Image

എന്നോടിഷ്‌ടം കൂടാമോ? (ഒരു വലന്റയിന്‍ കുറിപ്പ്‌: സുധീര്‍ പണിക്കവീട്ടില്‍)

Published on 09 February, 2012
എന്നോടിഷ്‌ടം കൂടാമോ? (ഒരു വലന്റയിന്‍ കുറിപ്പ്‌: സുധീര്‍ പണിക്കവീട്ടില്‍)
കൊതി തീരും വരെ ഇവിടെ പ്രേമിച്ച്‌ മരിച്ചവരുണ്ടോ? ഒരു മനോഹര തീരത്തിരുന്ന്‌ അനശ്വരനായ കവി വയലാര്‍ പാടി. സംഗീതം പ്രേമത്തിന്റെ ഭക്ഷണമാണെങ്കില്‍ അത്‌ ധാരാളമായ്‌ എനിക്ക്‌ തരിക എന്ന്‌ പറഞ്ഞ്‌കൊണ്ടാണു ഷേക്‌സ്‌പിയര്‍ അദ്ദേഹത്തിന്റെ ഒരു നാടകം തുടങ്ങുന്നത്‌ തന്നെ. പ്രേമത്തിന്റെ തത്വ ശാസ്ര്‌തം എന്ന കവിതയില്‍ ഷെല്ലി പറയുന്നു ``ഈ ലോകത്തില്‍ ഒന്നും ഒറ്റക്കല്ല, എല്ലാ ചരാചരങ്ങളും ദൈവീകമായ ഒരു നിയമത്താല്‍ ഒരാത്മാവ്‌ എന്ന പോലെ കണ്ടുമുട്ടുന്നു, കൂടിചേരുന്നു. സൂര്യകിരണങ്ങള്‍ ഭൂമിയെ ചുറ്റി പിടിക്കുന്നു. ചന്ദ്രന്റെ പ്രഭാവലയങ്ങള്‍ കടലിനെ ഉമ്മ വക്കുന്നു. എന്നിട്ട്‌ അദ്ദേഹം വീണ്ടും പറയുന്നു` നീ എന്നെ ചുംബിച്ചില്ലെങ്കില്‍ ഈ മധുരമായ പ്രവ്രുത്തികള്‍ക്ക്‌ എന്തു വില. പ്രേമിക്കാനുള്ള മനുഷ്യന്റെ അഭിവാജ്‌ഞ സീമാതീതമാണു. അതേപോലെ വിപ്രലംഭ ശ്രുംഗാര ലഹരി നുണഞ്ഞ്‌കൊണ്ട്‌ എത്രപേര്‍ ഉദാത്തമായ കൃതികള്‍ ഭാഷക്ക്‌ കാണിക്കവച്ചിരിക്കുന്നു.

നിലാവിന്റെ ദാവുണി ചുറ്റി നിശാഗന്ധിപൂക്കളുടെ സുഗന്ധം ശ്വസിക്കാന്‍ സ്വര്‍ഗത്ത്‌ നിന്ന്‌ ഇറങ്ങിവരുന്ന ദേവകുമാരിമാരേയും ഗന്ധര്‍വന്മാരേയും സ്വപ്‌നം കാണുന്ന യുവഹൃദയങ്ങളില്‍ പ്രേമത്തിന്റെ തേന്‍നിലാവ്‌ ഉദിച്ചാല്‍ പിന്നെ അസ്‌തമിക്കുന്നില്ല. പ്രേമം അഭൗമമായ ഒരനുഭൂതിയായി മനുഷ്യ ഹൃദയങ്ങളില്‍ എന്നും നിറഞ്ഞ്‌ നില്‍ക്കുന്നു. പ്രേമിക്കാനും പ്രേമിക്കപ്പെടാനും ഒരു ദിവസം മാറ്റിവക്കുക എന്നതും എത്ര സുഖം സുഖകരം.

മഞ്ഞിന്റെ മൂടുപടം ചുറ്റി നിലാവ്‌ മന്ദഹാസപൂക്കള്‍ വിതറുന്ന ഫെബ്രുവരി മാസത്തിലെ പതിന്നാലാം തിയ്യതി'' ഇംഗ്ലണ്ട്‌്‌, അമേരിക്ക, ഫ്രാന്‍സ്‌ ്‌, തുടങ്ങി പല രാജ്യങ്ങളിലും വാലന്റയിന്‍ ദിവ്‌സമായി ആഘോഷിക്കുന്നു. ഇപ്പോള്‍ ഇത്‌ ഇന്ത്യ മുതലായ രാജ്യങ്ങളിലേക്ക്‌ പടര്‍ന്നു കയറിയിട്ടുണ്ട്‌.യുവഹ്രുദയങ്ങളില്‍ ഹരം പകരുന്ന ഈ ദിവസത്തിന്റെ ആരംഭം എങ്ങനെ ഉണ്ടായി.. സ്‌നേഹിക്കുന്നവരും വാലന്റയിന്‍ എന്ന പുണ്യവാളനുമായി ബന്ധമൊന്നുമില്ലെന്നു കരുതുന്നവരുണ്ട്‌. എറ്റിമോളോജിസ്‌റ്റിന്റെ അഭിപ്രായത്തില്‍ നോര്‍മന്‍ ഭാഷയിലെ ഗാലന്റയിന്‍ എന്ന വാക്കാണത്രെ വാലന്റയിന്‍ ആയത്‌. കാരണം ആ ഭാഷയില്‍ `ജി യും വി' യും ഒരേപോലെ ശബ്‌ദിക്കുകയും എഴുതുകയും ചെയ്‌തിരുന്നുവെന്നത്‌ തന്നെ. ഗാലന്റയിന്‍ എന്ന വാക്കിനു ആ ഭാഷയില്‍ `പെണ്ണിന്റെ കാമുകന്‍'' എന്ന അര്‍ഥമുണ്ട്‌.

വാലന്റയിന്‍ എന്ന വാക്കിന്റെ പുറകില്‍ അനവധി കഥകള്‍ പറഞ്ഞ്‌ വരുന്നുണ്ട്‌. പുരാതന റോമില്‍ നിന്നാണ്‌ ഈ ആചാരം ആരംഭിച്ചത്‌ എന്നു വിശ്വസിച്ച്‌ പോരുന്നു. അക്കാലത്ത്‌ ക്രിസ്‌തീയ വിശ്വാസികളെ വക വരുത്തിയിരുന്ന കൂട്ടത്തില്‍ വാലന്റയിന്‍ എന്ന ഒരു പാതിരി കൊല്ലപ്പെട്ടു. ഒന്നല്ല മൂന്നു പേര്‍ ആ പേരില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും അതല്ല എട്ടു പേരാണു കൊല്ലപ്പെട്ടതെന്നും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ട്‌. അവരില്‍ ഒരാള്‍ ജയിലില്‍ അടക്കപ്പെട്ടപ്പോള്‍ ജയിലറുടെ അന്ധയായ മകള്‍ക്ക്‌ കാഴ്‌ച്ച ശക്‌തി വീണ്ടെടുത്ത്‌ കൊടുത്തുവെന്നും പിന്നീട്‌ അവളില്‍ അനുരക്‌തനായ അദ്ദേഹം അവള്‍ക്ക്‌ ഒരു പ്രേമലേഖനം തയ്യാറാക്കി `നിന്റെ വലന്റയിന്‍' എന്ന്‌ എഴുതി അയച്ചുവെന്നും വേറെ കഥ. കൊല്ലപ്പെട്ട വാലന്റയിനായി ഒരാളെ ഉണ്ടായിരുന്നുള്ളുവെന്നും മരണശേഷം അദ്ദേഹത്തെ പുണ്യവാളനായി വാഴ്‌ത്തുകയും, അദ്ദേഹത്തിന്റെ ഓര്‍മ്മ ദിവസം ഫെബ്രുവരി 14നു ആഘോഷിച്ച്‌ പോരുകയും ചെയ്‌തുവെന്നാണു പരക്കെയുള്ള വിശ്വാസം.

എന്നോടിഷ്‌ടം കൂടാമോ എന്നു ചോദിക്കുന്ന കമിതാക്കളുടെ ദിവസത്തിനു ചെന്നായ്‌ക്കളുമായി ബന്ധമുണ്ട്‌ എന്നറിയുക രസകരമാണു. ഓരോ പ്രശ്‌നങ്ങളുടെ പരിഹാരത്തിനും ഓരോ ദേവന്മാരെ സങ്കല്‍പ്പിച്ച്‌ റോമിലെ ജനത ചെന്നായ്‌ക്കളില്‍ നിന്നുള്ള ഉപദ്രവം മാറാന്‍ `ലുപ്രക്കസ്‌' എന്ന ദേവനെ സമീപിച്ചു. ഈ ദേവനു ചെന്നായ്‌ക്കളില്‍ നിന്ന്‌ ഗ്രീക്കുകാരെ സംരക്ഷിച്ച അവരുടെ പാന്‍ എന്ന ദൈവത്തോടെ സാദൃശ്യം കാണുന്നുണ്ട്‌. ഫെബ്രുവരി 15നു റോമിലെ ജനങ്ങള്‍ ലൂപ്രക്കസ്‌ എന്ന ദേവനു വേണ്ടി ഒരു ഉത്സവം കൊണ്ടാടിയിരുന്നു.

മേല്‍പ്പറഞ്ഞ ആഘോഷങ്ങള്‍ ഒരുമിച്ച്‌ ചേര്‍ത്ത്‌ ഫെബ്രുവരി 14 വാലന്റയിന്‍ ദിവസം ആയി ആഘോഷിച്ചു പോന്നു എന്നും വിശ്വസിക്കുന്നു. പ്രസ്‌തുത ഉത്സവങ്ങളുടെ ഭാഗമായി റോമാക്കാര്‍ പെണ്‍കുട്ടികളുടെ പേരുകള്‍ എഴുതി നറുക്കിടുകയും നറുക്ക്‌ കിട്ടുന്ന യുവാവ്‌ അവളെ ഒരു വര്‍ഷത്തേക്ക്‌ തന്റെ വാലന്റയിന്‍ ആയി സങ്കല്‍പ്പിച്ച്‌്‌ പോരുകയും ചെയ്‌തു. പക്ഷെ ഇങ്ങനെ ഒരു സംഭവം അവള്‍ പലപ്പോഴും അറിഞ്ഞിരുന്നില്ലെന്നുള്ളത്‌ ഒരു ദുഃഖ സത്യം. ക്രിസ്‌തു മതത്തിന്റെ പ്രചാരത്തിനൊപ്പം ഇതിനു മാറ്റം വന്നു. ഇടവകയിലെ പെണ്‍കുട്ടികളുടെ പേരിനു പകരം ഓരോ പുണ്യാളന്മാരുടെ പേരുകള്‍ എഴുതി നറുക്കിട്ടു തുടങ്ങി. എന്നിട്ട്‌്‌ ആ പുണ്യാളന്റെ സ്വഭാവവിശേഷങ്ങള്‍ സ്വന്തം ജീവിതത്തില്‍ പകര്‍ത്തി നല്ല ജീവിതം കൈവരിക്കാന്‍ അവരെ പ്രൊത്സാഹിപ്പിച്ചു. പക്ഷെ ഈ വ്യവസ്‌ഥ യുവാക്കള്‍ക്ക്‌ അപ്രിയമായിരുന്നു. അവര്‍ വീണ്ടും പഴയ ആചാരത്തിലേക്ക്‌ തിരിച്ചുപോയി.

പതിനാറാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഫ്രാന്‍സില്‍ നിലവിരുന്ന ആചാരം കുറെകൂടി വ്യത്യസ്‌ഥമായിരിന്നു. അവിടെ കുമാരന്മാരുടേയും കുമാരിമാരുടേയും പേരുകള്‍ സമാസമം ഒരു കടലസ്സില്‍ എഴുതി ചുരുട്ടി ഓരൊ പെട്ടിയിലിട്ട്‌ ഓരൊരുത്തരും ഓരോന്ന്‌ വീതം എടുത്തിരുന്നു. ഇപ്രകാരം ചെയ്യുന്നതുകൊണ്ട്‌ ഓരോരുത്തര്‍ക്കും രണ്ട്‌ വലന്റയില്‍ വീതം ഉണ്ടായിരുന്നു. മിക്കപ്പോഴും ആണ്‍കുട്ടികള്‍ അവരുടെ പേരു കിട്ടിയ പെണ്‍കുട്ടിയെ വലന്റയിന്‍ ആക്കാനാണു അവര്‍ക്ക്‌ പേര്‍ വീണുകിട്ടിയ പെണ്‍കുട്ടിയെക്കാള്‍ ഇഷ്‌ടപെട്ടിരുന്നത്‌. അന്നേ ദിവസം ആദ്യം കാണുന്ന അവിവാഹിതനായ പുരുഷനോ, സ്‌ത്രീയോ അവരവരുടെ വലന്റയിന്‍ ആയിരിക്കുമെന്നുള്ള വിശ്വാസവും നിലവിലിരുന്നു.

ഷേക്‌സ്‌പിയറുടെ ഹാംലറ്റ്‌ എന്ന നാടകത്തില്‍ വലന്റയിന്‍ ഡെയെപ്പറ്റി പറയുന്നുണ്ട്‌. അതുകൊണ്ട്‌ ഈ ആചാരം അന്നും പ്രസിദ്ധമായിരുന്നു എന്നു കണക്കാക്കാം. പ്രസ്‌തുത നാടകത്തില്‍ തനിക്ക്‌ പ്രിയമുള്ള ഒരാളിനെ കാണാന്‍ വേണ്ടി ഒഫേലിയ പറയുന്നു. `നാളെ വലന്റയിന്‍ ദിവസമാണു, എന്റെ കിളിവാതിലിനരികെ വിടര്‍ന്നല്‌പമിഴികളുമായി ഞാന്‍ നേരത്തെ നില്‍പ്പുറപ്പിക്കും, നിന്റെ വലന്റയിന്‍ ആകാന്‍.

വലന്റയിന്‍ ദിവസം താക്കോള്‍ പഴുതിലൂടെ ഒരു പെണ്‍കുട്ടി നോക്കുമ്പോള്‍ ഒറ്റക്ക്‌ ഒരു വസ്‌തുവിനേയോ ഒരു വ്യക്‌തിയേയോ കണ്ടാല്‍ ആ വര്‍ഷം അവളുടെ വിവാഹം നടക്കുകയില്ല എന്ന വിശ്വാസവുമുണ്ടായിരുന്നു. മറിച്ച്‌ രണ്ട്‌ വസ്‌തുക്കളെ കണ്ടാല്‍ തീര്‍ച്ചയായും അവള്‍ ഒരാളുടെ പ്രേമഭാജനമാകുമെന്നും ആ വര്‍ഷം തന്നെ മംഗല്യം നടക്കുമെന്നും പെണ്‍കുട്ടികള്‍ കണക്ക്‌ കൂട്ടിയിരുന്നു.

മനസ്സിനു ധൈര്യവും മനസ്സിലെ ആശകള്‍ അടക്കാനുള്ള കഴിവ്‌ കുറവുമുള്ള പെണ്‍കുട്ടികള്‍ക്ക്‌ അവളുടെ ഭാവി വരന്റെ രൂപം കാണാനും ഒരു മാര്‍ഗ്ഗമുണ്ടായിരുന്നു. ഒറ്റക്ക്‌ അര്‍ദ്ധരാത്രി താഴെ പറയുന്ന വരികള്‍ മന്ത്രിച്ചുകൊണ്ട്‌ പന്ത്രണ്ട്‌ തവണ പള്ളിക്ക്‌ ചുറ്റും പ്രദിക്ഷണം വക്കുക.

I swo Hemseed,
Hemseed I sow
He that loves me
Best come after me now

വാകമരത്തിന്റെ ഇലകള്‍ തലയണയുടെ നാലു ഭാഗത്തും മദ്ധ്യത്തിലും വച്ച്‌ ഉറങ്ങാന്‍ കിടന്നാല്‍ ഭാവി വരനെ സ്വ്‌പനം കാണുമെന്ന്‌ പെണ്‍കുട്ടികല്‍ വിശ്വസിച്ചിരുന്നു. അത്തരം പരീക്ഷണങ്ങള്‍ നടത്തിയിരുന്നു.

കുരുവികള്‍ കൂടു കൂട്ടുകയും കൂടെ പൊറുക്കാന്‍ ഇണകളെ തേടുകയും ചെയ്‌തിരുന്നത്‌ ഫെബ്രുവരി 14 നാണെന്നു ഗ്രാമീണ ജനത വിശ്വസിച്ചുപോന്നിരുന്നു.

കുരുവികളുടെ പ്രേമത്തെപ്പറ്റി കവികളും കലാകാരന്മാരും മനോഹരമായി പലയിടത്തും പാടിയിട്ടുണ്ട്‌. ചൂളം കുത്തി പതഞ്ഞൊഴുകുന്ന കാട്ട്‌ ചോലക്കരികിലുള്ള മരത്തിന്റെ ഒന്നാം കൊമ്പത്ത്‌ വന്നിരുന്ന ഒരു ആണ്‍ക്കിളി പുന്നാരം ചോദിക്കുന്നു. `മഞ്ഞു പെയ്യുന്നു മാമരം കോച്ചുന്നു നെഞ്ചകത്തെങ്ങാനും ചൂടുണ്ടൊ? അങ്ങേ കൊമ്പിലെ ചങ്ങാതിക്കിളി അതുകേട്ട്‌ വ്രീളവിവശയാകുന്നു. അവര്‍ തമ്മില്‍ കൊക്കും ചിറകും ഉരുമ്മുന്നു. ആ ഇണകുരുവികളുടെ പ്രേമ സക്ലാപവും പിന്നെ അവര്‍ക്കേറ്റ ദുരന്തവും കണ്ട്‌ ആദ്യ കവിയുടെ ചുണ്ടുകളില്‍ നിന്നും കവിതാ ശകലങ്ങള്‍ മുളപൊട്ടി. പ്രക്രുതിയില്‍ പ്രേമത്തിന്റെ പൂമ്പൊടി പൂശികൊണ്ട്‌ കിളികളും, മൃഗങ്ങളും, സമ്മേളിക്കുന്നു. അതുകൊണ്ട്‌ തന്നെ യുവതീയുവാക്കളും അന്നേ ദിവസം പ്രേമത്തിന്റെ സന്ദേശങ്ങള്‍ കൈമാറണമെന്ന്‌ നിഷ്‌ക്കളങ്കരായ ഗ്രാമീണര്‍ ആഗ്രഹിക്കുകയും വലന്റയിന്‍ എന്ന ആചാരം ബലപ്പെടുകയും ചെയ്‌തു.

വലന്റയിനായി തിരഞ്ഞെടുക്കുന്നവര്‍ക്ക്‌ സമ്മാനങ്ങളും പ്രേമകവിതകളുമൊക്കെല്‌പസമ്മാനിച്ചിരുന്നു. ലണ്ടനിലെ ഒരു പ്രഭുവിന്റെ വലന്യയിനായി തിരഞ്ഞെടുക്കപ്പെട്ട ഒരു സ്‌ത്രീീക്ക്‌ നാലായിരം ഡോളറോളം വില വരുന്ന രത്‌നഖചിതമായ ഒരു ആഭരണം അദ്ദേഹം നല്‍കിയെന്നും പക്ഷെ പിന്നത്തെ വര്‍ഷം ആ സ്ര്‌തീ അത്രക്ക്‌ ഭാഗ്യവതി അല്ലായിരുന്നെന്നും ആവര്‍ഷം അവരുടെ പേര്‍ വീണു കിട്ടിയ വേറൊരു പ്രഭു അവര്‍ക്ക്‌ ആയിരത്തിയഞ്ഞൂറു ഡോളര്‍ വിലമതിക്കുന്ന ഒരു മോതിരം ആണു കൊടുത്തതെന്നും പറയപ്പെടുന്നു.

1415 ല്‍ നടന്ന അജിന്‍ കോര്‍ട്ട്‌ യുദ്ധത്തില്‍ തടവ്‌കാരനായി കഴിയേണ്ടി വന്ന ചാള്‍സ്‌ പ്രഭു അദ്ദേഹത്തിന്റെ പ്രിയ പത്‌നിക്ക്‌ ജയിലില്‍ നിന്നും പ്രേമ നിര്‍ഭരമായല്‌പകവിതകള്‍ എഴുതി അയച്ചിരുന്നുപോലും. പ്രേമഭാജനങ്ങള്‍ക്ക്‌ അനുരാഗ കവിതാ ശകലങ്ങള്‍ കുറിക്കുന്നത്‌ തുടങ്ങി വച്ചത്‌ പ്രസ്‌തുത പ്രഭുവായിരിക്കുമെന്നു കരുതാം.

പക്ഷെ പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ വലന്റയിന്‍ കാര്‍ഡും വലന്റയിന്‍ സമ്മാനങ്ങളും അയക്കുന്ന രീതിയില്‍ മാറ്റം വന്നു. അനുരാഗ സുരഭിലമായ വരികള്‍ക്ക്‌ പകരം പ്രേമ സന്ദേശങ്ങളും അവക്കുള്ള മറുപടിയും വലന്റയിന്‍ കാര്‍ഡില്‍ സ്‌ഥാനം പിടിക്ലു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കാന്‍ എഴുത്തുക്കാര്‍ അവരുടെ പ്രേമഗീതങ്ങള്‍ എഴുതി പ്രസിദ്ധീകരിച്ചു. പ്രേമഭാജനങ്ങള്‍ക്ക്‌ അയക്കാന്‍ വേണ്ടി വര്‍ണ്ണ കടലാസ്സുകളില്‍ കാമുകി കാമുകന്മാര്‍ അത്‌ പകര്‍ത്തി എഴുതി. അതേപോലെ ആവനാഴിയില്‍ അമ്പും വില്ലുമായില്‌പനില്‍ക്കുന്ന റോമാക്കാരുടെ കാമദേവന്‍ ക്യുപ്പിഡിന്റെ ചിത്രം ഒട്ടിച്ച കാര്‍ഡുകള്‍ യുവതീയുവാക്കന്മാര്‍ പരസ്‌പരം കൈമാറി. ആ പടം നോക്കി ക്യുപ്പിഡ്‌ മലരമ്പുകള്‍ അയക്കുന്നുവെന്നും മേനിയില്‍ അതിന്റെ മുന കൊള്ളുന്നുവെന്നും അനുഭവപ്പെട്ടാല്‍ ഉടനെ അവര്‍ പ്രേമബദ്ധരാകുമെന്നാണു സങ്കല്‍പ്പം..

ഇപ്പോള്‍ ആശംസ കാര്‍ഡുകള്‍ കച്ചവടക്കാരന്റെ പണപ്പെട്ടി നിറക്കുന്നു. ആ കാര്‍ഡുകളില്‍ എഴുതിച്ചേര്‍ക്കാന്‍ പ്രണയസുധ തുളുമ്പുന്ന വരികള്‍ രചിക്കുന്നവര്‍ക്ക്‌ കീശ നിറയെ കാശ്‌.

വലന്റയിന്‍ ആയി ഒരാളെ തിരഞ്ഞെടുക്കുന്നത്‌ കൊണ്ട്‌ ആ ആളിനെ വിവാഹം കഴിക്കണമെന്നോ അവരുമായി രഹസ്യങ്ങള്‍ പങ്കിടണമെന്നോ എന്നൊന്നും പറയുന്നില്ല. ഒരു പ്രേമ വിനോദമായി ഇതിനെ കണക്കാക്കാം.

ഹൃദയത്തിന്റെ ആക്രുതിയിലുള്ള പെട്ടിയില്‍ നിറച്ച ചോക്ലേറ്റും, പതക്കങ്ങളും, മലര്‍ ചെണ്ടുകളും ഒക്കെ ഇന്ന്‌ സമ്മാനമായി അയക്കുന്നുണ്ട്‌. ഒരിക്കല്‍ പത്‌നിമാര്‍ക്കും പ്രേമഭാജനങ്ങള്‍ക്കും മാത്രമേ അയച്ചിരുന്നുള്ളു.

പൊന്നും വളയിട്ട കൈകള്‍ കരളിലെ മാനിനു കറുക നീട്ടുന്ന കനക പുലരികള്‍ സ്വപ്‌നം കാണുന്ന എല്ലാ പ്രേമാര്‍ദ്രമായ ഹ്രുദയങ്ങള്‍ക്കും ഈ വരികള്‍ സമര്‍പ്പിക്കുന്നു.


*************
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക