Image

നഴ്‌സസ്‌ സമരം: മിനിമം വേതനം നല്‍കുന്ന ആശുപത്രികളുമായി മാത്രമേ ചര്‍ച്ചനടത്തുകയുള്ളുവെന്ന്‌ മന്ത്രി

ലൈല പീറ്റര്‍ Published on 06 February, 2012
നഴ്‌സസ്‌ സമരം: മിനിമം വേതനം നല്‍കുന്ന ആശുപത്രികളുമായി മാത്രമേ ചര്‍ച്ചനടത്തുകയുള്ളുവെന്ന്‌ മന്ത്രി
കൊച്ചി: നഴ്‌സുമാര്‍ക്ക്‌ മിനിമം വേതനം നല്‍കുന്ന മാനേജ്‌മെന്റുകളുമായി മാത്രമേ ഇനി ചര്‍ച്ച നടത്തുകയുള്ളൂവെന്ന്‌ തൊഴില്‍മന്ത്രി ഷിബു ബേബി ജോണ്‍ പ്രസ്‌താവിച്ചു.

നഴ്‌സുമാരുടെ സമരത്തിനെതിരേ അവശ്യസേവന നിയമം (എസ്‌മ) പ്രയോഗിക്കില്ല. ഇത്രയേറെ തൊഴില്‍ ചൂഷണം നിലനില്‍ക്കുന്ന മേഖലയില്‍ എസ്‌മ പ്രയോക്കാനാവില്ലെന്ന്‌ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ നഴ്‌സസ്‌ സമരം ഒത്തുതീര്‍പ്പ്‌ ചര്‍ച്ചയ്‌ക്കിടയില്‍ മ്‌ന്ത്രി പ്രവാസി മലയാളിയായ വിന്‍സെന്റ്‌ ഇമ്മാനുവേലിനോട്‌ പറഞ്ഞു.

നഴ്‌സുമാര്‍ക്ക്‌ മിനിമം വേതനം നല്‍കിയിട്ടില്ലാത്ത എല്ലാ ആശുപത്രികള്‍ക്കെതിരേയും നടപടിയെടുക്കും. ഇനി നഴ്‌സുമാരുടെ ശമ്പളം ബാങ്കുകള്‍ വഴി മാത്രമേ നല്‍കാനാവൂ. നല്‍കുന്ന ശമ്പളത്തിന്റെ വിവരങ്ങള്‍ എല്ലാമാസവും ലേബര്‍ ഓഫീസുകളില്‍ അറിയിക്കുകയും വേണം. എല്ലാ ആശുപത്രികളിലും മിനിമം വേതനം നടപ്പാക്കിക്കഴിഞ്ഞാല്‍ ഇത്‌ പരിശോധിച്ച്‌ ഉറപ്പാക്കാന്‍ കമ്മിറ്റിക്ക്‌ രൂപം നല്‍കും. നഴ്‌സുമാരുടേയും ആശുപത്രി മാനേജ്‌മെന്റുകളുടേയും പ്രതിനിധികളും ഈ കമ്മിറ്റിയിലുണ്ടാകും. നഴ്‌സുമാരുടെ തൊഴില്‍ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യമെങ്കില്‍ നിയമനിര്‍മ്മാണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

തൊഴില്‍ മേഖയിലെ ചൂഷണം സംബന്ധിച്ച പരാതികള്‍ അറിയിക്കാന്‍ പ്രത്യേക ഹെല്‍പ്പ്‌ ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്താമെന്നും അങ്ങനെ ലഭിക്കുന്ന പരാതികളില്‍ ഉടനടി നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇതിനിടെ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ സമരം ഒമ്പതാം ദിവസത്തിലേക്ക്‌ കടന്നു. ഇന്നലെ വൈകുന്നേരം എറണാകുളം ഗസ്റ്റ്‌ ഹൗസില്‍ നടന്ന ഒത്തുതീര്‍പ്പ്‌ ചര്‍ച്ചയില്‍ മാനേജ്‌മെന്റിനുവേണ്ടി ജോയി പി. ജേക്കബ്‌ (സെക്രട്ടറി), ബിജോയി കെ. തോമസ്‌, അബി ജോര്‍ജ്‌ എന്നിവര്‍ പങ്കെടുത്തു. തൊഴിലാളികള്‍ക്കുവേണ്ടി മുന്‍ കേന്ദ്രമന്ത്രി കൃഷ്‌ണകുമാറിന്റെ പത്‌നി ശ്രീമതി ഉഷാ കൃഷ്‌ണകുമാര്‍, ഫിലാഡല്‍ഫിയ സ്വദേശി വിന്‍സെന്റ്‌ ഇമ്മാനുവേല്‍, നഴ്‌സസ്‌ വെല്‍ഫെയര്‍ അസോസിയേഷന്‍ സെക്രട്ടറി സുധീഷ്‌ ആര്‍ എന്നിവരും പങ്കെടുത്തു.

സമരം നിര്‍ത്താതെ ചര്‍ച്ചയ്‌ക്ക്‌ തയാറാവില്ലെന്ന മാനേജ്‌മെന്റിന്റെ കടുംപിടുത്തം ഒടുവില്‍ അയഞ്ഞു. പ്രവാസി മലയാളി വിന്‍സെന്റ്‌ ഇമ്മാനുവേലിന്റെ ആവശ്യങ്ങള്‍ക്ക്‌ മന്ത്രി പരിഗണന നല്‍കി. കേരളത്തിലുള്ള നഴ്‌സുമാരുടെ ശമ്പള വ്യവസ്ഥയ്‌ക്ക്‌ പുതിയ ഫോര്‍മുലയുണ്ടാക്കണമെന്ന്‌ മന്ത്രി നിര്‍ദേശിച്ചു.
നഴ്‌സസ്‌ സമരം: മിനിമം വേതനം നല്‍കുന്ന ആശുപത്രികളുമായി മാത്രമേ ചര്‍ച്ചനടത്തുകയുള്ളുവെന്ന്‌ മന്ത്രി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക