Image

വി.എസ് കൊടിയുയര്‍ത്തി; സി.പി.എം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി

Published on 07 February, 2012
വി.എസ് കൊടിയുയര്‍ത്തി; സി.പി.എം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി
തിരുവനന്തപുരം: എ.കെ.ജി. ഹാളിനുമുന്നില്‍ രാവിലെ 10ന് വി.എസ്. അച്യുതാനന്ദന്‍ കൊടി ഉയര്‍ത്തിയതോടെ സി.പി.എം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.

കേരളത്തിലെ രണ്ടുകമ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും സംസ്ഥാന സമ്മേളനങ്ങള്‍ ഒരേദിവസമാണ് ഇത്തവണ തുടങ്ങുന്നത്. തിരുവനന്തപുരത്ത് സി.പി.എമ്മും കൊല്ലത്ത് സി.പി.ഐ യും പാര്‍ട്ടി കോണ്‍ഗ്രസ്സുകള്‍ക്ക് മുന്നോടിയായുള്ള സമ്മേളനങ്ങള്‍ക്കായി സംഗമിക്കുമ്പോള്‍ അപൂര്‍വമായൊരു രാഷ്ട്രീയ കാലാവസ്ഥയാണ് പെട്ടെന്ന് രൂപപ്പെട്ടിരിക്കുന്നത്.


സാധാരണഗതിയില്‍ ഒരേസമയം ഇങ്ങനെ സമ്മേളനങ്ങള്‍ വരാറില്ല. ഒന്നിനു പുറകെ മറ്റൊന്ന് എന്നതായിരുന്നു പതിവ്. ഇത്തവണ അത് ആദ്യം തന്നെ തെറ്റി. സമ്മേളന നഗരികളില്‍ ചെങ്കൊടി ഉയരുമ്പോഴാകട്ടെ പരസ്പരം ചെളിവാരിയെറിയുന്ന രീതിയിലേക്ക് കാര്യങ്ങള്‍ പെട്ടെന്ന് മാറിമറിയുകയും ചെയ്തിരിക്കുന്നു. ഇടതുപക്ഷ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഇരു പാര്‍ട്ടികളും ആവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഐക്യത്തെക്കാള്‍ അനൈക്യത്തിന്റെ വിത്തുകള്‍ വിതച്ച് വിവാദം കൊഴുക്കുന്നത്. യേശുക്രിസ്തുവിനെക്കുറിച്ചുള്ള വിവാദം പോലും ഇരുകക്ഷികളും തമ്മിലുള്ള പോരിന് ആക്കം കൂട്ടിയിട്ടുണ്ട്. കൊല്ലത്ത് സി.പി.ഐ. സമ്മേളനത്തിന് മുന്‍ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ പതാക ഉയര്‍ത്തും.


സര്‍വസന്നാഹങ്ങളോടെയുമാണ് സി.പി.എം സംസ്ഥാനനേതൃത്വം സംസ്ഥാന സമ്മേളനത്തിനിറങ്ങുന്നത്. കോട്ടയം സംസ്ഥാന സമ്മേളനത്തിനു ശേഷം സമ്മേളനം തിരുവനന്തപുരത്തെത്തുമ്പോള്‍ കുറെക്കാലമായി ഔദ്യോഗിക നേതൃത്വത്തെ അലോസരപ്പെടുത്തിക്കൊണ്ടിരുന്ന വി.എസ് ഘടകം തീരെ ദുര്‍ബലമായി വരുന്നു എന്നതാണ് പ്രധാനപ്പെട്ട കാര്യം. കോട്ടയം സമ്മേളനകാലത്ത് മുഖ്യമന്ത്രിയും പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗവുമായിരുന്നു വി.എസ്. ഇത്തവണ രണ്ടു സ്ഥാനത്തും വി.എസ് ഇല്ല. പിണറായി വിജയനാകട്ടെ സംസ്ഥാന പാര്‍ട്ടിയില്‍ പതിവിലേറെ ശക്തനായി നിലകൊള്ളുന്നു. അതുകൊണ്ടുതന്നെ ഇത്തവണ സമ്മേളനം ഔദ്യോഗിക പക്ഷത്തിന്റെ കൈപ്പിടിയില്‍ത്തന്നെ നില്‍ക്കും എന്നതാണ് പ്രധാനപ്പെട്ട കാര്യം.


3,70,818 പാര്‍ട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 479 പ്രതിനിധികളും സംസ്ഥാനസമിതി അംഗങ്ങളും ഉള്‍പ്പടെ 558 പേരും പത്ത് നിരീക്ഷകരുമാണ് സി.പി.എം സമ്മേളനത്തിന്‍ പങ്കെടുക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക