Image

നഴ്‌സുമാരെ...., പിറവം കഴിഞ്ഞാല്‍.....?

അനില്‍ പെണ്ണുക്കര Published on 08 February, 2012
നഴ്‌സുമാരെ...., പിറവം കഴിഞ്ഞാല്‍.....?
പിറവം തെരഞ്ഞെടുപ്പ്‌ കഴിയുംവരെ കേരളത്തിലെ നഴ്‌സുമാര്‍ക്ക്‌ സര്‍ക്കാരിന്റെ പരിഗണനയുണ്ടാകും. എസ്‌മയും ഒന്നും വേണ്ടിവരില്ല. മത നേതാക്കന്മാരും ഒന്നിനും അത്രകണ്ട്‌ നിര്‍ബന്ധിക്കില്ല. ഉമ്മന്‍ചാണ്ടി സാറും സാന്ത്വനത്തിന്റെ വഴിയെ നടക്കുന്നവരെ ഉപദ്രവിക്കില്ല. കാരണം നഴ്‌സിംഗ്‌ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ എണ്ണം ഡോക്‌ടര്‍മാരുടെ എണ്ണത്തിനും മീതെയാണ്‌. അതാകട്ടെ നിര്‍ണ്ണായക വോട്ടുബാങ്കും!

കേരളത്തിലെ നഴ്‌സുമാരുടെ സേവനത്തെ ഹൈക്കോടതി പുകഴ്‌ത്തി. അവര്‍ക്കു സത്രമൊരുക്കി ചെന്നവര്‍ക്ക്‌ നല്ല അടിയും കോടതിയുടെ ചോദ്യത്തിലൂടെ കിട്ടി. ശമ്പളവര്‍ദ്ധനയ്‌ക്ക്‌ ഡോക്‌ടര്‍മാരുടെ സംഘടന എന്തു നിലപാടാണ്‌ എടുത്തത്‌. ചോദ്യം അപ്രതീക്ഷിതമായിരുന്നു. നഴ്‌സുമാരുടെ സമരം ജീവനുകള്‍ക്ക്‌ നാശമാണെന്നു പറഞ്ഞ ഡോക്‌ടറേമാന്മാര്‍ മിണ്ടുന്നതിനു മുമ്പ്‌ ഓപിയും, ചികിത്സയും, ശസ്‌ത്രക്രിയയും ബഹിഷ്‌കരിക്കുമ്പോഴും എത്ര ജീവനുകള്‍ക്കാണ്‌ ഗാരണ്ടി നല്‍കുന്നത്‌?

വീട്ടില്‍ ചെന്നിരുന്ന്‌ ഒരു കൊച്ചു മുറിയില്‍ കയറി വരാന്തയില്‍ ബോര്‍ഡും ആള്‍ക്കൂട്ടവുമുണ്ടാക്കി കേമനെന്ന്‌ പേരെടുത്ത്‌ കട്ടുചികിത്സ നടത്തി കാശുണ്ടാക്കുന്ന വൈദ്യ ശിരോമണികള്‍ക്ക്‌ അല്‌പമാത്ര ശമ്പളവും കഠിനമായ ജോലിയും ചെയ്യുന്നവരുടെ വേദന അറിയില്ല.

ആശുപത്രിയില്‍ കൈക്കൂലി, വീട്ടില്‍ സ്വകാര്യ ചികിത്സ, നാലു ഭാഗത്തുനിന്നും വരുമാനം..പിന്നെന്തിനാണ്‌ മറ്റുള്ളവരെ ശ്രദ്ധിക്കുന്നത്‌?

മരുന്നു വാങ്ങുന്നവരുടെ പേരില്‍ ലാഭം, പരിശോധനകള്‍ എഴുതുന്നതുവഴി ലാഭം, എന്തിന്‌, ഗര്‍ഭം അലസിപ്പിക്കുമ്പോഴുള്ള ഭ്രൂണം വിറ്റുകിട്ടുന്നതുവരെ ലാഭം!

ഈ ചില്ലുമേടയിലെ ഭാഗ്യവാന്മാര്‍ക്ക്‌ നഴ്‌സ്‌ എന്തിന്‌? നാശങ്ങള്‍!

എന്തായാലും നഴ്‌സുമാര്‍ ഓര്‍ത്തിരിക്കുക!
പിറവത്തിനുമുമ്പ്‌ വല്ലതും സാധിച്ചാല്‍ സാധിച്ചു.
പിന്നെ എന്താകുമെന്ന്‌ ഒരു നിശ്ചയവുമില്ല.

വികടവിചാരം

ഡോക്‌ടര്‍മാര്‍ക്ക്‌ കമ്മീഷനുണ്ട്‌; മാനേജ്‌മെന്റിനു വരവുണ്ട്‌.
വിളക്ക്‌ കൈയ്യിലേന്തിയവര്‍ക്ക്‌ എസ്‌മയും, കണ്ണീരും....!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക