Image

വാലന്റയിന്‍ ദിന ചിന്തകള്‍ (ഡോ. നന്ദകുമാര്‍ ചാണയില്‍)

Published on 06 February, 2012
വാലന്റയിന്‍ ദിന ചിന്തകള്‍ (ഡോ. നന്ദകുമാര്‍ ചാണയില്‍)
നമ്മുടെ ജീവിതം ആഘോഷങ്ങളുടെ ഒരു ഘോഷയാത്രയാണല്ലോ. പുതുവത്സര പിറവയില്‍ നിന്നു തുടങ്ങിയാല്‍ ആഘോഷങ്ങളവസാനിക്കുന്നത്‌ ക്രിസ്‌മസിനാണല്ലോ. ജാതി, മതം, ഭാഷ, ദേശം എന്നിയ്‌ക്കനുസൃതമായി ഒട്ടേറെ പുതുവത്സരപ്പിറവികള്‍ വിവിധ മാസങ്ങളിലായി ലോകത്തിന്റെ നാനാഭാഗങ്ങളിലും ആചരിച്ചുവരുന്നു. അവരവരുടെ സാംസ്‌കാരിക പാരമ്പര്യമനുസരിച്ച്‌ മതപരവും ദേശീയവുമായ ആഘോഷങ്ങള്‍ക്കുപുറമെ കേവലം സാമൂഹ്യപ്രധാന്യമുള്ള ആചാരങ്ങളും നമുക്കുകാണാം. അതിലൊന്നാണ്‌ വാലന്റയിന്‍ ദിനം. യൂറോപ്പിലും പിന്നെ അമേരിക്കകളിലും ഫെബ്രുവരി 14-ന്‌ ആചരിച്ചുവരുന്ന ഈ ആഘോഷം, ഒരു സാംക്രമിക രോഗം പോലെ നമ്മുടെ ഭാരതത്തിലേക്കും പടര്‍ന്നു പിടിച്ചിരിക്കുന്നു. എന്നാല്‍ ഇന്ന്‌ ഈ ആചാരം തുടങ്ങിവെച്ച രാജ്യങ്ങളേയും മറികടന്ന്‌ വലിയ ഒരു ആര്‍ഭാടമായി കൊച്ചു കേരളത്തിലേക്കും ചേക്കേറിയിരിക്കുന്നതു കാണുമ്പോള്‍ അത്ഭുതം തോന്നുന്നു. ഒരു ദശാബ്‌ദത്തിനു മുമ്പുവരെ നമുക്ക്‌ വാലന്റയിന്‍ ദിനം അന്യമായിരുന്നു.

അനുകരണം മനുഷ്യസഹജമായ ഒരു പകര്‍ച്ചവ്യാധിയായി ചിലപ്പോള്‍ കാണേണ്ടിയിരിക്കുന്നു. മനുഷ്യജീവിതത്തിന്റെ വിവിധ തലങ്ങളില്‍ പലതരത്തിലുള്ള അവതാരങ്ങളായി അവ പ്രത്യക്ഷപ്പെടാറുമുണ്ട്‌. പരിതാപകരമായ അവസ്ഥകളില്‍ സംക്രമിച്ചിരിക്കുന്നത്‌ വസ്‌ത്ര വ്യതിയാനം, മേനി മോടിപിടിപ്പിക്കല്‍, ആചാര രീതികള്‍ എന്നീ മേഖലകളിലാണ്‌. ചുവപ്പുനാടയും, ചുവപ്പു കൊടികളും പ്രചുര പ്രചാരത്തിലുള്ള കൊച്ചു കേരളത്തിലേക്ക്‌, രക്തവര്‍ണ്ണാഭമായ ഹൃദയാകൃതിയിലുള്ള കാര്‍ഡുകളും, ചോക്ക്‌ളേറ്റുകളും മറ്റ്‌ വാലന്റയിന്‍ സമ്മാനങ്ങളും തകൃതിയായി പാര്‍ട്ടികളിലും മേളങ്ങളിലും ഒഴുകിയെത്തുന്നതില്‍ അത്ഭാതപ്പെടാനെന്തിരിക്കുന്നു. അല്ലേ?

കച്ചടവടക്കാര്‍ക്ക്‌ കൊള്ളലാഭമുണ്ടാകുമെന്നതിനാല്‍ സാമ്പത്തിക രംഗത്ത്‌ ഒരു ഉണര്‍വ്വിനുള്ള വഹയുണ്ട്‌. പാശ്ചാത്യരാജ്യങ്ങളില്‍ അണുകുടുംബ വ്യവസ്ഥ സംജാതമായതോടെ, വൃദ്ധ സദനങ്ങളില്‍ കഴിഞ്ഞുകൂടുന്ന മാതാപിതാക്കളെ അവര്‍ ജീവിച്ചിരുപ്പുണ്ടെന്ന്‌ ഉറപ്പുവരുത്താന്‍ മാതൃദിനം, പിതൃദിനം എന്നീ ദിവസങ്ങള്‍ സ്വന്തം കലണ്ടറില്‍ കുറിച്ചിടേണ്ടത്‌ അനിവാര്യമാണ്‌. അല്ലെങ്കില്‍ യാത്രികവും, തിരക്കുമയവുമായ ദിനചര്യയ്‌ക്കിടെ ഈ വസ്‌തുതകള്‍ വിട്ടുപോയേക്കാം. ഇത്തരം ജീവിതരീതി നമ്മുടെ കൂട്ടരേയും അലട്ടാന്‍ തുടങ്ങിയിരിക്കുന്നു. ക്ഷണികമായ ദാമ്പത്യബന്ധങ്ങള്‍ നിലനില്‍ക്കുന്ന ഇന്നത്തെ പരിതാപകരമായ സ്ഥിതിവിശേഷത്തിലേക്ക്‌ ഒന്നെത്തിനോക്കേണ്ടിയിരിക്കുന്നു. വ്യക്തിബന്ധങ്ങളെ ഊട്ടിയുറപ്പിക്കാന്‍ തെല്ലെങ്കിലും വാലന്റയിന്‍ ദിന സന്ദേശം ഉപകരിക്കുമെന്നാശിക്കാം. എന്നും ഒത്തൊരുമയുടേയും, അന്യോന്യം പുരോഗതിജ്ഞാനത്തോടെ, കണ്ടറിഞ്ഞും കേട്ടറിഞ്ഞും ജീവിച്ചുവരുന്ന ഇണക്കുരുവികള്‍ക്ക്‌ ഇങ്ങനെ ആണ്ടിലൊരിക്കല്‍ മാത്രം `ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു' എന്ന ബാഹ്യ പ്രകടനോപചാരം ആവശ്യമുണ്ടോ എന്നൊരു ചോദ്യം തികച്ചും സ്വാഭാവികം മാത്രം. കാലാകാലങ്ങളില്‍ ഉള്ളറിഞ്ഞ്‌ പ്രണയിക്കാനറിയാത്തവര്‍ക്ക്‌ പൊട്ടാന്‍ പോകുന്ന ചങ്ങലയുടെ കണ്ണികളെ കൂട്ടിയിണക്കാന്‍ ചിലപ്പോള്‍ കൊളുത്തുകള്‍ പോലെ ഈ പ്രകടനങ്ങളും ആവശ്യമായി വന്നേക്കാം.

"Thank you', "Welcome', "I Love you' (അനുരാഗം മൊട്ടിടുന്ന വേളയില്‍ കമിതാക്കള്‍ക്ക്‌ പറയേണ്ടിവരാറുണ്ടെങ്കിലും, പിന്നീട്‌.....) എന്നീ ഉപചാരപദങ്ങള്‍ സ്വന്തം വ്യക്തിജീവിതത്തില്‍ ഉപയോഗിക്കാന്‍ ലുബ്‌ദ്‌ കാണിക്കുന്ന മലയാളി സമൂഹത്തിന്‌ പ്രത്യേകിച്ചും. രണ്ടോ മൂന്നോ രാത്രിജോലികള്‍ക്കു പുറമെ സകല വീട്ടുജോലികളും ചെയ്‌ത്‌ കുടുംബം നിലനിര്‍ത്താന്‍ വ്യഗ്രത കാണിക്കുന്ന പങ്കാളിയോട്‌, ഈ ദിനത്തിലെങ്കിലും കാതോടുകാതോരം ചേര്‍ന്ന്‌ `ഞാന്‍ നിങ്ങള്‍ ചെയ്യുന്ന സേവനങ്ങള്‍ വാലന്റയിന്‍ ദിന ചൂണ്ടുപലകയിലൂടെ കാണാന്‍ തുടങ്ങിയിരിക്കുന്നു' എന്ന സന്ദേശം കൊടുത്തുകൂടെ? പ്രണയത്തിന്റെ മാസ്‌മരിക അനുഭൂതി അനുഭവിച്ചുകൂടെ? ലോകമെമ്പാടുമുള്ള പ്രണയജോഡികള്‍ക്ക്‌ ഈ സുദിനത്തില്‍ എല്ലാ ഭാവുകങ്ങളും നേര്‍ന്നുകൊണ്ട്‌ പറയട്ടെ, എല്ലാവര്‍ക്കും സന്തോഷവും സമാധാനവും സ്‌നേഹവും നിറഞ്ഞ വാലന്റയിന്‍ ദിനം എന്ന്‌.
വാലന്റയിന്‍ ദിന ചിന്തകള്‍ (ഡോ. നന്ദകുമാര്‍ ചാണയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക