Image

ക്രൈസ്‌തവ വിശ്വാസത്തെ വ്രണപ്പെടുത്തുന്നവര്‍ ദുഃഖിക്കേണ്ടിവരും: സീറോ മലബാര്‍ സഭ അല്‌മായ കമ്മീഷന്‍

Published on 05 February, 2012
ക്രൈസ്‌തവ വിശ്വാസത്തെ വ്രണപ്പെടുത്തുന്നവര്‍ ദുഃഖിക്കേണ്ടിവരും: സീറോ മലബാര്‍ സഭ അല്‌മായ കമ്മീഷന്‍
കോട്ടയം: ക്രിസ്‌തുനാഥനേയും, ക്രൈസ്‌തവസഭയേയും, സഭാപിതാക്കന്മാരേയും ആക്ഷേപിച്ചും അവഹേളിച്ചും രാഷ്‌ട്രീയ നേട്ടങ്ങള്‍ കൊയ്യാമെന്നുള്ള ചിന്തയില്‍ ചില സഭാവിരുദ്ധ കേന്ദ്രങ്ങള്‍ നടത്തുന്ന ആസൂത്രിത നീക്കങ്ങളും കുത്സിത തന്ത്രങ്ങളും വിലപ്പോവില്ലെന്നും ക്രിസ്‌തുവിനെ വിപ്ലവകാരിയായി അംഗീകരിക്കുവാന്‍ തയ്യാറായിരിക്കുന്ന നിരീശ്വരവാദികള്‍ ക്രിസ്‌തീയ വിശ്വാസത്തിലേയ്‌ക്കു കടന്നുവരുന്ന നാളുകള്‍ വിദൂരമല്ലെന്നും സീറോ മലബാര്‍ സഭ അല്‌മായ കമ്മീഷന്‍.

കമ്യൂണിസ്റ്റ്‌ പ്രത്യയശാസ്‌ത്രങ്ങള്‍ ലോകജനത എഴുതിതള്ളിയിരിക്കുമ്പോള്‍ ക്രൈസ്‌തവ സഭയുടെ വളര്‍ച്ചയിലും, കെട്ടുറപ്പിലും, നന്മയിലും വിളറിപൂണ്ടവര്‍ വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന നടപടികള്‍ ധിക്കാരപരവും അപലപനീയവുമാണെന്ന്‌ അല്‌മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പ്രസ്‌താവിച്ചു.

നിരീശ്വരപ്രസ്ഥാനങ്ങളിലെ ആശയദാരിദ്ര്യവും ഭൂരിപക്ഷസമുദായ പ്രീണന അടവുനയവുമാണ്‌ ക്രൈസ്‌തവ സഭയെ ആക്ഷേപിക്കുന്നതിലൂടെ പ്രകടമായിരിക്കുന്നത്‌. എതിര്‍ത്തുതോല്‍പ്പിക്കുന്നതും മല്ലടിക്കുന്നതും സഭയുടെ നയമല്ല. എന്നാല്‍ പലപ്പോഴും വിശ്വാസികള്‍ സംയമനം പാലിക്കുന്നത്‌ നിസംഗതയായി ആരും കാണേണ്ടതുമില്ല. ക്രിസ്‌തുവിലെ വിപ്ലവകാരിയെ അറിഞ്ഞും അനുഭവിച്ചും ഹൃദയത്തിലേറ്റുന്നവരാണ്‌ ക്രൈസ്‌തവ വിശ്വാസികള്‍. ക്രൈസ്‌തവരെ വിശ്വാസത്തെക്കുറിച്ചും ക്രിസ്‌തുവിന്റെ സ്‌നേഹവിപ്ലവത്തെക്കുറിച്ചും പഠിപ്പിക്കുവാന്‍ നിരീശ്വരവാദികള്‍ മിനക്കെടേണ്ടതില്ലെന്ന്‌ അല്‌മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക