Image

കലയിലും കമ്പ്യുട്ടറിലും മികവു തെളിയിച്ച 'മലയാളി മങ്ക'

റോജോ ജോര്‍ജ് Published on 13 July, 2016
കലയിലും കമ്പ്യുട്ടറിലും മികവു തെളിയിച്ച 'മലയാളി മങ്ക'
കമ്പ്യൂട്ടര്‍ രംഗത്ത് വിദഗ്ദ; നാട്യരംഗത്തു പ്രഗദ്ഭ; ഇപ്പോള്‍ ഫോമയുടെ മലയാളി മങ്കയും. ലക്ഷ്മി പീറ്റര്‍ വ്യത്യസ്ഥ നേട്ടങ്ങളുടെ ഉടമ.
കമ്പ്യൂട്ടിങ്, ബിസിനസ് ഇന്റലിജന്‍സ് തുടങ്ങിയ വാക്കുകളെക്കുറിച്ച് അറിയണമെങ്കില്‍ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന ആരോടെങ്കിലും ചോദിച്ചാല്‍ മതിയാവും. മറിച്ച് തില്ലാന, രംഗപൂജ, നാട്യ ശാസ്ത്രം എന്നിവയെക്കുറിച്ചറിയണമെങ്കിലോ...... ? ഏതെങ്കിലും വിദഗ്ദരായ നര്‍ത്തകിമാരോട് തന്നെ ചോദിക്കണം. എന്നാല്‍ ലക്ഷ്മി എന്ന കോട്ടയത്തുകാരിയുടെ കാര്യം അങ്ങിനെയല്ല. ക്ലൗഡ് കമ്പ്യൂട്ടിങും നവരസങ്ങളും അവര്‍ക്ക് ഒരു പോലെ എളുപ്പമാണ് ; ഹൃദിസ്ഥമാണ്. കുറച്ചു കൂടെ വിശദമായിപ്പറഞ്ഞാല്‍ രണ്ടിലും വിദഗ്ധയാണവര്‍. ഐടി മേഖലയിലെ ഏറ്റവും പുതിയ സോഫ്റ്റ് വെയറുകളും ഭാരതനാട്യത്തിലെ പുരാതന മുദ്രകളും ലക്ഷ്മിയുടെ വിരല്‍തുമ്പുകള്‍ക്ക് മനപ്പാഠം.

ഐടി ബിസിനസ് രംഗം അത്ര എളുപ്പത്തിലൊന്നും ആര്‍ക്കും വഴങ്ങുന്നയിടമല്ല. കഠിനാദ്ധ്വാനവും സൂക്ഷ്മ ബുദ്ധിയും വേണ്ടതിലേറെ ആവശ്യമുളളതും അതേസമയം മത്സരം അരങ്ങുതകര്‍ക്കുകയും ചെയ്യുന്നയിടം. അതുകൊണ്ടു തന്നെ സ്ത്രീകള്‍ കയറി വരാന്‍ വിമുഖത കാട്ടുന്ന മേഖലകൂടിയാണിത്. ഇവിടെയാണ് കോട്ടയം വാകത്താനം സ്വദേശി ലക്ഷ്മി ചുവടുവെച്ചുയര്‍ന്നത്. അമേരിക്കയിലെ ഹൂസ്റ്റണില്‍ കോടികളുടെ വിറ്റുവരവുളള ഒരു ഐടി കമ്പനിയുടെ ഡയറക്ടറാണിപ്പോള്‍ ലക്ഷ്മി. കഴിവുകള്‍ക്കൊപ്പം നേതൃപാടവശേഷി കൂടിയാണ് ലക്ഷ്മിയെ ഇത്രയും ഉന്നത സ്ഥാനത്തെത്തിച്ചത്.

ലക്ഷ്മി എന്ന പേരു കേട്ടാല്‍ നെറ്റിയില്‍ ചന്ദനക്കുറി പ്രതിക്ഷിക്കുന്നവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഈ മുപ്പത്തിനാലുകാരി തന്റെ അപ്പന്റെയും അമ്മച്ചിയുടെയും പേര് പറയും. കൊച്ചുപ്ലാപ്പറമ്പില്‍ പീറ്ററിന്റെയും റേച്ചല്‍ പീറ്ററിന്റേയും പേരുകള്‍. സൗദി അറേബ്യയില്‍ ബിസിനസുകാരനായ പീറ്ററിന്റെ മൂന്ന് മക്കളില്‍ ഒരുവള്‍. സാമ്പത്തിക പ്രതിസന്ധികളില്‍ ഉഴറി നടന്ന പീറ്ററിന്റെ ബിസിനസ് കൊച്ചുമകളുടെ ജനനത്തിന് തൊട്ടുപിന്നാലെ പെട്ടെന്നൊരു ദിവസം പ്രശ്‌നങ്ങളെയെല്ലാം മറികടന്ന് ഉയര്‍ച്ചയിലേക്ക് കുതിക്കുന്നു! പിന്നെ പീറ്റര്‍ സംശയിച്ചില്ല. ഐശ്വര്യത്തിന്റെ ദേവതയെപ്പോലെയെത്തിയ കുഞ്ഞിന് 'ലക്ഷ്മി' എന്ന് പേരിടാന്‍.

ഒരു ഇലക്ട്രിക്കല്‍ എഞ്ചിനീയറാവാനുളള അറിവും യോഗ്യതയും കൈയിലുളളപ്പോള്‍ തന്നെ ടെക്‌സസിലെ ഹൂസ്റ്റണില്‍ അറിയപ്പെടുന്ന ഐടി കണ്‍സള്‍ട്ടിംഗ് കമ്പനിയായ 'ഐക്യ െടക് പ്രോസി' ന്റെ ഡയറക്ടറാണിവര്‍. ബാംഗ്ലൂരിലെ സെന്റ് സേവിയേഴ്‌സ് കോളേജില്‍ നിന്ന് ലഭിച്ച എംബിഎ ബിരുദമാണ് അഡ്മിനിസ്‌ട്രേഷന്‍ രംഗത്ത് ഇവരെ തുണയ്ക്കുന്നത്.

നാലാം വയസില്‍ പിച്ചവെച്ച് നടക്കുമ്പോള്‍ തന്നെ ആ പിഞ്ചുകാലുകള്‍ പാട്ടുകള്‍ക്കനുസരിച്ച് ചുവടുവെക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട മാതാപിതാക്കളാണ് മകളിലെ നര്‍ത്തകിയെ ആദ്യമായി തിരിച്ചറിഞ്ഞത്. പിന്നീട് നാട്ടില്‍ നിന്ന് ലഭിച്ച ചില നൃത്ത പരിശീലനങ്ങള്‍ക്കുശേഷം ചെന്നൈയില്‍ കലാക്ഷേത്ര സ്‌കൂള്‍ ഓഫ് ഡാന്‍സില്‍ നിന്ന് ഭരത നാട്യത്തിലും കര്‍ണാടക സംഗീതത്തിലും ശാസ്ത്രീയ പരിശീലനം നേടി. തുടര്‍ന്ന് ലക്ഷ്മി നൃത്ത വേദിയില്‍ ഒരത്ഭുതമായി വളരുകയായിരുന്നു. കൂടെ കര്‍ണാടക സംഗീത്തിലെ മികച്ച ക്ലാസിക്കല്‍ ഗായിക കൂടിയായി ഇവര്‍ ശ്രോതാക്കളെ വിസ്മയിപ്പിച്ചു. വയലിനില്‍ ശ്രുതിമീട്ടുമ്പോഴും ലക്ഷ്മിയിലെ കലാകാരി നമ്മളെ അത്ഭുതപ്പെടുത്തും.

കോളജ് പഠനകാലത്ത് എംജി യൂണിവേഴ്‌സിറ്റി ഇന്റര്‍സോണ്‍ മത്സരങ്ങളില്‍ ഒരു തവണ കലാതിലകമായിരുന്നു ലക്ഷ്മി. പിന്നീട് ഇന്റര്‍ നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവലില്‍ ബെസ്റ്റ് കൊറിയോ ഗ്രാഫര്‍ അവാര്‍ഡും ഈ കലാകാരിയെ തേടിയെത്തി.

കലാലോകത്തെ ഈ ചുവടുവെപ്പുകള്‍ക്കും മുന്നേറ്റങ്ങള്‍ക്കുമൊപ്പം പിതാവിനെപ്പോലെ ബിസിനസ് രംഗത്തും ലക്ഷ്മി മുന്നേറി. കര്‍മ്മ രംഗത്തെ ഈ യാത്രകള്‍ക്കൊടുവിലാണ് ഈ കലാകാരി അമേരിക്കയിലെ ഐടി ഭീമന്മാര്‍ക്കിടയില്‍പ്പോലും ശ്രദ്ധിക്കപ്പെടുന്ന ഒരു ഐടി കണ്‍സള്‍ട്ടിംഗ് കമ്പനിയുടെ അമരത്തെത്തിയിരിക്കുന്നത്.

അമേരിക്കയില്‍ ഐടി കമ്പനിയുടെ ഡയറക്ടറായ കോട്ടയത്തുകാരി ക്രിസ്ത്യാനിപ്പെണ്ണ് എന്ന് കേള്‍ക്കുന്നവര്‍ക്ക് തോന്നും മദാമ്മമാരെപ്പോലെ ഹാഷ് ബൂഷ് സ്‌റ്റൈലില്‍ ജീവിക്കുന്ന ഒരു തന്റേടിയായ പെണ്ണാണെന്ന്. മുടി ബോബ് ചെയ്ത്, ജീന്‍സും ടോപ്പുമിട്ട് ജീവനക്കാരെയും ബിസിനസ് ഡീലുകള്‍ക്കെത്തുന്നവരെയും വിറപ്പിച്ചുകൊണ്ട് സദാ സമയവും ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു പരുക്കന്‍ സ്വഭാവക്കാരിയുടെ ചിത്രവും നമ്മുടെ മനസ്സിലേക്കോടിയെത്തും.

എന്നാല്‍ ടെക്‌സസിലെ മലയാളികള്‍ ഒരുക്കുന്ന ഓണാഘോഷ ചടങ്ങുകളിലോ മലയാളി സമാജത്തിന്റെ വാര്‍ഷികാഘോഷങ്ങളിലോ ഒരുക്കുന്ന വേദികളില്‍ ലക്ഷ്മിയെ കണ്ടാല്‍ ആരും അത്ഭുതപ്പെട്ടു പോവും.
അതെ. ലക്ഷ്മി പീറ്റര്‍ ഒരു ബിസിനസുകാരിയല്ല. ഒരു കലാകാരിയാണ്. മലയാളക്കരയുടെ കലാവസന്തത്തിന്റെ സൗരഭ്യം കടലിനക്കരെയും പ്രസരിപ്പിക്കുന്ന മികച്ച കലാകാരി. ഒപ്പം നിരവധി ശിഷ്യകളുള്ള നൃത്താധ്യാപികയുമാണവര്‍.

ഐടി ബിസിനസ് രംഗത്ത് തന്റെ എതിരാളികളോട് മത്സരിക്കുമ്പോള്‍ 2003ല്‍ നൂറോളം വിദ്യാര്‍ഥികള്‍ക്ക് ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും മറ്റ് നൃത്ത വിഭാഗങ്ങളിലും മികച്ച പരിശീലനം നല്‍കുന്ന 'ലക്ഷ്മി ഡാന്‍സ് അക്കാദമി' സ്ഥാപിക്കാനും ഇവര്‍ സമയം കണ്ടെത്തി. കൂടാതെ അമേരിക്കയില്‍ പലയിടങ്ങളിലായി 500ലധികം വേദികളില്‍ ഭരതനാട്യവും മോഹിനിയാട്ടവുമെല്ലാം അവതരിപ്പിച്ചു.

തികച്ചും പാരമ്പര്യങ്ങളെ പിന്‍തുടര്‍ന്നും ഭാരതീയ നാട്യശാസ്ത്രങ്ങള്‍ക്കനുസരിച്ചുമാണ് 'ലക്ഷ്മി ഡാന്‍സ് അക്കാദമിയില്‍ നൃത്ത വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കിവരുന്നത്. നാല് ഘട്ടങ്ങളിലായാണ് ഇവിടെ ഭരതനാട്യം പരിശീലിപ്പിക്കുന്നത്. കൂടെ നാട്യശാസ്ത്രങ്ങളുടെ ചരിത്രവും പ്രാധാന്യവും വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്ന് നല്‍കും.കര്‍ണാടക സംഗീതത്തിലും, ഡ്രം, ഗ്വിറ്റാര്‍ എന്നിവയിലും ഇവിടെ പരിശീലനം നല്‍കുന്നുണ്ട്.

ഇതിനെല്ലാം പുറമെയാണ് ബിസിനസിനിടയിലും നിത്യ ജീവിതത്തിലും നേരിടുന്ന മാനസിക സമ്മര്‍ദ്ദവും ഉത്കണ്ഠകളും നേരിടാന്‍ സംഗീത്തെയും നൃത്തത്തെയും ഉപയോഗപ്പെടുത്തുന്ന ചില പ്രത്യേക കോഴ്‌സുകള്‍ക്ക് ഇവര്‍ രൂപം നല്‍കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി 'സെന്‍' ബുദ്ധിസത്തിന്റെ സഹായത്തോടെ 'സെന്‍ വിത്ത് ക്രിയേറ്റിവിറ്റി യൂസിംഗ് മ്യൂസിക് ആന്‍ഡ് ഡാന്‍സ്‌ െതറാപ്പി' എന്ന കോഴ്‌സില്‍ മികച്ച പരിശീലനം ഇവിടെ നിന്ന് ലഭിക്കും.

ഒരു പരിധിവരെ സ്വന്തം അനുഭവത്തില്‍ നിന്നാണ് ഇവര്‍ ഈ മേഖലയിലേക്ക് തിരിഞ്ഞത്. തന്റെയും അമേരിക്കയിലെ സമാന അവസ്ഥയിലുളളവരുടെയും ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ക്ക് കാരണം തിരക്കുപിടിച്ചതും വിശ്രമമില്ലാത്തതുമായ ജീവിത ശൈലിയും മാനസിക സംഘര്‍ഷങ്ങളുമാണെന്ന് തിരിച്ചറിഞ്ഞതോടൊപ്പം തന്നെ ഇതെല്ലാം അതിജീവിക്കാന്‍ സംഗീത്തിനും നൃത്തത്തിനും ആകുമെന്ന് ലക്ഷ്മി കണ്ടെത്തി. അതൊരു തിരിച്ചറിവ് മാത്രമായിരുന്നില്ല. മറിച്ച് മത്സരം നിറഞ്ഞ വിദ്യാഭ്യാസ– തൊഴില്‍ മേഖലകളും തകര്‍ച്ച നേരിടുന്ന കുടുംബ ബന്ധങ്ങളും സൃഷ്ടിക്കുന്ന മാനസിക സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാനുളള ഒരു ശാസ്ത്രീയ മാര്‍ഗം കൂടിയായിരുന്നു.

നമ്മുടെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു താളമുണ്ട്. ആ താളത്തിന്റെ ക്രമം തെറ്റുമ്പോഴാണ് ശരീരം രോഗങ്ങള്‍ക്ക് കീഴ്‌പ്പെടുന്നത്. ഈ താളം വീണ്ടെടുക്കാന്‍ പലപ്പോഴും സംഗീതത്തിന് കഴിയാറുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട കാര്യമാണ്. ഈ തിയറിയാണ് സംഗീത ചികിത്സയുടെ അടിസ്ഥാനം. ഇത്തരം ചികിത്സക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഒന്നാം ലോകയുദ്ധകാലത്ത് യുദ്ധത്തില്‍ പരിക്കേറ്റവരെ ചികിത്സിക്കാന്‍ ആശുപത്രികളില്‍ വേദനസംഹാരികള്‍ തീര്‍ന്നു പോയപ്പോള്‍ സംഗീത ചികിത്സയാണ് പരീക്ഷിച്ചത്. അത്ഭുതകരമായിരുന്നു ഇതിന്റെ ഫലം. തുടര്‍ന്നാണ് ഒരു ചികിത്സാരീതി എന്ന നിലയില്‍ ആധുനിക വൈദ്യശാസ്ത്രം സംഗീത ചികിത്സ വ്യാപകമായി നടപ്പിലാക്കിയത്.

ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുളള ആശുപത്രികള്‍, മാനസികാരോഗ്യ കേന്ദ്രങ്ങള്‍, ഡേ കെയര്‍ സെന്ററുകള്‍, വൃദ്ധ സദനങ്ങള്‍, കൗണ്‍സിലിംഗ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെല്ലാം സംഗീത ചികിത്സ ഉപയോഗിക്കുന്നുണ്ട്. ശാരീരിക രോഗങ്ങള്‍ക്ക് പുറമെ മാനസിക പ്രശ്‌നങ്ങള്‍ക്കും ഈ ചികിത്സ ഉപയോഗിക്കുന്നുണ്ട്. പെരുമാറ്റ പ്രശ്‌നങ്ങള്‍, ആശയ വിനിമയ പ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കുന്നതിന് പുറമെ വ്യക്തിത്വ വികസനത്തിനും സംഗീത ചികിത്സ ഉപയോഗപ്പെടുത്തുന്നുണ്ട്.

തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളില്‍ സംഗീതം സ്വാധീനം ചെലുത്തുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഹൈപ്പോതലമാസില്‍ സംഗീതം സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ മനസ്സിനെ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് വിമുക്തമാക്കി ശാന്തിയും സമാധാനവും സൃഷ്ടിക്കുന്നു. കൂടാതെ മാനസിക പിരിമുറുക്കം, ഉത്കണ്ഠ, ഭയം എന്നിവ കുറച്ച് രോഗപ്രതിരോധ സംവിധാനത്തെ കാര്യക്ഷമമാക്കാനും സംഗീതത്തിന് കഴിവുണ്ട്. ചില രാഗത്തില്‍ ചിട്ടപ്പെടുത്തിയിരിക്കുന്ന പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ മനസ് ശാന്തമാകുന്നു. മോഹന രാഗത്തിലും കല്യാണിയിലും പഹാഡിയിലുമൊക്കെ ചിട്ടപ്പെടുത്തിയ പാട്ടുകള്‍ മാനസിക പിരിമുറുക്കവും ടെന്‍ഷനും വിഷാദവും ഉറക്കമില്ലായ്മയും അകറ്റാനുളള ഔഷധങ്ങളാണെന്ന് പ്രശസ്തരായ ഡോക്ടര്‍മാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

സംഗീതം പോലെത്തന്നെ നൃത്തവും ആധുനിക കാലത്ത് ചികിത്സാ സംവിധാനമായി ഉപയോഗിക്കുന്നുണ്ട്. വ്യായാമമില്ലാത്ത ജീവിത ശൈലി സൃഷ്ടിക്കുന്ന അമിതവണ്ണം, രക്ത സമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്കും നൃത്ത പരിശീലനം ഒരു മികച്ച ഔഷധമാണ്.

ഇത്തരം ശാസ്ത്രീയ അറിവുകളുടെ ചുവടുപിടിച്ചാണ് ലക്ഷ്മിയും തന്റെ 'സെന്‍ വിത്ത് ക്രിയേറ്റിവിറ്റി യൂസിംഗ് മ്യൂസിക് ആന്റ് ഡാന്‍സ് തെറാപ്പി' എന്ന കോഴ്‌സ് രൂപപ്പെടുത്തിയിരിക്കുന്നത്. ശാസ്ത്രം നല്‍കുന്ന അറിവും തന്റെ അനുഭവങ്ങള്‍ നല്‍കുന്ന തിരിച്ചറിവുകളും സംയോജിപ്പിച്ചാണ് ഈ കലാകാരി കലാരംഗത്തും ബിസിനസ് രംഗത്തും ചികിത്സാരംഗത്തും പുതിയ ചരിത്രങ്ങള്‍ എഴുതുന്നത്.
കലയിലും കമ്പ്യുട്ടറിലും മികവു തെളിയിച്ച 'മലയാളി മങ്ക'കലയിലും കമ്പ്യുട്ടറിലും മികവു തെളിയിച്ച 'മലയാളി മങ്ക'കലയിലും കമ്പ്യുട്ടറിലും മികവു തെളിയിച്ച 'മലയാളി മങ്ക'കലയിലും കമ്പ്യുട്ടറിലും മികവു തെളിയിച്ച 'മലയാളി മങ്ക'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക