Image

മന്ത്രിയെ തട്ടിയെടുക്കാന്‍ യു.ഡി.എഫ് ശ്രമിക്കരുതെന്ന് പിള്ള

Published on 07 February, 2012
മന്ത്രിയെ തട്ടിയെടുക്കാന്‍ യു.ഡി.എഫ് ശ്രമിക്കരുതെന്ന് പിള്ള
കൊച്ചി: പാര്‍ട്ടിയുടെ മന്ത്രിയെ തട്ടിയെടുക്കാന്‍ യു.ഡി.എഫ് ശ്രമിക്കരുതെന്ന് കേരള കോണ്‍ഗ്രസ്(ബി) നേതാവ് ബാലകൃഷ്ണ പിള്ള. അത്തരം ശ്രമമുണ്ടായാല്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഗണേഷിന്റെ സ്റ്റാഫില്‍ സി.പി.എമ്മുകാരും സി.പി.ഐക്കാരുമുണ്ട്. പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ പല ഉന്നതരും എന്‍.എസ്.എസ്സും ശ്രമിച്ചു. യു.ഡി.എഫ് പ്രശ്‌നം പരിഹരിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും പിള്ള മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.


ഗണേഷിനെതിരെ എന്ത് നടപടിയെടുക്കണമെന്ന് പാര്‍ട്ടി സെക്രട്ടേറിയേറ്റ് തീരുമാനിക്കും. പാര്‍ട്ടിയുടെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ ഏത് കടുത്ത തീരുമാനത്തിനും മുതിരുമെന്ന് പിള്ള ഗണേഷിന് മുന്നറിയിപ്പ് നല്‍കി. ഗണേഷിനെ പോലൊരു മന്ത്രി പാര്‍ട്ടിയ്ക്ക് ഇല്ലെന്നാണ് കരുതുന്നതെന്നും പിള്ള പറഞ്ഞു.


നേരത്തെ നടന്ന കോണ്‍ഗ്രസ്(ബി) നേതൃയോഗത്തില്‍ ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനമാണുയര്‍ന്നത്. പാര്‍ട്ടിയോട് ആലോചിക്കാതെയാണ് മന്ത്രി പല തീരുമാനങ്ങളുമെടുക്കുന്നത്. മന്ത്രിയുടെ ഓഫിസില്‍ നിന്ന് പാര്‍ട്ടി നേതാക്കളെ ആട്ടിപ്പായിക്കുകയാണെന്ന് പ്രതിനിധികള്‍ കുറ്റപ്പെടുത്തി. പലതവണ താക്കീത് ചെയ്തിട്ടും അനുസരിക്കാത്ത ഗണേഷിനെതിരെ നടപടി വേണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു.


യോഗത്തില്‍ താന്‍ പങ്കെടുക്കാതിരുന്നത് സുഖമില്ലാത്തതിനാലാണെന്ന് ഗണേഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തനിക്ക് പറയാനുള്ളതെല്ലാം പിന്നീട് പറയുമെന്നും അദ്ദേഹം അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക