Image

ഐ.പി.എല്‍. താരലേലത്തില്‍ തിരിമറി നടന്നു: മോഡി

Published on 08 February, 2012
ഐ.പി.എല്‍. താരലേലത്തില്‍ തിരിമറി നടന്നു: മോഡി
ന്യൂഡല്‍ഹി: രണ്ടാം ഐ.പി.എല്ലിന്റെ താരലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനുവേണ്ടി തിരിമറി നടന്നുവെന്ന് ആരോപണം. ഐ.പി.എല്‍. മുന്‍ ചെയര്‍മാന്‍ ലളിത് മോഡി തന്നെയാണ് ഗുരുതരമായ ആരോപണവുമായി രംഗത്തുവന്നത്. ഇംഗ്ലീഷ് നായകന്‍ ആന്‍ഡ്ര്യു ഫ്ലാന്റോഫിനെ ചെന്നൈ ടീമില്‍ നിലനിര്‍ത്താന്‍ വേണ്ടിയാണ് ലേലത്തില്‍ തിരിമറി കാട്ടിയത് എന്നായിരുന്നു മോഡിയുടെ ആരോപണം.

സ്വാധീനമുള്ള ടീമുകള്‍ക്കുവേണ്ടി നിയമങ്ങള്‍  വളച്ചൊടിക്കുകയാണെന്ന് പുണെ വരിയേഴ്‌സ് ഉടമകളായ സഹാറ ഇന്ത്യയുടെ സുബ്രത റോയ് ആരോപണം ഉന്നയിച്ചതിന്റെ തൊട്ടുപിറകെയാണ് മോഡിയുടെ ആരോപണം വന്നിരിക്കുന്നത്. ഇന്ത്യന്‍ ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് ഒഴിഞ്ഞ സഹാറയുടെ നടപടിക്ക് പുറമെയുണ്ടായ പുതിയ വിവാദം ബി.സി.സി.ഐ.യെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ബി.സി.സി.ഐ. പ്രസിഡന്റ് എന്‍. ശ്രീനിവാസനാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഉടമ. ഇതാണ് അന്ന് ഐ.പി.എല്‍. ചെയര്‍മാനായിരുന്ന മോഡിയുടെ ആരോപണത്തിന്റെ ഗൗരവം ഇരട്ടിയാക്കുന്നത്. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള മുംബൈ ഇന്ത്യന്‍സിനുവേണ്ടിയും നിയമങ്ങളില്‍ തിരിമറി നടത്തിയതായും മോഡി ആരോപിച്ചിരുന്നു.

എന്നാല്‍, മോഡിയുടെ ആരോപണത്തെ എന്‍. ശ്രീനിവാസന്‍ തള്ളിക്കളഞ്ഞു. എന്തുകൊണ്ടാണ് ഇത്രയും കാലം ഇക്കാര്യത്തെ കുറിച്ച് മോഡി പറയാതിരുന്നതെന്നും ശ്രീനിവാസന്‍ ചോദിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക