Image

സി.പി.ഐ.സംസ്ഥാന സമ്മേളനത്തിന് കൊടിയേറി

Published on 07 February, 2012
സി.പി.ഐ.സംസ്ഥാന സമ്മേളനത്തിന് കൊടിയേറി
കൊല്ലം: സി.പി.ഐ.സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് കൊടിയേറി. കൊടിമരവും പതാകയും സമ്മേളനനഗരിയില്‍ സ്ഥാപിക്കുന്നതിനുള്ള ബാനറും ദീപശിഖയും ചൊവ്വാഴ്ച വൈകിട്ട് സമ്മേളന വേദിയായ പി.എ.സോളമന്‍ നഗറില്‍ (കന്‍േറാണ്‍മെന്റ് മൈതാനം) എത്തിച്ചേര്‍ന്നു. ശൂരനാട് രക്തസാക്ഷിമണ്ഡപത്തില്‍നിന്ന് കൊണ്ടുവരുന്ന കൊടിമരം പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവ് അംഗം സി.ദിവാകരന്‍ എം.എല്‍.എ.യും കയ്യൂരിലെ രക്തസാക്ഷികളുടെ സ്മൃതികുടീരത്തില്‍നിന്ന് കൊണ്ടുവരുന്ന പാര്‍ട്ടി പതാക മുതിര്‍ന്ന നേതാവ് വെളിയം ഭാര്‍ഗ്ഗവനും നെയ്യാറ്റിന്‍കരയില്‍നിന്ന് കൊണ്ടുവരുന്ന ബാനര്‍ പാര്‍ട്ടി അസി.സെക്രട്ടറി കെ.ഇ.ഇസ്മയില്‍ എം.പി.യും വയലാറില്‍നിന്ന് എത്തിക്കുന്ന ദീപശിഖ സി.പി.ഐ.സംസ്ഥാന സെക്രട്ടറി സി.കെ.ചന്ദ്രപ്പനും ഏറ്റുവാങ്ങി. 

മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ.യുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം സി.പി.ഐ.ദേശീയ എക്‌സിക്യൂട്ടീവ് അംഗം ഡി.രാജ ഉദ്ഘാടനം ചെയ്യും. വിവിധ ജില്ലകളില്‍ നിന്നായി 429 പ്രതിനിധികള്‍ ഉള്‍പ്പെടെ 603 പേര്‍ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കും. ബുധനാഴ്ച രാവിലെ 9 ന് ജെ.ചിത്തരഞ്ജന്‍ നഗറില്‍ (കൊല്ലം ടൗണ്‍ ഹാള്‍) പ്രതിനിധികളുടെ രജിസ്‌ട്രേഷന്‍ ആരംഭിക്കും. തുടര്‍ന്ന് പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി.എ.കുര്യന്‍ പതാക ഉയര്‍ത്തും. 10 ന് പ്രതിനിധി സമ്മേളനം പാര്‍ട്ടി ദേശീയ സെക്രട്ടറി എ.ബി.ബര്‍ദന്‍ ഉദ്ഘാടനം ചെയ്യും.

വൈകിട്ട് 5.30ന് കേരളത്തിന്റെ സമഗ്രവികസനമെന്ന വിഷയത്തില്‍ സെമിനാര്‍ ആരംഭിക്കും. സി.ദിവാകരന്‍ എം.എല്‍.എ.മോഡറേറ്ററാകും. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. മുന്‍മന്ത്രി കെ.പി.രാജേന്ദ്രന്‍ വിഷയാവതരണം നടത്തും. രമേശ് ചെന്നിത്തല എം.എല്‍.എ., ടി.ജെ.ചന്ദ്രചൂഡന്‍, എം.പി.വീരേന്ദ്രകുമാര്‍, പ്രഭാത് പട്‌നായിക് തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് പി.എ. സോളമന്‍ നഗറില്‍ എം.ജി. ശ്രീകുമാറിന്റെ ഗാനസന്ധ്യയുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക