Image

'സൂര്യനെല്ലി' പെണ്‍കുട്ടിയുടെ അറസ്റ്റിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആക്ഷേപം

Published on 07 February, 2012
'സൂര്യനെല്ലി' പെണ്‍കുട്ടിയുടെ അറസ്റ്റിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആക്ഷേപം
കോട്ടയം: സൂര്യനെല്ലിക്കേസിലെ പെണ്‍കുട്ടിയെ നികുതിപ്പണം തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്ത് ജയിലില്‍ അടച്ച സംഭവത്തില്‍ ദുരൂഹതയെന്ന വാണിജ്യ നികുതി വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. വാണിജ്യനികുതി വകുപ്പ് പ്യൂണായി ജോലി ചെയ്തു വരികയാണ് പഴയ സൂര്യനെല്ലി പീഡനക്കേസിലെ പെണ്‍കുട്ടി.

ക്രൈംബ്രാഞ്ചും വകുപ്പ് ഉദ്യോഗസ്ഥരും ചില വ്യാപാര പ്രമുരും ചേര്‍ന്നൊരുക്കിയ വഞ്ചനയുടെ ബാക്കി പത്രമാണ്് അറസ്റ്റിനു പിന്നിലെന്നാണ് ഇതേ വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍. വാണിജ്യ വകുപ്പ് ചങ്ങനാശേരി ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെ ചില വ്യാപാരികളും തമ്മില്‍ കാലങ്ങളായി നടത്തിവന്ന ഇടപാടുകളുടെയും കാശിന്റെയും കളിയില്‍ സൂര്യനെല്ലി പെണ്‍കുട്ടിയെ കരുവാക്കിയതായി പോലീസിലെതന്നെ ചില ഉദ്യോഗസ്ഥരും സൂചിപ്പിച്ചു.

ബുദ്ധിപരവും മാനസികവുമായി ഏറെ പക്വത നേടാത്ത പ്രായത്തിലാണ് 95-ല്‍ പെണ്‍കുട്ടി മാസങ്ങളോളം പീഡനത്തിന് ഇരയായത്. പിന്നീട് 2001ല്‍ നായനാര്‍ സര്‍ക്കാര്‍ ജീവിത മാര്‍ഗമെന്ന നിലയില്‍ കുട്ടിക്ക് പ്യൂണ്‍ ജോലി നല്കി. ദേവികുളത്ത് ജോലിയില്‍ സ്വീപ്പറായി പ്രവേശിച്ചശേഷമാണു ചങ്ങനാശേരിയില്‍ സ്ഥലമാറ്റവുമായി എത്തിയത്. ഓഫീസ് ജോലിയും സാമ്പത്തിക കാര്യങ്ങളും നോക്കാനോളം വളര്‍ച്ച നേടിയിട്ടില്ലെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്ന കുട്ടിയെ (ഇപ്പോള്‍ 31 വയസുള്ള യുവതി) കേസില്‍ കരുവാക്കി അറസ്റ്റു ചെയ്തു റിമാന്‍ഡിലാക്കിയതായാണ് ആക്ഷേപം.വാണിജ്യവകുപ്പ് നിയമപ്രകാരം കൊച്ചി ഫെസിലിറ്റേഷന്‍ സെന്ററില്‍ നികുതി മുന്‍കൂര്‍ അടച്ചുമാത്രമെ ചില സാധനങ്ങളുടെ ഇറക്കുമതി പാടുള്ളുവെന്നാണ് വ്യവസ്ഥ.

ഈ നികുതി ഓണ്‍ലൈനായി അടച്ചശേഷമേ ഇറക്കുമതി പാടുള്ളുവെന്നു നിയമമുണ്ടായിരിക്കെ ചങ്ങനാശേരി വാണിജ്യ നികുതി ഓഫീസിലെ ഉന്നതര്‍ സ്ഥലത്തെ രണ്ടു വ്യാപാരികള്‍ക്ക് നേരിട്ട് പണം അടച്ച് ഇറക്കുമതി നടത്താന്‍ കാലങ്ങളായി സൗകര്യം നല്കിയിരുന്നുവത്രെ. തുക അടച്ചതായി ഇതേ ഓഫീസില്‍ നിന്നും അഡ്വാന്‍സ് സര്‍ട്ടിഫിക്കറ്റ് നല്കിയശേഷം 2.70 ലക്ഷം രൂപ ഫെസിലിറ്റേഷന്‍ സെന്ററില്‍ കുടിശികയായതായി പിന്നീട് ഒരു ജീവനക്കാരി ഓഡിറ്റിംഗില്‍ കണെ്ടത്തി. സര്‍ട്ടിഫിക്കറ്റ് നല്കിയെങ്കിലും തുക അടച്ചിട്ടില്ലെന്നു കണ്ടതോടെ തിടുക്കത്തില്‍ ഉദ്യോഗസ്ഥര്‍ സൂര്യനെല്ലി പെണ്‍കുട്ടി തുക വെട്ടിച്ചതായി പഴിചാരി രക്ഷപ്പെട്ടുവത്രെ. മൂന്നു തവണയായി വന്ന കുടിശിക ഒറ്റത്തവണയായി യുവതിയെക്കൊണ്ട് അടപ്പിച്ചതായാണു പറയുന്നത്. ക്രമക്കേട് നടത്തിയവരെ അറസ്റ്റുചെയ്യാതെ തുക അടച്ചയാളെ അറസ്റ്റുചെയ്തു.

ഉദ്യോഗസ്ഥരും വ്യാപാരികളും പിടിയിലാകുമെന്നു വന്നപ്പോള്‍ പ്യൂണായ യുവതിയെക്കൊണ്ടു തുക ട്രഷറിയില്‍ അടപ്പിച്ചതായാണു ചില സഹപ്രവര്‍ത്തകരുടെ രഹസ്യ വെളിപ്പെടുത്തല്‍.

ഓഫീസിലെ പ്യൂണ്‍ കൈവശം ഒരേസമയം ഇത്ര വലിയ തുക ഒരുമിച്ച് കൊടുത്തുവിടരുതെന്ന നിയമം ഈ ഓഫീസില്‍ പാലിക്കപ്പെട്ടില്ല. നിര്‍ധന കുടുംബത്തില്‍പ്പെട്ട യുവതി പണം എങ്ങനെയുണ്ടാക്കിയെന്നതും ക്രൈംബ്രാഞ്ച് അന്വേഷിക്കാന്‍ തയാറായില്ല. പണം അപഹരിച്ചുവെങ്കില്‍തന്നെ ഇത് സ്വര്‍ണം, നിക്ഷേപം തുടങ്ങി ഏതു രീതിയിലാണ് സൂക്ഷിച്ചതെന്നും വിശദീകരണമില്ല. കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് തിടുക്കത്തില്‍ നടത്തിയതിനു പിന്നാലെ വ്യക്തമായ വിശദീകരണം നല്‍കാനോ പ്രതിയുടെ ഫോട്ടോയെടുക്കാനോ തയാറായതുമില്ല. പണം തട്ടിച്ച കേസില്‍ വിജിലന്‍സ് അന്വേഷണം നടത്താന്‍ ഉത്തരവായിരിക്കെയാണ് ഇന്നലെ സൂര്യനെല്ലിയിലെ ഹതഭാഗ്യയെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തതെന്നറിയുന്നു.

ചില ഉന്നത രാഷ്ട്രീയ നേതാക്കളുടെ സമ്മര്‍ദത്തില്‍ ക്രൈം ബ്രാഞ്ച് പ്രതികരണശേഷിയില്ലാത്ത യുവതിയെ കരുവാക്കുകയായിരുന്നുവത്രെ. യുവതി നല്കിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ മറ്റാരെയും ചോദ്യം ചെയ്യാന്‍ പോലീസ് തയ്യാറായില്ല. മാധ്യമ പ്രവര്‍ത്തകര്‍ വൈകുന്നേരം വരെ ക്രൈം ബ്രാഞ്ചിനെ ബന്ധപ്പെട്ടിട്ടും വിശദീകരണങ്ങളുണ്ടായില്ല. രാവിലെ അറസ്റ്റുചെയ്ത യുവതിയെ വൈകുന്നേരം വരെ ക്രൈം ബ്രാഞ്ച് ഓഫീസില്‍ സൂക്ഷിച്ചശേഷം വൈകുന്നേരമാണ് കോടതിയില്‍ ഹാജരാക്കിയത്. പെണ്‍കുട്ടിയുടെ മൊഴി വകവയ്ക്കാതെ കെട്ടിച്ചമച്ച കഥ പോലീസുണ്ടാക്കിയതായാണു ചില പോലീസുകാര്‍
ന്നെ സൂചിപ്പിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക