൂത്ത പുത്രനായ കാശിനാഥന്‍ ജനിച്ചപ്പോള്‍ സ്റ്റേറ്റ് അവാര്‍ഡ് കിട്ടി. രണ്ടാമത്തെ പുത്രന്‍ വാസുദേവ് ജനിച്ചപ്പോള്‍ രണ്ടാമത്തെ സ്റ്റേറ്റ് അവാര്‍ഡ്. സംഗതി തരക്കേടില്ലല്ലോ എന്നു കരുതി. അധികം താമസിയാതെ മകള്‍ ഹൃദ്യ ഉണ്ടായി. ഇപ്പോള്‍ മൂന്നു വയസ്. സംസ്ഥാന അവാര്‍ഡും നാഷണല്‍ അവാര്‍ഡും കിട്ടി. ഓസ്കാര്‍ അവാര്‍ഡ് കിട്ടുമെങ്കില്‍ ഒരു ശ്രമം കൂടി നടത്താം. അതിനു ആരുടേയും സഹകരണം താന്‍ അഭ്യര്‍ഥിക്കില്ല. പക്ഷെ പ്രാര്‍ത്ഥനയുണ്ടാകണം- കൂട്ടച്ചിരികള്‍ക്കിടയില്‍ സുരാജ് പറഞ്ഞു.

ഒരുമിച്ച് പ്രവര്‍ത്തിച്ച പല സുഹൃത്തുക്കളേയും ഇവിടെ കണ്ടതായി റോക്ക്‌ലാന്റ് കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ. ആനി പോള്‍ ചൂണ്ടിക്കാട്ടി. തന്നെ ക്ഷണിച്ചതില്‍ അതിയായ സന്തോഷമുണ്ട്. ഫോമാ ദിനം  
പ്രഖ്യാപിച്ചുള്ള പ്രൊക്ലമേഷന്‍ അവര്‍ പ്രസിഡന്റിനു കൈമാറി. 

റീജിയണല്‍ വൈസ് പ്രസിഡന്റ് അനു സുകുമാര്‍ ആമുഖ പ്രസംഗംനടത്തി. കണ്‍വന്‍ഷന്‍ ചെയര്‍ മാത്യു വര്‍ഗീസ് ആയിരുന്നു എം.സി. സെക്രട്ടറി ഷാജി എഡ്വേര്‍ഡ് സ്വാഗതം ആശംസിച്ചു. ഡോ. റോയി സി.ജെ, വിക്ടര്‍ ടി. തോമസ്, വര്‍ഗീസ് മാമ്മന്‍, ഗാന്ധി പ്രതിമ സ്ഥാപിച്ചിരിക്കുന്ന ഡേവി നഗരത്തിന്റെ മേയര്‍ ജൂഡി പോള്‍ തുടങ്ങി ഒട്ടേറെ പേര്‍ പങ്കെടുത്തു. ഫോമാ ട്രഷറര്‍ ജോയി ആന്റണി, ജോയിന്റ് സെക്രട്ടറി സ്റ്റാന്‍ലി കളത്തില്‍, ജോയിന്റ് ട്രഷറര്‍ ജോഫ്രിന്‍ ജോസ്, പി.ആര്‍.ഒ ജോസ് ഏബ്രഹാം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സ്റ്റാന്‍ലി കളത്തില്‍ നന്ദി പറഞ്ഞു. രാത്രി ആരോസ് ബാന്റിന്റെ ഗാനമേളയും, പ്രാദേശിക സംഘടനകളുടെ കലാപരിപാടികളും അരങ്ങേറി.

ഇന്ന് (വെള്ളി) ആണ് ഇലക്ഷന്‍. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാതായി ഇലക്ഷന്‍ കമ്മീഷണര്‍മാരായ സ്റ്റാന്‍ലി കളരിക്കമുറി, സി.കെ. ജോര്‍ജ് എന്നിവര്‍ പറഞ്ഞു. ഇലക്ഷന്‍ സുതാര്യമായി നടക്കും. എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാവുമെന്നു കരുതുന്നില്ല.

രാവിലെ 10 മുതല്‍ ഡോ. ലൂക്കോസ് മന്നിയോട്ട് നയിക്കുന്ന സെമിനാര്‍. 11 മുതല്‍ സുരാജും നിഖില്‍ നിരവത്തും നയിക്കുന്ന ടാലന്റ് ഷോ, ഒരുമണി മുതല്‍ നഴ്‌സസ് സെമിനാര്‍, കാര്‍ഡ് ഗെയിം, 2 മുതല്‍ ഇന്‍വെസ്റ്റ്‌മെന്റ് സെമിനാര്‍. 3 മുതല്‍ 7 വരെ മിസ് ഫോമ മത്സരം. 7 മുതല്‍ ബിസിനസ് സെമിനാറും ഡിന്നറും. 9 മണി മുതല്‍ ഷിംഗാരി സ്കൂള്‍ ഓഫ് റിഥം അവതരിപ്പിക്കുന്ന പ്രത്യേക ഷോ. പത്തര മുതല്‍ നാടകം നിഴലാട്ടം, പതിനൊന്നേകാല്‍ മുതല്‍ നാടകം - ആരും പറയാത്ത കഥ.

വാല്‍ക്കഷണം:

ഇന്നത്തെ ജനറല്‍ബോഡിക്ക് സവിനയം.

1) അടുത്ത തവണ മുതല്‍ ഇലക്ഷനുവേണ്ടി നൂറു ഡോളറില്‍കൂടുതല്‍ ചെലവാക്കുന്ന സ്ഥാനാര്‍ത്ഥിയെ അയോഗ്യനാക്കണം.

2), വോട്ട് പിടിക്കന്‍വേണ്ടി യാത്ര ചെയ്യാന്‍ പാടില്ല.

3). ഒരു ഡെലിഗേറ്റിനോട് ഫോണില്‍ ഒരുതവണ മാത്രമേ വോട്ട് ചേദിക്കാവൂ.

4). ഫേസ്ബുക്ക്, വാട്‌സ് ആപ് തുടങ്ങിയ നവ മാധ്യമങ്ങള്‍ ഉപയോഗിക്കരുത്.

5). ജനറല്‍ബോഡിയില്‍ പത്തുമിനിറ്റ് സംസാരിക്കാന്‍ അവസരം നല്‍കണം. അതു കേട്ട് ഡെലിഗേറ്റുകള്‍ തീരുമാനമെടുക്കണം.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനേക്കാള്‍ വലിയ വീറും വാശിയും ഒന്നും വേണ്ട.
മയാമിക്ക് ഉത്സവദിനങ്ങള്‍; ഫോമാ കണ്‍വന്‍ഷന് ഉജ്വല തുടക്കം
Join WhatsApp News
N H Menon 2016-07-10 09:59:53
മത വിശ്വാസം മറക്കരുതെന്ന് സുരേഷ് ഗോപി, ടിപി  ശ്രീനിവാസ  ഒരു വാക്കു പറഞ്ഞു എന്നു വിശ്വസിക്കുന്നു. കേരള അമ്പലങ്ഗ്ള ഇല്ലാതാവുന്നു! താങ്ക്സ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക